അവന്റെ കവിളിലേക്ക് കുറച്ച് നേരം നോക്കിയിരുന്നിട്ട് അവളുടെ ചുമന്ന അധരങ്ങൾ കൊണ്ട് അവൾ അഖിലിന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു… അവളുടെ ചുണ്ടും നാക്കും തട്ടി ഫോണിന്റെ ഡിസ്പ്ലേ മുഴുവൻ നനഞ്ഞു… അഖിലിന്റെ അഭാവം അവളിൽ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു…
അവൾ ഫോൺ തന്റെ മടിയിലേക്ക് വെച്ചിട്ട് ബാഗ് തുറന്നു.. അതിൽ നിന്നും അഖിൽ കൊടുത്ത മോതിരവും എടുത്ത് കൊണ്ട് അവൾ കോളേജിനു പുറത്തേക്ക് നടന്നു…
” എവിടെ പോകുന്നു മോളേ.., ആരേലും ഫോൺ വിളിച്ചോ… ” സെക്യൂരിറ്റി അവൾ തിരിച്ചു പോകുന്നത് കണ്ട് ചോദിച്ചു…
” അമ്മയെ ട്രിപ്പ് കൊടുത്തിട്ട് വിടും എന്ന് പറഞ്ഞു അങ്കിളേ… ഞാൻ കഴിക്കാൻ പോകുന്നതാ രാവിലെ കഴിച്ചില്ല..” അവൾ പെട്ടെന്ന് ഒരു കള്ളം പറഞ്ഞൊപ്പിച്ചു…
അവൾ നേരെ ഓട്ടോസ്റ്റാൻഡിലേക്ക് പോയി…
” ചേട്ടാ ശിവ ക്ഷേത്രത്തിലേക്ക് വണ്ടി പോകുമോ.. ” അവൾ ഒരു ഓട്ടോക്കാരനോട് ചോദിച്ചു…
” ഇവിടെ അടുത്തുള്ള ക്ഷേത്രം വെള്ളിയാഴ്ച മാത്രമേ നട തുറക്കുള്ളൂ… പിന്നെ ചൊവ്വാഴ്ച തുറക്കുന്ന അമ്പലം ഇവിടുന്നു ഒരു പതിനഞ്ച് കിലോമീറ്റർ ഉണ്ട്… അറുന്നൂർ രൂപ ആകും… “
അവൾ വാച്ചിലേക്ക് നോക്കി സമയം എട്ട് മുപ്പത് ആകാറായിരുന്നു…
” അവിടെ പോയാൽ തൊഴാൻ പറ്റുമെന്നുറപ്പാണോ… “
” ആ പറ്റും.. എന്താ പോണോ.. “
” ഒരു മിനിട്ട് ചേട്ടാ.. ” അവൾ വേഗം ബാഗ് തുറന്ന് പേഴ്സ് എടുത്തു.. ഇരുന്ന കാശ് എടുത്ത് എണ്ണി നോക്കി തൊള്ളായിരം രൂപയുണ്ടായിരുന്നു…
” ചേട്ടാ തിരിച്ചു ഇങ്ങോട്ടല്ലേ വരുന്നത്.. “
” അതെ ഞാൻ ഇങ്ങോട്ടാ വരുന്നത്…”
” എന്നെ തിരിച്ചു ഇവിടെ ആക്കാൻ പറ്റുമോ.., തൊഴുതിട്ടു പെട്ടെന്ന് വരാം.. “
” അതിനെന്താ അതൊക്കെ ചെയ്യാം. “
” അറുന്നൂർ അല്ലേ ആകുള്ളൂ… “
” ആ അത്രയേ ആകൂ.. കുറച്ചു മോശം റോടാ..അല്ലേൾ അത്രയും വാങ്ങില്ല… കയറിക്കോ..” അങ്ങനെ അവർ ക്ഷേത്രത്തിലേക്ക് തിരിച്ചു…
ശിവക്ഷേത്രത്തിന് ഉള്ളിൽ പോയ അവൾ നേരെ തൊഴാൻ പോയി.. പ്രസാദത്തിന്റെ കൂടെ പൂജിക്കാനായി അവൾ ആ മോതിരം കൂടി പൂജാരിയുടെ കൈയിൽ കൊടുത്തു.. എന്നിട്ട് അഖിലിന് ഒരു ആപത്തും വരുത്തരുതേ എന്ന് അവൾ മനസ്സുരുകി പ്രാർത്ഥിച്ചു…
പ്രാർത്ഥന കഴിഞ്ഞു പൂജാരി അവൾക്കു പ്രസാദവും പൂജിച്ച മോതിരവും കൊണ്ട് കൊടുത്തു.. അതും വാങ്ങി അതിൽ നിന്ന് ചന്ദനം നെറ്റിയിൽ തൊട്ട് പോകാനായി തിരിഞ്ഞ അവൾ കണ്ടത് അമ്പലത്തിന്റെ വലത് വശത്ത് ഒരു തുളസിത്തറ പോലുള്ള കെട്ടിനുള്ളിൽ ശിവലിംഗം വെച്ചേക്കുന്നതാണ്…
അരളിയും മറ്റ് പൂക്കളും കൊണ്ട് അതിന്റെ കീഴിൽ ഇട്ടേക്കുന്നു.. ഒന്ന് തൊഴുതുകൊണ്ട് അവൾ അതിന്റെ അടുത്തേക്ക് പോയി…
ശിവലിംഗത്തിന്റെ താഴെ ആ മോതിരം അവൾ കൊണ്ട് വെച്ചു… എന്നിട്ട് അവൾ ശിവലിംഗത്തിന്റെ മേലേക്ക് കൈ വെച്ച്കൊണ്ട് കുറച്ചുറക്കെ എന്നാൾ അതികമാരും കേൾക്കാത്ത രീതിയിൽ പറഞ്ഞു…
” മഹാദേവനെ തൊട്ട് ഞാൻ സത്യം ചെയ്യുന്നു… ഈ ഭൂമിലോഖത്തിൽ ഞാൻ കല്യാണം കഴിക്കുവാണേൽ അത് അഖിലേട്ടനെ ആയിരിക്കും… മറ്റൊരാളെ ഞാൻ ജീവിതത്തിൽ സ്വീകരിക്കില്ല… ചേട്ടൻ എനിക്ക് തന്ന ഈ മോതിരം ഇന്ന് മുതൽ എപ്പോഴും എന്റെ കൈയിൽ ഉണ്ടാകും… ഇത് എങ്ങനെ എന്റെ കൈയിൽ എന്റെ വിരലുകളോട് ചേർന്ന് കിടക്കുന്നുവോ.. അത് പോലെ എന്നെയും അഖിലേട്ടനെയും ഒരുമിപ്പിക്കണം.. എന്ത് കുഴപ്പം ഉള്ള ആളാണേലും പ്രശ്നം ഇല്ല.. ഞാൻ മനസ്സ് കൊണ്ട് അഖിലേട്ടനെ സ്വീകരിച്ചു കഴിഞ്ഞു… എന്റെ ചേട്ടന് മറ്റൊരു ആപത്തും വരുത്താതെ ദീർഘായുസ്സോടെ എനിക്ക് തരണം… ” ഇത്രയും പറഞ്ഞപ്പോൾ അവളുടെ കണ്ണിൾനിന്നും കണ്ണുനീർ പുറത്ത് ചാടി… അവൾ ഇറ്റിറ്റ് വീഴുന്ന കണ്ണ്നീർ ശിവലിംഗത്തിന്റെ മുകളിലേക്ക് വീഴ്ത്തി… കണ്ണ്നീർതുള്ളികൾ വീണ് ശിവലിംഗത്തിന്റെ വശങ്ങളിലൂടെ താഴേക്ക് ഒലിച്ചു…
അതിന്റെ മുന്നിൽ ഇരുന്ന് കൊണ്ട് അവൾ പറഞ്ഞു.. ” ഈ കണ്ണ്നീർ സാക്ഷി നിറുത്തി ഞാൻ മോതിരം അണിയുവാൻ പോകുവാണ്.. എന്റെ ആഗ്രഹം മഹാദേവൻ സാധിച്ചു തരണം… ” ഇത്രയും പറഞ്ഞു തൊഴുതു കൊണ്ട്.. അവൾ ആ മോതിരം എടുത്ത് ശിവലിംഗത്തിൽ ചേർത്ത് വെച്ചിട്ട് മോതിര വിരലിലേക്ക് അണിഞ്ഞു…
അത് കൂടി ഇട്ടപ്പോൾ അവൾക്കു തെല്ലൊരു സമാധാനം തോന്നി….തിരികെ കോളേജ് എത്തിയപ്പോൾ പത്തേമുക്കാൽ ആയി..
