“ഈ മാസം മുന്നോട്ടു എങ്ങനെ കൊണ്ടുപോവും എന്നാലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല ചേച്ചി…..”
തണൽ വീണു തണുത്ത മരങ്ങൾക്കിടയിലെ വഴിയിലൂടെ നടക്കുമ്പോൾ സുജ ശ്രീജയോട് പറഞ്ഞു.
“നീ പേടിക്കല്ലേടി കൊച്ചെ…
എന്തേലും വഴി ഉണ്ടാക്കാം…. ഞാൻ ഒക്കെ ഇല്ലേ,…ആദി പിടിക്കാതെ ഇരിക്ക്.”
ശ്രീജ സമാധാനിപ്പിച്ചിട്ടും സുജയുടെ മനസ്സ് കെട്ടഴിഞ്ഞു പോയ പട്ടം പോലെ ആയിരുന്നു.
**************
മുന്നിലേക്ക് വീഴുന്ന കാർട്ടൺ മടക്കി പിൻ ചെയ്ത് പെട്ടികൾ ആക്കി മാറ്റിക്കൊണ്ടിരിക്കുമ്പോൾ സുജയുടെ മനസ്സിൽ ജോലി കഴിഞ്ഞു ഇറങ്ങാൻ നേരം സണ്ണിയെ കണ്ട് കുറച്ചു പണം കൂടെ കടം വാങ്ങാനുള്ള ചിന്ത ആയിരുന്നു.
“ശ്രീജേച്ചി…..ഇന്ന് പോവാൻ നേരം നിക്കണോന്നു മുതലാളി പറഞ്ഞു….നാളെ അയക്കാനുള്ള സ്റ്റോക്ക് ന്റെ എണ്ണം എടുക്കാനുണ്ടെന്ന്….”
കുഞ്ഞൂട്ടി വന്നു കാർട്ടൺ മടക്കിക്കൊണ്ടിരുന്ന ശ്രീജയോട് പറഞ്ഞപ്പോൾ ശ്രീജ ശേരിയെന്ന രീതിയിൽ തലയാട്ടി.
ഫാക്ടറിയിൽ അത്യവശ്യം മുൻപരിചയമുള്ളതുകൊണ്ട് ശ്രീജയെയാണ് മാസത്തിൽ രണ്ടു തവണ സ്റ്റോക്കിന്റെ എണ്ണം എടുക്കാൻ സണ്ണി ഏല്പിക്കാറുള്ളത്.
അതുകൊണ്ട് തന്നെ അതിൽ അസ്വാഭാവികത ഒന്നും ആർക്കും ഇല്ല.
എന്നാൽ അത് കേട്ടപ്പോൾ സുജയ്ക്ക് ആശ്വാസം തോന്നി, കടം ചോദിക്കുമ്പോൾ ശ്രീജേച്ചി കൂടെ ഉള്ളത് തനിക്കൊരു ധൈര്യം ആവുമല്ലോ എന്ന് സുജ കരുതി,
മാത്രമല്ല ശ്രീജേച്ചിക്ക് സണ്ണി മുതലാളിയുടെ അടുത്ത് അത്യവശ്യം സ്വാതന്ത്ര്യവുമുണ്ട്, ഇത്രയും നാളായതിന്റെയും ഫാക്ടറിയുടെ മേല്നോട്ടത്തിന്റെയും ഒരു അടുപ്പം.
മണിയടിച്ചതോടെ ചെയ്തോണ്ടിരുന്ന പണിയെല്ലാം ഓരോരുത്തരും ഒതുക്കാൻ തുടങ്ങി.
ഫാക്ടറി എന്ന് പറയുമ്പോൾ ഒരു വലിയ ഗോഡൗൺ ആണ്,
അതിൽ ഏറ്റവും വലിയ ഹാളിൽ കരിമ്പ് കൂട്ടിയിടലും അതിൽ നിന്നും പാനിയെടുക്കലും അടുപ്പുകൂട്ടി ശർക്കരയാക്കലുമൊക്കെയാണ്, അതൊക്കെ കൂടുതലും ആണുങ്ങളാണ് ചെയ്യുന്നത്.
