അപ്പോഴാണ് ഹരിദാസ് ചേട്ടൻ എന്റെ ഓഫീസ് വാതിലിൽ മിഴിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടത്. മറിയയോട് ഞാൻ പറഞ്ഞത് കേട്ടു എന്നതിൽ സംശയമില്ല. അതുകൂടാതെ, എന്റെ ചരിത്രത്തിൽ ആദ്യമായാണ് ലീവെടുത്ത ഒരു ഓഫീസ് സ്റ്റാഫിനോട് ഇത്ര കര്‍ശനമായി ഞാൻ സംസാരിച്ചത് എന്നതും അയാളെ ഞെട്ടിച്ച് കാണും.
“സർ, എന്നെ വരാൻ പറഞ്ഞതായി റാം പറഞ്ഞു!” മുഖത്തുള്ള ടെൻഷൻ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ഹരി ചേട്ടൻ എന്നെ നോക്കി നിന്നു.
ഹരി ചേട്ടന്‍ മലയാളിയാണ്. 53 വയസ്സുണ്ട്. അച്ഛന്‍റെ വിശ്വസ്തനായ സ്റ്റാഫ് ആയിരുന്നു. ഞാൻ പുതിയതായി വന്ന സമയത്ത് കമ്പനിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ പറഞ്ഞു തന്ന് എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.
“അകത്തേക്ക് വരൂ.”
അയാൾ അകത്ത് വന്നതും ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ തുടങ്ങി,
“നമ്മുടെ യാര്‍ഡിലേക്ക് ചില ഇലക്ട്രിക് ടൂള്‍സ് വാങ്ങണം, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് റിസ്വാനോട് ചോദിച്ചാൽ മതി. പല സപ്ലയേസിൽ നിന്നും പ്രൈസ് കമ്പയർ ചെയ്ത് നിങ്ങൾ ഫൈനലൈസ് ചെയ്തതിന്‍റെ കോസ്റ്റ് എസ്റ്റിമേറ്റ് അക്കൌണ്ട്സിൽ സമ്മിറ്റ് ചെയ്താൽ മതി, ഉടനെ ഫൺഡ് ഞാൻ റിലീസ് ചെയ്യാം.”
“ശരി സർ, അതൊക്കെ ഞാന്‍ ചെയ്യാം.” അത്രയും പറഞ്ഞിട്ട് എന്തോ ചോദിക്കാൻ മടിക്കുന്നത് പോലെ ഹരി ചേട്ടൻ ഇരുന്നു.
അത് എന്തിനെ കുറിച്ച് ആണെന്നും ഞാൻ ഊഹിച്ചു.
“വേറെ എന്തെങ്കിലും നിങ്ങള്‍ക്ക് പറയാനുണ്ടോ?” കാലിയായ കോഫീ ഗ്ലാസ്സിൽ നോക്കിയാണ് ഞാൻ ചോദിച്ചത്.
ഉടനെ അയാളും ഞാൻ കൈയിൽ വച്ച് ഉരുട്ടി കളിക്കുന്ന കോഫീ ഗ്ലാസ്സിലേക്ക് നോക്കി. “കുറച്ച് മുന്‍പ് സർ മറിയയോട് പറഞ്ഞത് ഞാൻ കേട്ടു. ഇതിന് മുന്‍പ് ഞാനടക്കം എല്ലാവരും എന്തെങ്കിലും ആവശ്യത്തിന് അല്ലെങ്കിൽ മെഡിക്കല്‍ ലീവെടുത്തിട്ടുണ്ട്, മറിയ പോലും തുടർച്ചയായി ഒരാഴ്ച വരെ ലീവെടുത്തിട്ടുണ്ട്. അപ്പോഴൊന്നും നിങ്ങൾ ആരോടും ഇത്ര കര്‍ശനമായി പെരുമാറിയിട്ടില്ല. പക്ഷേ ഇപ്പോൾ ആ കുട്ടിയോട് പറഞ്ഞത് കടുത്തുപ്പോയി, വളരെ ക്രൂരമായി പോയി.” അത്രയും പറഞ്ഞിട്ട് ഹരി ചേട്ടൻ എന്റെ മനസ്സ് വായിക്കാൻ എന്നപോലെ എന്റെ കണ്ണിലേക്ക് നോക്കി.
അയാള്‍ പറഞ്ഞ അവസാനത്തെ വാക്കുകള്‍ എന്റെ മനസ്സിൽ ശെരിക്കും കൊണ്ടു. പക്ഷേ ഹരി ചേട്ടൻ പറഞ്ഞതും ശരിയാണ് — ഞാൻ ക്രൂരനാണ്.
“സർ, നാട്ടില്‍ മറിയയുടെ വീട് പണി നടക്കുന്നത് നിങ്ങള്‍ക്കും അറിയാം. അവള്‍ക്കും ഭർത്താവിനും ലഭിക്കുന്ന സാലറിയെല്ലാം അതിലേക്ക് ചിലവാകുന്നു എന്ന പറഞ്ഞത്. അതുകൊണ്ട് ആ പാവത്തിന്‍റെ സാലറിൽ ഒന്നും കുറയ്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന.” അതും പറഞ്ഞ് ഹരി ചേട്ടൻ മെല്ലെ എഴുനേറ്റ് ഇറങ്ങി പോയി.
അയാൾ പോയതും എന്റെ തലയും താങ്ങി ഞാൻ ഇരുന്നു. എല്ലാവർക്കും ഞാൻ തെറ്റുകാരനും, ക്രൂരനും, ദ്രോഹിയും, അലവലാതിയും ആണ്…. ചിലപ്പോള്‍ ഈ ലിസ്റ്റിലെ എണ്ണം ഇനിയും കൂടിയേക്കും.
എന്തുതന്നെയായാലും മറിയയുടെ വീട് പണി മുടങ്ങില്ല. കാരണം, ശേഷിച്ച വീട് പണി പൂര്‍ത്തിയാക്കാൻ വേണമായിരുന്നു അൻമ്പത്തി അയ്യായിരം ദിർഹംസ്, അതായത് പന്ത്രണ്ട് ലക്ഷം രൂപ, കഴിഞ്ഞ ആഴ്ചയാണ് മറിയ അഡ്വാന്‍സ് ആയി ചോദിച്ച് വാങ്ങിയിരുന്നത്. മാസ ശമ്പളത്തില്‍ രണ്ടായിരം ദിർഹംസ് പിടിത്തം കഴിഞ്ഞുള്ള ബാക്കി സാലറി അവള്‍ക്ക് കൊടുത്താൽ മതി എന്ന നിബന്ധനയില്‍.
എന്തായാലും മറ്റെല്ലാ കാര്യങ്ങളേയും എന്റെ മനസ്സിന്റെ ഒരു മൂലയില്‍ ഒതുക്കി നിർത്തി കൊണ്ട് ഓഫീസ് കാര്യങ്ങളില്‍ ഞാൻ മുഴുകി. കുറെ കോളും മെസേജും വന്നെങ്കിലും അതൊന്നും ഞാൻ നോക്കിയില്ല.
ബ്ലാക്ക് കോഫീയോടുള്ള എന്റെ ഇഷ്ട്ടം അറിയാവുന്നത് കൊണ്ട് ഇടയ്ക്കിടെ റാം ബ്ലാക്ക് കോഫീയുമായി എന്റെ ഓഫീസിൽ വന്നുപോയി.
അവസാനം എന്റെ ജോലിയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഓഫീസിൽ നിന്നു ഞാൻ ഇറങ്ങി, സമയം രണ്ട് മണി കഴിഞ്ഞിരുന്നു.
