മണൽ തിട്ടയിൽ കാലും നീട്ടി വെച്ചിരുന്ന അവളുടെ മടിയിലേക്കു ഞാൻ തല വെച്ചു കിടന്നു… വലം കൈ അപ്പോളും അവളുടെ അരയിൽ ചുറ്റി പിടിച്ചിരുന്നു…
ഞാൻ ഇവിടെ കടിച്ചോട്ടെ… അവളുടെ വയറിനു തൊട്ടുകൊണ്ടു അവളുടെ മുഖത്തേക് നോക്കി കുസൃതിയോടെ ചോദിച്ചു…
അതെ മര്യാദക് കിടന്നില്ലേൽ ഞാൻ എണീറ്റു പോകുവെ… കള്ള ചിരിയോടെ അവളും പറഞ്ഞു…
അവളുടെ വിരലുകൾ എന്റെ മുടിയിഴകളിൽ മെല്ലെ ഒഴുകി കൊണ്ടിരുന്നു….ഞാൻ ഇങ്ങനെ കിടന്നു ഉറങ്ങട്ടെ അവളുടെ വയറിലേക് മുഖം ചേർത്തു ഞാൻ ചോദിച്ചു… അവൾ മറുപടി ഒന്നും പറയാതെ.. എന്റെ മുഖത്തും മുടിയിഴകളിലും വിരലോടിച്ചു കൊണ്ടിരുന്നു..
അകലെ ചക്രവാളം ചെഞ്ചായം പൂശിയിരുന്നു.. ജരാനരകൾ ബാധിച്ച ആകാശം.. നെറ്റിയിൽ ഭസ്മകുറി ചാർത്തി….പുതിയ ജന്മം എടുക്കാൻ ഇരുളിനെ കടം കൊള്ളാൻ ഒരുങ്ങുന്നു…
ചിന്നു…
ഹ്മ്മ്.. എന്താ ഉണ്ണിയേട്ടാ..
കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ എപ്പോഴെങ്കിലും എന്നെ ഓർത്തിട്ടുണ്ടോ…?
‘ഒരിക്കൽ പോലും ഇല്ല ഉണ്ണിയേട്ടാ…” ദൂരേക്ക് മിഴികൾ പായിച്ചു അവൾ പറഞ്ഞു…
എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല… ഒരഞ്ചു വയസ്സുകാരിയുടെ ഓർമകൾക്ക് പ്രണയമുണ്ടാകുമോ? അതിന്റെ വിരഹ വേദന അറിയുമോ?… ചിന്തകൾ കാട് കയറി തുടങ്ങുമ്പോളെക്കും അവൾ മുൻപ് പറഞ്ഞതിന്റെ ബാക്കിയെന്നോണം പറഞ്ഞു തുടങ്ങിയിരുന്നു…
നമ്മൾ ഓർത്തെടുക്കേണ്ടത് വിസ്മൃതിയിൽ ആണ്ടവയെ അല്ലേ… ഉണ്ണിയേട്ടാ… അല്ലെങ്കിൽ മറവി എന്ന മൂന്നക്ഷരത്തിൽ ഒളിപ്പിച്ചു വെക്കുന്ന അനുഭവങ്ങളെ….. ഉണ്ണിയേട്ടൻ എനിക്ക് ഓർമ ആയിരുന്നില്ല.. ഓരോ ദിവസത്തിലേക്കും ഉള്ള എന്റെ പ്രതീക്ഷ ആയിരുന്നു…അതു കൊണ്ട് തന്നെ ഓർമിച്ചിരുന്നോ എന്ന ചോദ്യം തന്നെ വ്യർത്ഥം ആണ്….
ചിന്നുവിന്റെ വാക്കുകളിൽ പക്വതയാർന്ന എന്റെ പെണ്ണിനെ ഞാൻ കണ്ടു..
പറഞ്ഞു വന്നതു നിർത്താതെ അവൾ പിന്നെയും തുടർന്നു…
ഒരഞ്ചു വയസ്സുകാരിക് എന്ത് പ്രതീക്ഷ എന്നാവും ഉണ്ണിയേട്ടൻ ചിന്തിക്കുന്നത്…. അതിനു ഒരുത്തരമേ ഉള്ളൂ ആ അഞ്ചു വയസ്സുവരെയും ഈ ചിന്നുവിന് സന്തോഷം തന്ന സാമിപ്യം.. അതൊന്നു മാത്രം ആയിരുന്നു…
മുത്തശ്ശിയുടെയും അമ്മയുടെയും വാത്സല്യങ്ങൾ ഒക്കെ അച്ഛൻ കാണാതെ ഉള്ളതായിരുന്നു പലപ്പോളും….അതെന്താ അങ്ങനെ എന്നു അന്നത്തെ കുഞ്ഞ് മനസ്സിന് അതിനൊരുത്തരം ഉണ്ടായിരുന്നില്ല കഴിഞ്ഞ ദിവസം മുത്തശ്ശി പറയുന്നത് വരേയ്ക്കും…
ഇത് വരെ അച്ഛൻ എന്നു വിളിച്ചയാൾ വളർത്തച്ഛൻ മാത്രം ആണെന്നറിയുമ്പോൾ സങ്കടപ്പെട്ടു പോകുന്നവരെ കഥകളിലൂടെ വായിച്ചിട്ടുണ്ട്…പക്ഷെ എനിക്ക് ആശ്വാസം ആയിരുന്നു.. അയാൾ എന്റെ അച്ഛൻ അല്ല എന്നോർത്തിട്ടു…
“അമ്മ പറഞ്ഞിട്ടുണ്ട് ദേവ മ്മാവനെ കുറിച്ച്…”ഞാൻ പറഞ്ഞു..
അതു കേട്ട അവൾക്ക് മനസ്സിലായിരുന്നു അവൾ പറയാൻ പോകുന്ന കാര്യം എനിക്ക് അറിയാം എന്നുള്ള കാര്യം.. ഒരു നിമിഷത്തേക് ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞു…
“അവസാനം നമ്മൾ കണ്ട ദിവസം ഓർക്കുന്നുണ്ടോ ഉണ്ണിയേട്ടൻ…”
ഓരോ കാറ്റിലും വീഴുന്ന ചെറു മാമ്പഴം ഞെട്ട് കടിച്ചു കളഞ്ഞു.. ചിന്നുവിന് കൊണ്ട് തരാറുണ്ടായിരുന്നു ഉണ്ണിയേട്ടൻ.. ആ മംചുവട്ടിൽ മണ്ണപ്പം ചുട്ടു കളിച്ചതും…കടിചീമ്പിയ മാമ്പഴ ചാറു ചുണ്ടിനിരുവശത്തൂടെ ഒലിച്ചിറങ്ങുമ്പോൾ തുടച്ചു തന്നിരുന്നതും.. പിന്നെ ആ മാങ്ങാണ്ടിക് കൂട്ട് പോകാൻ വിളിച്ചു പറഞ്ഞതും…ഒടുവിൽ ഒരു തുളസിമാല കഴുത്തിലിട്ടു ചേർത്തു പിടിച്ചതും…. അതിന്റെ ഫലമെന്നോണം കിട്ടിയ കല്തുടയിലെ ചുമന്നു തിണിർത്ത പാടുകളും അതിലൊക്കെ വേദനയായി… ഒരു കുറ്റവാളിയെ പോലെ.. മിഴികൾ നിറഞ്ഞു തല കുനിച്ചു നിന്ന.. ഉണ്ണിയേട്ടനും..
എത്ര അടി കൊണ്ടിട്ടും കളഞ്ഞിരുന്നില്ല ആ തുളസിമാല…ഇന്നും എന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന ട്രങ്ക് പെട്ടിയിൽ ഭദ്രമായിട്ടുമുണ്ട്….കൊരുത്തിട്ട മാല ആയിട്ടല്ല അടർന്നു വീണ കണ്ണ് നീർ പോലെ ഓരോ ഇലകൾ ആയി… എന്റെ ഡയറിയുടെ താളുകൾക്കിടയിൽ…
എന്റെ ബാല്യം കഴിഞ്ഞു കൗമാരത്തിലേക് കടക്കുമ്പോളേക്കും ഞാൻ അറിഞ്ഞിരുന്നു എന്റെ മനസ്സിലേ ഉണ്ണിയേട്ടനോടുള്ള സ്നേഹത്തിന്റെയും ആ പ്രതീക്ഷയുടെയും അർത്ഥം.. അതിനു വിളിക്കുന്ന പേരാണ് പ്രണയം എന്നു…
യൗവനത്തിലേക് കാലൂന്നിയപ്പോൾ പല പ്രണയ അഭ്യര്ഥനകളെയും നിരസിക്കാനുള്ള കാരണവും ഉണ്ണിയേട്ടൻ ആയിരുന്നു…