കെട്ടിമാറ്റിയ ഒരു വലിയ റൂമിൽ സുജയും ശ്രീജയും അടക്കമുള്ള പെണ്ണുങ്ങൾ കാർട്ടൺ പെട്ടി ഉണ്ടാക്കലും പാക്കിങ്ങും ചെയ്ത് പോവുന്നു.
പിന്നെ ഗോഡൗണിൽ നിന്ന് മാറിയുള്ള ഒരു വലിയ മറ്റൊരു കെട്ടിടത്തിൽ പായ്ക്ക് ചെയ്ത പെട്ടികൾ സ്റ്റോർ ചെയ്യാനും മറ്റുമാണ് ഉപയോഗിക്കുന്നത്.
സ്റ്റോക്ക് നോക്കാൻ ഉള്ളതുകൊണ്ട് ശ്രീജ നേരത്തെ തന്നെ അങ്ങോട്ട് പോയിരുന്നു.
സ്റ്റോക്ക് നോക്കുന്ന ദിവസം ശ്രീജ വരാൻ വൈകുമായിരുന്നതുകൊണ്ട് സുജ കുട്ടികളെ നോക്കാൻ പണി കഴിയുമ്പോൾ പോകുമായിരുന്നു.
ഓരോന്നായി നിർത്തി ഓരോരുത്തരും ഫാക്ടറി വിട്ടു തുടങ്ങി.
സ്റ്റോക്ക് എടുക്കാനുള്ളത് കൊണ്ട് അതുകഴിഞ്ഞു സണ്ണി വന്നു പൂട്ടും എന്നുള്ളതിനാൽ ഫാക്ടറിയിൽ മറ്റൊന്നിനും നിൽക്കാതെ എല്ലാവരും ഇറങ്ങി, കടം ചോദിക്കാനുള്ളതിനാൽ സുജ മാത്രം അവിടെ നിന്നിരുന്നു.
ഫാക്ടറി പൂട്ടാൻ വരുമ്പോൾ പണം ചോദിക്കുന്നതിനൊപ്പം ശ്രീജയുടെ കൂടെ തിരികെ വീട്ടിലേക്ക് പോകാം എന്നാലോചിച്ചുകൊണ്ട് സുജ ഫാക്ടറിയിൽ അവരെ കാത്തു നിന്നു.
*************
കരിങ്കല്ലിനാൽ കെട്ടിയുണ്ടാക്കിയതാണ് ഫാക്ടറിയും സ്റ്റോക്ക് വെക്കാനുള്ള ഗോഡൗണും.
രണ്ടിനും പ്രധാനമായി രണ്ടു വലിയ വാതിലുകൾ മുന്നിലും പിറകിലും ഉണ്ടായിരുന്നു. ഓട് മേഞ്ഞ രണ്ടു കെട്ടിടത്തിന്റെയും മേൽക്കൂര ഉയരത്തിൽ നിന്നിരുന്നു.
മഞ്ഞിറങ്ങി തുടങ്ങിയ വൈകുന്നേരത്തിൽ ഫാക്ടറി നിന്ന കുന്നു പതിയെ വെള്ള പുതച്ചു തുടങ്ങിയിരുന്നു.
ഗോഡൗണിൽ കൊണ്ടുവച്ച സ്റ്റോക്കുകളുടെ എണ്ണം എടുത്തു തീർക്കുന്ന തിരക്കിൽ ആയിരുന്നു ശ്രീജ,
ഗോഡൗണിന്റെ ആദ്യ ഭാഗം ഓഫീസ് ആയിരുന്നു, അതിനു ശേഷം പാര്ടിഷൻ ചെയ്ത വലിയ ഹാളിന്റെ ഒരു ഭാഗത്ത് വിശ്രമിക്കാനായി ഒരു തുണികൊണ്ടു മറച്ചു ചെറിയ ഒരു ഭാഗവും നിർത്തിയിരുന്നു.
ചക്കരയുടെയും കരിമ്പിന്റെയും മണം നിറഞ്ഞു നിന്നിരുന്ന ആഹ് പഴയ കെട്ടിടത്തിൽ ബൾബിന്റെ മഞ്ഞ കലർന്ന വെളിച്ചം പതിയെ ഇരുട്ടിനെ കുറച്ചു ദൂരത്തേക്ക് മാത്രം അകറ്റി നിർത്തി.
