അരളിപ്പൂന്തേൻ – 5 1

: അയ്യേ… അപ്പോഴേക്കും പിണങ്ങിയോ എന്റെ ലക്ഷിമിക്കുട്ടി… അങ്ങനെ എന്റെ അമ്മ കഷ്ടപ്പെടേണ്ട. ഞാൻ പോകാം താ…

: ഡാ… കള്ളാ, എന്തിനാടാ ഇത്ര ബുദ്ദിമുട്ടുന്നേ, നേരത്തെ അവൾ വിളിച്ചപ്പോ പോയാ പോരായിരുന്നോ..അച്ഛന്റെ അതേ സ്വഭാവാ ചെക്കന് അഭിമാനം വിട്ടുള്ള കളിയില്ല…

: ഹീ…

കുളക്കടവിലേക്ക് നടക്കുമ്പോൾ കാലൊന്നും നിലത്തുറയ്ക്കുന്നില്ല. മനസ് സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഇതെപ്പോഴാ ഞാൻ ഇത്രയും മാറിപ്പോയത്. എന്നാലും എന്റെ തുഷാരെ, നീ എന്നെ തോൽപിച്ചുകളഞ്ഞല്ലോ പെണ്ണേ. കുളക്കരയിൽ വെള്ളത്തിലേക്ക് കാലും നീട്ടിയിരുന്ന് കഥകൾ പറയുന്ന തുഷാരയെ കണ്ടപ്പോൾ മുഖത്തുണ്ടായ പുഞ്ചിരിയൊക്കെ പതുക്കെ ഉള്ളിലേക്ക് വലിഞ്ഞു. ജാഡ തെണ്ടി…. അല്ലാതെ വേറെ എന്താ എന്നെ വിളിക്കേണ്ടത്. പാൽമധുരം ചുണ്ടിൽ തട്ടിയിട്ടും നുണയാൻ അറിയാത്ത പൊട്ടൻ….

: ലെച്ചു… കുളിക്കാൻ വരുമ്പോ എണ്ണയെടുക്കാൻ ഇനി പ്രത്യേകം പറയണോ.. ഇന്നാ

: സോറി കുട്ടാ… ചേച്ചി മറന്നുപോയി. (ഇതും പറഞ്ഞ് തുഷാരയെനോക്കി അവളൊന്ന് ചിരിച്ചു… ഓഹോ.. അപ്പൊ എല്ലാം ഇവളുടെ നാടകമായിരുന്നു അല്ലെ… എന്റെ ലച്ചൂ നീ മുത്താടി….ഉമ്മ..)

: ആഹ്.. മതി മതി. ഇന്ന പിടിക്ക്

: നീ ഇവിടിരിക്ക് ഞാൻ പോയി ഒരു തോർത്തുകൂടി എടുത്തിട്ട് വരാം…

: ഞാൻ പൊക്കോളാം… നീ ഇവിടിരി. നിന്റെ ഫ്രണ്ടിന് ബോറടിച്ചാലോ

: അവിടിരിക്കെട ചെക്കാ..

ലെച്ചു പോയതും എന്റെ വയറൊക്കെ ഉള്ളിലേക്ക് വലിഞ്ഞു. നെഞ്ചിന് താഴേക്ക് ഒന്നുമില്ലാത്ത അവസ്ഥ. ഒരുമാതിരി ആകാശത്തൊട്ടിലിൽ കയറിയപോലുണ്ട്. ദൈവമേ ഇതാണോ പ്രണയം. അടിവയറ്റിൽ മഞ്ഞുവീഴുമെന്നൊക്കെ കേട്ടിട്ടുണ്ട്, ഇതിപ്പോ അടിവയറ്റിൽ പ്രളയമാണല്ലോ..

തുഷാരയുടെ കണ്ണുകൾ വിടരുന്നത് ഒരു മിന്നായം പോലെ കണ്ടു. വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അവളുടെ കൈകൾ വിരലുകളെ ഒടിച്ചുകൊണ്ടിരുന്നു. കണ്ണുകൾ ഒരുകോണിലേക്ക് ഓടിമറയുമ്പോൾ ചുണ്ടിൽ ചെറുപുഞ്ചിരി വിടരുന്നു. രണ്ടുപേരുടെ കണ്ണുകളും പരസ്പരം ഉടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു സ്ഫോടനം നടക്കുന്നുണ്ട്. വെള്ളത്തിലേക്ക് ഇറക്കിവച്ച അവളുടെ കാൽ വിരലുകൾക്ക് മുത്തമിട്ട് അകലുന്ന പരൽമീനുകളെപോലെ വെട്ടിത്തിളങ്ങുന്ന പാദസരം കാൽവെണ്ണയിൽ തൂങ്ങികിടക്കുന്നപോലെ എന്റെ മനസും തുലാസിലാടുകയാണ്. എണ്ണതേച്ച് കുളിക്കാൻ കെട്ടഴിച്ചുവിട്ട കേശഭാരം തുഷാരയുടെ മുഖത്തിന്റെ പാതി മറയ്ക്കുമ്പോൾ ഇളംകാറ്റിൽ പാറിപ്പറക്കുന്ന ചെമ്പൻ മുടിയിഴകൾ എന്റെ കവിളിൽ തീർക്കുന്ന കോരിത്തരിപ്പാണോ എന്റെ പ്രണയം… ദൈവമേ ഇത്രയും അടുത്ത് ഒറ്റയ്ക്ക് കിട്ടിയിട്ടും എന്റെ തൊണ്ട വരണ്ടുകിടക്കുന്നതല്ലാതെ ഒരു വാക്കുപോലും പുറത്തേക്ക് വരുന്നില്ലല്ലോ.. അവൾ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് എന്റെ മനസ് ആഗ്രഹിച്ചുപോകുന്നു.
ഇതേസമയം തുഷാരയുടെ മനസും വല്ലാത്തൊരു നിശ്ചലാവസ്ഥയിൽ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു…

ഈശ്വരാ.. ആവേശമൊക്കെ ചോർന്നുപോയോ, ഇത്രയും അടുത്ത് കിട്ടിയിട്ടും എനിക്കൊന്നും പറയാൻ പറ്റുന്നില്ലല്ലോ. ഏട്ടൻ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ…

ജീവിതത്തിൽ ആദ്യമായി പ്രണയത്തിന്റെ മധുരം അടുത്ത് കിട്ടിയിട്ടും എനിക്കൊന്നും ചെയ്യാനും പറ്റുന്നില്ലല്ലോ. എന്തെങ്കിലും പറയെടാ ചക്കരേ… എനിക്കാണെങ്കിൽ അടിവയറ്റിൽ എന്തോ ഉരുണ്ടുകൂടുന്നപോലുണ്ടല്ലോ…

അല്പനേരത്തെ മൗനം, കിളികളുടെ മധുര സംഗീതം, ഇളം കാറ്റ്, അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ, തുഷാര… എന്റെ സാറേ, ഇത് തന്നെ പ്രണയം.

: തുഷാരെ….

: ഉം…

വീണ്ടും മൗനം… ദൈവമേ എന്താ ഇപ്പൊ പറയേണ്ടത്… ആകെ വല്ലാത്തൊരു അവസ്ഥയായി പോയല്ലോ. ഈ പ്രേമം ഒന്നും എനിക്ക് പറഞ്ഞതല്ലേ. നമുക്ക് ഗുണ്ടായിസവും ജാടയും തന്നെയേ ശരിയാവൂ..

: ഏട്ടാ…

: ആഹ് പറ…

: ഒന്നുമില്ല… (മൊരടൻ…. ഇയാൾക്കൊന്ന് റൊമാന്റിക്കായാലെന്താ.. ജാഡ തെണ്ടി)

: എങ്ങനുണ്ട് സ്ഥലമൊക്കെ ഇഷ്ടമായോ…

: സ്ഥലത്തിന്റെ ഉടമയെ ഇഷ്ടപ്പെട്ടില്ലേ, പിന്നെ സ്ഥലം ഇഷ്ടവാതിരിക്കോ

Leave a Reply

Your email address will not be published. Required fields are marked *