“… എന്നെയോ എന്തിന്…” ബൈക്ക് പാർക്ക് ചെയ്യവേ ഞാൻ ദേവൂനോട് ചോദിച്ചു.
“… സോറി ഏട്ടാ. അച്ഛൻ ഇന്നലെ ഏട്ടനോട് അങ്ങനെ പെരുമാറും എന്ന് ഞാൻ കരുതിയില്ല…”
“… ശേ നീ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കാണോ. ഞാൻ അത് അപ്പോഴേ വിട്ടു…”
“… എന്നാലും ഞാൻ കാരണം…”
“… ഒരു എന്നാലും ഇല്ല. നിന്റെ അച്ഛനെ പറ്റി എനിക്ക് അറിയാവുന്നത് അല്ലെ അതുകൊണ്ട് നീ അത് വിട്. എന്നിട്ട് ഇപ്പൊ ക്ലാസ്സിൽ പോവാൻ നോക്ക്…” അത് പറഞ്ഞ് ദേവൂനെ സന്തോഷത്തോടെ ക്ലാസ്സിൽ പറഞ്ഞു വിട്ടു.
“… എന്താ ഏട്ടാ സംഭവം. എന്തിനാ ദേവു സോറി പറഞ്ഞെ…” പൊട്ടൻ ആട്ടം കണ്ടപോലെ ഞങ്ങൾ പറയുന്നത് മുഴുവൻ കേൾക്കായിരുന്നു തനു. ദേവു പോയതും അവൾ കാര്യം തിരക്കി. ഞാൻ ഇന്നലെ നടന്നത് എല്ലാം അവളോട് പറഞ്ഞു.
“… ദേവൂന്റെ അച്ഛൻ എന്തിനാ ഏട്ടനോട് അങ്ങനെ പറഞ്ഞെ. സത്യത്തിൽ ഏട്ടൻ അവളെ സഹായിക്കുക അല്ലെ ചെയ്തേ…” സംശയത്തോടെ തനു ചോദിച്ചു.
“…അവളുടെ അച്ഛന്റെ വിചാരം ഞാൻ അവളെ നിർബന്ധിച്ച് സമരത്തിന് കൊണ്ട് പോയെന്ന…”
“… എന്നാപ്പിന്നെ ഏട്ടന് പറഞ്ഞ പോരായിരുന്നോ അവളായിട്ട് വന്നതാ ഏട്ടൻ കൊണ്ട് പോയത് അല്ലെന്ന്…”
“…പറഞ്ഞിട്ട് കാര്യം ഇല്ലടി ദേവൂന്റെ അച്ഛൻ ഇപ്പോഴും ജീവിക്കുന്നത് 90 കാലഘട്ടത്തില…”ഞാൻ എന്താ പറഞ്ഞത് എന്ന് മനസ്സിലാവാതെ തനു എന്നെ ഉറ്റുനോക്കി.
“…അതായത് രമണ ദേവൂന്റെ കുടുംബക്കാരെ വച്ച് നോക്കുമ്പോൾ ജാതിയിലും പണത്തിലും ഞങ്ങൾ താഴ്ന്നവർ ആണ്. അവർ ആണെങ്കിൽ നാട്ടുപ്രമാണിമാരും. കൂടാതെ എന്റെ അച്ഛൻ പാർട്ടി നേതാവ് ആയത് കൊണ്ട് തന്നെ പഴയ ജെൻമി സമ്പ്രദായത്തിന് എതിരെ പടനയിച്ച ആളും അപ്പൊ ആ ഒരു വേർതിരിവ് എന്നോടും ഉണ്ടാകുമല്ലോ…”
“… ഈ കാലഘട്ടത്തിലും ഇങ്ങനെ ഉള്ളവർ ഉണ്ടോ…” അതിശയത്തോടെ തനു ചോദിച്ചു.
“… എല്ലാരും ഇല്ല ചില ആൾക്കാർ. അതിൽ ഇവളുടെ അച്ഛനും പെടും…”
“…പിന്നെ എന്തിനാ ഏട്ടൻ ഇവരോടൊക്കെ കൂട്ട് കൂടുന്നത്…”
“… അവരുടെ അച്ഛൻ അങ്ങനെ ആണെന്ന് കരുതി ഞാൻ എന്തിനാ ഇവരോട് പിണങ്ങുന്നേ. ദേവനും ദേവുവിനും പിന്നെ അവരുടെ അമ്മയ്ക്കും എന്നെ വല്യ കാര്യാ. അപ്പൊ ഞാൻ അവരെ നോക്കിയാൽ പോരെ…”
“…ഓഹ്. ഏട്ടൻ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാവുന്നില്ല ഞാൻ ക്ലാസ്സിൽ പോവാ…” തനു ക്ലാസ്സിലേക്ക് പോകുന്നതും നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു.
ഈ വർഷത്തെ ജില്ലാ കലോത്സവം ഞങ്ങടെ കോളേജിൽ വച്ച് നടത്താൻ ആണ് തീരുമാനം ആയത്. ഞങ്ങൾ എല്ലാം അതിന്റെ ആവേശത്തിൽ ആയിരുന്നു. മറ്റു കോളേജിലെ അറിയാവുന്നതും അറിയാത്തവരുമായി ഒരുപാട് പേർ വന്നിട്ടുണ്ട് എല്ലാത്തിനും ഒത്താശക്കായി ഞങ്ങളും കൂടെ ഉണ്ട്. തനു ഏതൊക്കെയോ ഗ്രൂപ്പ് സോങ്ങിന് ഉണ്ട് ദേവു ആണെങ്കിൽ നൃത്തത്തിനും. നമുക്ക് പിന്നെ കലാപരമായി വലിയ കഴിവ് ഇല്ലാത്തത് കൊണ്ട് ആ വഴിക്ക് പോകേണ്ടതെ ഇല്ല. ഗ്രൂപ്പ് സോങ്ങിന് തനുവിന്റെ ഗ്രൂപ്പിന് സെക്കന്റ് കിട്ടി. ഇന്നാണ് ദേവൂന്റെ ഭാരതനാട്യം.
“… ഏട്ടാ എങ്ങനെ ഉണ്ട്…” മേക്കപ്പും ഡ്രസ്സ് ഒക്കെ ചെയ്ത് വന്ന ദേവു എന്നോട് ചോദിച്ചു.
“… ആരാ മനസ്സിലായില്ലല്ലോ…” ചിരി ഉള്ളിൽ ഒളുപ്പിച്ച് ഞാൻ ചോദിച്ചു.
“… ഏട്ടാ ഞാന ഇത് ദേവു…” മുഖം വലിച്ചുകേറ്റി ദേവു പറഞ്ഞു.
“… ങേ ദേവു ആയിരുന്നോ. ഞാൻ വിചാരിച്ചു വേറെ നല്ല പിള്ളേർ വല്ലതും ആയിരിക്കും എന്ന്…”
“…ആണോ ഞാൻ വിശ്വസിച്ചു. ഇങ്ങേരോട് സംസാരിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ. വാ ചേച്ചി നമുക്ക് പോകാം…” ഒപ്പം ഉണ്ടായിരുന്ന താവിനെയും കൂട്ടി അവൾ സ്റ്റേജിലേക്ക് പോയി.
