വൈകുന്നേരം നീതുവിന്റെ ഡ്രസ്സ് കൊണ്ടുകൊടുക്കുന്ന ചെറിയൊരു ചടങ്ങുണ്ട്. അതിന് പോകാൻ നേരം തുഷാരയെ കൂടെ കൂട്ടി. വണ്ടിയിൽ വേറെയും ആളുകൾ ഉള്ളതുകൊണ്ട് അധികം അടുത്തിടപഴകാൻ പറ്റിയില്ല. എന്നാലും കുഴപ്പമില്ല, എന്റെ സാനിധ്യം അവളുടെ കൂടെത്തന്നെ ഉണ്ടല്ലോ. നീതുവിന്റെ വീട്ടിൽ പോയി വരുമ്പോഴേക്കും തുഷാരയുടെ അച്ഛനും അമ്മയും കല്യാണ വീട്ടിൽ എത്തിയിട്ടുണ്ട്. ലെക്ഷ്മികുട്ടിയും ലെച്ചുവും അവരുടെ കൂടെത്തന്നെ ഉണ്ട്. തുഷാരയെ അവരെ ഏല്പിച്ച് അവളുടെ അച്ഛനെയും കൂട്ടി ഒരു സൈഡിലേക്ക് മാറി. പുള്ളിക്കാരന് അങ്ങനെ പ്രായവ്യത്യാസം ഒന്നുമില്ല, എന്റെ കൂട്ടുകാരുടെ കൂടെ അടുത്തിടപഴകുന്നത് കണ്ടിട്ട് എനിക്കുതന്നെ അതിശയമായിപ്പോയി. എന്നാപ്പിന്നെ രണ്ടെണ്ണം പിടിപ്പിച്ചാലോ എന്നുംപറഞ്ഞ് കൂട്ടുകാർ നിർബന്ധിച്ചപ്പോൾ പുള്ളി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി…
: അച്ഛൻ വന്നേ… ഇതിലെന്താ ഇത്ര നാണിക്കാൻ…
: അല്ലട… നിനക്ക് വല്ല നാണക്കേടും ഉണ്ടോന്ന് നോക്കിയതാ…
: ഒരു കുഴപ്പോം ഇല്ല… വന്നേ
എല്ലാവരുംകൂടി പറമ്പിന്റെ ഒരു മൂലയിലേക്ക് മാറിയിരുന്നു. ആദ്യ പെഗ്ഗ് തലമൂത്ത ആൾക്കുതന്നെ കൊടുക്കണമെന്ന് അഭിക്ക് ഒരേ നിർബന്ധം. അച്ഛന് ചെറിയ ചമ്മലുണ്ടോ എന്നായിരുന്നു എന്റെ ഉള്ളിൽ…
: നീ ഒഴിക്കെടാ മോനെ… ഇതൊന്നും പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ വച്ചോണ്ടിരിക്കരുത്ത്..
: ഐവ… എന്റെ രാജീവേട്ടാ നിങ്ങള് മുത്താണ്. സാധനം ഇത്തിരി ലോക്കൽ ആണ്, നിങ്ങൾ സ്കോച്ചൊക്കെ ആയിരിക്കില്ലേ അടിക്കുന്നത്…
: അഭി നല്ല സാധനം വേണേൽ വീട്ടിൽ ഉണ്ടെടാ.. എടുക്കണോ
: നീ ചുമ്മാ ഇരി മരുമോനെ… ഈ മുന്തിയ സാധനമൊന്നും അടിച്ചാൽ ഒരു മൂടാവില്ലെടോ… അടിച്ച അപ്പൊ തരിപ്പാവണം, അതാ എനിക്കിഷ്ടം. അതിന് നമ്മുടെ ഗോൾകോണ്ട, ഓൾഡ് മങ്കൊക്കെ വേണം…
എന്റെ പൊന്നോ.. ഇങ്ങേര് നമ്മുടെ അതേ വേവ് ലെങ്ത്ത് ആണല്ലോ… എന്തായാലും പൊളിച്ചു. ഇതുപോലൊരു അപ്പനെ കിട്ടാൻ പുണ്യം ചെയ്യണം. ഇനി അപ്പനെ കൂട്ടിപ്പോയി കള്ളുകുടിച്ചിട്ട് പെണ്ണ് കിടന്ന് കയറ് പൊട്ടിക്കുമോ എന്നാ എന്റെ പേടി. എല്ലാവരും രണ്ട് പെഗ്ഗടിച്ച് നിർത്താമെന്ന് വിചാരിച്ചതാ. അപ്പോഴും അച്ഛന്റെവക അടുത്ത തീയറി..
