അജ്ഞാതന്‍റെ കത്ത് – 8

” രോഗികളെയെല്ലാം അവരുടെ ബന്ധുക്കളെ ഏൽപിക്കുന്നതാണ് “

രോഗികൾക്കരികിൽ നിന്ന് Acpപറഞ്ഞപ്പോൾ കൃഷ്ണപ്രിയയുടെ മുഖം ഭയന്നു കാണപ്പെട്ടു.
ഞാൻ ചാരിവെച്ച അലോഷിയുടെ ഫോണെടുത്ത് ഫ്രണ്ട് ക്യാം സെറ്റ് ചെയ്ത് വെച്ചു നോക്കി.
ഒത്തിരി പേരിത് കാണുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

“ഇവിടെ നടന്ന സംഭവങ്ങൾ നിങ്ങൾ നേരിട്ടറിഞ്ഞല്ലേ. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനും, ഈ 11 പേരെ രക്ഷിക്കാനും കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.”

ലൈവ് കട്ട് ചെയ്ത് തിരിഞ്ഞത് ACPയുടെ മുഖത്തേയ്ക്ക്.

” നീ ഞങ്ങടെ പണി കൂടി ചെയ്ത് ആളാവാനുള്ള ശ്രമമാണോ?”

പുച്ഛം കലർത്തിയ ചോദ്യം

” ആളായിട്ടെന്തിനാ? കാശ് കിട്ടോ? ജീവിത സൗകര്യങ്ങൾ കൂടുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ പിന്നെന്തിനീ ചോദ്യം.ഇതിൽ നിന്നെനിക്ക് കിട്ടുന്നത് മനഃസുഖം. കഷ്ടതയനുഭവിച്ചരുടെ കുടുംബാംഗങ്ങളുടെ പ്രാർത്ഥനയിൽ ഒരു നേരമെങ്കിലും ഞാൻ കടന്നു ചെന്നുവെന്ന അഭിമാനം. അതിനു കാക്കിക്കുപ്പായത്തിന്റെ ബലം വേണ്ട. നെറികേടിനു എതിരെ പൊരുതാനുള്ള ചങ്കൂറ്റം മതി. ചെയ്യുന്നത് ശരിയാണെന്നുള്ള വിശ്വാസത്തിൽ എന്നും ഉയർത്തിപ്പിടിച്ച മനസാക്ഷിയും”

” നീ വാചകമടിച്ച് ഷൈൻ ചെയ്യാതെ “

“ഷൈൻ ചെയ്യുന്നതാരാണെന്ന് നമുക്ക് നോക്കാന്നേ. ചോദിച്ചു വാങ്ങിയ ഈ പോസ്റ്റിംഗ് എന്തായാലും നല്ലതല്ല സാറേ.കേന്ദ്രത്തിലൊക്കെ നല്ല പിടിപാടാണല്ലോ മുറുകെ പിടിച്ചോ .”

ACP തരിച്ചുനിൽക്കുകയാണ്. രോഗികളെ ഓരോരുത്തരെയായി സ്ട്രെക്ചർ കയറ്റി ലിഫ്റ്റു വഴി താഴേക്കിറക്കിക്കൊണ്ടിരുന്നു.
പിന്നാലെ ഞങ്ങളും ഗ്രൗണ്ട് ഫ്ലോറിലെത്തിയപ്പോഴേക്കും ചാനലുകാർ വളഞ്ഞു. അവരുടെ സ്ഥിരം ചോദ്യങ്ങൾ, അഭിനന്ദനങ്ങൾ എല്ലാത്തിൽ നിന്നും ഊളിയിട്ട് ഞങ്ങൾ കാറിൽ കയറി.

“വേദാ”

തൊട്ടു പിന്നിൽ അലോഷി

“സൂക്ഷിക്കണം.”

ആ സംസാരത്തിൽ എന്തോ ഒരസ്വാഭാവികത നിഴലിച്ചിരുന്നു. മുഖത്ത് ഒരു നിരാശയോ വേദനയോ പോലെ….
അരവിയും ജോണ്ടിയും സന്തോഷത്തിലായിരുന്നെങ്കിലും വലിച്ചെറിഞ്ഞ ക്യാമറയുടെ കാര്യത്തിൽ ജോണ്ടി സങ്കടപ്പെട്ടിരുന്നു.
ഫോണിൽ വന്ന അലോഷിയുടെ ഒരു മെസ്സേജ് കണ്ട് ചെറുതായൊന്നു ഞെട്ടി.

‘തോമസ് ഐസക് കൊല്ലപ്പെട്ടു.’

” അരവി തോമസ് ഐസക് കൊല്ലപ്പെട്ടു. SlMS ഹോസ്പിറ്റലിലേക്ക് കാർ വിട്. “
അവിടെത്തുമ്പോൾ ഒന്നര കഴിഞ്ഞിരുന്നു.അങ്ങനെയൊരു കൊലപാതകം നടന്നതായി തോന്നിയില്ല. ആശുപത്രി പരിസരം മുക്കാലും ഉറക്കത്തിലായിരുന്നു.ക്വാഷാലിറ്റിയിൽ മാത്രം തിരക്കിലൂടെ നടക്കുന്നവർ. വേദനയുടെ നിശബ്ദതയിൽ ചെറിയ തേങ്ങലുൾ, മൊബൈൽ റിംഗുകൾ, അടക്കിപിടിച്ച അസുഖവിവര കൈമാറ്റം തിരക്കിട്ടു നടക്കുന്ന ഡോക്ടേഴ്സിന്റെ ഷൂവിന്റെ ശബ്ദം.
കാർ തിരക്കില്ലാത്ത മോർച്ചറി ബിൽഡിംഗിനരികിലേക്ക് മാറ്റിയിട്ട്
ഞാൻ അലോഷിയെ വിളിച്ചു.

“സർ ഞങ്ങൾ SIMS ഉണ്ട്.ഇവിടെ അങ്ങനൊന്നു നടന്നതായി തോന്നുന്നില്ല”

“വേദ എന്തഹങ്കാരമാണ് കാണിച്ചത്? ആശുപത്രി വിവരം ഇത് വരെ പുറത്ത് വിട്ടില്ല. മാത്രമല്ല കുര്യച്ചന്റെ സ്ഥിതി വളരെ മോശമാണ്. നീയാ പരിസരത്ത് നിൽക്കണ്ട. എത്രയും വേഗം തിരികെ പോകൂ”

“സർ ഞാനെന്തിനു ഭയക്കണം?”

“വേദ അവരുടെ ലക്ഷ്യം നീയാണിപ്പോ നീയത് മറക്കരുത്. നീയിപ്പോൾ അപകടത്തിനു മുന്നിലാണ് “

ഞാൻ ഫോൺ കട്ട് ചെയ്തു.

” അരവി വണ്ടിയെടുക്ക് “

അവൻ വണ്ടിയെടുത്തു. ഞാൻ വെറുതെ മോർച്ചറി മുറ്റത്തേക്ക് തിരിഞ്ഞു നോക്കി. ഞങ്ങളുടെ കാർ നിർത്തിയിട്ടിടത്തെ തറയിൽനിന്നും ഒരാൾ എഴുന്നേറ്റിരിക്കുന്നു. കാർ ഗേറ്റിനോടടുക്കുന്നു. അയാൾ കിടന്ന ഭാഗം ഞാൻ കാൽകുലേറ്റ് ചെയ്തു നോക്കി.

” അരവീ കാർ നിർത്ത്. കാറിൽ ബോംബ് ”
ഞാനിതു പറഞ്ഞതും
അയാൾ വലതു കൈ ഞങ്ങളുടെ കാറിനുനേരെ നീട്ടിയതും ഒരേ ടൈം. ചുരുട്ടിയ കൈക്കുള്ളിലെ റിമോട്ട് ഞാൻ വ്യക്തമായി കണ്ടു

വണ്ടി അരവി നിർത്തിയതും ഇരുവശത്തേക്കുമായി ഞങ്ങൾ ഇറങ്ങിയോടി.വലിയൊരു പൊട്ടിത്തെറിയോടെ പിന്നിൽ കാർ ചിതറി. ഇടത്തേ ചുമലിൽ എന്തോ വന്നിടിച്ചു തുളച്ചു കയറി. ഞാൻ മുന്നോട്ടാഞ്ഞ് തറയിൽ വീണു. ആരൊക്കെയോ ഓടി വരുന്നുണ്ടായിരുന്നു.മുഖത്തെ കണ്ണാടി തറയിൽ വീണു പോയിരുന്നു. ഞാനതെടുത്ത് മുഖത്ത് വെച്ച് അരവിയേയും ജോണ്ടിയേയും നോക്കി. ആരൊക്കെയോ ചേർന്ന് ആരെയോ എടുത്ത് കൊണ്ടു പോകുന്നു. അരവി എനിക്കടുത്തേക്ക് വന്നു.ഞാൻ നോക്കിയപ്പോൾ കാറിൽ ബോംബ് വെച്ചവൻ നേരത്തെ നിന്നിടത്തു തന്നെ നിൽക്കുന്നു.

” അരവി അവനെ വിടരുത്.”

ഞാനോടി അവനരികിലേക്ക്. അരവി എനിക്കു മുന്നേ ഓടിയിരുന്നു.
ഞങ്ങൾ ഓടി വരുന്നത് കണ്ട ആക്രമി പിന്തിരിഞ്ഞോടി.മോർച്ചറിയുടെ പിന്നിൽ വെച്ച് ഞങ്ങളവനെ പിടികൂടി. അവൻ തികഞ്ഞൊരു അഭ്യാസി ആയിരുന്നു. ഞങ്ങളെ രണ്ടു പേരേയും തോൽപിച്ച് അവൻ പിന്നിലെ ഗെയ്റ്റ് ചാടിക്കടന്ന് ഇരുളിൽ ലയിച്ചു. അവന്റെ ബേഗ് മാത്രം എന്റെ കൈകളിൽ അവശേഷിച്ചു.
അവയ്ക്കുള്ളിൽ എന്റെ ഫോട്ടോ പിന്നെ പഴയ ഒന്നു രണ്ട് ജോഡി ഡ്രസ്സ് കുറച്ചു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങൾ തിരികെയെത്തുമ്പോൾ ജോണ്ടിയെ കണ്ടില്ല. ജോണ്ടി ക്യാഷാലിറ്റിയിലായിരുന്നു. മുഖത്ത് ഒരിടത്ത് മുറിവുണ്ടു കാൽമുട്ടിനും ഇറങ്ങി ഓടിയപ്പോൾ പറ്റിയതായിരുക്കും.

അരവി അപ്പോഴാണ് എന്റെ ഷോൾഡറിനെ ചോരയുടെ നനവ് കണ്ടത്. അത് ചെറിയൊരു മുറിവ് മാത്രമായിരുന്നു.
ഡ്രസ്സ് ചെയ്തിരിക്കുമ്പോഴേക്കും ക്യാഷാലിറ്റിയിൽ പത്രക്കാരുടെ തള്ളിക്കയറ്റമായിരുന്നു.
എല്ലാവർക്കും അറിയേണ്ടത് SNമെഡിസിറ്റിയിലെ അറസ്റ്റിനു കാരണക്കാരിയായ എന്നെ ഇല്ലാഴ്മ ചെയ്യാനാണോ ഈ ആക്രമണമെന്ന് മാത്രം. ഇതിനു പിന്നിലെ കൈ റോഷനാണോ എന്ന് അറിയാനായിരുന്നു ചിലർക്കാകാംക്ഷ.

“അറിയില്ലെ “
ന്നു പറഞ്ഞു ഒഴിഞ്ഞുമാറി.
പക്ഷേ ഇതിനോടകം തോമസ് ഐസക് ന്റെ മരണവാർത്ത ആശുപത്രി പുറത്തുവിട്ടു. ഡ്യൂട്ടി നഴ്സ് മുറിയിൽ വന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ ബെഡിൽ തോമസ് ഐസക്കിനെ കാണുന്നത്. തൊട്ടടുത്ത ബെഡിനടുത്ത് ചോരയിറ്റുന്ന കത്തിയുമായി ഒരു മുഖം മറച്ച മനുഷ്യൻ! നഴ്സിനെ കുത്തിപ്പരിക്കേൽപിച്ചു.
നഴ്സിന്റെ കരച്ചിൽ കേട്ടെത്തിയവരെ തട്ടിമാറ്റി ആക്രമി ഓടി രക്ഷപ്പെട്ടു.
പാതി മുറിഞ്ഞ കഴുത്തുമായി കുര്യച്ചൻ അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല.
ചാനലുകാർക്ക് ചാകര തന്നെ.
എൽദോയെ പിടിച്ചതല്ലേ, അവനെ പറ്റി അലോഷി ഒന്നും പറഞ്ഞില്ലല്ലോ. ചോദിക്കണം.TBSir, Pr, മുംതാസ്, ഇവരെയെല്ലാം കണ്ടു പിടിക്കണം. ഒബ്സർവേഷനിലായതിനാൽ ആശുപത്രി ബെഡിൽ തന്നെ കിടന്നു.

ഇടയ്ക്ക് വരുന്ന ഫോൺ കോൾ കാരണം അരവി പുറത്തേക്ക് പോവുന്നതൊഴിച്ചാൽ അസ്വാഭാവികമായൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *