: മോളെ… അച്ഛൻ വരാം നാളെ കോളേജിൽ. എന്റെ മോളെ തല്ലാൻ മാത്രം ധൈര്യമുള്ള ആളാരാണെന്ന് എനിക്കറിയണല്ലോ
: എന്തിന്… അച്ഛന്റെ മോള് വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞതിന് ആ പാവം എന്തുപിഴച്ചു. പണ്ടേ കിട്ടേണ്ടതായിരുന്നു, ഇത്തിരി വൈകിപ്പോയി അല്ലാതെ എനിക്ക് ആളോട് ദേഷ്യമൊന്നുമില്ല..
: എന്തെങ്കിലും പറഞ്ഞെന്നുവച്ച് അവൻ അടിക്കുകയാണോ വേണ്ടത്.. നീ അവന്റെ ഡീറ്റെയിൽസ് പറ, അവനേക്കാൾ കൈക്കരുത്ത് നമുക്ക് ഉണ്ടോന്ന് നോക്കാലോ… അവനിനി കൈകൊണ്ട് ചോറുവാരി തിന്നില്ല…
തുഷാര ചാടിയെണീറ്റ് അച്ഛന്റെ നേരെ തിരിഞ്ഞു. അവളുടെ കണ്ണുകളിലെ തീ കണ്ട രാജീവൻ ഒരടി പിന്നിലേക്ക് മാറി നിന്നു.. കാരണം രാജീവന് നന്നായറിയാം തുഷാരയെ. അച്ഛനാണെന്നൊന്നും നോക്കില്ല കയ്യിൽകിട്ടിയത് വച്ച് ചിലപ്പോ തലയടിച്ച് പൊട്ടിക്കും…
: ആ കയ്യിലെങ്ങാൻ തൊട്ടാൽ… അച്ഛനാണെന്നൊന്നും നോക്കില്ല, കൈ ഞാൻ തല്ലിയൊടിക്കും… എന്നെ തല്ലാൻ അധികാരമുള്ള ആളുതന്നെയാ തല്ലിയത്. അച്ഛൻ വെറുതേ ഗുണ്ടായിസം കാണിക്കാൻ അങ്ങോട്ട് പോണ്ട…സമയമാവുമ്പോ ഞാൻ പറയും, ഞങ്ങളെ കെട്ടിച്ചുവിട്ടാൽ മതി…
: അവനെക്കൊണ്ട് നിന്നെ കെട്ടിക്കാനോ…. നടന്നതുതന്നെ. ആ വെള്ളം മോള് വാങ്ങിവച്ചോ..നല്ല ഉശിരൻ ചെറുക്കനെ ഞാൻ കണ്ടെത്തും, മോള് കഴുത്തുനീട്ടികൊടുത്താൽ മതി..കേട്ടല്ലോ
: ഹും… നടന്നതുതന്നെ…
: നീ മാത്രം ഇഷ്ടപെട്ടാൽ മതിയോ…അവന് നിന്നെക്കൂടി ബോധിക്കണ്ടേ…
: അതൊക്കെ ബോധിച്ചോളും… അച്ഛൻ ചുമ്മാ മനപ്പായസം ഉണ്ണണ്ട…
: ഇന്ദിരേ ….അവള് പറയുന്ന കേട്ടോ…. നിന്റെ വായിലെ നാക്കിറങ്ങിപ്പോയോ, എന്തെങ്കിലും പറയെടി
: അവള് പറഞ്ഞതേ എനിക്കും പറയാനുള്ളൂ… രാജീവേട്ടൻ പോകാൻ നോക്ക്
: അല്ല ഇന്ദിരേ…ഞാൻ ഇവളുടെ തന്തയല്ലേ, എന്നിട്ട് അവൾ പറയുന്ന കേട്ടോ, എന്റെ കൈ തല്ലിയൊടിക്കുമെന്ന്..
: ദൈവമേ.. ഇടത്തേ കൈയ്യെങ്ങാൻ പോയാൽ പിന്നെ ചന്തി ഞാൻ കഴുകിത്തരേണ്ടി വരുമല്ലോ…. തൽക്കാലം നിങ്ങള് പോയേ. പെണ്ണ് പറഞ്ഞാ പറഞ്ഞതാ. ഞാൻ സംസാരിച്ചോളാം അവളോട്.
: മോളെ പറഞ്ഞിട്ടെന്ത് കാര്യം.. ഇതല്ലേ തള്ള… കലികാലം വേറെന്തുപറയാൻ..
രാജീവൻ പോയ ഉടനെ തുഷാര കമ്പ്യൂട്ടർ ഓണാക്കി അവളുടെ ശ്രീയേട്ടനെ നോക്കി ചുണ്ടുകൾ കോട്ടി ഉമ്മകാണിച്ചു. അച്ഛന്റെ ഡയലോഗ് മോളുടെ സങ്കടം ഇല്ലാതാക്കിയെങ്കിലും വാശി ഇരട്ടിപ്പിച്ചു. കഴുത്ത് നീട്ടുന്നുണ്ടെങ്കിൽ അത് ശ്രീലാലിന് മുന്നിൽ മാത്രം, അതിനി ആരെതിർത്താലും ശരി.തുഷാര ഇങ്ങനെ ഓരോന്ന് ചിന്ദിച്ചിരിക്കുമ്പോൾ അവളുടെ മുഖം വിടരുന്നത് ഇന്ദിര സന്തോഷത്തോടെ നോക്കിയിരുന്നു.
: ഡി… അച്ഛനോട് അങ്ങനൊക്കെ എന്തിനാ പറഞ്ഞേ… പാവത്തിന് വിഷമായിക്കാണും
: അത് ഇടയ്ക്കൊക്കെ പറയാറുള്ളതല്ലേ… കുഴപ്പൊന്നും ഇല്ല.
: അത് നീ തമാശയ്ക്കല്ലേ എപ്പോഴും പറയുന്നത്, ഇത് ഇച്ചിരി ദേഷ്യത്തിൽ അല്ലെ പറഞ്ഞത്
: അതെ… ഈ പറഞ്ഞത് തമാശയല്ല കാര്യത്തിലാ. എന്റെ ചെറുക്കന്റെ രോമത്തിൽ തൊട്ടുനോക്കാൻ പറ, അപ്പൊ അറിയാം… ആ കൈക്കരുത്ത്.
: എന്തായാലും നീ അറിഞ്ഞല്ലോ… അത് മതി. ഛേ.. ആ രംഗം കാണാൻ ഞാൻ ഇല്ലാതെപോയല്ലോ
: മൈ മദറേ…. സന്തോഷിച്ചാട്ടെ, മനുഷ്യന് മര്യാദയ്ക്ക് ചോറ് തിന്നാൻ പോലും പറ്റുന്നില്ല അപ്പോഴാ…
: അപ്പൊ നീ വേദനച്ചിട്ടാണോ തിന്നാതിരുന്നേ… ഞാൻ കരുതി പാവം വിഷമിച്ചിട്ടായിരിക്കുമെന്ന്…
: തല്ലുകിട്ടിയതിൽ എനിക്ക് സങ്കടമൊന്നുമില്ല, ഞാൻ പുറത്ത് നിൽക്കുമ്പോ കാലമാടൻ ചിരിച്ചോണ്ട് വരുന്ന കണ്ടപ്പൊഴാ എന്റെ ചങ്ക് തകർന്നുപോയത്.
: നിന്നോട് ഞാൻ അന്നേ പറഞ്ഞതാ, അവന്റെ കയ്യീന്ന് കിട്ടാതെ നോക്കിക്കോന്ന്..
അയ്യോ… എന്റെ ശ്രീയേട്ടൻ എന്നെ തല്ലുവൊന്നും ഇല്ല, ആൾക്ക് സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇഷ്ടല്ല, എന്തൊക്കെയായിരുന്നു… എന്നിട്ട് മോങ്ങിക്കൊണ്ട് വന്നിരിക്കുന്നു..
: കാലമാടൻ… ഇങ്ങനെ തല്ലുമെന്ന് ഞാൻ വിചാരിച്ചോ. അമ്മ ഈ സീനൊന്ന് മാറ്റി ചിന്ദിച്ചുനോക്കിയേ… കൈയ്യടികളുടെ ഇടയിലൂടെ നടന്ന് വന്ന് സ്റ്റേജിലേക്ക് ചാടിക്കയറി എന്നെ എടുത്ത് പൊക്കി രണ്ട് കറക്കം കറങ്ങുന്നത്…
ആഹ്…അങ്ങനൊക്കെ പ്രതീക്ഷിച്ചാ ഞാൻ പോയത്…അമ്മേടെ ഐഡിയ ആയിപ്പോയി, അല്ലെങ്കിൽ ഞാൻ തകർത്തേനെ
