അരളിപ്പൂന്തേൻ – 4

…….

രാത്രി മൊബൈൽ ഓണാക്കി നോക്കിയപ്പോൾ ഏതോ ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നിട്ടുണ്ട്. തുറന്ന് നോക്കിയപ്പോ ചിരിച്ചോണ്ടിരിക്കുന്ന ആ പൂതനയുടെ മോന്തയാണ് പ്രൊഫൈൽ പിക്.

Get well soon…. I’m waiting…( പെട്ടെന്ന് സുഖം പ്രാപിക്കട്ടെ… ഞാൻ കാത്തിരിക്കുന്നു..)
ഇവളാരാ… ഇളയദളപതി വിജയ്‌യോ… I’m waiting…അവളുടെ അമ്മേടെ തേങ്ങ. എന്തായാലും നമ്പർ സേവ് ചെയ്തേക്കാം. എന്തെങ്കിലും ആവശ്യം വരും. നമ്പർ സേവ് ചെയ്ത് ഒരു അഞ്ചുമിനിറ്റ് ആയിക്കാണില്ല അപ്പോഴേക്കും വീണ്ടും മെസ്സേജ് വന്നു… “ ഉം… കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്”…

ഛേ.. ഞാൻ എന്ത് മണ്ടത്തരമാ ചെയ്തേ. നമ്പർ സേവ് ചെയ്തപ്പോൾ എന്റെ പിക് അവൾക്ക് കാണുമെന്ന് ഓർത്തില്ല. ഇനി ഇപ്പൊ മാറ്റിയിട്ടും കാര്യമൊന്നും ഇല്ല. അവൾ എന്തായാലും അറിഞ്ഞു ഞാൻ സേവ് ചെയ്‌തെന്ന്. ദേ അടുത്ത മെസ്സേജ്… “ പല്ലുവേദനയും ഉണ്ടോ..”

അപ്പൊ പെണ്ണ് ഞാൻ മെസ്സേജ് കണ്ടോ എന്നും നോക്കി ഇരിപ്പാണ് അല്ലെ. പോടി പുല്ലേ എന്നും മനസ്സിൽ വിചാരിച്ച് ആ പന്നിയെ ഞാൻ ബ്ലോക്ക് ചെയ്തു. ഒരു മിനിറ്റ് പോലും ആയില്ല, ദേ വിളിക്കുന്നു. എടുക്കാതിരുന്നാൽ മോശമല്ലേ. കുറച്ച് അടിക്കട്ടെ എന്നിട്ട് എടുക്കാം…

: ഹലോ…. ആണുങ്ങളായാൽ കുറച്ചൊക്കെ തന്റേടം വേണ്ടേ മോനെ ശ്രീലാലേ. ബ്ലോക്ക് ചെയ്തിരിക്കുന്നു. ഞാൻ കരുതിയത് നിങ്ങൾ എനിക്ക് ഒത്ത എതിരാളി ആണെന്നാണ്. പറയിപ്പിച്ചല്ലോ.. ഛേ

: തുഷാരെ, നിന്നോട് തായംകളിക്കാൻ എനിക്ക് നേരമില്ല. പിന്നെ തന്റേടം കാണിക്കേണ്ടത്, അത് നിന്നെപോലൊരു പീറ പെണ്ണിന്റെ മുൻപിലല്ല. സ്വദവേ ദുർബല ഇപ്പൊ ഗർഭിണിയും… ആ അവസ്ഥയായിരിക്കും ഞാൻ തന്റേടം കാണിക്കാൻ തുടങ്ങിയാൽ. അതുകൊണ്ട് മോള് നമ്മളെ വിട്ടുപിടി.

: ഒന്ന് പിടിച്ചു നോക്കട്ടെ… എത്രത്തോളമുണ്ട് ആ കൈക്കരുത്തെന്ന് ഞാനും ഒന്ന് അളക്കട്ടെ…

: നല്ല ഭാഷയിൽ നിന്നോട് പറഞ്ഞു…

….വച്ചിട്ട് പോടി, മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് വന്നോളും.

