അവിടെ ഇറങ്ങിയ അവൻ ഫോൺ എടുത്ത് ശാന്തിയെ വിളിച്ചു.. അവന്റെ നമ്പർ കണ്ട് അവൾക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…
അവൾ വേഗം ഫോൺ എടുത്തു..
” എവിടെയാ ചേട്ടാ… എന്താ പറ്റിയെ.. ” ഇത് ചോദിക്കുമ്പോൾ അവൾ വിതുമ്പി പോയിരുന്നു..
” നീ നമ്മൾ ഉച്ചയ്ക്ക് കഴിക്കുന്നിടത്തേക്ക് വാ.ഞാൻ അവിടെ ഉണ്ട്.. “
” ഓക്കേ ചേട്ടാ… ദാ വരുന്നു… ”
അഖിൽ ലൈബ്രറിയുടെ പുറകിലേക്ക് പോയിട്ട് അവൾ വരുന്നുണ്ടോ എന്ന് നോക്കി നിന്നു… അവൾ ദൂരെ നിന്നും നടന്നു വരുന്നത് അവൻ കണ്ടു… ലൈബ്രറിക്കടുത്തു എത്താറായ അവളുടെ അടുത്തേക്ക് അനാമിക ഓടി വരുന്നതും എവിടെ പോകുവാ എന്ന് ആഗ്യം കാണിച്ചതും ശാന്തി അവൻ നിക്കുന്നിടത്തേക്ക് കൈ ചൂണ്ടുന്നതും അവൻ കണ്ടു.. എന്നിട്ട് രണ്ട് പേരും കൂടി അവൻ നിന്നിടത്തേക്ക് നടന്നു വന്നു….
“ടാ.. എവിടാരുന്നു.., എന്താ വിളിച്ചിട്ട് എടുക്കാഞ്ഞേ… ” അഖിലിന്റെ അടുത്തെത്തിയപ്പോൾ അനാമികയാണ് ചോദിച്ചത്…
” ഇന്ന് രാവിലെ അമ്മക്ക് വയ്യാതെ ആയി.. വീടിനടുത്ത് ഹോസ്പിറ്റലിൽ പോയപ്പോൾ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു… പിന്നെ അങ്ങോട്ട് പോയി..ഫോൺ വീട്ടിൽ ആയിപ്പോയി… ” ഇത്രയും പറഞ്ഞിട്ട് അഖിൽ ശാന്തിയെ നോക്കി…
” ട്രിപ്പ് ഇട്ട് കുറേ നേരം കിടത്തിയതിന് ശേഷം വീട്ടിലേക്ക് വിട്ടല്ലേ… ” ശാന്തി അവനോടു തെല്ല് കെറുവോടെ ചോദിച്ചു…
” ആഹ്.. അതെ നിനക്ക് എങ്ങനെ മനസ്സിലായി.. ” അത്ഭുതം അഭിനയിച്ച് കൊണ്ട് അഖിൽ അവളോട് ചോദിച്ചു…
” ഇന്ന് രാവിലെ അമ്മയ്ക്കും വയ്യാതായി.., അച്ഛൻ കൊണ്ട് പോയി.. ഒരു പതിനൊന്നു മണിയായപ്പോൾ വിളിച്ചു പറഞ്ഞു… ട്രിപ്പ് ഇട്ട് കിടത്തിയിട്ട് വിട്ടെന്ന്… ” ശാന്തി അഖിലിനെ നോക്കി പറഞ്ഞു…
” ഹോ ഈ കാര്യത്തിനാണോ നീ ഇങ്ങനെ കരഞ്ഞത്.. ” അനാമിക ശാന്തിയെ നോക്കി പറഞ്ഞു…
” കരഞ്ഞോ.. എന്തിന് ” അഖിൽ ശാന്തിയേയും അനാമികയേയും മാറി മാറി നോക്കി…
” ആഹ് ഇവൾ കരയുന്നു എന്ന് പറഞ്ഞ് ഞാൻ നിനക്ക് മെസ്സേജ് ചെയ്തിരുന്നു.. നീ കണ്ടില്ല അല്ലേ.. ” അനാമിക അഖിലിനോട് പറഞ്ഞു…
” ഇല്ല ഞാൻ അമ്മയെ കൊണ്ട് വീട്ടിൽ ഇറക്കിയിട്ട് ഫോൺ എടുത്ത് നേരെ ഇങ്ങോട്ട് വന്നു… ഇവിടെ എത്തിയപ്പോൾ ആണ് ഫോൺ നോക്കിയേ.. ശാന്തിയുടെ മിസ്സ്‌കാൾ നിറഞ്ഞു കിടന്നു… മെസ്സേജ് ഒന്നും കണ്ടില്ല… ” അഖിൽ അനാമികയോട് പറഞ്ഞു…
” ഞാൻ പറഞ്ഞതാടാ നിനക്ക് എന്തേലും അത്യാവശ്യം ആയിപ്പോയി കാണുമെന്ന്.. ആര് കേൾക്കാൻ.. കരഞ്ഞു തളർന്നു.. അത് പോലെ ഇവൾ ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല കേട്ടോ…”
” നീ എന്താ കഴിക്കാത്തെ… ” അഖിൽ ശാന്തിയോട് ചോദിച്ചു..
” എനിക്ക് വിശപ്പില്ലായിരുന്നു. ഞാൻ മാത്രമല്ല ചേച്ചിയും കഴിച്ചിട്ടില്ല… ” നിലത്തേക്ക് നോക്കി ശാന്തി പറഞ്ഞു…
” ഓഹോ അപ്പോൾ നീ കഴിക്കാത്തത് കൊണ്ടാണ് എന്റെ കൊച്ചിനും കഴിക്കാൻ പറ്റാത്തത് അല്ലേ… ” അഖിൽ അനാമികയോട് കയർത്തു…
” അയ്യട.. ഇപ്പോൾ രണ്ടും ഒന്നായിക്കൊണ്ട് ഞാൻ വെളിയിൽ ആയോ.. നിന്റെ ഈ കൊച്ച് വാവ കഴിക്കാതെ കരഞ്ഞോണ്ട് ഓടിയത് കൊണ്ടാണ് ഞാൻ പോലും കഴിക്കാഞ്ഞേ.. ” അനാമിക മുഖം കടുപ്പിച്ച് കൊണ്ട് പറഞ്ഞു…
” എന്റെ കൊച്ച് കാരണം നീ കഴിക്കാതെ ആയെങ്കിൽ നീ വാ നിനക്ക് ബിരിയാണി വാങ്ങി തരാം… “
” അയ്യോ എനിക്ക് വേണ്ടായേ.. അല്ലേലും ഇനി എവിടെ കിട്ടാനാ ബിരിയാണി.. ” അനാമിക സംശയ ഭാവത്തിൽ അവനെ നോക്കി…
” അതൊക്കെ കിട്ടും.., രാത്രി എട്ട് മണി വരെ ബിരിയാണി കിട്ടുന്ന ഹോട്ടലുകളുണ്ട്.. പോകാം വാ.. ” രണ്ട് പേരെയും നോക്കി അഖിൽ പറഞ്ഞു..
” വേണ്ട എനിക്ക് വിശപ്പ് ഇല്ല..” ശാന്തി മുഖം കുനിച്ചുകൊണ്ട് പറഞ്ഞു…
” ടാ ഇവൾ വരാതെ ഞാനും വരുന്നില്ല.., ഇവൾ വിശന്ന് നിൽക്കുമ്പോൾ നമ്മൾ എങ്ങനെ കഴിക്കും.. “
” ശാന്തി വരുന്നുണ്ടോ… ” അഖിൽ അവളുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കി..
” എനിക്ക് കഴിക്കാൻ ഒന്നും വേണ്ട.. ” അവൾ ആരോടെന്നില്ലാതെ പറഞ്ഞു…
” നിന്നോട് ചോദിച്ചത് പറ.. വരുന്നുണ്ടോ ഇല്ലെയോ.. ” അഖിൽ ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു..
