മുത്തശ്ശിയെ കാണാൻ കയറിയപ്പോൾ ഫോൺ സൈലന്റ് ആക്കി ഇട്ടേക്കുവായിരുന്നു.
ഞാൻ അമ്മയെ തിരിച്ചു വിളിച്ചു.
“ഹലോ അമ്മേ………….”
അപ്പുറത്തു നിന്നും അനക്കമൊന്നുമില്ല.
“ഹലോ……”
ഞാൻ വീണ്ടും പറഞ്ഞു.
ഫോണിന്റെ മറുഭാഗത്തു നിന്നും ഒരു കരച്ചിൽ.
“ഹലോ അമ്മേ എന്തു പറ്റി.”
ഞാൻ ആശങ്കയോടെ ചോദിച്ചു.
“മോനേ അച്ഛൻ…………………………”
“അച്ഛൻ? അച്ഛനെന്താ?”
“മോനേ അച്ഛന് വയ്യടാ, പെട്ടന്നു നെഞ്ചു വേദന വന്നു, ഹോസ്പിറ്റലിൽ കൊണ്ടുവന്നു, ഇവർ എന്തൊക്കെയോ പറയുന്നു, എനിക്കു പേടിയാകുന്നെടാ.”
മനസ്സിലാകെ ഒരു മരവിപ്പ്, കൈകൾ വിറയ്ക്കാൻ തുടങ്ങി.
എന്തോ പറയാൻ വന്ന വാക്കുകൾ കിട്ടുന്നില്ല, ഇടറി പോകുന്നു.
“അമ്മേ കൂടെ ആരാ ഉള്ളേ?”
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“കൂടെ ഷാജൻ ചേട്ടൻ.”
ഷാജൻ ചേട്ടൻ അച്ഛന്റെ ഉറ്റ സുഹൃത്ത്, അച്ഛൻ ഗൾഫിൽ ചെന്ന കാലം മുതലുള്ള സുഹൃത്ബന്ധം.
ഞാനും അമ്മയും അവിടെ ചെന്നപ്പോൾ ഞങ്ങളുടെ എല്ലാ കാര്യവും ശരിയാക്കി തന്നതു ഷാജൻ ചേട്ടനാണ്, എന്റെ സ്കൂളും അമ്മയുടെ ജോലിയും ഞങ്ങൾക്കു താമസിക്കാനുള്ള വീടും എല്ലാം.
“അമ്മ ചേട്ടന്റെ കയ്യിൽ ഫോൺ കൊടുക്ക്.”
അമ്മ ഷാജൻ ചേട്ടന്റെ കയ്യിലേക്കു ഫോൺ മാറി, അദ്ദേഹം സംസാരിച്ചു തുടങ്ങി.
“ചേട്ടാ എന്താ അച്ഛന് പറ്റിയേ? അമ്മ എന്തൊക്കെയാ ഈ പറയുന്നേ, അച്ഛനു വയ്യെന്നോ?”
“മോനേ, ജോലിക്കിടയിൽ അച്ഛന്, പെട്ടന്നു നെഞ്ചു വേദന വന്നു കുഴഞ്ഞു വീണു.”
“ഡോക്ടർ എന്താ പറഞ്ഞേ?”
“സീരിയസ് ആണ്, ഇപ്പോൾ
ഐ.സി.യുവിലേക്കു മാറ്റി.”
ഞാൻ ഒന്നും മിണ്ടിയില്ല.
ഒന്നും മിണ്ടാനായില്ല.
ഒരു വശത്തു മുത്തശ്ശി, മറുവശത്തു അച്ഛൻ.
രണ്ടും വേണ്ടപ്പെട്ടവർ, വിട്ടുപിരിയാനാകാത്തവർ.
നെഞ്ചു കീറി മുറിക്കുന്ന വേദന, ശ്വാസം എടുക്കാൻ പറ്റുന്നില്ല, കണ്ണുകൾ നിറയുന്നുണ്ട്, തലയ്ക്ക് എന്തോ ഭ്രാന്തു പിടിക്കുന്ന പോലെ.
എന്റെ കയ്യിൽ നിന്നും ഫോൺ താഴേക്കു വീണു.
എന്നെ കണ്ടു എല്ലാവരും എന്താ പറ്റിയേ എന്നു ചോദിക്കുന്നുണ്ട്, പക്ഷേ എനിക്കൊന്നും മിണ്ടാനായില്ല.
ഞാൻ പതിയെ കസേരയിൽ നിന്നും എഴുന്നേറ്റ് നടന്നു.
ചെവിക്കകത്ത് എന്തോ മൂളക്കം പോലെ, പുറകിൽ അവർ നിന്ന് എന്തൊക്കെയോ എന്നോടു പറയുന്നുണ്ട്, അതൊക്കെ എനിക്കു മങ്ങിയാണു കേൾക്കുന്നത്.
ചെവിയുടെ മൂളക്കം കൂടി കൂടി വരുന്നു, കണ്ണുകൾ മങ്ങി തുടങ്ങി, വെക്കുന്ന ചുവടുകൾ ഇടറി, തലയുടെ ഭാരം കുറയുന്നതു പോലെ, കണ്ണുകളിൽ ഇരുട്ടു കേറുന്നു.
മുന്നിൽ ആരോ നിൽക്കുന്നു, രൂപം വ്യക്തമല്ല, ഞാൻ ആ രൂപത്തിനടുത്തേക്കു നടന്നു.
മുന്നിൽ നിൽക്കുന്ന ആളെ മീരച്ചേച്ചിയെപ്പോലെ തോന്നി.
“മീരേച്ചി……………..”
ഞാൻ പതുങ്ങിയ ശബ്ദത്തിൽ വിളിച്ചു ആ രൂപത്തിനടുത്തേക്കു നടന്നു.
ശരീരത്തിനു ഭാരം കൂടി, കാലുകൾ കുഴഞ്ഞു, കണ്ണിൽ മൊത്തത്തിൽ ഇരുട്ടു കേറി ഒന്നും കാണുന്നില്ല.
ഞാൻ ബോധരഹിതനായി താഴേക്കു വീണു.
“അജു…………………”
മധുരമുള്ള ആ വിളി, അതു മീരച്ചേച്ചിയുടെ ശബ്ദമായിരുന്നു.
മുഖത്തെന്തോ നനവ് പടർന്നു
ഞാൻ കണ്ണുകൾ തുറന്നു.
നോക്കുമ്പോൾ ഞാൻ അഞ്ജലിച്ചേച്ചിയുടെ മാറിൽ കിടക്കുകയായിരുന്നു.
ചേച്ചി എന്റെ ഞെട്ടിയിൽ ചുംബിച്ചു.
ചേച്ചിയുടെ കണ്ണുകളിൽ നിന്നും വെള്ളം പൊടിഞ്ഞു.
“പോട്ടെ സാരമില്ല.”
ചേച്ചി പറഞ്ഞു.
എനിക്കൊന്നും മനസ്സിലാകുന്നില്ല, ഞാനെത ഇവിടെ? ചേച്ചി എന്തിനാ എന്നെ കെട്ടിപ്പിടിച്ചു മാറോടു
ചേർത്തു കിടത്തിയിരിക്കുന്നത്?
തലയിലേക്കു ഒന്നും വരുന്നില്ല.
ചേച്ചി എന്റെ തലയിൽ തഴുകാൻ തുടങ്ങി.
പെട്ടന്നാണ് എന്റെ തലയിലേക്ക് അതു ഓടിയെത്തിയത്.
“അച്ഛൻ.”
എന്റെ കണ്ണുകൾ വീണ്ടും നനയാൻ തുടങ്ങി.
“ചേച്ചി അച്ഛന് വയ്യ.”
ഒരു ഇടറിയ ശബ്ദത്തോടെ ഞാൻ ചേച്ചിയോടു പറഞ്ഞു.
“അറിയാം, അച്ഛൻ സുലോചന അമ്മയെ വിളിച്ചിരുന്നു, നീ വാ നമുക്കു വീട്ടിലേക്കു പോകാം നീയൊന്നു കിടന്നുറങ്ങു , ഞാനും ആകെ ക്ഷീണിച്ചിരിക്കുവാ.”
അതു പറഞ്ഞപ്പോൾ ഞാൻ ചേച്ചിയുടെ മുഖത്തേക്കു നോക്കി.
