അറവുകാരൻ- 1

പൊട്ടിച്ചു കൈപ്പിടിയിൽ ഒതുക്കുമ്പോൾ, അവളുടെ മനസ്സ് ദൃഢമായിരുന്നു.
സാരി വലിച്ചുപിടിച്ചു വീട്ടിലേക്കുള്ള പാത നടക്കുമ്പോൾ അറ്റത്തു നിന്നും തനിക്കു നേരെ ഓടിവരുന്ന രൂപത്തിൽ അവളുടെ കണ്ണുടക്കി.
കണ്ണിന്റെ ദൂരത്തെത്തിയപ്പോൾ ശ്രീജയുടെ മകൻ കുട്ടുവാണെന്നു അവൾക്ക് മനസ്സിലായി, തന്റെ മുന്നിൽ ഓടിയണച്ചു കിതക്കുന്ന കുട്ടുവിനെ കണ്ടു അവളുടെ ഉള്ളു പിടഞ്ഞു, അവനെ നോക്കുമ്പോൾ അവളുടെ ഉള്ളിൽ സഹതാപം നിറഞ്ഞു.

“ന്തിനാടാ കുട്ടൂസെ നീ ഇങ്ങനെ പായണേ….”

അണപ്പൊതുക്കാൻ കഷ്ടപ്പെടുന്ന അവന്റെ കവിളിൽ തലോടിക്കൊണ്ട് സുജ ചോദിച്ചു.

“സുജാമ്മ ന്തേ ഇത്ര വൈകിയേ കാണാത്തോണ്ട് അമ്മ ന്നെ നോക്കാൻ വിട്ടതാ…”

അവന്റെ നിഷ്കളങ്കത നിറഞ്ഞ മുഖം കണ്ടപ്പോൾ അവൾക്ക് വാത്സല്യം തോന്നി…..
അനുവിനെക്കാളും രണ്ടു വയസ്സ് മൂപ്പെ ഉള്ളെങ്കിലും പലപ്പോഴും കുറച്ചൂടെ പക്വത കാണിക്കാറുള്ള കുട്ടുവിനെ അവൾക്ക് ഇഷ്ടമായിരുന്നു.

“ഓഹ് വലിയ ഒരു ആണ് വന്നേക്കുന്നു….”

അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് നടക്കുമ്പോൾ അവൾ പറഞ്ഞതുകേട്ടു അവൻ ചിണുങ്ങി…..കുറുമ്പ് കാട്ടി.

“അയ്യോ…..!!!”

“എന്താടാ….കുട്ടൂസെ…”

“ഇതമ്മ സുജമ്മയ്ക്ക് തരാൻ തന്നു വിട്ടതാ ഞമ്മറന്നോയി…..”

അവൾക്ക് നേരെ നീട്ടിയ കുഞ്ഞിക്കയ്യിൽ ചുരുട്ടിയ നിലയിൽ കുറച്ചു നോട്ടുകൾ ഉണ്ടായിരുന്നു.
അവന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ സുജയ്ക്ക് ഉള്ളിലെ വിഷമം സഹിക്കാൻ ആയില്ല.
ആഹ് പണം എങ്ങനെ ഉണ്ടായതാണെന്നു അറിയാവുന്ന സുജയ്ക്ക് അതിനോടും അറപ്പ് തോന്നി.

“വേണ്ട കുട്ടൂസെ പൈസ വേറെ കിട്ടീന്നു അമ്മേനോട് പറഞ്ഞോട്ടോ….”

കുട്ടുവിന്റെ കയ്യിൽ തന്നെ മടക്കിവെപ്പിച്ചു അവനെയുംകൊണ്ട് സുജ മുന്നോട്ടു നടന്നു.

“മുത്തശ്ശിക്ക് വയ്യ വൈകിട്ട് ആയപ്പോൾ മുതൽ വലിവ് കൂടി കിടക്കുവാ…….
പിന്നെയില്ലേ…..ഇന്നമ്മ ജീപ്പിനാ വന്നത് മുതലാളിയുടെ കൂടെ…..ഒരീസം എന്നെ ജീപ്പിൽ കൊണ്ടോവാന്ന് മുതലാളി പറഞ്ഞുല്ലോ….
സുജാമ്മ എന്താ അമ്മോടൊപ്പം ജീപ്പിൽ വരാഞ്ഞേ…
അങ്ങാനാണേൽ ഇത്രേം നടക്കണ്ടാരുന്നല്ലോ….”

