: സാറെ, ഇന്നലെ നടന്ന സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്, എന്റെ ഭാഗത്തുനിന്നും പറ്റിയ തെറ്റിന് ഞാൻ ഈ കുട്ടിയോട് മാപ്പ് ചോദിക്കുന്നു. ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല. ശരി സാറെ, വരട്ടെ.
ഓഫിസ് റൂമിൽ നിന്നും ഇറങ്ങി വരാന്തയിലൂടെ നടന്ന എന്റെ പുറകെ തുഷാര ഓടിവന്നു, പുറകിൽ നിന്നും അവൾ എന്റെ കയ്യിൽ കയറി പിടിച്ചതോടെ ഞാൻ തിരിഞ്ഞു നിന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്റെ കൈ രണ്ടുകൈകൾകൊണ്ടും ചേർത്തുപിടിച്ച് അവൾ തൊഴുതുനിന്നു…
: ഏട്ടാ സോറി… ഇത്രയും കാലം ഞാൻ ചെയ്തതെല്ലാം പൊറുക്കണം. പ്ലീസ്..
: കൈയ്യെടുക്ക്, ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി. ഇപ്പൊത്തന്നെ പിള്ളേരുടെയൊക്കെ മുന്നിൽ നാണംകെട്ടില്ലേ, ഇനിയും വേണോ
: ഞാൻ എത്ര നാണംകെട്ടലും ശ്രീയേട്ടൻ ആരുടെമുന്നിലും തലകുനിച്ച് നടക്കുന്നത് എനിക്ക് സഹിക്കില്ല. ഇന്നലെ മുഴുവൻ ആളുകളുടെ മുന്നിൽവച്ച് പറഞ്ഞതേ എനിക്ക് ഇപ്പോഴും പറയാനുള്ളു. ഈ മുഖത്തുനോക്കി ഞാൻ ഇനിയും പറയും i love you…
: കൈയ്യെടുക്കെടി… നിനക്ക് വട്ടാണോ, എത്രയോ ആൺപിള്ളേർ പുറകെ നടക്കുന്നുണ്ടല്ലോ, അതിൽ ആരോടെങ്കിലും പോയി പറ.
: പുറകെ കുറേയെണ്ണം നടക്കുന്നുണ്ട്, പക്ഷെ അവർക്കൊന്നും ഇല്ലാത്ത പലതും ഞാൻ കണ്ടത് ഏട്ടനിലാ. അതുകൊണ്ട് എന്റെ ജീവിതത്തിൽ ഇനി ശ്രീയേട്ടനല്ലാതെ വേറൊരാളില്ല.
: നീ എന്നെ പ്രാന്തുപിടിപ്പിക്കാതെ പോയേ…
: തല്ലാൻ തോന്നുന്നുണ്ടോ… തല്ലിക്കോ, ഈ കവിളിൽ തന്നെ തല്ലണേ.. ഇപ്പൊ മറ്റേ സൈഡീന്നാ ചവയ്ക്കുന്നത്, അതുകൂടി പോയാൽ പിന്നെ ചോറുതിന്നാൻ പറ്റില്ല …
അവളുടെ വാക്കുകൾ കേട്ടപ്പോൾ ചിരി വന്നെങ്കിലും മനസൊന്ന് പിടഞ്ഞു. മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ ഞാൻ നടന്നു നീങ്ങി. പാവം, ഇന്നലെ അടികൊണ്ടതിന്റെ നീര് ഇപ്പോഴും പോയിട്ടില്ല. നല്ല വേദനകാണും, സംസാരിക്കുമ്പോൾ അത് അറിയാനുണ്ട്. ഞാൻ വരാന്തയിൽ നിന്നും മറയുന്നതും നോക്കി തുഷാര അവിടെത്തന്നെ നിന്നു.
ഉച്ചയ്ക്ക് ക്യാന്റീനിൽ പോയപ്പോഴാണ് കോളേജിലെ മുഴുവൻ സംസാരവിഷയം തുഷാരയാണെന്ന് അറിഞ്ഞത്. പലർക്കും ഇതൊരു അവസരമായിരുന്നു. തുഷാരയുടെ പുറകെനടന്ന് കാല് കഴച്ച എല്ലാവർക്കും മുന്നിൽ ശ്രീലാലാണ് ഹീറോ. ഉച്ചയ്ക്ക് കഴിച്ചു കഴിഞ്ഞ് ക്യാന്റീനിൽ നിന്നും ഇറങ്ങാൻ നേരം അവിടേയ്ക്ക് വന്ന തുഷാരയെ നോക്കി പലരും കമന്റ് പറയുന്നത് എന്റെ കാതുകളെ അലോസരപ്പെടുത്തി. അവളുടെ ഇന്നലത്തെ പ്രണയാഭ്യർത്ഥന അവിടെ കൂടിയിരുന്നവർ ഏറ്റുപിടിച്ചു. അവൾ ഇങ്ങനെ അപമാനിതയാവാൻ കാരണം ഞാനാണല്ലോ എന്നോർത്തപ്പോൾ അല്പം സഹതാപം അവളോട് തോന്നുകയാണ്. ഒരുപക്ഷേ ഇന്നലെ അവളെ അടിച്ചില്ലായിരുന്നെങ്കിൽ ഈ അപമാനം അവൾ കേൾക്കേണ്ടിവരുമായിരുന്നില്ല. പാവം. അല്ലാതെ വേറെന്തുപറയാൻ.
ക്ലാസ്സിൽ പോയിരുന്നെങ്കിലും മനസ് മുഴുവൻ ക്യാന്റീനിലെ അപസ്വരങ്ങളാണ്. കളിയാക്കുന്നത് മുഴുവൻ ആൺകുട്ടികളാണ്. എല്ലാവരുടെയും വായ മൂടികെട്ടാൻ ഞാൻ നോക്കിയിട്ട് രണ്ട് വഴികളേ ഉള്ളു. ഒന്നുകിൽ ഏതെങ്കിലും രണ്ട് വായിനോക്കികളെ പിടിച്ച് പൊട്ടിക്കണം, അല്ലെങ്കിൽ.. അല്ലേൽ അതുവേണ്ട. അതിത്തിരി കടന്ന കൈയ്യായിപ്പോകും.
………….
വൈകുന്നേരം ലെച്ചുവിനെ കാത്ത് ബാങ്കിന്റെ മുന്നിൽ നിൽക്കുമ്പോൾ തുഷാരയും സ്നേഹയും ബസ് സ്റ്റോപ്പിൽ നിന്നും എന്നെ നോക്കിയിരിപ്പുണ്ട്. ഇടയ്ക്ക് എന്റെ നോട്ടം തുഷാരയിലേക്ക് പോയപ്പോൾ അവൾ കൃത്യമായി അത് കാണുകയും ചിരിച്ചുകൊണ്ട് എന്നെനോക്കി ഹായ് എന്ന് കാണിക്കുകയും ചെയ്‌തെങ്കിലും ഞാൻ പതുക്കെ മുഖംതിരിച്ചു. അഥവാ ഞാനെങ്ങാൻ തിരിച്ചൊരു ഹായ് പറഞ്ഞാൽ അപ്പൊ തന്നെ പെണ്ണ് ചാടിക്കയറി എന്റെ അടുത്തേക്ക് വരും. അതുകൊണ്ട് മൈന്റാക്കണ്ട. ലെച്ചു വന്ന ഉടനെ ഞാൻ അവളെയും കൂട്ടി സ്ഥലം കാലിയാക്കി.
ഇതേസമയം ബസ് സ്റ്റോപ്പിൽ…
: സ്നേഹേ… ഇനി ആ പെണുംപിള്ള അങ്ങേരുടെ ഭാര്യ ആയിരിക്കുമോ..
: ഭാര്യ ആവാൻ വഴിയില്ല, ചിലപ്പോ മീര തേച്ചിട്ട് പോയപ്പോ സെറ്റാക്കിയ പുതിയ പീസാണെങ്കിലോ..
