അജ്ഞാതന്‍റെ കത്ത് – 8

“എന്റെ മോളെ രക്ഷിക്കണം. അവളെയവർ കൊല്ലും. പ്ലീസ് നിങ്ങളാ രേഖ കൊടുക്കണം”

“ആര്?”

അലോഷിയുടെ ചോദ്യം
” അവളുടെ മുഖം ഭയത്താൽ വിളറി. “

“നീ പറ ആര്. ആരാണ് നിന്റെ മകളെ കൊല്ലുന്നത്? അതിനു മുൻപേ നീയാരാണെന്ന് പറയൂ”

” ഞാൻ നാൻസി…നാൻസി സജീവ്.കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവിന്റെ ഭാര്യ. എന്റെ മകൾ തീർത്ഥ അവരുടെ കൈവശമാണ്. നിങ്ങൾ ആ രേഖകൾ അവർക്ക് കൊടുത്തില്ലായെങ്കിൽ സജീവിനെ കൊന്നതുപോലെ അവരെന്റെ മോളെയും…..”

നാൻസി വീണ്ടും കരച്ചിലായി.

“നിങ്ങൾ കരയാതെ കാര്യം പറയൂ. ആരാണ് കൊല്ലുന്നത്?”

ഞാൻ അവർക്കെതിരെ സെറ്റിയിലേക്കിരുന്നു.

“വിവാഹശേഷം സജീവുമായി ഒറ്റപ്പാലത്ത് സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. തീർത്ഥ എന്റെ വയറ്റിലുണ്ടെന്നറിഞ്ഞ ആ ദിവസങ്ങളിലേതോ ഒരു വൈകുന്നേരമാണ് അവർ എന്റെ ലാബിലേക്ക് വന്നത്. വെളുത്ത് നല്ല പൊക്കമുള്ള ചെറിയ കണ്ണുള്ള മുടി സ്ട്രെയ്റ്റ് ചെയ്ത ഡോക്ടർ ആഷ്ലി… “

“ഈ പേര് ഓർക്കുന്നു. ആത്മഹത്യ എന്ന് വരുത്തിത്തീർത്ത ഡോക്ടർ ആഷ്ലിയുടെ കൊലപാതക രഹസ്യം പുറത്ത് കൊണ്ട് വന്നത് ‘അഴിച്ചുപണി’ ആണ്. “

ഞാനിടയ്ക്ക് കയറി.

“അതെ അവരുതന്നെ. അവർ വന്നത് സജീവിനെ കാണാനായിരുന്നു. സജീവ് ഒരു ടൂറിലായതിനാൽ അവരോട് സംസാരിച്ചത് ഞാനായിരുന്നു. പക്ഷേ അവർ സംസാരിച്ചതെല്ലാം സജീവുമായി കോൺഡാക്ടുള്ള ഡോക്ടറുമാരെ പറ്റിയും ചില മെഡിസിൻസിനെ പറ്റിയും മാത്രമായിരുന്നു. അതൊരിക്കലും സൗഹൃദത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നെനിക്ക് തോന്നി.
അവർ പോയപ്പോൾ ഞാൻ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഭയം ഞാൻ തിരിച്ചറിഞ്ഞു. സജീവിന്റെ അവിഹിതമാണെന്നോർത്ത് ഞാൻ തളർന്നു.പിന്നെയവനറിയാതെ അവന്റെ ഫോൺ കാളുകളും മെസ്സേജുകളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഇടയ്ക്ക് വരുന്ന കോളുകളല്ലാതെ മെസ്സേജുകൾ ഞാൻ കണ്ടതുമില്ല.”

അവൾ കിതച്ചു തുടങ്ങി.

” എനിക്ക് കുറച്ചു വെള്ളം തരുമോ?”

ഫ്രിഡ്ജു തുറന്ന് ഞാൻ വെള്ളമെടുത്ത് കൊടുത്തു. ഒറ്റയടിക്ക് അവളത് മുഴുവനും കുടിച്ചു. എന്നിട്ട് തുടർന്നു.
“എന്റെ ഡെലിവറി ടൈംപോലും സജീവ് ടൂറിലായിരുന്നു. അപ്പോൾ കൂട്ടുനിൽക്കാൻ വന്ന തുളസിയാണ് പിന്നീട് എന്റെ ജീവിതം മാറ്റിയത്.സജീവുമായി അവൾ പലപ്പോഴും രഹസ്യം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ഞാനും സജീവും തമ്മിൽ വഴക്ക് സ്ഥിരമായി. മോളുടെ ഒന്നാം പിറന്നാളിന് തിരുപനന്തപുരം പോയി മടങ്ങുന്ന വഴി കാറിൽ മയങ്ങിയ ഞാൻ ഉറക്കമുണർന്നത് ഏതോ കരിങ്കല്ല് വെച്ചു ഉണ്ടാക്കിയ കെട്ടിടത്തിലാണ്. പുറത്തു നിന്നും പൂട്ടിയിട്ട ആ മുറിക്കകത്ത് ഞാൻ ഉറക്കെ ബഹളം വെച്ചെങ്കിലും ആരും വന്നില്ല. രണ്ട് നേരം ഭക്ഷണം മുടങ്ങാതെ കിട്ടും. ഒരു വർഷത്തിനടുത്ത് അതിനകത്ത്

ഒരിക്കൽ ഒരു പഴുത് കിട്ടിയപ്പോൾ ഭക്ഷണം തരുന്ന കാവൽക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഞാനാ താവളത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നെ അന്ന് രക്ഷപ്പെടാൻ സഹായിച്ചത് തോമസ് ഐസക് സാറാണ്. ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ സജീവ് അവിടെ നിന്നും മാറിപ്പോയെന്നു പറഞ്ഞു.ഓർഫനേജിലേക്ക് പോവാൻ തോന്നിയില്ല.തോമസ് സാറിന്റെ സഹായത്തോടെ ഞാൻ സജീവിനെ കണ്ടെത്തി. അപ്പോഴേക്കും തുളസിയും സജീവും ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയിരുന്നു.”

ഒന്നു നിർത്തി നാൻസി കണ്ണു തുടച്ചു.

” കുഞ്ഞിനെ വിട്ടുതരാൻ പലവട്ടം ഞാൻ പറഞ്ഞു. ഒരിക്കൽ സജീവ് എന്നെ കാണാൻ വന്നു. കുഞ്ഞിനെ ഇപ്പോൾ തരാൻ പറ്റില്ലെന്നും അവനകപ്പെട്ട ചതിയുടെയും കഥ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അത് വരെ എന്നോടവിടെ തന്നെ താമസിക്കണമെന്നും കാലു പിടിച്ചപേക്ഷിച്ചു. കൂടെ തുളസിയുമുണ്ടായിരുന്നു. അവൾ പറഞ്ഞാണ് ലാബിന്റെ മറവിൽ സജീവ് നടത്തുന്ന വൻ ബിസിനസിനെ പറ്റി ഞാനറിഞ്ഞത്. ഞെട്ടിത്തകരാൻ എനിക്ക് മനസില്ലായിരുന്നു. എന്നെ തകർത്തത് സ്വന്തം കുഞ്ഞായിരുന്നു. തുളസിയെ അവൾ എനിക്കു മുൻപിൽ വെച്ച് അമ്മേ എന്ന് വിളിച്ചപ്പോൾ ഞാൻ തകർന്നു.പിന്നീടെനിക്ക് പകയായി, ജീവിക്കാൻ കൊതിച്ചതിന്, കൊതിപ്പിച്ചതിന് സൗഭാഗ്യം തട്ടിയെടുത്തതിന് എല്ലാം”

“അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?”

അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.

” ഇല്ല….. ഞാനാരേയും കൊന്നില്ല.”

അവൾ പുലമ്പി

“പിന്നെന്തിന് രാജീവ് മരിക്കുന്നതിന് തൊട്ടു മുന്നേ ആ ഫ്ലാറ്റിൽ നീ പോയത്.?”

അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.

” പറയാം”

ഞാൻ കുറച്ചു കൂടി മുന്നോട്ടാഞ്ഞിരുന്നു.

