“… ഹെലോ… എന്താ ഇങ്ങനെ നോക്കുന്നെ…” ദേവുവിന്റെ മുന്നിൽ കൈവീശികൊണ്ട് തേജസ് ചോദിച്ചു.
“… ഏയ്യ് ഒന്നുമില്ല. മോള് എന്തിയെ…” പെട്ടെന്ന് ഞെട്ടിയ ദേവൂവിന്റെ വായിൽ അതാണ് വന്നത്.
“… ചോർ കഴിച്ച് അവൾ എപ്പോഴേ ഉറങ്ങി. നിനക്ക് വയ്യാത്തോണ്ട് ഞാൻ കല്ലുവിനോട് പറഞ്ഞായിരുന്നു നിന്നെ ശല്യം ചെയ്യരുതെന്ന്…” ചെറിയ പുഞ്ചിരിയോടെ തേജസ് പറഞ്ഞു.
“… ഇവിടെ ഇരിക്ക് കേട്ടോ. ഞാൻ ഇതൊക്ക ഒന്ന് അകത്ത് കൊണ്ടുപോയി വച്ചോട്ടെ. എന്നിട്ട് ഉറങ്ങാൻ പോവാം…” അതും പറഞ്ഞ് തേജസ് വെള്ളത്തിന്റെ പാത്രവും ഓയിൽമെന്റും എടുത്ത് അകത്തേക്ക് പോയി.
ലൈറ്റ് എല്ലാം അണച്ച് ഹാളിലെയും ദേവുവിന്റെ മുറിയിലെയും വെട്ടം മാത്രം കെടുത്താതെ സിറൗട്ടിൽ ഇരുന്ന ദേവുവിനെ താങ്ങി നടത്തിച്ച് അവളുടെ മുറിയിൽ എത്തിച്ചു. റൂമിലെ ബെഡിൽ കല്ലു സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു. ദേവുവിനെ കട്ടിലിൽ ഇരുത്തി അവളുടെ കാലുകൾ ബെഡിൽ കയറ്റി വെച്ച് കിടത്തി. ശേഷം പുതപ്പെടുത്ത് അവൾക്ക് മൂടികൊടുത്തു.
“…രാത്രി എന്തെങ്കിലും അസ്വസ്തത തോന്നിയാൽ എന്നെ വിളിക്കണം കേട്ടോ…” അത്രയും പറഞ്ഞു മുറിവിട്ട് ഇറങ്ങാൻ തുനിഞ്ഞ തേജസിന്റെ കൈകളിൽ ശക്തിയായുള്ള പിടിത്തം വീണു.
“… എവിടെ പോണു…” അല്പം കടുപ്പത്തിൽ ആണ് ദേവു അത് ചോദിച്ചത്.
“… അപ്പുറത്ത് മുറിയിൽ ഉറങ്ങാൻ…” ചെറിയ സംശയത്തോടെ തേജസ് അവളെ നോക്കി പറഞ്ഞു.
“… ഇവിടെ മൂന്നു പേർക്ക് കിടക്കാനുള്ള സ്ഥലം ഒക്കെ ഉണ്ട്. അല്ല ഇനി നിങ്ങൾക്ക് അപ്പുറത്തെ മുറിയിൽ കിടന്നാലേ ഉറക്കം വരും എന്നുണ്ടോ…” ദേവുവിന്റെ സംസാരം കേട്ട് തേജസ് ഒന്ന് പകച്ചുപോയി.
“…ഇ.. ഇല്ല…ഞാൻ ഇവിടെ കിടന്നോളാം…” തേജസ് പറഞ്ഞൊപ്പിച്ചു.
“… എന്നാ വേഗംപോയി പുതപ്പ് എടുത്തോണ്ട് വാ…” അറിയാതെ തേജസ് തലയാട്ടി പുറത്തേക്ക് പോയി.
തേജസ് മുറിവിട്ട് ഇറങ്ങിയതും ഉള്ളിൽ ഒളുപ്പിച്ച മന്ദഹാസം ദേവുവിന്റെ ചുണ്ടിൽ വിരിഞ്ഞു. എന്താ ഇപ്പൊ നടന്നത് എന്ന് മനസ്സിലാക്കാൻ തേജസിന് ഇച്ചിരി സമയം എടുത്തു. കാര്യം മനസ്സിലായതും എന്തെന്നില്ലാത്ത സന്തോഷം അവനിലേക്ക് വന്ന് ചേർന്ന്. പുതപ്പും എടുത്ത് ദേവുവിന്റെ പക്കൽ വന്ന തേജസിന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
“… ഏയ്.. എങ്ങോട്ടാ ഇത്…” ദേവുവിന്റെ അടുത്തായി കിടക്കാൻ ഒരുങ്ങിയതും ദേവു ചോദിച്ചു.
“… നീ അല്ലെ ഇവിടെ കിടന്നോളാൻ പറഞ്ഞെ…” സംശയത്തോടെ തേജസ് ചോദിച്ചു.
“…ഇവിടെ കിടക്കാൻ പറഞ്ഞത് എന്റെ അടുത്ത് അല്ല. അപ്പുറത്ത് കല്ലുവിന്റെ അടുത്ത…” അത് കേട്ടതും തേജസിന്റെ മുഖം വാടി.
പിന്നെ തേജസ് കല്ലുവിന്റെ അടുത്ത് പോയി കിടന്നു. ഇപ്പൊ തേജസ്സിന്റെയും ദേവുവിന്റെയും നടുവിലെ മതിൽ ആയി കല്ലു മാത്രമേ ഉള്ളു. ചരിഞ്ഞു കിടന്ന് കല്ലുവിന്റെ നെഞ്ചിൽ പതിയെ തട്ടുമ്പോലെ ദേവു തേജസിനെ നോക്കി. വിഷമഭാവത്തിൽ എന്തൊക്കെയോ ചിന്തിക്കുന്ന തേജസിനെ കണ്ടപ്പോ അവളുടെ ഉള്ളിലെ കള്ളച്ചിരി മുഖത്ത് തെളിഞ്ഞു നിന്നു.
ദിവസങ്ങൾ പിന്നെയും കടന്നുപോയി ഇപ്പൊ കല്ലുവിനോടും ദേവുവിനോടും ഒപ്പമാണ് തേജസിന്റെ ഉറക്കം. ദേവു സ്കൂട്ടി ഓടിക്കാൻ പഠിച്ച് ഇപ്പൊ അതിൽ ആണ് ജോലിക്ക് പോക്ക് എല്ലാം വളരെ നല്ലപോലെ മുന്നോട്ട് പോവുന്നു.
“…ദേവു നാളെ കിച്ചുവിന്റെ അച്ഛന്റെയും അമ്മയുടെയും വെഡിങ് അനിവെർസറി ആണ്. നിന്നെയും കൂട്ടി ചെല്ലാൻ അവൻ പറഞ്ഞിട്ടുണ്ട്…” രാത്രിയിൽ അടുക്കളയിൽ നിന്ന ദേവുവിനോട് തേജസ് കാര്യം പറഞ്ഞു.
“… നാളെ എപ്പോഴ പരിപാടി…” ദേവു തിരക്കി.
