താഴ്‌വാരം – 3 Likeഅടിപൊളി  

“ഇഷ്ടം എന്നു പറയുന്നതു ആരോടും ചോദിച്ചു വരുന്നതല്ലടാ കുട്ടാ, ലോകം എന്തു പറയും, വീട്ടുകാർ എന്തു വിചാരിക്കും എന്നൊന്നും നോക്കാതെ വരും, അതാ ഇതിന്റെ കുഴപ്പം.”

“മുത്തശ്ശിക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ?”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

മുത്തശ്ശിയുടെ കണ്ണുകളിൽ എന്തോ ഒരു ദൂരം വന്നു നിറഞ്ഞു, വളരെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

“ഉണ്ടായിരുന്നു ഒരിക്കൽ,

പക്ഷേ അന്നത്തെ കാലം വേറെയായിരുന്നു. വീട്ടുകാർ പറഞ്ഞതു കേട്ടു ഞാൻ അതു വിട്ടുകളഞ്ഞു. എന്നും രാത്രി ഒറ്റയ്ക്കിരിക്കുമ്പോൾ ആ മുഖം ചിലപ്പോൾ ഓർമ്മ വരും.”

ഞാൻ അമ്പരന്നു, ഇത്രയും കാലം അറിയാത്ത ഒരു മുത്തശ്ശിയെ ഞാൻ എന്റെ മുമ്പിൽ കണ്ടു.

“മുത്തശ്ശി പിന്നീടു സങ്കടപ്പെട്ടോ?”

“സങ്കടമല്ല മോനേ , ജീവിതകാലം മുഴുവൻ അതെന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി കിടന്നു, ‘അന്നു ധൈര്യം കാണിച്ചിരുന്നെങ്കിൽ’ എന്ന്.”

മുത്തശ്ശിയുടെ കണ്ണുകളിൽ ഒരു ചെറിയ നനവ് ഞാൻ കണ്ടു.

“നിനക്ക് അങ്ങനെ ആരോടെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ബാക്കിയുള്ളവർ എന്തു പറയുമെന്നു വിചാരിച്ചു അതിനെ അങ്ങു കുഴിച്ചുമൂടരുത്. നിന്റെ മനസ്സിനോടു നീ സത്യസന്ധത കാണിക്കണം.”

മുത്തശ്ശി എന്റെ കയ്യിൽ പിടിച്ചു തഴുകിക്കൊണ്ടു പറഞ്ഞു.

ഞാൻ കുറച്ചു നേരം എന്റെ തല മുത്തശ്ശിയുടെ മടിയിൽ വെച്ചു കിടന്നു. പിന്നെടു മുത്തശ്ശിക്ക് ഒരു ഉമ്മയും കൊടുത്ത് ഞാൻ എന്റെ മുറിയിലേക്കു തിരിച്ചു നടന്നു.

എനിക്കു ചേച്ചിയോടു ഇഷ്ടമുണ്ടോ എന്ന് എനിക്കിപ്പോഴും ഉറപ്പില്ല, ചിലപ്പോൾ ഈ തോന്നലൊക്കെ ഇങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ടാണെങ്കിലോ.

ചേച്ചിയുടെ അസാന്നിധ്യം എന്നെ വളരെ വിഷമിപ്പിച്ചിരുന്നു.

എങ്ങനെയൊക്കെയോ രണ്ടു ദിവസം വീണ്ടും തള്ളി നീക്കി.

*****************************

ഒച്ചപ്പാടും ബഹളവും കേട്ടുകൊണ്ടാണ് ഞാൻ കണ്ണു തുറന്നത്.

ഞാൻ ഓടി താഴേക്കിറങ്ങി, മുത്തശ്ശിയുടെ മുറിയിൽ നിന്നും കരച്ചിലുകൾ കേൾക്കാം.

ഞാൻ ഓടി മുത്തശ്ശിയുടെ മുറിയിൽ കയറി.

എല്ലാവരുടെയും മുഖത്തു ഭയവും സങ്കടവും ആയിരുന്നു, ദേവുച്ചേച്ചി കരയുന്നുണ്ടായിരുന്നു.

എല്ലാവരും ആകെ ഭയപ്പെട്ട മുഖഭാവത്തോടെ നിൽപ്പുണ്ടായിരുന്നു.

അഞ്ജലിച്ചേച്ചി മുത്തശ്ശിയുടെ കയ്യിൽ പിടിച്ച് എന്തൊക്കെയോ നോക്കുന്നു, ഇടയ്ക്ക് കയ്യിലുള്ള വാച്ചിലേക്കും നോക്കുന്നു.

എനിക്കെന്തോ മനസ്സിൽ

ഒരു ഭയം പോലെ, പക്ഷേ അവിടെ എന്താ നടക്കുന്നേന്നൊന്നും മനസ്സിലാകുന്നില്ല.

ഞാൻ ശ്രുതിച്ചേച്ചിയുടെ അടുത്തേക്കു നടന്നു.

“ചേച്ചി……. എന്തുപറ്റി?”

“എടാ മുത്തശ്ശി…………….. മുത്തശ്ശി വിളിച്ചട്ടു എഴുന്നേൽക്കുന്നില്ലടാ…….”

ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, മുഖമാകെ ഭയം കൊണ്ടു നിറഞ്ഞിരുന്നു.

എനിക്കെന്തോ തല പെരുക്കുന്ന പോലെ, മനസ്സിനകത്തു ഭാരം.

” ഭയം ”

അതെന്റെ മനസ്സിനെ കീഴടക്കിയിരുന്നു.

“അമ്മയെ പിടിക്കെടാ, ഞാൻ വേഗം വണ്ടി എടുക്കാം.”

രാഘവൻ അമ്മാവൻ പറഞ്ഞുകൊണ്ടു പുറത്തേക്ക് ഓടി.

ഞാൻ ഓടിച്ചെന്നു മുത്തശ്ശിയെ എന്റെ കൈകളിൽ കോരിയെടുത്ത് മുറ്റത്തേക്ക് ഓടി.

അപ്പോഴേക്കും രാഘവൻ അമ്മാവൻ കാറുമായി മുറ്റത്തു വന്നു നിന്നു.

ഗോപാലൻ അമ്മാവൻ കാറിന്റെ ഡോർ തുറന്നു തന്നു, ഞാൻ മുത്തശ്ശിയുമായി ഉള്ളിൽ കയറി.

കൂടെ അഞ്ജലിച്ചേച്ചിയും കയറി ഇരുന്നു.

ഞങ്ങൾ വേഗം അടുത്തുള്ള ഹോസ്പിറ്റലിലേക്കു പോയി.

കാറിന്റെ ഹോൺ അടിയും വരവും കണ്ട് എമർജൻസി വിഭാഗത്തിലെ സെക്യൂരിറ്റി വേഗം സ്ട്രെച്ചറുമായി വന്നു.

മുത്തശ്ശിയെ ഉള്ളിൽ കയറ്റി ഞങ്ങളോടു പുറത്തു കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു.

അഞ്ജലിച്ചേച്ചി ഡോക്ടർ ആയതുകൊണ്ടു ചേച്ചിയെ ഉള്ളിലേക്കു കടത്തി വിട്ടു.

അപ്പോഴേക്കും എല്ലാവരും അവിടേക്ക് എത്തിയിരുന്നു.

“എന്താടാ പറഞ്ഞേ?”

ബാലൻ അമ്മാവൻ ചോദിച്ചു.

“ഞങ്ങളോടു പുറത്തു കാത്തു നിൽക്കാൻ പറഞ്ഞു.”

“അപ്പോ അഞ്ജലിയോ?”

“ചേച്ചിയെ അവരുടെ കൂടെ ഉള്ളിലേക്കു പോയി.”

ഞങ്ങൾ എല്ലാവരും പുറത്തു കാത്തു നിന്നു, മനസ്സിലാകെ ഭയം കൊണ്ടു നിറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *