അജ്ഞാതന്‍റെ കത്ത് – 8

” സർ പ്ലീസ്……”

പറഞ്ഞു വന്നത് ഞാൻ മുഴുവൻ പറഞ്ഞുവോ? കണ്ണിൽ ഇരുട്ടടിച്ചു കാലുകൾ കുഴഞ്ഞു.ശരീരം വെറുമൊരു പഞ്ഞിത്തുണ്ടു പോലെയായി. ആരൊക്കെയോ എന്റടുത്തേക്ക് ഓടി വരുന്നുണ്ട്.
മുകളിൽ കറങ്ങുന്ന ഫാനാണ് ആദ്യം കണ്ടത്.ചുറ്റിലും മുഖങ്ങൾ തെളിഞ്ഞു. അലോഷി പ്രശാന്ത് രേഷ്മ, പേരറിയാത്ത മൂന്നാല് പെൺകുട്ടികൾ.അവരെല്ലാവരും എന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.

“താൻ കിടന്നോളൂ. “

‘അലോഷിയുടെ ശബ്ദം. ഞാൻ രേഷ്മയുടെ ബെഡിലാണ്. മുറിയിലെ ചെയറിൽ കൈകൾ ചേർത്ത് ബന്ധിപ്പിച്ച നിലയിൽ റോഷൻ ഉണ്ട്. ചുണ്ട് പൊട്ടി ചോരയൊലിക്കുന്നു.
സമയമെന്തായെന്നു ഞാൻ വാച്ചിൽ നോക്കി. 5.17. രേഷ്മ ഒരു ചെറുപുഞ്ചിരിയോടെ ബെഡിൽ വന്നിരുന്നു.

“നേരം പുലർന്നോ? “

ഞാൻ ചോദിച്ചു.

“പുലർന്ന് വരുന്നു”

അലോഷിയുടെ ശബ്ദം. പുറത്ത് ബൂട്ടുകളുടെ ശബ്ദം.

“സർ അവരെത്തി “

പ്രശാന്ത് പറഞ്ഞത് കേട്ട് അലോഷ്യസ് പുറത്തേക്ക് പോയി. ഉടനെ തന്നെ തിരികെ വന്നു.കൂടെ നാല് പോലുസുകാരുണ്ടായിരുന്നു. റോഷന്റെ കൈകൾ പിന്നിലേക്ക് ചേർത്ത് വിലങ്ങ് വെച്ചു.

“സർ പെൺകുട്ടികളോടും ഇറങ്ങാൻ പറയൂ.അവരേയും രോഗികളേയും കൊണ്ടുപോകാനുള്ള വാഹനം പുഴക്കക്കരെ നിൽപുണ്ട്.”

വന്നവരിലെ എസ്ഐ പറഞ്ഞു.
രേഷ്മയുടെ കൺകളിൽ സന്തോഷം. അത് മറ്റുള്ളവരിലേക്കും പടർന്നു.

“സർ “

ഞാൻ വിളിച്ചു. അലോഷിയും പോലീസുകാരും തിരിഞ്ഞു നോക്കി.

” താഴെ തുരങ്കത്തിൽ ഒരാളുണ്ട് “

” ആ തമിഴനെയല്ലേ തന്നെ ഉപദ്രവിച്ച?”

” ഉം “

” പിടിച്ചു. “

തുടർന്ന് കണ്ണിറുക്കി ചിരിച്ചു.
ഞാൻ പതിയെ എഴുന്നേറ്റു. നടക്കാൻ നല്ല പ്രയാസം തോന്നി. കാൽമുട്ടിനാണ് വേദന.മേശപ്പുറത്ത് വെച്ച കണ്ണാടിയെടുത്തു മുഖത്ത് വെച്ചു. രോഗികളെയാണ് ആദ്യം അക്കരെയെത്തിച്ചത് പിന്നീട് നഴ്സുമാരെ പിന്നെ റോഷനെയും തൊമ്മിയേയും കൊണ്ടിറങ്ങും മുന്നേ പോലീസ് മഠം പൂട്ടി സീൽ വെച്ചിരുന്നു.
തൂക്കുപാലം കയറുമ്പോൾ അലോഷിയുടെ കൈകൾ സഹായിച്ചു. എന്തൊക്കെയോ ചോദിച്ചറിയാനുണ്ടായിരുന്നു.എന്റെ മുഖഭാവം കണ്ടാവാം
തിരികെ കാറിലിരിക്കെ അലോഷിപറഞ്ഞു.

“വേദ വലിയൊരു റാക്കറ്റിലേക്കെത്താനുള്ള ആദ്യ കണ്ണിയാണ് അവൻ. അവനിലൂടെ വേണം പിടിച്ചു കയറാൻ .അവനാരാണെന്ന് അറിയാമോ നിനക്ക്?”

