“ഇനി നീ തുപ്പുമോ?” ചിരിച്ചുകൊണ്ട് ചേച്ചി എനിക്ക് പിന്നില്‍ നിന്ന് എന്റെ രണ്ട് തോളിലും പിടിച്ചു വെള്ളത്തില്‍ കാലിട്ടടിച്ചു കൊണ്ട് ചോദിച്ചു.
“അയ്യോ ഇനി ഞാൻ തുപ്പിലേ… ഇനി ഞാൻ എന്റെ പല്ലിനെ പോലും തേച്ച് തൂപ്പില്ല, സത്യം.” ദയനീയമായി ഞാൻ പറഞ്ഞതും അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
അതുകഴിഞ്ഞ് ഞാൻ എന്റെ ജെർസി ഊരി പന്തു പോലെ ഉരുട്ടി നല്ലോണം കെട്ടി. മൂന്ന് മീറ്റർ അകലെ നിന്നിരുന്ന ചേച്ചിയും മറിയയും ഞാൻ ചെയ്യുന്നതിനെ കൗതുകത്തോടെ നോക്കി നിന്നു.
അവസാനം പന്തായി മാറിയ ജെർസിയെ ഞാൻ മറിയയുടെ മുഖത്ത് എറിഞ്ഞപ്പോഴാണ് എന്റെ ഉദ്ദേശം അവർക്കും മനസിലായത്.
മറിയയുടെ മുഖത്ത് തന്നെ പന്ത് കൊണ്ടതും ചേച്ചി പൊട്ടിച്ചിരിച്ചു. ഉടനെ മറിയയും ചിരിച്ചുകൊണ്ട് ആ പന്തെടുത്ത് ചേച്ചിയുടെ മുഖത്തെറിഞ്ഞു.
അവസാനം അതിനെ എന്റെ മുഖത്തേക്കും ചേച്ചി എറിഞ്ഞു. അങ്ങനെ ഞങ്ങൾ മാറിമാറി എറിഞ്ഞു കളിച്ചും, ആ പന്ത് മുഖത്ത് കൊള്ളാതെ രക്ഷപ്പെടാൻ ശ്രമിച്ചും ആ കളി തുടർന്നു.
ഇത് കണ്ടുകൊണ്ടിരുന്ന മറ്റ് ചിലരൊക്കെ ഞങ്ങൾ ക്ഷണിക്കാതെ തന്നെ പന്തെറിഞ്ഞ് കളിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൂടി. ഒടുവില്‍ നോക്കിയപ്പോ, ഞങ്ങൾ പതിമൂന്ന് പേര്‍ ചിരിച്ച് സന്തോഷിച്ചു കൊണ്ട് മാറിമാറി എറിഞ്ഞു കളിച്ചു കൊണ്ടിരുന്നു.
ഞങ്ങൾ നാല് ആണുങ്ങളും, പിന്നെ പതിമൂന്ന് അല്ലെങ്കിൽ പതിനാല് വയസ്സുള്ള രണ്ട് പയ്യന്മാരും ചേര്‍ന്ന് ഒരു ടീം ആയിട്ടും — അതുപോലെ അഞ്ച് പെണ്ണുങ്ങളും, ഒരു ടീനേജ് പെണ്‍കുട്ടിയും, പിന്നെ അന്‍പത് വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും ചേര്‍ന്ന് എതിര്‍ ടീം ആയിട്ടും ആയിരുന്നു പിന്നീടുള്ള ഞങ്ങളുടെ കളി നടന്നത്.
ആണുങ്ങള്‍ അത്ര പേരും സ്വന്തം ബനിയനൂരി പന്ത് പോലെ ഉണ്ടാക്കിയതും കളിയുടെ രസവും കൂടി.
അവസാനം, മണിക്കൂറുകൾ കഴിഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പിരിഞ്ഞുപോയി.
ഞങ്ങൾ അല്‍പ്പനേരം കൂടി നീന്തി കുളിച്ച ശേഷമാണ് പോകാൻ തയാറായത്.
“മൂന്ന് മണി കഴിഞ്ഞോ?” വണ്ടിയില്‍ കയറി മൊബൈല്‍ എടുത്ത് നോക്കിയിട്ട് ചേച്ചി അത്ഭുതപ്പെട്ടു.
“എനിക്ക് വിശക്കുന്നു?” ഞാൻ ഉറക്കെ പറഞ്ഞു.
“എനിക്കും..!” ഉടനെ മറിയയും ചേച്ചിയും കോറസ് പാടിയതും ഞങ്ങൾ ഒരുമിച്ച് ചിരിച്ചു.
അങ്ങനെ ആ പരിസരത്ത് ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ ഞാൻ അവരെ കൊണ്ടുപോയി. കാഴ്ചയ്ക്ക് ബിരിയാണി പോലെ ഇരിക്കുന്ന, ചിക്കൻ കബ്സ, പിന്നെ ഫ്രൂട്ട് സലാഡ്, ഐസ്ക്രീം, സോഫ്റ്റ് ഡ്രിങ്കസ് എന്ന് പലതും വാങ്ങി കഴിച്ചിട്ട് ഞങ്ങൾ ഇറങ്ങി.
“മറിയേച്ചിയും ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോര്, നാളയും അവധി അല്ലേ. ഇന്നും നാളെയും നമുക്ക് ഒരുമിച്ച് ടൈം സ്പെൺഡ് ചെയ്യാം.” അഞ്ചന മറിയയെ ക്ഷണിച്ചു.
“അയ്യോ, സോറി അഞ്ചന. ഇന്ന് വൈകിട്ട് ഒരു കൂട്ടുകാരിയുടെ വീട്ടില്‍ വിവാഹ വാര്‍ഷികത്തിന്റെ പാര്‍ട്ടി ഉണ്ട്. പോകാതിരിക്കാന്‍ കഴിയില്ല.” കാരണം പറഞ്ഞ് ചേച്ചിയുടെ ക്ഷണത്തെ മറിയ നിരസിച്ചു.
അങ്ങനെ മറിയയും ചേച്ചിയും പിന്നെയും ബാക് സീറ്റില്‍ കേറി. മറിയയെ അവളുടെ വീട്ടില്‍ കൊണ്ട് വിട്ട ശേഷം ചേച്ചി മുന്നില്‍ വന്നിരുന്നതും, എന്റെ വണ്ടി ഫ്ലാറ്റിലേക്ക് നീങ്ങി.
പോകുന്ന വഴിക്ക് വച്ച് ചേച്ചി ഒന്നും സംസാരിച്ചില്ലെങ്കിലും ആ മുഖത്ത് സന്തോഷവും ചുണ്ടില്‍ പുഞ്ചിരിയും നിറഞ്ഞു നിന്നിരുന്നു.
പക്ഷേ ഇടക്ക് ചേച്ചിയുടെ മുഖത്ത് കോപം പ്രത്യക്ഷപ്പെടുകയും ദേഷ്യത്തില്‍ എന്നെ ശകാരികാൻ എന്നപോലെ വായും തുറന്നതാണ്, പക്ഷേ ചേച്ചിയുടെ മനസ്സ് ചേച്ചിയെ പെട്ടന്ന് തടഞ്ഞത് പോലെ ചേച്ചി മുഖം വെട്ടിച്ച് മുന്നില്‍ നോക്കിയിരുന്നു.
ചേച്ചിയുടെ പെട്ടന്നുള്ള ഈ മാറ്റം എന്റെ ചിന്തയെ കുഴച്ചു. ഞാനിപ്പോ എന്ത് തെറ്റ് ചെയ്തിട്ടാണ് ചേച്ചി ഇങ്ങനെ ദേഷ്യത്തില്‍ ഇരിക്കുന്നത്.