: എടാ മക്കളെ.. കഴിക്കുന്നുണ്ടെങ്കിൽ തരിപ്പാവണം, ഒന്നടിച്ചാലും നാലടിച്ചാലും പുറത്തേക്ക് വരുന്ന മണം ഒന്നുതന്നെയാ, പേരും ഒന്നുതന്നെ ..കള്ളുകുടിയൻ. അതുകൊണ്ട് മക്കള് ഓരോന്ന് കൂടി ഒഴിച്ചേ
: എന്റെ ലാലു… ഇത് നമുക്ക് പറ്റിയ ആളാണ് ട്ടാ…
: എന്റെ രാജീവേട്ടാ… ഇവൻ പറഞ്ഞിട്ടുണ്ട് നിങ്ങൾ എല്ലാവരും ഭയങ്കര ജോളിയാണെന്ന്, ഇത്ര പ്രതീക്ഷിച്ചില്ല.
: നമ്മൾ ഈ ജാഡ കാണിച്ചിട്ട് എന്തിനാടാ…ജീവിതം ഒന്നല്ലേ ഉള്ളു അത് ചിരിച്ചും ചിരിപ്പിച്ചും കൊണ്ടുപോയാൽ പോരെ..
ജീവിതത്തിൽ പലരുടെ കൂടെ വെള്ളമടിച്ചിട്ടുണ്ടെങ്കിലും ഇന്ന് കിട്ടിയ സന്തോഷം ഇതാദ്യമാണ്. അടിച്ച സാധനത്തേക്കാൾ കിക്കുണ്ട് ഈ നിമിഷങ്ങൾക്ക്. അവസാനം നാല് പെഗ്ഗിൽ നിർത്തി. എനിക്കാണെങ്കിൽ മൂന്നെണ്ണം തന്നെ ധാരാളമാണ്. നാവൊക്കെ കുഴഞ്ഞുതുടങ്ങി. എന്നാലും അഭിമാനം വിട്ടുള്ള കളിയില്ല. പിടിച്ചു നിൽക്കുക തന്നെ. തിരിച്ച് കല്യാണ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ എല്ലാവരും മുന്നിൽത്തന്നെയുണ്ട്. അവരുടെ കണ്ണുകൾ വിടർന്നത് ഞാൻ കാണുന്നുണ്ട്. ചുമ്മാതല്ല അച്ഛൻ എന്റെ തോളിൽ കൈയിട്ടല്ലേ നടക്കുന്നത്… രണ്ടാളുടെയും മുഖത്തെ ചിരി കണ്ടാൽ മതിയല്ലോ.. അമ്മായിയച്ഛനും മരുമോനും ആണെന്ന് ആരും പറയില്ല.
: അച്ഛാ…ഇതെന്ത് ഭാവിച്ചാ..
: എടി മോളെ… ഇന്ന് എന്റെ പൊന്നുമോന്റെ കൂടാൻ കിട്ടിയ അവസരമല്ലേ… കൂടിയില്ലെങ്കിൽ നിനക്ക് വിഷമമായാലോ…
: അച്ചോടാ… രണ്ടും മൂക്കറ്റം കയറ്റിയിട്ട് വന്നിരിക്കുന്നു.. അമ്മേ.. നിങ്ങളിത് കാണുന്നില്ലേ
: നീ ഒന്ന് മിണ്ടാതിരിയെടി മോളെ… അവരുടെ ആ ചിരി കണ്ടാൽ മതിയല്ലോ.. ഒരമ്മപെറ്റ അളിയന്മാരെ പോലുണ്ട്..