ഇല്ല എന്നർത്ഥത്തിൽ ഞാൻ തല ചലിപ്പിച്ചു.
” പള്ളിക്കൽ ഫിലിപ്പോസിന്റെ മകനാ”

“ഏത് എഴുത്തുകാരൻ….?!”

“അതെ. മൂന്നു മാസം മുന്നേ ഹൃദയാഘാതം വന്നു മരണപ്പെട്ട ഫിലിപ്പോസിന്റെ “

ഞാനുമായി ഒരിക്കലദ്ദേഹം ഒരഭിമുഖത്തിൽ സംസാരിക്കയുണ്ടായി.

“സർ ഫിലിപ്പോസിന്റേത് കൊലപാതകമാണോ?”

എന്നിലെ അന്വേഷി ഉണർന്നു.

“അല്ല ഹൃദയസ്തംഭനം”

തുടർന്ന് ഞാൻ രേഷ്മയുടെ മുറിയിൽ ഒളിച്ചിരുന്നു കേട്ട കാര്യങ്ങളെല്ലാം അലോഷിയോടു പറഞ്ഞു.

“നിന്നെ കാണാതായത് ഞാനറിയുന്നത് ഒരു പെണ്ണിന്റെ കരച്ചിൽ കേട്ടപ്പോഴാണ്. അകത്ത് നീയാണെന്നോർത്തിട്ടാണ് വാതിൽ ചവിട്ടിത്തുറന്നത്. ഞങ്ങളാ സമയം അവിടെത്തിയില്ലായിരുന്നെങ്കിൽ ആ പെൺകുട്ടി ഇപ്പോൾ ജീവനോടെ ഉണ്ടാവില്ലായിരുന്നു. കുറച്ചു നേരം അവനുമായി ഗുസ്തി പിടിക്കേണ്ടി വന്നുവെങ്കിലും. അവനെക്കൊണ്ടല്ലാം പറയിച്ചു.”

” പോലീസിലെങ്ങനെയറിയിച്ചു.?”

ഇവിടെ ബോഡർ ആയതിനാൽ കേരളാ പോലീസ് ആണോ എന്ന കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. ലാന്റ് ഫോണിൽ നിന്നും സിഎം നെ വിളിച്ചു കാര്യം പറഞ്ഞു. ചാച്ചന്റെ പഴയൊരു കളിക്കൂട്ടുകാരനാണ് സി.എം.ന്യൂസ് ലീക്കാവാതിരിക്കാൻ ഞാൻ പ്രത്യേകം സുപാർശ ചെയ്തിട്ടുണ്ട്. ബാക്കി അവർ നോക്കിക്കോളും “

” ഇനിയിപ്പോ അടുത്ത സ്റ്റെപ്പ്?”

” തന്നെയേതെങ്കിലും ഒരു ഹോസ്പിറ്റലിൽ കാണിക്കണം”

ഞാൻ വെറുതെ ചിരിച്ചു.

” അത് കഴിഞ്ഞ് തുളസിയിലേക്ക്.എത്തിപ്പിടിക്കാൻ ആകെയുള്ളത് റോഷൻ തന്ന മൊബൈൽ നമ്പറാണ്.”

അതും പറഞ്ഞ് അലോഷി പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഓൺ ചെയ്തു. ഞാനും അത് മറന്നിരിക്കയായിരുന്നു.

മുത്തങ്ങ സ്റ്റേഷനിൽ പോയതിന് ശേഷമാണ് ഞങ്ങൾ മടങ്ങിയത്. വഴിയിലൊരു തട്ടുകട കണ്ടതോടെ വിശപ്പ് കൂടി .

” പ്രശാന്ത് നമുക്കിവിടുതെന്തേലും കഴിക്കാം.”

ഞങ്ങളിറങ്ങി കപ്പയും കഞ്ഞിയും നല്ല കാന്താരി പൊടിച്ചതും കഴിഞ്ഞപ്പോൾ ക്ഷീണമൊക്കെ പറന്നു പോയി. അലോഷിയുടെ ഫോൺ ശബ്ദിച്ചു.

“ഹലോ ഷരവ്…”
………
“എപ്പോ ?”
…….
“ഉറപ്പാണല്ലോ അല്ലെ?”
…….
” റിട്ടേൺ എന്നാണ് ”
……..
“രണ്ടു പേരും ഉണ്ടോ?”
…….
“ഒകെ.താങ്ക്സ് “

ഫോൺ കട്ട് ചെയ്തു.