: അയ്യോ…

എന്റെ സൗണ്ട് മാറിയതും അവൾ കട്ടാക്കി പോയി. ഞാൻ അതല്ല ഓർക്കുന്നേ. ഞാൻ ഇപ്പൊ എന്ത് ചെയ്താലും അബദ്ധം ആണല്ലോ. ഏത് നേരത്താണാവോ ബ്ലോക്ക് ആക്കാൻ തോന്നിയത്. കറക്ട് ബോള് അവളുടെ കയ്യിൽ തന്നെ കൊണ്ട് കൊടുക്കും… കലികാലം വേറെന്തുപറയാൻ. ബ്ലോക്ക് മാറ്റിയില്ലെങ്കിൽ ചിലപ്പോ ആ തെണ്ടി വിളിച്ചോണ്ടിരിക്കും, അതുകൊണ്ട് അത് മാറ്റിയേക്കാം.

**************

പനിയൊക്കെ മാറി കോളജിലേക്ക് പോയിത്തുടങ്ങി. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ പണി തകൃതിയായി നടക്കുന്നുണ്ട്. ഓരോ ദിവസം ഓരോ ബാച്ചുകാർക്കാണ് ചുമതല. പക്ഷെ തുഷാരയുടെ ബാച്ച് വന്നപ്പോൾ ഞാൻ അവളെ തടഞ്ഞു. തടഞ്ഞു എന്നുവച്ചാൽ അവൾക്ക് പണിയൊന്നും കൊടുത്തില്ല. എല്ലാവരും ഓരോ പ്രവർത്തി ചെയ്യുമ്പോൾ അവൾ ചുമ്മാ ഇരിക്കട്ടെ എന്നുവിചാരിച്ചു. അവളെ ഒറ്റപ്പെടുത്താൻ വേണ്ടി സ്നേഹയെ നല്ല കട്ടയ്ക്ക് പണികൊടുത്തു വിട്ടു. പക്ഷെ അവിടെയും എനിക്ക് തെറ്റി. അടങ്ങിയൊതുങ്ങി ഒരു മൂലയ്ക്ക് ഇരിക്കുമെന്ന് കരുതിയ തുഷാര എന്നെ ഞെട്ടിച്ചുകൊണ്ട് സൂപ്പർവൈസറുടെ പോസ്റ്റിൽ സ്വയം കയറിയിരുന്ന് പണികളൊക്കെ നിയന്ത്രിച്ചു. പണക്കാരി ആണെങ്കിലും പണിയൊക്കെ നന്നായി അറിയാം. ഓരോന്നും പറഞ്ഞുകൊടുക്കുന്നത് കണ്ടാൽ അറിയാം നല്ല പണിയറിയുന്ന പെണ്ണാണെന്ന്. അവസാനം ഞാൻ പോസ്റ്റായി തുടങ്ങിയപ്പോൾ മെല്ലെ അവിടുന്ന് വലിയാമെന്ന് കരുതി ക്ലാസിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അവൾ എന്നെ നോക്കി ആക്കിയൊന്ന് ചിരിച്ചു. എന്ത് കഷ്ടമാണെന്ന് നോക്കണേ… ഈ പെണ്ണിനെക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ. എന്നെ ദ്രോഹിക്കുമ്പോൾ അവൾക്കെന്തോ ഒരുതരം ഹരമാണെന്ന്
തോനുന്നു. ഒരു മാതിരി ടോമും ജെറിയും പോലെയാണ് ഇപ്പൊ കാര്യങ്ങൾ. പക്ഷെ എന്നും ശശിയാവുന്നത് ഞാനാണെന്ന് മാത്രം…

**************

കിട്ടിയ അവസരത്തിലൊക്കെ തുഷാര എന്നെ കുരങ്ങുകളിപ്പിച്ചുകൊണ്ടിരുന്നു. ആൾക്കാരുടെ മുന്നിൽവച്ചുവരെ നാണംകെടുന്ന അവസ്ഥ പലതവണ ഉണ്ടായി. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ തുഷാര നിറസാന്നിധ്യമായി. ഞാൻ ഏറെ ആഗ്രഹിച്ച് പണിപൂർത്തീകരിച്ച ഗാർഡനും ഓപ്പൺ സ്റ്റേജും വിദ്യാർത്ഥികൾക്കായി തുറന്നുകൊടുക്കുന്ന അവസരത്തിൽ പോലും എന്നെ പിന്തള്ളിക്കൊണ്ട് തുഷാരയാണ് എല്ലാത്തിനും ചുക്കാൻ പിടിച്ചത്. എനിക്ക് അത് വെറുമൊരു സ്റ്റേജല്ല അതെന്റെ വികാരമാണ്. ഞാനും മീരയും ആദ്യമായി കണ്ടതും, പിന്നീട് എന്നും കണ്ടുമുട്ടിയതും എല്ലാം അവിടെനിന്നാണ്. അന്ന് വൃത്തിഹീനമായി കിടന്നിരുന്ന ആ സ്റ്റേജ് ഇതുപോലെ ആക്കിയെടുത്തത് ഞങ്ങളായിരുന്നു. മറ്റൊരു പ്രത്യേകതകൂടിയുണ്ട് അതിന്. അച്ഛന്റെ ഓർമദിവസം എന്തെങ്കിലും നല്ല പ്രവർത്തി നാടിനുവേണ്ടി ചെയ്യുന്നത് അമ്മയുടെ പണ്ടുമുതലുള്ള ശീലമാണ്. അങ്ങനെ ഒരു ഓർമ്മദിവസമാണ് എന്റെയും മീരയുടെയും നേതൃത്വത്തിൽ അച്ഛന്റെ പേരിൽ ആ പൂന്തോട്ടത്തിന് പുതുജീവൻ വച്ചത്. ഇന്ന് അതേ സ്ഥലത്ത് ഞാൻ പരാജിതനായി.

…………

ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഒരുനാൾ രാത്രി കിടക്കാൻ നേരം ലെച്ചുവിനോട് എന്റെ സങ്കടങ്ങൾ എല്ലാം പറഞ്ഞു. അവൾ കുറേ ധൈര്യം പകർന്നെങ്കിലും എന്റെ മനസ് അസ്വസ്ഥമാണ്. ഇത് ഇങ്ങനെപോയാൽ തുഷാര ചിലപ്പോ എന്റെ കൈകൊണ്ട് തീരും. ക്ഷമയുടെ നെല്ലിപ്പലവരെ ഞാൻ കണ്ടു. ഇനിയും സഹിക്കാൻ പറ്റില്ല.

: ലെച്ചു… ഒരു സന്തോഷവും ഇല്ലെടി, എവിടെ തിരിഞ്ഞാലും ആ പെണ്ണാണ്. എത്ര ഒഴിഞ്ഞുമാറി നടക്കാൻ ശ്രമിച്ചാലും ഒടുക്കം അവളുടെ മുന്നിൽ തന്നെ പോയി വീഴുന്നു. അവൾക്കാണെങ്കിൽ എന്നെ കുരങ്ങുകളിപ്പിക്കുന്നത് എന്തോ പ്രത്യേക സുഖമാണ്

: ശ്രീ… നീ ടെൻഷൻ ആവല്ലേ. അങ്ങനെ ഒരു പെണ്ണിന്റെ മുന്നിൽ ചുമ്മാ തോറ്റുകൊടുക്കാനൊന്നും എന്റെ അനിയൻ എന്തായാലും പോണ്ട. അവൾ എന്തെങ്കിലും ചെയ്യട്ടെ. നീ കണ്ടില്ലെന്ന് നടിച്ചാൽ മതി. നിന്റെ സന്തോഷങ്ങൾ കണ്ടെത്തി അതിന്റെ പുറകെ പോകാൻ പഠിക്ക്. അല്ലാതെ ഒരു പെണ്ണിന്റെ കോപ്രായങ്ങൾ കണ്ട് നീയെന്തിനാടാ വിഷമിക്കുന്നേ. ഒരു ശത്രുവായിട്ട് പോലും അവളെ മനസ്സിൽ സൂക്ഷിക്കാതിരുന്നാൽ മതി. അങ്ങനെയായാൽ പിന്നെ പ്രശനമില്ലല്ലോ.

: ലെച്ചു ഞാൻ പറഞ്ഞില്ലേ.. എത്രയൊക്കെ അവോയ്ഡ് ചെയ്യാൻ നോക്കിയാലും അവൾ പിന്തുടർന്ന് എന്നെ തകർക്കുകയാണ്. എത്ര സന്തോഷത്തോടെ പോയിരുന്നതാ ഞാൻ കോളേജിൽ, ഇപ്പൊ എനിക്ക് ഒരു മൂടും ഇല്ലാതായി.

: അങ്ങനൊന്നും ഇല്ല. ഇനി ഒട്ടും പറ്റുന്നില്ലെങ്കിൽ ആദർശം ഒക്കെ വെടിഞ്ഞ് പഴയ പോക്കിരികുട്ടനായി നോക്ക്… പക്ഷെ എനിക്ക് തോന്നുന്നത് നിന്റെ ഇതേ അവസ്ഥയായിരിക്കും ഇപ്പൊ അവൾക്കും. അവളുടെ മനസ്സിൽ മുഴുവൻ ഇപ്പൊ നീയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *