അരളിപ്പൂന്തേൻ – 5 1

: മാറ്റണ്ട, ഏട്ടൻ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ നല്ല രസാണ്.. ആദ്യം അങ്ങനെ വിളിച്ചപ്പോൾ ഞാൻ ചൂടായത് ഏട്ടനോടുള്ള ദേഷ്യംകൊണ്ടല്ല, സ്ഥിരമായി പുറകെനടന്ന് ശല്യംചെയ്യുന്ന ഒരു വായിനോക്കി ഉണ്ടായിരുന്നു ക്ലാസ്സിൽ, ഞാൻ സംസാരിക്കുമ്പോൾ അവൻ എന്നെനോക്കി ഒലിപ്പിക്കുന്നത് കണ്ടപ്പോ അറിയാതെ വായീന്ന് വന്നുപോയതാ അങ്ങനെ..

: ബെസ്ററ്… എന്നിട്ട് ഒരു വർഷം വേണ്ടിവന്നു ഇത് എന്നോട് പറയാൻ അല്ലെ.

: അങ്ങനല്ല, ഏട്ടൻ അന്ന് പൈസ എടുത്തുകൊടുത്ത് ഹീറോ ആയില്ലേ, അതൊക്കെ ഓർത്തപ്പോ എനിക്കും വാശിയായി. പിന്നെ ഇച്ചിരി അഹങ്കാരം ഉണ്ടായിരുന്നു. അന്നൊക്കെ അതൊരു ഹരമായി തോന്നി. പിന്നീടൊരിക്കൽ പ്രിൻസി ടീച്ചറാണ് പറഞ്ഞത് ഞാൻ കാരണമാണ് ഏട്ടൻ ഇങ്ങനെ മാറിപ്പോയതെന്ന്. അന്നുമുതൽ ഞാൻ എപ്പോഴും ഏട്ടനെ ശ്രദ്ധിക്കാറുണ്ടായിരുന്നു, പക്ഷെ ഒരിക്കൽ പോലും എനിക്ക് മുഖംതന്നില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി, നിരാശനായി നടക്കുന്ന ഏട്ടനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.ഏട്ടന്റെ സ്വാധീന മേഖലകളിലെല്ലാം ഞാൻ ഇടപെടാൻ തുടങ്ങിയാൽ എന്നോടുള്ള വാശിക്കെങ്കിലും പഴയതുപോലെ ആക്റ്റീവ് ആയാലോ എന്നുകരുതിയാണ് ഞാൻ എല്ലാ കാര്യങ്ങളിലും സജീവമായത്. രാമേന്ദ്രൻ മാഷ് വഴി ഏട്ടന്റെ നാട്ടിലെ കാര്യങ്ങളും ഞാൻ അന്വേഷിച്ചിരുന്നു. ഒന്നിനോടും താല്പര്യമില്ലാതെ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയ ഏട്ടനെക്കുറിച്ച് കേട്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞുപോയി. എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്റെ അമ്മയാണ്, ആ അമ്മപോലും എന്നെ കുറ്റക്കാരിയാക്കിയപ്പോൾ ശരിക്കും തകർന്നുപോയി. അമ്മയ്ക്ക് മകളെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ, ആ അമ്മ തന്ന ഊർജമാണ് ഞാൻ അന്ന് സ്റ്റേജിൽ വച്ച് എല്ലാവരോടുമായി പറഞ്ഞത്. പക്ഷെ ഏട്ടന്റെ ഉള്ളിൽ ഇത്രയും നീറ്റൽ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എനിക്ക് കിട്ടേണ്ടതായിരുന്നു ആ അടി. അതിൽ എനിക്ക് സങ്കടമൊന്നുമില്ല

: ഉം…. ഇയാളെ അടിക്കണമെന്നൊന്നും എനിക്കില്ലായിരുന്നു, പക്ഷെ പറ്റിപ്പോയി. ഒരുപക്ഷെ തുഷാര അനുഭവിച്ചതിനേക്കാൾ വേദന ആ ദിവസങ്ങളിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ അമ്മയാണ്. ഈ കാര്യം ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മപോലും എന്നെ ശകാരിച്ചു. ആദ്യമായാണ് അമ്മയെന്നോട് അങ്ങനെ വൈകാരികമായി സംസാരിച്ചത്. അത് എനിക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സംഭവിച്ചുപോയി ഇനിയിപ്പോ സോറിപറയാനല്ലേ പറ്റൂ… സോറി
: അയ്യേ… എനിക്കെങ്ങും വേണ്ട. അന്ന് സ്റ്റേജിൽ വച്ച് പറഞ്ഞതിൽ അവസാനത്തെ വരികൾ എന്റെ മനസ്സിൽ നിന്നും വന്നതാണ് കേട്ടോ…അല്ലാതെ ഇന്ദിരാമ്മ പറഞ്ഞുതന്നതൊന്നും അല്ല. അതിനൊരു ഉത്തരം തന്നാൽ മതി, അല്ലാതെ സോറിയൊന്നും എനിക്ക് വേണ്ട

: സീ… എനിക്ക് ഇതുവരെ ഇയാളോട് അങ്ങനെ തോന്നിയിട്ടില്ല. എന്റെ മനസ് ഇപ്പോൾ എന്റെ നിയന്ത്രണത്തിൽ അല്ല. അതുകൊണ്ട് എനിക്കൊരു ഉത്തരവും തരാനില്ല. സോറി

: ഇതുവരെ തോന്നിയിട്ടില്ലെന്നല്ലേ ഉള്ളു.. ഇനി ആയിക്കൂടെ.

: പരീക്ഷയൊക്കെ അടുത്തില്ലേ.. നീ ആദ്യം നന്നായി പഠിക്കാൻ നോക്ക്.

(ഞാൻ പതുക്കെ എഴുന്നേറ്റ് പോകാൻ നേരം തുഷാര എന്റെ കയ്യിൽ പിടിച്ചു..)

: എന്നോടുള്ള സ്‌നേഹംകൊണ്ടൊന്നും അല്ല ഏട്ടൻ ഇത്രയുംനേരം സംസാരിച്ചതെന്നറിയാം. പഠിത്തത്തിൽ ഉഴപ്പി പരീക്ഷയിലൊക്കെ തോറ്റുപോയാലോ അല്ലെ, എന്തായാലും അതോർത്ത് ടെൻഷനാവണ്ട, പരീക്ഷയൊക്കെ ഞാൻ നന്നായി എഴുതും. പക്ഷെ ജീവിത പരീക്ഷ പാസ്സാവാൻ എത്രകാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്.

************

തുഷാര വീണ്ടും വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. എന്റെ മനസിലുള്ള കാര്യങ്ങൾപോലും അവൾ മനസിലാക്കിത്തുടങ്ങി. പക്ഷെ എനിക്കെന്തോ അവളോട് കൂടുതൽ അടുപ്പം കാണിക്കാൻ തോന്നുന്നില്ല. അത് ചിലപ്പോൾ എന്റെ ഈഗോ ആയിരിക്കാം. ഇത്രയുംനാൾ ശത്രുവായി നടന്ന അവളെ പ്രേമിച്ചാൽ കാണുന്നവർ എന്ത് വിചാരിക്കും, പോരാത്തതിന് എല്ലാവരുടെയും മുന്നിൽവച്ച് അവളെ അടിക്കുകയും ചെയ്തതോടെ എല്ലാവരും കരുതിയിരിക്കുന്നത് ഞാൻ ഒരിക്കലും അവളോട് ഒന്നിക്കാൻ പോകില്ലെന്നാണ്. അതുകൊണ്ട് കാര്യങ്ങൾ ഇതുപോലെ മുന്നോട്ട് പോകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *