തേജാത്മികം – 4 19

 

 

 

“…ആഹ് കൊള്ളാലോ. എന്നിട്ട്…” കൗതുകത്തോടെ തനു ചോദിച്ചു.

 

 

 

“… എന്നിട്ട് എന്താ അച്ഛനെ മാമൻ വീട്ടിലേക്ക് ക്ഷണിച്ചു. അച്ഛനെ കണ്ട പാടെ അമ്മ ഫ്ലാറ്റ്. പിന്നെ അച്ഛന്റെ സംസാരത്തിലെ വിനയവും കാര്യപ്രാപ്തിയും എല്ലാം അമ്മയെ അച്ഛനിലേക്ക് കൂടുതൽ അടുപ്പിച്ചു. അങ്ങനെ ഇരിക്കെ അച്ഛനും മാമനും സ്വന്തമായി ഒരു വർഷോപ് തുടങ്ങിയാലോ എന്നൊരു ആലോചന വന്നത്. അവരുടെ കൈയിൽ ഉണ്ടായിരുന്ന എല്ലാം വച്ച് അച്ഛനും മാമനും auto-painting വർക്ക്ഷോപ്പ് തുടങ്ങി. അന്നത്തെ കാലത്ത് അങ്ങനെയുള്ള വർക്ക്ഷോപ്പ് കുറവായത് കൊണ്ട് സാധനം കൊണ്ട് ക്ലിക്ക് ആയി…”

 

 

 

“…ഏട്ടൻ അച്ഛന്റെയും അമ്മയുടെയും ലോവ്സ്റ്റോറി പറയ്…”തനു എന്നെ നിർബന്ധിച്ചു.

 

 

 

“… വർക്ക്‌ ഷോപ്പ് തുടങ്ങിയതിൽ പിന്നെ മാമന് ചോർ കൊണ്ട് കൊടുക്കുന്ന ഡ്യൂട്ടി അമ്മക്ക് ആയിരുന്നു. കൂട്ടത്തിൽ അച്ഛനുള്ളതും കരുതും. എന്നുമുള്ള കാണലും സംസാരവും അവർ രണ്ടുപേരും പെട്ടന്ന് അടുത്തു. രണ്ട് പേരും കടുത്ത പ്രണയത്തിൽ ആയതിനു ശേഷം അച്ഛൻ മാമനോട് അമ്മയെ കെട്ടിച്ചു കൊടുക്കാൻ പറഞ്ഞു…”

 

 

 

“… എന്നിട്ട് മാമൻ എന്ത് പറഞ്ഞു…”

 

 

 

“… മാമൻ ഈ വിഷയം വീട്ടിൽ പറഞ്ഞു. അവർക്ക് ഇഷ്ടക്കേട് ഒന്നും ഇല്ലെങ്കിലും ഒരു അനാഥ ചെക്കന് എങ്ങനെ പെണ്ണിനെ കൊടുക്കും എന്നൊരു ചോദ്യം വന്നു. അതിന് ഉത്തരം നൽകിയത് മാമൻ ആയിരുന്നു. അവൻ അനാഥൻ ആണെങ്കിലും എന്റെ കൂട്ടുകാരനാ അമ്മയെ അച്ഛൻ പൊന്നുപോലെ നോക്കും എന്ന് മാമന് ഉറപ്പ് ഉണ്ട് എന്ന് പറഞ്ഞതോടെ ബാക്കി എല്ലാരുടെയും വാ അടഞ്ഞു…”

 

 

 

“… മാമൻ സൂപ്പർ ആണെല്ലോ…” ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു.

