അഭിരാമിയും പതുക്കെ സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുകയായിരുന്നു..
അജയ് തളരാതിരിക്കുന്നത് മാത്രമായിരുന്നു അവളുടെ ഏക ആശ്വാസം…
ഇന്നലെ ഫാം ഹൗസിലെ കിടക്കയിൽ… ….!
ഇന്ന്… ….?
ജീവിതം പല തവണ പറ്റിച്ച അനുഭവബോധമുള്ളതിനാൽ ഒരാറ്റക്കാര്യം മാത്രമേ അവൾ ആഗ്രഹിക്കുന്നുണ്ടായിരുന്നുള്ളൂ…
പതനം… !
ശത്രുവിന്റെ പതനം………!
എന്തെങ്കിലുമൊരു ചായ്‌വ് രാജീവിനോട് അവളുടെ മനസ്സിൽ അവശേഷിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അത് എന്നെന്നേക്കുമായി കഴിഞ്ഞ സൂര്യാസ്തമയത്തോടെ, അസ്തമിച്ചു കഴിഞ്ഞിരുന്നു…
ജീവിതത്തിൽ സൗകര്യങ്ങൾ എല്ലാമുണ്ടായിട്ടും താനും തന്റെ മകനും ഒരു രാത്രിയെങ്കിൽ ഒരു രാത്രി വനത്തിൽ താമസിക്കാനിട വരുത്തിയവന്റെ അടിവേര് മാന്തിയെടുക്കുക എന്ന ചിന്തയിലേക്ക് കഴിഞ്ഞ മണിക്കൂറിൽ അവളെത്തിച്ചേർന്നിരുന്നു..
ആദ്യത്തെ പരിഭ്രമവും പേടിയും പകയാളിക്കത്തിക്കുവാനുള്ള ഇന്ധനം മാത്രമായിരുന്നു..
പക്ഷേ ഉദ്യമം നേടിയെടുക്കാനുള്ള വഴികളൊന്നും അവളുടെ ബുദ്ധിയിൽ തെളിഞ്ഞില്ല , എന്നതായിരുന്നു സത്യം……
**** ***** ***** *****
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ രാജീവിന്റെ ഫോൺ ബെല്ലടിച്ചു…
കാറിലേക്ക് കയറാനാഞ്ഞ അയാൾ ഫോണെടുത്ത് നോക്കി …
സേവ് ചെയ്തിട്ടില്ലെങ്കിലും നമ്പർ കണ്ടപ്പോൾ അയാൾക്ക് ആളെ മനസ്സിലായി ….
താഹിർ… !
രാജീവ് പെട്ടെന്ന് കോൾ എടുത്തു..
” പറയെടാ…………”
” പറയാനൊന്നുമില്ല… എനിക്ക് കുറച്ച് പണം വേണം…… ”
താഹിർ ദേഷ്യത്തിലായിരുന്നു..
“നീ കാര്യം പറ… ”
വൈകുന്നേരം സംഭവിച്ച കാര്യങ്ങൾ താഹിർ വിശദീകരിച്ചു..
തലക്കടി കിട്ടിയതു പോലെ രാജീവ് പകച്ചു നിന്നു..
” ഒരുത്തന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്, ഒരാളുടെ താടിയെല്ലും…………”
“അജയ് നിങ്ങളെ തല്ലിയെന്നോ .?”
രാജീവിനത് വിശ്വസിക്കാനായില്ല…….
“നിങ്ങക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ സാറേ… …. ”
” നീ എവിടാ ഇപ്പോൾ … ?”
“ഇപ്പോൾ മൂന്നാറിലാ.. ആന ഓടിച്ചു എന്ന് പറഞ്ഞാ ഇവിടെ ഹോസ്പിറ്റലിൽ കയറ്റിയത്…… വേറെ എങ്ങോട്ടെങ്കിലും കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു…… ”
” നിങ്ങളു വേറെ വല്ലവരുമായി പ്രശ്‌നം ഉണ്ടാക്കിയതാണോ……….?”
രാജീവ് വീണ്ടും എടുത്തു ചോദിച്ചു…
” ഒറ്റ മിനിറ്റ്…………”
താഹിർ ഫോൺ കട്ടാക്കി…
അടുത്ത നിമിഷം രാജീവിന്റെ ഫോണിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ ഇരമ്പി…
അയാളത് തുറന്നു നോക്കി..
അഭിരാമിയുടെയും അജയ് യുടെയും ഫോട്ടോ …
അടുത്ത നിമിഷം താഹിറിന്റെ കോൾ വീണ്ടും വന്നു……
” അത് സാറിന്റെ ഭാര്യയും മകനുമല്ലേ… ?”
“അ.. തെ…… ”
“എന്നാലാ തന്തയില്ലാക്കഴുവേറി തന്നെയാ ഞങ്ങളെ തല്ലിയത്…… ”
രാജീവ് വായിൽ വന്ന തെറി വിഴുങ്ങിക്കളഞ്ഞു…
രണ്ടോ മൂന്നോ പേരെ തല്ലിയൊതുക്കി രക്ഷപ്പെടാൻ മാത്രം തന്റെ മകൻ വലുതായി എന്ന തിരിച്ചറിവ് അയാളെ ചകിതനാക്കി.
“എറണാകുളത്തിന് കൊണ്ടുപോകാനാ ഇവരു പറയുന്നത്..”
താഹിറിന്റെ സ്വരം വീണ്ടും കേട്ടു…
” കൊണ്ടുപോ… ”
രാജീവ് ആലോചനയോടെ പറഞ്ഞു …
“അപ്പം കാശോ… ? ”
” ഞാനങ്ങോട്ടു വരാമെടാ………”
അയാൾ ഫോൺ കട്ടാക്കി മറ്റൊരു നമ്പർ ധൃതിയിൽ ഡയൽ ചെയ്തു …
ചുരുങ്ങിയ വാക്കുകളിൽ കാര്യം അവതരിപ്പിച്ച് അയാൾ കാറിലേക്ക് കയറി……
കൊച്ചിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിനു മുൻപിൽ രാജീവ് എത്തുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു…
ഇതിനിടയിൽ മൂന്നു നാലു തവണ താഹിർ വിളിച്ചിരുന്നു…
താഹിറിന്റെ കൂട്ടാളികളെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയിരുന്നു…
കോറിഡോറിനു പുറത്ത് താഹിറിനൊപ്പം മറ്റൊരാൾക്കൂടി നിൽക്കുന്നത് രാജീവ് കണ്ടു……
“ഇതാരാ… ?”
രാജീവ് ചോദിച്ചു …
“എന്റെ പഴയൊരു ഫ്രണ്ടാ…, നെൽസൺ…… ഇവന്റെ ടാക്സിയിലാ അവരന്ന് വട്ടവടയ്ക്ക് പോയത്…… ”
പണത്തിന്റെ കാര്യത്തിൽ അല്പം ഖേദം തോന്നിയിരുന്നുവെങ്കിലും താഹിറിന്റെ സൗഹൃദങ്ങളുടെ വിസ്തൃതി രാജീവിനല്പം ആശ്വാസമേകി…
” പൊലീസ് കേസ് വല്ലതും വരുമോടാ………? ”
“ആ കൃത്യ സമയത്ത് ആനയിറങ്ങിയതാ സാറേ പ്രശ്‌നമായത്. ഞാൻ വണ്ടി തിരിച്ചിട്ട് ഇരിക്കുകയായിരുന്നു.. അവരെ റോഡ് വരെ ഒരു പ്രശ്നവുമില്ലാതെ കൊണ്ടുവന്നതാ………”
