“നീ മിണ്ടണ്ട കൊഞ്ചിച്ചു കൊഞ്ചിച്ച് വഷളാക്കിയത് പോരെ, ഇനി ഞാൻ നോക്കിക്കോളാം ”
കിട്ടിയ അവസരം മുതലാക്കി അച്ഛൻ ലച്ചുവിന്റെ നേരെ ചാടി.
“എന്റെ തീരുമാനത്തിൽ മാറ്റല്ലാ
എനിക്കവളെ വേണം !
അവര് തമ്മിൽ കോർക്കുന്നത് ഒഴിവാക്കാനായി ഞാൻ അച്ഛനോട് പറഞ്ഞു.
“ഉറപ്പാണോ ?
“ആ ഉറപ്പാണ് !
“എന്നാ ഇവിടുത്തെ പൊറുതി മതിയാക്കിക്കോ. എന്നെ അനുസരിക്കാൻ പറ്റാത്തോര് ഇവിടെ വേണ്ടാ… !
അച്ഛൻ പറഞ്ഞത് കെട്ട് ഞെട്ടലോടെ അമ്മയും അച്ഛമ്മയും എന്നെ നോക്കി. പക്ഷെ ഞാനത് പ്രതീക്ഷിച്ചതായിരുന്നു.
“എന്താ ഗോപാലാ ഇജ്ജീ പറയണത് ഇവനെ ഇറക്കി വിട്ടാൽ പിന്നെ ചാവാൻ നേരത്ത് തുള്ളി വെള്ളം തരാൻ ആരാ നെനക്ക്?
അതുവരെ കാഴ്ചക്കാരിയായി നിന്ന അച്ഛമ്മ അച്ഛന് നേരെ തിരിഞ്ഞു.
“ആരെങ്കിലും ണ്ടാവും. മക്കളില്ലാത്തോരും മരിക്ക്നില്ലേ?
സമനില തെറ്റിയ അച്ഛൻ അലറി. പിന്നെ മുഖം പൊത്തി കൊണ്ട് സോഫയിലേക്കിരുന്നു.
“എന്നാ ഞാനും പോവും ഇവന്റെ കൂടെ
എനിക്കിവൻ തന്നെയാ വലുത് !ലച്ചു പറഞ്ഞത് കെട്ട് അച്ഛൻ ഞെട്ടലോടെ ഞങ്ങളെ നോക്കി.
പക്ഷെ ഒന്നും മിണ്ടിയില്ല.
“തറവാട്ടില്ക്ക് പോര് രണ്ടാളും.നമുക്കവടെ കഴിയാ, ഒരാളും ചോദിക്കാൻ വരൂല. അത് ന്റെ വീടാണ് !
അച്ഛമ്മ അമ്മയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.തീർത്തും ഒറ്റപ്പെട്ടെങ്കിലും അച്ഛന്റെ നിലപാടിൽ മാറ്റം ഒന്നും ഉണ്ടാവില്ല എന്നെനിക്ക് ഉറപ്പായിരുന്നു.
“ആരും വരണ്ട ഞാൻ എവിടേലും കഴിഞ്ഞോളാം.ലച്ചൂസ് ഇവിടെ നിന്നാ മതി. അച്ഛൻ കൊറേ കാലത്തിനു ശേഷം വന്നതല്ലേ !
ഞാനെന്റെ നിലപാട് വ്യക്തമാക്കി.
“നീ ഒറ്റക്കെങ്ങോട്ടും പോവൂല
നമ്മള് രണ്ടാളും എന്റെ വീട്ടിലേക്ക് പോവും”
“വേണ്ടമ്മേ എന്റെ കാര്യങ്ങള് ഒക്കെ നടക്കും.എന്റെ കൂടെ പഠിച്ച നൗഫൽ ഇവിടെ ടൗണില് ട്യൂഷൻ സെന്റർ നടത്തുന്നുണ്ട് അവിടെ ക്ലാസ്സെടുക്കാൻ കൊറേ നാളായി വിളിക്കുന്നു.പിന്നെ നാളെ തൊട്ട് psc സെന്ററില് ക്ലാസ്സെടുക്കാൻ തുടങ്ങാണ്.വൈശാഖട്ടന് ജോലി കിട്ടി പോയി. ഇനി അവിടുത്തെ ചാർജ് എനിക്കാണ്.താമസവും അവിടെത്തന്നെ .എല്ലാം കൂടെ എങ്ങനെ പോയാലും ആയിരം രൂപ ഒരു ദിവസം കിട്ടും.
അങ്ങനെ തോൽക്കാൻ പറ്റൂലല്ലോ !
അവസാനത്തെ വാക്യം അൽപ്പം ഉറക്കെ ആണ് ഞാൻ പറഞ്ഞത്.
ലച്ചുവിന് പക്ഷെ ഇതൊട്ടും സഹിക്കാവുന്നതായിരുന്നില്ല.കണ്ണ് നിറച്ചു കൊണ്ട് എന്നെ നോക്കി നിന്ന ലച്ചു അകത്തേക്ക് പോയി തിരിച്ചു വന്നത് atm കാർഡും കൊണ്ടാണ്.
“അമ്മേടെ കുഞ്ഞ് ഒരു ജോലീം ചെയ്യണ്ട, എവിടേലും റൂമെടുത്തോ, നിനക്ക് സുഖായിട്ട് കഴിയാനുള്ളതൊക്കെ ഇതില്ണ്ട്”
കാർഡ് എന്റെ നേരെ നീട്ടികൊണ്ട് ലച്ചു പറഞ്ഞു.
“വേണ്ടമ്മെ ഇതൊക്കെ ഒരു അനുഭവം അല്ലെ, ഞാനങ്ങനെ കണ്ടിട്ടേ ഒള്ളൂ.എന്നും വൈകുന്നേരം ഞാൻ ഇവിടെ വരും എന്റെ ലച്ചൂസിനെ കാണാൻ !
മര്യാദക്ക് അങ്ങോട്ട് ഇറങ്ങി വന്നോണം.കേട്ടല്ലോ..
ഞാൻ അമ്മയുടെ കണ്ണ് തുടച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു.പിന്നെ റൂമിൽ പോയി റെഡിയാക്കി വെച്ച ബാഗും എടുത്ത് വന്ന് അവരോട് യാത്ര പറഞ്ഞ് പോന്നു. ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാവും ഇറങ്ങിയപ്പോ ലച്ചു വല്ലാണ്ട് കരഞ്ഞു.
“ആഹാ അച്ഛൻ വന്നൂ ലേ ”
ബാഗും പൊക്കണവും താങ്ങി പിടിച്ചു കയറി ചെല്ലുന്ന എന്നെ കണ്ടതും വൈശാഖേട്ടൻ ചിരിയോടെ ചോദിച്ചു.
“അപ്പൊ നിങ്ങള് ജോലിക്ക് പോയില്ലേ തന്തേ…
അല്ല ഇതൊക്കെ ആര് പറഞ്ഞു?
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“നിന്റെ പെങ്ങള് തന്നെ,നിന്നെ കാണാത്തത് എന്താന്ന് ചോദിച്ചപ്പോ ഗതി കെട്ട് പറഞ്ഞതാ. ”
ഓഫീസ് റൂമിലെ കബോർഡിലേക്ക് ബാഗ് എടുത്ത് വെച്ച് ഞാൻ തിരിഞ്ഞപ്പോഴേക്കും എന്റെ വരവ് മണത്തറിഞ്ഞ പോലെ ചിന്നു അവിടേക്ക് വന്നു.
“നീ എല്ലാം അങ്ങാടിപാട്ടാക്കിയോ
പന്നീ.. ”
ഞാൻ പാതി തമാശയിൽ അവളോട് ചോദിച്ചു
“ഇല്ലേട്ടാ ആകെ ഇയാളോട് മാത്രേ പറഞ്ഞുള്ളൂ.സോറി.. ”
അവൾ ക്ഷമാപണത്തോടെ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“വീട്ടീന്ന് ഇറക്കി വിട്ടു ലേ.. സാരല്ല
ഏട്ടൻ നമ്മടെ വീട്ടിലേക്ക് പോരൂ.”