അരളിപ്പൂന്തേൻ – 5

എല്ലാവരും പിരിഞ്ഞ ശേഷം കിടക്കാനുള്ള ഒരുക്കത്തിനിടയിൽ ഞാൻ അടുക്കളയിലേക്ക് ചെന്നു. എന്റെ പ്രിയപ്പെട്ടവർ എനിക്കുവേണ്ടി ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് മനസും വയറും നിറച്ച് കിടക്കയിലേക്ക് ചുവടുവയ്ക്കുമ്പോഴും മനസ്സിൽ മുഴുവൻ തുഷാരയുടെ ചെറിപ്പഴങ്ങൾ സമ്മാനിച്ച വിലമതിക്കാനാവാത്ത സമ്മാനമാണ്.

ക്യാമ്പ് ഭംഗിയായി അവസാനിച്ചു. എല്ലാവരും ഹാപ്പി. ഏറ്റവും കൂടുതൽ സന്തോഷം തുഷാരയ്ക്കും അമ്മയ്ക്കും ലെച്ചുവിനുമാണ്. രണ്ടുവർഷമായിട്ട് മുഴുവൻ മനസിലാക്കാൻ പറ്റാത്ത തുഷാരയെ ഞാൻ രണ്ട് ദിവസംകൊണ്ട് അടുത്തറിഞ്ഞു. അമ്മയ്ക്കും ലെച്ചുവിനും തുഷാരയെ അല്ലാതെ വേറെ ആരെയും എന്റെ ജീവന്റെ പാതിയായി സങ്കൽപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. എല്ലാവരുടെയും സ്നേഹവും കരുതലും തുഷാര നേരിട്ടറിഞ്ഞെങ്കിലും എന്റെ മനസ് മാത്രം ഇപ്പോഴും അവൾക്കുമുന്നിൽ ഒരു സമസ്യയായി തുടരുന്നു.

………

കാലത്ത് ബാങ്കിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ തുഷാര ബസ്സിറങ്ങി റോഡരികിലൂടെ നടന്നു പോകുന്നത് ഞാൻ കാണുന്നുണ്ട്. അവൾ ഞങ്ങളെ കണ്ടയുടനെ ലെച്ചുവിനെ നോക്കി കൈയുയർത്തി കാണിച്ചു. ലെച്ചു തിരിച്ച് ടാറ്റ പറഞ്ഞ് എന്റെ നേരെ തിരിഞ്ഞു…
: ശ്രീ കുട്ടാ… ദേ, നിന്റെ പെണ്ണ് പോകുന്നു.

: എന്റെ പെണ്ണ് നീയല്ലേടി…

: അയ്യട…ഞാൻ എന്റെ പാച്ചുവിൻറെ പെണ്ണാ.. നീ പോയി തുഷാരയെ പിടിച്ചോ, അല്ലെങ്കിൽ ചിലപ്പോ അതും കൈവിട്ടുപോകുമേ…

ലെച്ചു ഇത് പറഞ്ഞ് നാക്ക് വായിലേക്ക് ഇട്ടതും ഒരു കൂട്ടിയിടിയുടെ ശബ്ദം ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ ഞെട്ടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ ആളുകൾ ഓടികൂടുന്നുണ്ട്. നിലത്ത് വീണുകിടക്കുന്ന ആളെ കണ്ടയുടനെ ഞാൻ വണ്ടി താഴെയിട്ട് അവിടേക്ക് ഓടി. നിലത്തു വീണുകിടക്കുന്ന തുഷാരയെ മടിയിൽ കിടത്തി അവളുടെ മുഖത്ത് തട്ടിവിളിച്ചു.

: തുഷാരെ….മോളെ എണീക്ക്…

ലച്ചൂ…. തുഷാര…

പ്രവീ…. വണ്ടി വിളിയെടാ…

തലയിൽ നിന്നും ചോര എന്റെ കൈകളിൽ പടർന്നു. പ്രവിയും മനുവും ഉടനെ ഒരു വണ്ടി തടഞ്ഞുനിർത്തി. ലെച്ചുവും ഞാനും തുഷാരയെ താങ്ങിയെടുത്ത് അവരുടെകൂടെ ആശുപത്രിയിലേക്ക് കുതിച്ചു. എമെർജൻസിയിൽ പ്രവേശിപ്പിച്ച് അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും ആശ്വാസ വാർത്തയുമായി ഡോക്ടർ എത്തി. അപ്പോഴേക്കും കോളേജിൽ നിന്നും എന്റെ വണ്ടിയുമായി വിനു ഓടിയെത്തി. ലെച്ചുവിന് ബേങ്കിൽ പോകാനുള്ളതല്ലേ അതുകൊണ്ട് അവളെ പ്രവിയുടെ കൂടെ ഓട്ടോപിടിച്ച് പറഞ്ഞുവിട്ടശേഷം ഞാൻ തുഷാരയുടെ അടുത്തേക്ക് പോയി. പെണ്ണിന് ബോധമൊക്കെ വന്ന് ഉഷാറായല്ലോ… എന്നെ കണ്ടതും തുഷാരയുടെ കണ്ണുകൾ വിടർന്നു. അവളുടെ അരികിൽ ചെന്നിരുന്ന് ആ കണ്ണുകളിലേക്ക് നോക്കി….

: പേടിച്ചുപോയോ… മോനെ ശ്രീകുട്ടാ

: ഹേയ്…

: പ്രവീ… വണ്ടി വിളിയെടാ….

: അപ്പൊ നിന്റെ ബോധം പോയില്ലായിരുന്നോ…

: അപ്പോഴേക്കും പോയി…

: വീട്ടിലെ നമ്പർ പറ… അവരോട് പറയണ്ടേ

: വേണ്ട… ഒന്നും പറ്റിയില്ലല്ലോ…

മനുവും വിനുവും അകത്തേക്ക് വന്നു. തുഷാരയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ട അവർ തിരിച്ച് പോകാനുള്ള പരിപാടിയാണ്. ഞാൻ സമ്മതിച്ചില്ലെങ്കിലും തുഷാര അവരോട് പോകാൻ പറഞ്ഞതോടെ രണ്ടും എന്നെ ഒറ്റയ്ക്കാക്കി സ്ഥലം കാലിയാക്കി. തുഷാരയെ ഒരു മണിക്കൂർ ഒബ്സർവേഷനിൽ നിർത്താനായി മറ്റൊരു മുറിയിലേക്ക് മാറ്റി. ഡ്രിപ്പ് ഇട്ട് കിടത്തിയിരിക്കുന്ന അവളുടെ അരികിൽ ഒരു കസേരയിൽ ഞാനും ഇരുന്നു. കിടക്കുന്നത് ഹോസ്പിറ്റലിൽ ആണെങ്കിലും ഏതോ റിസോർട്ടിലേക്ക് ടൂർ പോയപോലുണ്ട് തുഷാരയുടെ മുഖം കാണുമ്പോൾ. എന്റെ മുഖത്തുനിന്നും കണ്ണുകൾ എടുക്കുന്നതേ ഇല്ല. ചുറ്റുമുള്ളതൊന്നും അവൾ കാണുന്നില്ല. അവളുടെ കണ്ണുകളിൽ മുഴുവൻ ശ്രീലാലാണ്. ഇടയ്ക്ക് ലെച്ചു വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. നഴ്‌സ്‌ വന്ന് പറഞ്ഞതുപ്രകാരം പുറത്തുപോയി തുഷാരയ്ക്ക് കുടിക്കാനായി ജ്യുസുമായി വന്നപ്പോഴേക്കും ഒരു ബോട്ടിൽ ഗ്ലൂക്കോസ് കഴിഞ്ഞിട്ടുണ്ട്. ബെഡിൽ ചാരി കിടക്കുന്ന തുഷാരയ്ക്ക് നേരെ ജ്യൂസ് നീട്ടിയപ്പോൾ അവൾക്ക് കൈ അനക്കാൻ പറ്റുന്നില്ലെന്ന്…
: സത്യം പറയെടി ഇത് നിന്റെ അടവല്ലേ… കൈക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ

: സത്യം ഏട്ടാ… കൈ ഭയങ്കര വേദന..

: എന്ന ഞാൻ ഡോക്ടറെ വിളിക്കട്ടെ..

: അതിനുള്ള മരുന്നൊക്കെ കുത്തികയറ്റിയിട്ടുണ്ട്… എനിക്ക് ദാഹിക്കുന്നു ജ്യൂസ് താ…

പെണ്ണിന്റെ ഓരോ വാശി. എന്തെങ്കിലും പറ്റിയാൽ കുട്ടികളുടെ സ്വഭാവമാണെന്ന് തോനുന്നു. കൊഞ്ചുന്ന കണ്ടില്ലേ… അവളുടെ ചുണ്ടിലേക്ക് പേപ്പർകപ്പ് മുട്ടിച്ചുകൊടുക്കുമ്പോൾ രണ്ട് കണ്ണുകളും എന്റെ കണ്ണിലേക്ക് നോക്കികൊണ്ടിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. കരിമഷിയിട്ട ആ കൺപോളകൾ പൂമ്പാറ്റ ചിറകുവെട്ടിക്കുന്നതുപോലെ പിടയ്ക്കുന്നത് കണ്ടിരിക്കാൻ പ്രത്യേക സുഖമുണ്ട്.

ഡിസ്ചാർജ് വാങ്ങി അവളെയും കൂട്ടി ബൈക്കിൽ പോകുമ്പോൾ തുഷാരയുടെ രണ്ട് കൈകളും എന്റെ മുതുകിൽ അമർന്നു. ആ കൈകളുടെ മാർദ്ദവം മുതുകിൽ അമരുമ്പോൾ ശരീരം മുഴുവൻ കുളിരിൽ നീരാടി…

: അല്ല ഇപ്പൊ നിന്റെ കൈവേദനയൊക്കെ മാറിയോ…

: അല്ലെങ്കിലും കൈക്ക് വേദനയൊന്നുമില്ല, നേരത്തെ ജ്യൂസ് വായിൽ വച്ചുതരാൻ അങ്ങനെ പറഞ്ഞതല്ലേ…

: ഓഹ്… എങ്ങോട്ടാ പോകേണ്ടത്, പറ

: നേരെ വിട്ടോ.. ഞാൻ പറയാം

തുഷാരയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വണ്ടി കയറിയതും ഞാൻ ശരിക്കൊന്നു ഞെട്ടി. എന്താ വീട്. മുറ്റത്ത് കിടക്കുന്ന വണ്ടികൾ കണ്ടാൽ മതിയല്ലോ. ഭംഗിയായി അലങ്കരിച്ചിരിക്കുന്ന വെർട്ടിക്കൽ ഗാർഡൻ, പൂക്കൾ കൊണ്ട് സമൃദ്ധമായ പൂച്ചട്ടികൾ. കയറിവരുന്ന ആരുടേയും മനംമയക്കുന്ന കാഴ്ചകൾ. വണ്ടിയുടെ ശബ്ദം കേട്ടയുടനെ ഒരു സ്ത്രീ കതക് തുറന്ന് പുറത്തേക്ക് വന്നു. അപ്പൊ ഇതാണ് ഇന്ദിര. തുഷാരയെ മുറിച്ചുവച്ചതുപോലുണ്ട്. ആ മുഖത്തിന്റെ ഐശ്വര്യം കണ്ടാൽ മതിയല്ലോ. നോക്കിനിന്നുപോകും. വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ തുഷാര ഓടി അമ്മയുടെ ചെവിയിൽ പോയി എന്തോ പറഞ്ഞതോടെ രണ്ടുപേരുടെയും മുഖം വിടർന്നു. ഇന്ദിരാമ്മ ഉമ്മറത്തുനിന്നും ഇറങ്ങിവന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു. വണ്ടിയിൽ നിന്നും ഇറങ്ങിയ എന്നെയവർ അടിമുടിയൊന്ന് നോക്കി…

: അയ്യോ കുപ്പായത്തിലൊക്കെ ചോര…

: അമ്മ പേടിക്കണ്ട, അത് എന്റെ ചോരയാ… ചെറുതായിട്ട് തലയൊന്ന് പൊട്ടി. സ്റ്റിച്ച് ഒന്നും ഇല്ല.

: അയ്യോ എന്തുപറ്റി…
(ഇതും പറഞ്ഞ് ഇന്ദിരാമ്മ എന്നെ സംശയത്തോടെ ഒന്ന് നോക്കി…)

: അമ്മ ഏട്ടനെ നോക്കണ്ട… മൂപ്പര് അടിച്ചതൊന്നും അല്ല. ഞാൻ മാനത്തുനോക്കി നടന്നപ്പോ ചെറുതായിട്ടൊരു കാർ വന്ന് തട്ടി.

: അപ്പൊ ശരി ഞാൻ ഇറങ്ങട്ടെ… കയറുന്നതൊക്കെ പിന്നെയാവാം

Leave a Reply

Your email address will not be published. Required fields are marked *