സുജയോടൊപ്പം നാട്ടുവഴിയിലൂടെ എല്ലാം ഓരോന്ന് പറഞ്ഞുകൊണ്ട് കുട്ടു നടന്നു.
അവൻ പറയുന്നതിനെല്ലാം മൂളിക്കൊടുത്തുകൊണ്ട് സുജയും.
കൈപ്പിടിയിൽ വേരുകൾ ഒന്ന് ഞെരിഞ്ഞു.

****************

“അമ്മാ…..”

വെള്ള ഷർട്ടും പച്ചപ്പാവാടയും ധരിച്ചുകൊണ്ട് അനു സുജയെക്കണ്ടതും ഓടി വന്നു.

ശ്രീജയുടെ വീടിന്റെ പടിയിൽ സുജയേയും കാത്തിരിക്കുകയായിരുന്നു അവൾ.

“അമ്മ എന്താ ഇത്ര വൈകിയേ….ഞാൻ വന്നിട്ട് ഒരുപാട് നേരായി….”

“അമ്മ കവലയിൽ പോയിരുന്നു അനൂട്ടി അതോണ്ടാ….”

“കുട്ടു ന്ന ഞങ്ങൾ പോവാട്ടോ ശ്രീജമ്മയോട് പറഞ്ഞേക്ക്…”

തലയാട്ടി വീട്ടിലേക്ക് ഓടുന്ന കുട്ടുവിനെ നോക്കി നിന്ന സുജ അനുവിനെയും കൂട്ടി കരിങ്കല്ല് കെട്ടിയുണ്ടാക്കിയ പടികൾ കയറി വീട്ടിലേക്ക് നടന്നു.

ശ്രീജയുടെ വീടിന്റെ മുകളിലേക്ക് കെട്ടിയുണ്ടാക്കിയ കരിങ്കല്ല് പടികൾ കയറി ചെല്ലുന്ന കയറ്റത്തിലാണ് സുജയുടെ വീട്.

“മോൾ വല്ലതും കഴിച്ചോ….”

“ആഹ് ശ്രീജമ്മ വന്നപ്പോൾ എനിക്കും കുട്ടൂനും അവല് നനച്ചു തന്നു….
രാത്രിക്ക് എന്താമ്മെ കൂട്ടാൻ….”

കയ്യിലെ ഒഴിഞ്ഞ സഞ്ചി നോക്കി അനു ചോദിച്ചത് കണ്ട സുജയിൽ ഒരു ഞെട്ടൽ ഉണർന്നു. മോള് കാണാതെ അത് മറച്ചു കയ്യിലെ വേര് സാരിത്തുമ്പിൽ ചുറ്റി ഒളിപ്പിച്ചു അവൾ അനുവിനെയും ശകാരിച്ചു വീട് തുറന്നു അകത്തു കയറി.
ഒരു ചെറിയ നടുമുറിയും അതിനോട് ചേർന്ന് ഉള്ള മറ്റൊരു ചെറിയ കിടപ്പ് മുറിയും അടുക്കളയും മാത്രം ഉള്ള കുഞ്ഞു ഓടിട്ട വീട്.
മോളെയും കൊണ്ട് അകത്തേക്ക് കയറിയ സുജ നിറം മങ്ങിയ സാരി അഴിച്ചു അഴയിലേക്കിട്ടു തോർത്തെടുത്തു ബ്ലൗസിന് മേലെ ഇട്ട് മുറിക്ക് വെളിയിലേക്കിറങ്ങി.

“അനു…..ഉടുപ്പൂരിയിട്ട് തോർത്ത് ചുറ്റി പിന്നാമ്പുറത്തേക്ക് വാ…ഞാൻ വെള്ളം കോരാൻ പോവാ…”

മുൻവാതിൽ കുറ്റിയിട്ട് അടുക്കള വാതിൽ തുറന്നു സുജ പിന്നാമ്പുറത്തേക്കിറങ്ങി.
മുടി ഒന്ന് വാരിക്കെട്ടി കിണറ്റിലേക്ക് പാട്ട ഇടുമ്പോൾ അവളുടെ മനസ്സ് യാന്ത്രികമായിരുന്നു, നിറഞ്ഞ പാട്ട പൊക്കികൊണ്ടുവന്നു മറപ്പുരയിലെ ഒഴിഞ്ഞ ബക്കറ്റ് നിറച്ചു.
തിരിയുമ്പോൾ നെഞ്ചിനു മീതെ തോർത്തുടുത് അനു പിന്നിലെത്തിയിരുന്നു.

“മോള് അകത്തേക്ക് കയറിക്കോ…അമ്മ ദാ വരുന്നു..”

തലയാട്ടിക്കൊണ്ട് അനു അകത്തേക്ക് കയറുമ്പോൾ പാട്ടയിൽ വെള്ളം നിറച്ചു അതുമായി സുജയും മറപ്പുരയിലേക്ക് കയറി.
കൗമാരം തളിർക്കാൻ തുടങ്ങിയ മോളെ കണ്ട് സുജയുടെ ഉള്ള് പിടഞ്ഞു.
അനുവിനെ കുളിപ്പിച്ച് തുവർത്തി, തോർത്ത് ഉടുപ്പിച്ചു സുജ പുറത്തേക്ക് ആക്കി.

“ഉടുപ്പ് മാറി മോള് അടുക്കള പടിയിൽ ഇരുന്നു പഠിച്ചോട്ടോ,….അമ്മ കുളിച്ചിട്ടു വേഗം വരാം..”

രാത്രി അയാൽ വഴിയിൽ മുഴങ്ങുന്ന ചൂളം വിളികളും ഉമ്മറത്തു കാലുരയുന്ന സ്വരങ്ങളും ഉയരും എന്നുള്ളതിനാൽ ഒരു നിമിഷം പോലും മോളെ കണ്മുന്നിൽ നിന്നും മാറ്റാൻ അവൾക്ക് കഴിയില്ലായിരുന്നു.
മഞ്ഞിറങ്ങി തുടങ്ങുന്ന സന്ധ്യയിൽ തണുത്തുറഞ്ഞ വെള്ളത്തിന് അവളിലെ കനലിനെ തെല്ലും കെടുത്താനായില്ല,
മറപ്പുരയുടെ കെട്ടിവലിച്ച തുണി കൊണ്ടുള്ള ശീലയ്ക്കു മുകളിലൂടെ ഇടയ്ക്കിടെ അവളുടെ നോട്ടം റാന്തൽ കത്തിച്ചു അതിന്റെ വെളിച്ചത്തിൽ ഇരുന്നു പഠിക്കുന്ന അനുവിലേക്ക് നീളുന്നുണ്ടായിരുന്നു.
കുളി കഴിഞ്ഞു തന്റെയും മോളുടെയും മുഷിഞ്ഞ ഉടുപ്പുകൾ നനച്ചിട്ടു തോർത്തുകൊണ്ട് മേൽ മറച്ചു വേഗം അവൾ അനുവിനെയും കൂട്ടി അകത്തേക്ക് കയറി.

“അമ്മ….തിങ്കളാഴ്ച എനിക്കൊരു മൂന്ന് രൂപ വേണം സ്കൂളിൽ സ്റ്റാമ്പ് വന്നിട്ടുണ്ട്, എല്ല കുട്ടികളും വാങ്ങണോന്നു പറഞ്ഞു.”

“അമ്മ തരാം……
…..മോൾക്ക് ഇപ്പോഴും ചുമ ഉണ്ടോ…”

തോർത്തു മാറ്റി മറ്റൊരു ബ്ലൗസ് ധരിക്കുന്നതിനിടയിൽ അടുത്ത് നിന്ന അനുവിനോട് സുജ ചോദിച്ചു.

“ഇല്ലമ്മാ….എനിക്ക് ഇപ്പൊ കുഴപ്പൊന്നുമില്ല…”

“ഇപ്പോഴും ചെറിയ കുറുങ്ങലുണ്ട്, വാ…എന്റെ കയ്യിൽ ശ്രീജേച്ചി മരുന്ന് തന്നു വിട്ടിട്ടുണ്ട്.”

ബ്ലൗസ് ഉടുത്തു ജനാലപ്പടിയിൽ വച്ചിരുന്ന വേരും മറു കയ്യിൽ റാന്തലും എടുത്തുകൊണ്ടവൾ അടുക്കളപ്പുറത്തെ അമ്മിക്കടുത്തെത്തി.

കഴുകിയ അമ്മിയിൽ വെള്ളം മുക്കി തുടച്ച വേര് ചതച്ചെടുക്കുമ്പോൾ പിടിച്ചു കെട്ടിയിട്ടും അനുസരണക്കേട് കാട്ടി നീർത്തുള്ളികൾ കവിളിലേക്കു പടർന്നു.
അവളുടെ ഓരം ചേർന്ന് അവൾ ചെയ്യുന്നത് നോക്കി നിന്ന അനു അത് ശ്രെദ്ധിച്ചില്ല.

#ഡും ഡും ഡും…!!!

ഒന്ന് നിന്ന ശേഷം
വീണ്ടും ശക്തിയിൽ ഒന്നുകൂടെ ആഹ് ശബ്ദം ആഹ് വീട്ടിൽ മുഴുവൻ മുഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *