അപേക്ഷയോടെ അവൾ കണ്ണടച്ചു.
ഞാൻ മുറിയിൽ ഷോക്കേസിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഞാൻ അവൾക്കായി വാങ്ങിയ പുതിയ ജോഡി ചിലങ്കയുടെ ബോക്സ് അവളുടെ കയ്യിൽ കൊടുത്തു.
പെണ്ണ് ആകാംഷയോടെ കണ്ണുതുറന്ന് ബോക്സ് തുറന്ന് അതിലേക്ക് ഒരുനിമിഷം നോക്കി പിന്നെ എന്നെ നോക്കി കണ്ണ് നിറച്ചു.
“നിർത്തി വെച്ചതൊക്കെ ഇനി നമ്മള് തുടങ്ങാൻ പോവാണ് !
കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ഞാൻ മനസ്സിൽ ആഗ്രഹിച്ച ഗിഫ്റ്റാണിത്. ഇന്നലെ പക്ഷെ ഡാൻസ് പോരാന്നു പറഞ്ഞപ്പോ ഞാനാകെ തളർന്നു പോയി ”
“അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ, അസ്സലായിരുന്നു ഡാൻസ്.ഇന്നലെ കണ്ടപ്പോ എന്റെ മനസ്സ് നിറഞ്ഞു., എന്റെ കുഞ്ഞാപ്പിക്ക് ഇത് തന്നെഗിഫ്റ്റ് തരണം ന്ന് അപ്പഴേ കരുതീതാ ”
അതിനുള്ള പ്രതികരണമെന്നോണം ആ നനുത്ത ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു.
“താങ്ക്സ് ട്ടോ കള്ളക്കണ്ണാ ”
അവൾ ചെവിയിൽ മന്ത്രിച്ചു. പിന്നെ എന്നെയും വലിച്ചു കൊണ്ട് റൂമിന് പുറത്തേക്ക് പോയി.
“നോക്കിക്കേ പൊന്നൂസിന്റെ ഗിഫ്റ്റാ ”
അവൾ അത്യധികം ആവേശത്തോടെ എല്ലാവരെയും അത് കാണിച്ചു.കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു അവൾക്കപ്പോൾ !
“നമുക്കിറങ്ങിയാലോടാ
അമ്മയെ തറവാട്ടിൽ നിന്ന് കൂട്ടണ്ടേ?
സമയം ഏഴുമണിയായത് കണ്ട് ലച്ചു പറഞ്ഞു.
അതോടെ പെണ്ണിന്റെ മുഖത്തെ ബൾബ് കെട്ടു.തല കുനിച്ചു നിക്കുന്ന അവളെ ഞാൻ ചേർത്ത് പിടിച്ചപ്പോഴേക്കും പെണ്ണ് ചിണുങ്ങാൻ തുടങ്ങിയിരുന്നു.
“അമ്മൂസെ… “
ഉം… “
“രാവിലെ എണീക്കണം, മുടി നല്ലോണം ശ്രദ്ധിക്കണം, അച്ഛനോടും അമ്മയോടും കുറുമ്പ് കാട്ടരുത്, നല്ല കുട്ടിയായിട്ടിരിക്കണം,ചുമ്മാ കെടന്ന് കരയരുത്,
കേട്ടല്ലോ ”
ഞാൻ ഒറ്റ ശ്വാസത്തിൽ നിർദ്ദേശങ്ങൾ നൽകിയതും അവൾ സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടി.
“അച്ഛനെന്ത് പറഞ്ഞാലും ദേഷ്യപ്പെടരുത്, ലച്ചുമ്മയെ നോക്കണം, അധികം സ്പീഡിൽ വണ്ടി ഓടിക്കരുത്, ആരോടും വഴക്കിനു പോവരുത്,
രാത്രി നേരത്തെ കെടന്നൊറങ്ങണം !
തിരിച്ചും കിട്ടി ഒരു ലോഡ് കൽപ്പനകൾ.
“രണ്ടിന്റെയും ഡയലോഗ് കേട്ടാ ഇവൻ വല്ല ഗൾഫിലും പോണ പോലെയാണ് ”
ലച്ചു ആ അന്തരീക്ഷം ഒന്ന് മയപ്പെടുത്താൻ നോക്കി.
അധികം താമസിപ്പിക്കാതെ ഞങ്ങൾ ഇറങ്ങി.
നേരെ തറവാട്ടിലേക്ക് പോയി അച്ഛമ്മയെ കൂട്ടി വീട്ടിലേക്ക് പോയി. അവളില്ലാതെ ഇനി എത്ര ദിവസം തള്ളി നീക്കേണ്ടി വരുമോ എന്തോ.എല്ലാം പെട്ടന്ന് ശരിയായാൽ മതിയായിരുന്നു.അതിന് ആ തന്തപ്പടിക്ക് എന്ത് ബാധ കേറിയതാണാവോ.പിറ്റേന്ന് രാവിലേ എണീറ്റപ്പോ എട്ടുമണി കഴിഞ്ഞിരുന്നു.ഉമ്മറവാതിലിൽ ഉള്ള മുട്ട് കേട്ട് തുറന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് കണി കണ്ടത് ഉമ്മറത്തു ചാരു കസേരയിൽ ഗോപാലേട്ടൻ !
എന്റെ അച്ഛൻ!
ബാഗും തൂക്കി പിടിച്ചു എന്നെ കണ്ണെടുക്കാതെ നോക്കി നിക്കുകയാണ് കക്ഷി. ചിരിക്കുന്ന സ്വഭാവം പിന്നെ പണ്ടേ ഇല്ലാ.ഇപ്പോഴത്തെ അവസ്ഥയിൽ പിന്നെ പറയണ്ടല്ലോ.
“ആഹാ നേരത്തെ പോന്നോ ”
അപ്രതീക്ഷിതമായി കെട്ട്യോനെ കണ്ട ലച്ചു ശരിക്കും അന്തം വിട്ടിട്ടുണ്ട്.ലച്ചു മാത്രം അല്ല ഞാനും ചെറുതായി ഒന്ന് ഞെട്ടിയിട്ടുണ്ട്.മകനെ കണ്ട സന്തോഷത്തിൽ അച്ഛമ്മ ഉമ്മറത്തേക്ക് വന്ന് കെട്ടിപിടിച്ചു
“സുഖല്ലേ നെനക്ക്..?
“എന്ത് സുഖം അമ്മാ, അമ്മാതിരി കാര്യങ്ങളല്ലേ നടക്ക്ണത് ”
ഞങ്ങളെ രണ്ടിനെയും മാറി മാറി നോക്കികൊണ്ട് അച്ഛൻ പറഞ്ഞു.
“നാളെ വരൂന്നല്ലേ പറഞ്ഞെ?
ലച്ചുവിന്റെ ചോദ്യം കേട്ട് ഗോപാലേട്ടൻ വല്ലാത്തൊരു നോട്ടം നോക്കി. അതോടെ ലച്ചു മൂപ്പരെ മൈൻഡ് ചെയ്യാതെ ഉള്ളിലേക്ക് പോയി. ചായ കുടിയൊക്കെ കഴിഞ്ഞ് എല്ലാരും ഹാളിൽ എത്തി സോഫയിൽ ഇരുവശത്തായി ഇരുന്നു.അച്ഛമ്മയും അച്ഛനും ഒരു ഭാഗത്ത് എന്റെ കൂടെ ആരാണെന്ന് പിന്നെ പറയണ്ടല്ലോ.
“എന്താ നിന്റെ തീരുമാനം?
എന്നെ അടിമുടി നോക്കി ദഹിപ്പിച്ച ശേഷം അച്ഛൻ ചോദിച്ചു.
“അതങ്ങ് നടത്തി കൊടുക്കാന്നേ
നമുക്കാകെ ആകെ ഇവനല്ലേ ഒളളൂ… “
ലച്ചു എന്റെ പക്ഷം പിടിച്ചു കൊണ്ട് പറഞ്ഞു.