: ശ്രീകുട്ടാ… ഇങ്ങോട്ട് നോക്കിയേ, മോന് വിഷമായോ
: ലെച്ചു… പറ്റിപ്പോയി. ചത്തുകിടന്ന എനിക്ക് ഒരവസരം കിട്ടിയപ്പോൾ ഞാൻ അറിയാതെ ചെയ്തുപോയി. പക്ഷെ ഞാൻ ഒരിക്കലും കരുതിയില്ല തുഷാരയെപ്പോലൊരു പെണ്ണ് ഇത്രയും സങ്കടപെടുമെന്ന്. കരഞ്ഞുകൊണ്ട് തൊഴുകൈയ്യോടെ എന്നെനോക്കിയ അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.
: അയ്യേ… കണ്ണൊക്കെ നിറഞ്ഞോ. ഇത്രയേ ഉള്ളായിരുന്നോ നിന്റെ വാശി. മതി കണ്ണ് തുടച്ചേ. അവൾ കാരണം നീ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് ആരേക്കാളും കൂടുതൽ അറിയുന്നത് എനിക്കല്ലേ. അതുകൊണ്ട് എന്റെ ശ്രീക്കുട്ടൻ ഇത്രയെങ്കിലും ചെയ്യണ്ടേ. പക്ഷെ ഒരു തെറ്റ് പറ്റിപ്പോയി, ഇന്ന് അത്രയും പേരുടെ മുന്നിൽവച്ച് അടിക്കരുതായിരുന്നു. മതി കണ്ണൊക്കെ തുടച്ച് ഉഷാറായേ..
: എന്നാലും അത്രയുംപേരുടെ മുന്നിൽവച്ച്…. എനിക്കെങ്ങാൻ ആണ് ഇങ്ങനൊരു അനുഭവം ഉണ്ടായതെങ്കിൽ ഞാൻ ചിലപ്പോ പോയി ചത്തേനെ..
: അതൊന്നും കുഴപ്പമില്ല…. ഇന്നത്തെ അടി അവളുടെ ചോദ്യത്തിനുള്ള മറുപടിയായായി കാണണ്ട… ചോദ്യം ഇപ്പോഴും ബാക്കിയാണ് അതിന് നല്ലൊരു ഉത്തരം കൊടുത്താൽ മതി..
: എന്ത് ചോദ്യം…
: ഡാ പൊട്ടാ… ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുമോന്ന് ചോദിച്ചില്ലേ
: ഓഹ് പിന്നേ…. എനിക്ക് അവളോട് അൽപ്പം സഹതാപം തോന്നിയെന്നല്ലാതെ അതിന് വേറെ അർത്ഥങ്ങളൊന്നുമില്ല. നീ കലക്കവെള്ളത്തിൽ മീൻപിടിക്കല്ലേ…
: എന്റെ ശ്രീ… അവളെ ആൾക്കാരുടെ മുന്നിൽ ഇത്രയും അപമാനിച്ചപ്പോ നിന്റെ മനസ് നൊന്തില്ലേ..നീ ഇപ്പൊ കടന്നുപോകുന്ന ഇതേ അവസ്ഥയായിരിക്കില്ലേ തുഷാരയ്ക്ക് ഇത്രയും കാലം ഉണ്ടായത്, കാരണം അവൾ എന്നും നിന്നെ താഴ്ത്തികെട്ടാനല്ലേ നോക്കിയത്. അന്നൊക്കെ അവളുടെ മനസ്സിൽ നിന്നോടും സഹതാപം തോന്നിക്കാണില്ലേ, സഹതാപം പതുക്കെ ഇഷ്ടമായി. അത്രേ ഉള്ളു..
: ഹേയ്.. അതിനൊന്നും ചാൻസില്ല. ഇന്ന് സ്റ്റേജിൽ വന്ന് പറഞ്ഞതൊക്കെ ചുമ്മാതാ. ഞാനത് കാര്യമാക്കിയിട്ടില്ല. പക്ഷെ തല്ലിയതിൽ എനിക്ക് ഇപ്പൊ ദുഖമുണ്ട്.
: നീ ചൂടാവില്ലെങ്കിൽ ഞാനൊരു കാര്യം പറയാം. ഇത്രയും കാലം പരസ്പരം വഴക്കിട്ട് നടന്നത് തന്നെയാണ് നിങ്ങളുടെ പ്രണയം. ഒരവസരത്തിൽ നീ തീർത്തും മാറിയപ്പോൾ തകർന്നത് നിങ്ങളുടെ ഇടയിൽ ഉണ്ടായ പ്രണയമാണ്. ഇപ്പൊ വീണ്ടും ഒന്നിക്കാനുള്ള അവസരമാണ് തുഷാരയായിട്ട് നിനക്കുമുന്നിൽ വച്ചുനീട്ടിയത്. അതുകൊണ്ട് വാശിയൊക്കെ മറന്ന് ശ്രീക്കുട്ടൻ അവളോട് മിണ്ടണം..
: പ്രേമിക്കാനോ…. അതൊന്നും പറ്റില്ല. നാളെ ഞാൻ ഒരു സോറി പറയും. അല്ലാതെ കമ്പനിയാവാൻ ഒന്നും എന്നെക്കിട്ടില്ല. ഇനി അവളെന്നോട് മിണ്ടാനൊന്നും വരില്ല നീ നോക്കിക്കോ…
: ഡാ… ഇത്രയും ആൾക്കാരുടെ മുന്നിൽവച്ച് തന്റെ ഇഷ്ടം തുറന്നുപറയാൻ കാണിച്ച ആ ധൈര്യം ഇല്ലേ… അവിടെയാണ് തുഷാര വേറിട്ടുനിൽക്കുന്നത്. അവൾ സ്വയം പറഞ്ഞതല്ലേ അഹങ്കാരിയായ തുഷാരയെ മാറ്റിയെടുത്ത ആളോടുള്ള ആരാധനയാണ് ഈ ഇഷ്ടമെന്ന്. നിന്റെ സന്തോഷങ്ങൾ അവൾ കാരണം കുഴിച്ചുമൂടിയപ്പോൾ മനംനൊന്ത് സ്വയം മാറി നിനക്കുവേണ്ടി ജീവിക്കാൻ തയ്യാറായവളല്ലേ.. വർഷങ്ങളോളം നിന്നെ സ്നേഹിച്ച മീര മനസിലാക്കിയിട്ടുണ്ടാവുമോ നിന്നെ ഇതുപോലെ.
: ലെച്ചു…. നീ..
: ശ്രീ കുട്ടാ… നീ സ്നേഹിക്കുന്നവളെയല്ല നിന്നെ സ്നേഹിക്കുന്നവളെയാ കൂടെ കൂട്ടേണ്ടത്. അങ്ങനെ പരസ്പരം സ്നേഹിക്കുന്നവർ ഒന്നിക്കുമ്പോഴാണ് യഥാർത്ഥ ദാമ്പത്യം ഉണ്ടാവുന്നത്..
: ഒക്കെ ശരിയാണ്… മതി നീ എന്നെയിങ്ങനെ കുഴപ്പിക്കല്ലേ. കിടക്കാം. എനിക്ക് ഒരു മൂഡില്ല.
***********
ഇതേസമയം തുഷാരയുടെ വീട്ടിൽ….
കരഞ്ഞു കലങ്ങിയ കണ്ണുമായി കമ്പ്യൂട്ടറിൽ ശ്രീലാലിന്റെ ഫോട്ടോ നോക്കിയിരിക്കുന്ന തുഷാരയെ സമാധാനിക്കാൻ ഇന്ദിര പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. രാജീവൻ മുറിയിലേക്ക് കടന്നു വന്ന ഉടനെ തുഷാര കണ്ണുകൾ തുടച്ചുകൊണ്ട് സ്ക്രീൻ മിനിമൈസ് ചെയ്തു. കാരണം അവൾക്കറിയാം രാജീവന്റെ ബുദ്ധിയിൽ ആദ്യം തെളിയുക ഗുണ്ടായിസമാണെന്ന്. തന്റെ മകൾ ഇതുവരെ ഒരു കാര്യത്തിന് വേണ്ടിയും ഇതുപോലെ വിഷമിച്ചിരിക്കുന്നത് കണ്ടിട്ടില്ലാത്ത രാജീവന്റെ മുഖം വാടി…