“Skybird ട്രാവൽസിലെ ഷരവ് ആണ് വിളിച്ചത്.അന്ന് തൗഹബിൻ പരീതിനൊപ്പം ഷാനി എന്നൊരു യുവതി യാത്ര ചെയ്തിട്ടുണ്ട്. ഇന്ന് ഈവനിംഗ് ഫ്ലൈറ്റിന് റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് “

” ആകെ കുഴങ്ങിയല്ലോ.”

അലോഷി ശബ്ദിക്കുന്നില്ല. ഫോണിൽ ആരെയോ വിളിക്കുന്നു.

” ഞാൻ പറയുന്ന നമ്പർ എടുത്തിരിക്കുന്നത്ത് ആരാണെന്നു കണ്ടു പിടിക്കണം.”
……

” ആണെന്നു തോന്നുന്നു. നമ്പർ 955……. 11 വേഗം വേണം.”

പിന്നീട് എന്നെ നോക്കി പറഞ്ഞു

” എല്ലാം ശരിയാകുമെടോ. തന്നെയൊന്നു ഹോസ്പിറ്റലിൽ കാണിക്കണം.”

“അതിന്റെ പ്രശ്നമില്ല.ഞാൻ ഒകെ “

അലോഷി ചിരിച്ചു.
എന്റെ ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ

“ഹലോ വേദപരമേശ്വർ. ആരാണ്?..”

” ഞാൻ ആരാണ് എന്നത് ചോദ്യമില്ല വേദ. എനിക്ക് വേണ്ടതെന്തെന്നു നിനക്കറിയാം.അതിങ്ങ് തരിക. നിനക്കൊപ്പമുള്ളതാരെന്നും എനിക്ക് അറിയണ്ട. ഇന്ന് വൈകീട്ട് മൂന്ന് മണിക്കു മുന്നേ എനിക്ക് ഒരു മറുപടി നീ തരണം, അല്ല തരും ”
ഒരു പരുക്കൻ സ്വരം

“നിങ്ങളാരാ?”

” ഞാൻ പറഞ്ഞു അത് നീയറിയണ്ട. നീ ബുദ്ധിമതിയാണ്. അതിബുദ്ധിമതി, പറഞ്ഞതനുസരിച്ചില്ലെങ്കിൽ സുനിതയോ സീനയോ അമൃതയോ ആയി നീ മാറും. നിന്റെയോരോ ചലനങ്ങളും ഞാനറിയുന്നുണ്ട്. മരിക്കാൻ തയ്യാറായി കൊള്ളുക.കാർ പിന്നിൽ നിന്നും വരുന്ന ലോറിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞാൽ തീരാവുന്നതേയുള്ളൂ നിന്റെ ജീവൻ”
ഫോൺ കട്ടായി .
പിന്നിൽ തുടരെ ഹോണടിക്കുന്ന പാണ്ടി ലോറിയുടെ ശബ്ദത്തിൽ പ്രശാന്തിന്റെ ശ്രദ്ധ മാറി. കാർ നേരെ കൊക്കയിലേക്ക്

മരണത്തെ ഞാൻ കണ്ടു കണ്ണുകൾ ഇറുക്കെയടച്ചു. എന്തിലോ ശക്തമായി ഇടിച്ച ശബ്ദം.

“സർ “

പ്രശാന്തിന്റെ ശബ്ദം. ഞാൻ കണ്ണു തുറന്നു. കാറിനു മുന്നിൽ വിജനത മാത്രം. എന്റെ ഇരുപ്പിനു സ്ഥാനചലനം സംഭവിച്ചില്ല.കാർ മറിഞ്ഞില്ലെ?

“വേദ ഡോർ തുറന്ന് പതിയെ ഇറങ്ങണം, “

“എന്താ പറ്റിയത് സത്യത്തിൽ .”

അലോഷിയുടെ ചോദ്യത്തിന്

” കാർ എന്തിലോ തട്ടി നിൽക്കുകയാണിപ്പോൾ.എത്രയും പെട്ടന്ന് പുറത്തിറങ്ങി പിന്നിലേക്ക് വലിക്കണം”

ഞാനും അലോഷിയും പുറത്തിറങ്ങി.പ്രശാന്ത് പറഞ്ഞത് ശരിയാണ് വലതു സൈഡിലായുള്ള കൊക്കെയിലേക്ക് ചാഞ്ഞ ഒരു ഉണക്ക വേരിൽ തട്ടി നിൽക്കുകയാണ്. പിന്നാലെ വന്ന ഒരു ജിപ്സിയിൽ നിന്നും നാല് സായിപ്പുമാരും വണ്ടി നിർത്തി ഞങ്ങളെ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *