അറവുകാരൻ- 1 2

“മോള് അകത്തേക്ക് കയറിക്കോ…അമ്മ ദാ വരുന്നു..”

തലയാട്ടിക്കൊണ്ട് അനു അകത്തേക്ക് കയറുമ്പോൾ പാട്ടയിൽ വെള്ളം നിറച്ചു അതുമായി സുജയും മറപ്പുരയിലേക്ക് കയറി.
കൗമാരം തളിർക്കാൻ തുടങ്ങിയ മോളെ കണ്ട് സുജയുടെ ഉള്ള് പിടഞ്ഞു.
അനുവിനെ കുളിപ്പിച്ച് തുവർത്തി, തോർത്ത് ഉടുപ്പിച്ചു സുജ പുറത്തേക്ക് ആക്കി.

“ഉടുപ്പ് മാറി മോള് അടുക്കള പടിയിൽ ഇരുന്നു പഠിച്ചോട്ടോ,….അമ്മ കുളിച്ചിട്ടു വേഗം വരാം..”

രാത്രി അയാൽ വഴിയിൽ മുഴങ്ങുന്ന ചൂളം വിളികളും ഉമ്മറത്തു കാലുരയുന്ന സ്വരങ്ങളും ഉയരും എന്നുള്ളതിനാൽ ഒരു നിമിഷം പോലും മോളെ കണ്മുന്നിൽ നിന്നും മാറ്റാൻ അവൾക്ക് കഴിയില്ലായിരുന്നു.
മഞ്ഞിറങ്ങി തുടങ്ങുന്ന സന്ധ്യയിൽ തണുത്തുറഞ്ഞ വെള്ളത്തിന് അവളിലെ കനലിനെ തെല്ലും കെടുത്താനായില്ല,
മറപ്പുരയുടെ കെട്ടിവലിച്ച തുണി കൊണ്ടുള്ള ശീലയ്ക്കു മുകളിലൂടെ ഇടയ്ക്കിടെ അവളുടെ നോട്ടം റാന്തൽ കത്തിച്ചു അതിന്റെ വെളിച്ചത്തിൽ ഇരുന്നു പഠിക്കുന്ന അനുവിലേക്ക് നീളുന്നുണ്ടായിരുന്നു.
കുളി കഴിഞ്ഞു തന്റെയും മോളുടെയും മുഷിഞ്ഞ ഉടുപ്പുകൾ നനച്ചിട്ടു തോർത്തുകൊണ്ട് മേൽ മറച്ചു വേഗം അവൾ അനുവിനെയും കൂട്ടി അകത്തേക്ക് കയറി.

“അമ്മ….തിങ്കളാഴ്ച എനിക്കൊരു മൂന്ന് രൂപ വേണം സ്കൂളിൽ സ്റ്റാമ്പ് വന്നിട്ടുണ്ട്, എല്ല കുട്ടികളും വാങ്ങണോന്നു പറഞ്ഞു.”

“അമ്മ തരാം……
…..മോൾക്ക് ഇപ്പോഴും ചുമ ഉണ്ടോ…”

തോർത്തു മാറ്റി മറ്റൊരു ബ്ലൗസ് ധരിക്കുന്നതിനിടയിൽ അടുത്ത് നിന്ന അനുവിനോട് സുജ ചോദിച്ചു.

“ഇല്ലമ്മാ….എനിക്ക് ഇപ്പൊ കുഴപ്പൊന്നുമില്ല…”

“ഇപ്പോഴും ചെറിയ കുറുങ്ങലുണ്ട്, വാ…എന്റെ കയ്യിൽ ശ്രീജേച്ചി മരുന്ന് തന്നു വിട്ടിട്ടുണ്ട്.”

ബ്ലൗസ് ഉടുത്തു ജനാലപ്പടിയിൽ വച്ചിരുന്ന വേരും മറു കയ്യിൽ റാന്തലും എടുത്തുകൊണ്ടവൾ അടുക്കളപ്പുറത്തെ അമ്മിക്കടുത്തെത്തി.

കഴുകിയ അമ്മിയിൽ വെള്ളം മുക്കി തുടച്ച വേര് ചതച്ചെടുക്കുമ്പോൾ പിടിച്ചു കെട്ടിയിട്ടും അനുസരണക്കേട് കാട്ടി നീർത്തുള്ളികൾ കവിളിലേക്കു പടർന്നു.
അവളുടെ ഓരം ചേർന്ന് അവൾ ചെയ്യുന്നത് നോക്കി നിന്ന അനു അത് ശ്രെദ്ധിച്ചില്ല.

#ഡും ഡും ഡും…!!!

ഒന്ന് നിന്ന ശേഷം
വീണ്ടും ശക്തിയിൽ ഒന്നുകൂടെ ആഹ് ശബ്ദം ആഹ് വീട്ടിൽ മുഴുവൻ മുഴങ്ങി.

കതകിൽ വീണ കൊട്ടുകേട്ടു അനു സുജയുടെ അരയിൽ ചുറ്റിപ്പിടിച്ചു ഭയം നിഴലിക്കുന്ന കണ്ണുകളോടെ സുജയെ നോക്കി.
നീർതിളങ്ങി മങ്ങി നിന്ന സുജയുടെ കണ്ണുകളിൽ കനൽ എരിഞ്ഞു.
ഇതുവരെ അടക്കി നിർത്തിയ ദേഷ്യവും സങ്കടവും അവളിലെ തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത പെണ്ണിനെ ഉണർത്തി.
കണ്ണുകളിൽ കാമം തിരുകി തന്നെ ഉരിയുന്ന ആണുങ്ങളുടെ മുഖം അവളുടെ കണ്മുന്നിൽ തെളിഞ്ഞതും അടുക്കളയിലെ തട്ടിനു പിറകിൽ വച്ചിരുന്ന വാക്കത്തി വലിച്ചെടുത്തുകൊണ്ട് കാറ്റുപോലെ മുന്നിലെ കതകിലേക്ക് അവൾ പാഞ്ഞടുത്തു.
സുജയുടെ ഭാവമാറ്റം കണ്ടു പകച്ചുപോയ അനു പേടിച്ചരണ്ടു ഒരു മൂലയിലേക്ക് ഒതുങ്ങി.
കതകു വലിച്ചുതുറന്നു മുറ്റത്തേക്ക് ഇറങ്ങിയ സുജ ആരെയും കാണാതെ പകച്ചു ഒരു നിമിഷം നിന്നു.
നിറഞ്ഞ നിലാവിൽ പെട്ടെന്ന് ഒരു ആളനക്കം കണ്ട സുജയുടെ കണ്ണുകൾ എത്തി നിന്നത് കരിങ്കൽ പടികൾ ഇറങ്ങിപ്പോവുന്ന ആഹ് രൂപത്തിൽ ആയിരുന്നു.

“ശിവൻ.!!!”

സുജയുടെ വാക്കുകളിൽ ആശ്ചര്യം നിറഞ്ഞിരുന്നു.
എങ്കിലും നിരാശയോടെ ദേഷ്യം അടക്കി തിരിഞ്ഞ സുജ കണ്ടത് വാതിലിനരികെ ഭിത്തിയിൽ ചാരി വച്ച നിലയിൽ ഇരിക്കുന്ന ഒരു സഞ്ചി ആയിരുന്നു.
അതിനടുത്തേക്ക് എത്തിയ സുജ തേക്കിനിലയിൽ പൊതിഞ്ഞ മറ്റൊരു പൊതി കൂടി കണ്ടു.

“ആരാമ്മെ….വന്നേ….”

വാതിൽപ്പടിയിൽ നിന്ന് ചോദിച്ച അനുവിന്റെ സ്വരം കേട്ട് അവൾ പെട്ടെന്ന് ഞെട്ടി.

“അത്…അത്…ശ്രീജേച്ചിയാ…”

വിക്കി വിക്കി അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“ഇതെന്താ…”

സുജ കയിലെടുത്തിരുന്ന സഞ്ചി നോക്കി അനു വീണ്ടും ചോദിച്ചു.

“അത് ചേച്ചി തന്നതാ മോളെ അരിയും സാധനങ്ങളും……”

Leave a Reply

Your email address will not be published. Required fields are marked *