“കൊല്ലാൻ തന്നെയാ ചെന്നത് പക്ഷേ എനിക്കു മുന്നേ അവിടെയും അയാൾ എത്തിയിരുന്നു. ഞാനെത്തുമ്പോൾ അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോവുന്നതാണ് കണ്ടത്. എന്നെ അയാൾ കണ്ടിരുന്നില്ല. കൂടെ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഞാൻ മുറിയിൽ കയറുമ്പോൾ സജീവ് ബാൽക്കണ്ണിയിൽ പുറംതിരിഞ്ഞ് നിൽപുണ്ടായിരുന്നു. പക്ഷേ ഞാനടുത്തെത്തുമ്പോഴേക്കും സജീവ് താഴേക്ക് വീണിരുന്നു.”

” അപ്പോ അതൊരു ആത്മാഹത്യ തന്നെയാണോ?”

ഞാൻ ചോദിച്ചു.

“അതെ. പക്ഷേ ഞാൻ മനസിലാക്കിയ സജീവൊരിക്കലും ആത്മഹത്യ ചെയ്യില്ല. തുളസിയെ കൊന്നപ്പോഴും തീർത്ഥയെ പിടിച്ചു കൊണ്ടു പോയപ്പോഴും അവന് ജീവിക്കാനായിരുന്നു കൊതി.”

” സജീവ് ലാബിന്റെ മറവിൽ എന്തായിരുന്നു ചെയ്തത്.?”
“ഗവന്മേന്റ് നിരോധിച്ചതോ അല്ലെങ്കിൽ രഹസ്യമായതോ ആയ ഒരുൽപന്നം അതിന്റെ ബിസിനസ് .അതേ പറ്റി സൂചന കിട്ടിയിട്ടാണ് ഡോക്ടർ ആഷ്ലി തിരക്കി വന്നതെന്ന് ഞാൻ മനസിലാക്കിയത് കുറേ വൈകിയതിന് ശേഷം മാത്രം.”

” തുളസിയെ അവർ കൊലപ്പെടുത്തിയതെങ്ങനെയറിഞ്ഞു.?”

“TB സർ വിളിച്ചു പറഞ്ഞു.തുളസിയും സജീവും തീർന്നു അടുത്തത് തീർത്ഥയാണെന്ന്. അവർ പറഞ്ഞ രേഖകൾ എത്തിച്ചില്ലെങ്കിൽ തീർത്ഥയും മരണപ്പെടുമെന്ന് . “

“TBസർ…..?”

അലോഷി ചോദിച്ചു.

” നേരിട്ട് കണ്ടില്ല ഒന്നു രണ്ട് തവണ വിളിച്ചിട്ടുണ്ട്. “

” അതാരാ എന്നെനിക്കറിയില്ല എങ്കിലും .എല്ലാർക്കും അദ്ദേഹത്തെ ഭയമാണ്. റോഷനും തോമസ് സാറിനുമടക്കം.തോമസ് സാറിന്റെ ഫാർമസിയിൽ ജോലിക്കു നിൽക്കാമെന്നോർത്താ ചെന്നതെങ്കിലും മഠത്തിന്റെ കാര്യത്തിൽ അത് മൊത്തം എന്നെ ഏൽപിക്കുകയാണ് ചെയ്തത്. അവിടെ നിർമ്മിക്കുന്നത് ഒരു പ്രത്യേക രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നാണ്. “

” മനസിലായില്ല.”

” അത് ഒന്നര മാസം ഉപയോഗിക്കുന്നതോടെ ഒരിക്കലും അതിൽ നിന്നും വിട്ടു പോരാൻ കഴിയാത്തത്രയും അടിമയാകും”

” അത് സാധാരണമായ കാര്യമല്ലേ?”

എന്റെ സംശയം.

” അതിന്റെ 100 ഇരട്ടി സ്ട്രോംഗാണിത്. വളരെ സാവധാനത്തിലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഒന്നര രണ്ട് മാസം കൊണ്ട് ശരീരത്തിലെ വെയ്ൻ മൊത്തം തളർത്തിക്കളയുന്നു, ചിന്താശേഷി കുറയുന്നു. ബുദ്ധി മരവിച്ച പ്രതികരിക്കാൻ കഴിയാത്ത ഏതാണ്ട് പറഞ്ഞാൽ കിളി പോയ അവസ്ഥയിലേക്കെത്തും.”

Leave a Reply

Your email address will not be published. Required fields are marked *