 

 

 

“… പിന്നെ അവരുടെ കല്യാണം മാമൻ മുന്നിൽ നിന്ന് നടത്തി. വീടില്ലാതിരുന്ന അച്ഛൻ കല്യാണ ശേഷം മാമന്റെ സഹായത്തോടെ ഞങ്ങടെ വീട് വച്ചു. ഈ സന്തോഷം എല്ലാം അധികകാലം നീണ്ടു പോയില്ല. അച്ഛൻ പോയതോടെ ഞാനും അമ്മയും വല്ലാതെ ഒറ്റപ്പെട്ടു. രണ്ട് വയറു കഴിഞ്ഞ് പോകാൻ പണിക്ക് പോയല്ലേ പറ്റു. അമ്മ പണിക്ക് പോകാൻ ഒരുങ്ങിയതും മാമൻ അതിനെ എതിർത്തു. അതിനു ശേഷം എല്ലാ മാസവും മാമൻ ഒരു തുക ഞങ്ങളുടെ വീട്ടിൽ എത്തിക്കും. ചോദിച്ചാൽ പറയും എന്റെ അച്ഛൻ മാമന്റെ പാർട്ട്‌നർ അല്ലെ അതിന്റെ ലാഭവിഹിതം ആണെന്ന്. ഞങ്ങൾക്ക് അറിയാം അതൊന്നും അല്ലെന്ന്.പിന്നെ അറിവ് വെച്ച കാലം മുതൽ ഞാനും മാമന്റെ കൂടെ പണിക്ക് പോകും. ആദ്യം ഒന്നും എന്നെകൊണ്ട് ഒന്നും തൊടീക്കില്ലായിരുന്നു. പതിയെ ഞാൻ ഓരോ ചെറിയ പണി ചെയ്തു കൊടുക്കും…” എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

 

 

 

“… മാമൻ വിചാരിച്ചാൽ സ്വന്തം കാര്യം നോക്കി ജീവിക്കായിരുന്നു. എന്നാൽ ആ മനുഷ്യൻ രണ്ട് വീടിന് വേണ്ടിയാ പണിയെടുക്കുന്നെ.അങ്ങനെ ഉള്ള ആ മനുഷ്യനോടുള്ള കടപ്പാട് ഈ ജന്മം തീരില്ല. അതാ പുള്ളി വിളിക്കുമ്പോൾ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ഓടി ചെല്ലുന്നത്…” ഞാൻ വിങ്ങി പൊട്ടുന്നത് കണ്ട് തനു എന്നെ അവളുടെ മാറോട് അണച്ചു.

 

 

 

“… പരീക്ഷ എങ്ങനെ ഉണ്ടായിരുന്നടാ…” വൈകിട്ട് വർക്ക്‌ഷോപ്പിൽ എത്തിയതും മാമൻ ചോദിച്ചു.

 

 

 

“… പരീക്ഷ ഒക്കെ കളർ ആയിട്ട് എഴുതീട്ടുണ്ട്…” സന്തോഷത്തോടെ ഞാൻ പറഞ്ഞു.

 

 

 

“… അവസാനം എട്ട് നിലയിൽ പൊട്ടോ…” പൊട്ടിച്ചിരിയോടെ മാമന്റെ കൈക്കാരൻ ചോദിച്ചു.

 

 

 

“… അങ്ങനെ പൊട്ടൻ നീ അല്ല പരീക്ഷ എഴുതിയത്. എന്റെ ചെക്കനാ…” ഇച്ചിരി അഹങ്കാരത്തോടെ മാമൻ പറഞ്ഞു.

 

 

 

“… അല്ല പിന്നെ അങ്ങനെ പറഞ്ഞ് കൊടുക്ക് മാമ…”

 

 

 

“…എന്തായാലും ഇവിടെ പണിക്ക് പുതിയ ആൾ ആയി…” കൈക്കാരന്റെ പരിഹാസം പിന്നെയും എത്തി.

 

 

 

“… അവനെ ഇവിടെ നിർത്തി പണിയെടുപ്പിക്കാൻ അല്ല ഞാൻ കോളേജിൽ വിട്ട് പഠിപ്പിച്ചേ. എന്റെ മോൻ വലിയൊരു കമ്പനിയിൽ പണിക്ക് പോയി രാജാവിനെ പോലെ ജീവിക്കും അല്ലേടാ…” ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *