അജ്ഞാതന്‍റെ കത്ത് – 8

“എടി 12.15നാണ് ഫ്ലൈറ്റ്. “

” ഇന്നത്തെ ബാംഗ്ലൂർ യാത്ര ക്യാൻസൽ.ജോണ്ടിയോടും ഉടനെ വരാൻ പറ “

പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തയുടനെ SN മെഡിസിറ്റിയിലെ ഒരു പഴയ സ്റ്റാഫിനെ വിളിച്ചു.

കുറേ നേരത്തെ ബെല്ലടിച്ചതിനു ശേഷമാണ് ഫോണെടുത്തത്.

“ഹലോ “

ഉറക്കച്ചവടിലെ സ്വരം

“വർഗ്ഗീസേട്ടാ ഞാനാ വേദ. കൈലാസത്തിലെ പരമേശ്വറിന്റെ….”
ഞാൻ പരിചയപ്പെടുത്തി. മറുവശത്ത് ഉയർന്ന ചിരി.

“വേദ എന്നു മാത്രം മതി. മോളെ മനസിലാക്കാൻ. എന്താ ഈ സമയത്ത് ?”

“എനിക്കൊരു സഹായം വേണം”

“കുഞ്ഞ് പറ.കുഞ്ഞിനല്ലാതെ ഞാൻ വേറെയാരെ സഹായിക്കാനാ?”

” SN മെഡിസിറ്റി തുടങ്ങിയപ്പോൾ വർഗ്ഗീസേട്ടന് അവിടല്ലാരുന്നോ ജോലി? “

“അതെ. 19 വർഷായില്ലെ തുടങ്ങീട്ട്?!…..പ്രായായപ്പോ നിർത്തി. പുണ്യാളന്റെ കൃപകൊണ്ട് മൂത്ത മോൾക്കൊപ്പം ജീവിച്ചു പോകുന്നു.”

” ഹോസ്പിറ്റൽ പ്ലാൻ വരച്ചത് ആരാണെന്നറിയുമോ?”

“അതെന്താ അറിയാത്തെ.ഗണേശൻ എന്നാ കോൺഡാക്ടറുടെ പേര്. ബിൽഡപ്പെന്ന പേരിൽ പാലാരിവട്ടത്ത് വലിയ ഓഫീസുണ്ട്.നമ്പറൊന്നും സൂക്ഷിച്ചു വെച്ചിട്ടില്ല. എന്താ മോള് ഹോസ്പിറ്റൽ പണിയാമ്പോവാണോ?”

“ചെറിയൊരു ആലോചന. ശരി എങ്കിൽ ഞാനതൊന്നു നോക്കട്ടെ.”

” ശരിമോളെ “

വർഗീസേട്ടന്റെ ആക്സിഡണ്ട് കേസ് അച്ഛനായിരുന്നു വാദിച്ചത് ,അതിൽ വിജയവും നഷ്ടപരിഹാരവും വാങ്ങിക്കൊടുത്ത നന്ദി അവരിന്നും സൂക്ഷിക്കുന്നു.

ഗൂഗിളിൽ കയറി ബിൽഡപ്പ് സെർച്ച് ചെയ്ത് കോൺഡാക്റ്റ് നമ്പറിൽ വിളിച്ചു. ലാന്റ് നമ്പറിൽ ആരും അറ്റന്റ് ചെയ്തില്ല -മൊബൈൽ നമ്പറിൽ വിളിച്ചു.
രണ്ടാമത്തെ റിംഗിനു കോളെടുത്തു.

“ഹലോ ഗണേശൻ സർ”

“അതെ “

“സോറി സർ അസമയത്ത് വിളിച്ചതിൽ ക്ഷമ ചോദിക്കുന്നു.”

സോപ്പിടൽ ആരംഭിച്ചു.

” ആരാണ് സംസാരിക്കുന്നത്.?”

“എന്റെ പേര് വേദ. എന്റെ കസിനു വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്. സാറിനു ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ചു കാര്യങ്ങൾ……”

“യെസ് പറയൂ “

” കസിൻ സ്റ്റേറ്റ്സിലെ പഠനം കഴിഞ്ഞ് വന്നിട്ടുണ്ട്. സ്വന്തമായൊരു ഹോസ്പിറ്റലെന്ന ഭ്രാന്തുമായി നടക്കുകയാണ്.അങ്ങനെ അന്വേഷിച്ചപ്പോൾ സാറിന്റെ നമ്പർ കിട്ടിയത്.”

ഒരാളെ മാക്സിമം പിഴിയാൽ കിട്ടിയ സന്തോഷത്തിൽ അയാൾ

” സ്ഥലം എവിടെയാ?”

“തൃശ്ശൂർ… SN മെഡിസിറ്റി പ്ലാൻ സാർ വഴിയല്ലേ നടന്നത്?”

“അതെ. അതൊരു ബിഗ് പ്രൊജക്ടാണ്.അങ്ങനെയുള്ളതാണോ നിങ്ങളുടേതും.?”

സംസാരത്തിൽ എവിടെയോ ഉണർവു കണ്ടു.’

“അതെ. സർ നാളെ ഫ്രീയാണെങ്കിൽ ഞാൻ നേരിൽ വരാം സംസാരിക്കാൻ.നമുക്ക് ലൊക്കേഷനിൽ പോവുകേം ചെയ്യാം അതിനു മുന്നേ എനിക്കതിന്റെ പ്ലാൻ കിട്ടാൻ വഴിയുണ്ടോ?”

“കുറച്ചു വെയ്റ്റ് ചെയ്യാമോ. തപ്പിയെടുക്കണം. എന്നിട്ട് ഞാനയച്ചു തരാം.”

” ഈ നമ്പറിൽ തന്നെ അയച്ചാൽ മതി ഞാൻ വെയ്റ്റ് ചെയ്യാം.”

ഫോൺ കട്ടായി എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.വിജയം മുന്നിൽ കണ്ട പുഞ്ചിരി

കണ്ണാടി ഊരി മേശപ്പുറത്തു വെച്ചു ഞാൻ കുളിച്ചിറങ്ങിയപ്പോഴേക്കും ഫോണിൽ ഗണേഷന്റെ മെസ്സേജ് വന്നിരുന്നു. എട്ട് നിലയുള്ള ഹോസ്പിറ്റലിന്റെ 9 സ്ക്കെച്ച്.ഞാനത് പഠിക്കാനിരുന്നു.
ജേർണലിസം പഠിക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റലിനെ കുറിച്ചൊരു ഡോക്യുമെന്ററി തയ്യാറാക്കാനിരുന്നപ്പോൾ ഞാൻ തിരഞ്ഞെടുത്തത് SNമെഡിസിറ്റി ആയിരുന്നു.
അന്നവിടുത്തെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടുണ്ട്. പക്ഷേ എന്റെറിവിൽ 7 നിലയേ ഉണ്ടായിരുന്നുള്ളൂ. ഗ്രൗണ്ട് ഫ്ലോറിൽ ക്യാൻസർ വാർഡും ക്യാഷാലിറ്റിയും, ,ഗർഭിണികളുടെ ഒപിയും
കാർ പാർക്കിംഗും കാന്റീനും മാത്രം.
ഒന്നാം നിലയിൽ കുട്ടികളുടെ വാർഡും കുട്ടികളുടെ ഒപിയും, ഐസിയുവും, ലാബും,
രണ്ടാം നിലയിൽ ഗർഭിണികളുടെയും അമ്മമാരുടേയും വാർഡ് ,പ്രസവമുറി, ഓപറേഷൻ തിയേറ്റർ മാത്രം.

മൂന്നാം നിലയിൽ കോൺഫറൺസ് ഹാളും ജെനറൽ ഒപിയും മാത്രം,
നാലിൽ ജെനറൽ വാർഡുകളും ഇ എൻ ടി ഒ പി യും
ഇങ്ങനെ ഏഴ് നിലകൾ ഞാനതിൽ നിന്നും അടയാളപ്പെടുത്തിയിയത് വെച്ച് ഓർത്തെടുത്തു.
പക്ഷേ എട്ടാം നിലയെക്കുറിച്ചൊരു ധാരണ ഇല്ല. മറ്റ് ഏഴ് നിലകളുടേയും പ്ലാനുകൾ ഒരേ പോലെ ആയതിനാൽ എട്ടാം നിലയിലും പ്ലാൻ വലിയ വ്യത്യാസമൊന്നുമുണ്ടാവാൻ സാദ്ധ്യത ഇല്ല.

ഫോണെടുത്ത് നൗഫിയുടെ നമ്പർ തപ്പി. അന്ന് ഡോക്യുമെന്ററി തയ്യാറാക്കാനിരുന്നപ്പോൾ എന്നെ സഹായിച്ചത് കോഴിക്കോട്ടുകാരി നൗഫിയായിരുന്നു.
ഭാഗ്യം നമ്പർ കിട്ടി!

രണ്ട് വട്ടം വിളിക്കേണ്ടി വന്നു ഫോണെടുക്കാൻ.

“ഹലോ …”

” നൗഫീ… “

“അതെ ഇങ്ങളാരാ ങ്കി മനസിലായില്ല.”

“ഞാനാ വേദ പരമേശ്വർ “

“അള്ളോന്റുമ്മച്ചിയേ…. അനക്ക് ബല്ലാത്ത ധൈര്യം തന്നെ അഴുകിയ മയ്യത്ത് നട്ടപ്പാതിരാക്ക് കണ്ട് പിടിച്ചല്ലോ പഹയാ.”

” നൗഫീ നീയെവിടാ?”

” ഡ്യൂട്ടിയിലാ.”

” എടി ഞാനിപ്പോ വരും എന്നെയൊന്ന് ഹെൽപ്പണം “

“ഇനീപ്പം ഈന്റാത്ത് നിന്ന് ചീഞ്ഞ മയ്യത്ത് കണ്ട് പിടിക്കോ ഇയ്യ് ?”

” ഇല്ലെടി. ഞാൻ വരാം.പിന്നെ ഇക്കാര്യം പുറത്ത് പോകല്ല്.”

” ഇല്ല”

അപ്പോഴേക്കും അരവി കോൾ വെയ്റ്റിഗിലുണ്ടായിരുന്നു.

കാൾ ഞാനെടുത്തു.

” ഞങ്ങൾ താഴെയുണ്ട് വാ.”

ഞാൻ റൂം പൂട്ടിയിറങ്ങി.അരവിക്കൊപ്പം മുന്നിൽ തന്നെ കയറി. പോകും വഴി കാര്യങ്ങൾ അവനെ ധരിപ്പിച്ചു.

“വേദ ഇത് റിസ്ക്കാണ്.”

“അറിയാം. അതറിഞ്ഞു കൊണ്ടാണ് ഇറങ്ങിത്തിരിച്ചത്. എടാ നീയൊന്നോർത്ത് നോക്കിയെ മരിച്ചു എന്ന് നമ്മളെല്ലാവരും കരുതിയ കൃഷ്ണപ്രിയ, പിന്നെയും പേരറിയാത്ത ആരൊക്കെയോ. നമ്മുടെ ഈ ശ്രമത്തിൽ വിജയിക്കേണ്ടത് അവരുടെ ജീവനാണ്. “

” നീ പറയുന്നത് ശരിയാവാം തെറ്റാവാം. ചിലപ്പോൾ നിന്നെ അപായപ്പെടുത്താൻ ശത്രുക്കൾ ചെയ്തതാണെങ്കിലോ വേദ.?”

“നീയെന്താ അരവി എല്ലാത്തിനേയും നെഗറ്റീവായി കാണുന്നത്.നിനക്ക് പറ്റില്ലെങ്കിൽ വണ്ടി നിർത്ത് ഞാൻ തനിയെ പോകാം. ……. ജോണ്ടി നിനക്ക് ധൈര്യമുണ്ടോ എനിക്കൊപ്പം വരാൻ?”

” ഞാൻ വരാം ചേച്ചീ “

” അരവി വണ്ടി നിർത്തിക്കോ.”

പക്ഷേ അവൻ നിർത്താതെ ഹോസ്പിറ്റൽ ലക്ഷ്യം വെച്ചു നീങ്ങി.
ഹോസ്പിറ്റലിലേക്ക് കടക്കുമ്പോൾ ഞാൻ നൗഫിയെ വിളിച്ചപ്പോൾ അവൾ തേർഡ് ഫ്ലോറിലുണ്ട് ഇപ്പോ വരാമെന്ന് പറഞ്ഞു.
കാർ പാർക്കിംഗിൽ എത്തി.
“നിങ്ങളിവിടെ നിൽക്ക് 5 മിനിട്ട് ഞാനെത്താം ”
ഡോക്ടേഴ്സിന്റെയും ഹോസ്പിറ്റൽ തുണികളും അലക്കിയിടുന്ന മുറിയായിരുന്നു ലക്ഷ്യം. അവിടെ നിന്നും ആരുടേയും കണ്ണിൽ പെടാതെ മൂന്ന് യൂണിഫോം കൈക്കലാക്കാൻ പത്തു മിനിട്ടെടുത്തു തിരികെ വന്നു മൂന്ന് പേരും അവ ധരിച്ചു.
പതിഞ്ചു മിനിട്ടിനുള്ളിൽ നൗഫി എത്തുകയും ചെയ്തു.

യൂണിഫോമിൽ നിൽക്കുന്ന എന്നെ മനസിലാവാതെ അവൾ തിരിഞ്ഞു നടന്നു.

” നൗഫീ… “

അവൾ നിന്നു.

“ഏഹ്…. ഇത് ഇങ്ങളായീനോ?! ഫാൻസീഡ്രസ്സാ?”

Leave a Reply

Your email address will not be published. Required fields are marked *