” ഇപ്പോൾ അത് പറയും കാര്യം അറിയുമ്പോൾ നീ എന്നെ വിട്ട് പോകും.. “
” ഇല്ല ചേട്ടാ., ഞാൻ ജീവിക്കുന്നുണ്ടെങ്കിലത് ചേട്ടന്റെ കൂടെ ആയിരിക്കും. “
” എന്റെ കാര്യം അറിയുമ്പോൾ നീ എന്റെ കൂടെ ജീവിക്കില്ല., ഉറപ്പായും എന്നെ വിട്ട് പോകും. “
” എന്തിനാ ഇങ്ങനെ പറയുന്നേ. അങ്ങനെ ജീവിക്കാൻ പറ്റിയില്ലേൽ ഈ ലോകത്തിൽ നിന്നും തന്നെ ഞാനങ്ങ് പോകും., എനിക്ക് ചേട്ടനെ വേണം. ചേട്ടനെ എനിക്ക് കിട്ടില്ല എന്നാണേൽ മരിക്കാൻ പോലും എനിക്ക് പേടി ഇല്ല. പിന്നെ നേരത്തെ ചേട്ടൻ പറഞ്ഞല്ലോ പറഞ്ഞതിന്റെ പിറ്റേന്ന് ഇഷ്ടം ആണെന്ന് പറഞ്ഞത് കൊണ്ട് പൊളിയും എന്ന്. ഇഷ്ടം ആത്മാർഥമാണേൽ തിരിച്ചു ഓക്കേ എന്ന് പറയാൻ വലിയ സമയം ഒന്നും വേണ്ട. “
” ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞത് അല്ല., എനിക്ക് അറിയില്ല ശാന്തി., ഇപ്പോൾ നീ എന്നെ വിട്ട് പോകുമോ എന്ന് എനിക്ക് പേടിയുണ്ട്. പക്ഷേ എനിക്ക് ഒന്ന് അറിയാം ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. പക്ഷേ. “
” ഞാൻ വിട്ട് പോകില്ല, എന്റെ ചേട്ടാ.. ലാസ്റ്റ് എന്താ പക്ഷേ എന്ന് പറഞ്ഞത്.. “
” അത് എനിക്ക് നിന്നെ ഇഷ്ടം ആണ്.. പക്ഷേ നീ ഉദ്ദേശിക്കുന്ന പോലൊരു രീതിയിൽ ആയിരിക്കില്ല. പലപ്പോഴും ഞാൻ സ്നേഹിക്കുന്നത് നിനക്ക് ശല്യം ആയി തോന്നും. നിനക്ക് ഒരിക്കലും എന്റെ കൂടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. “
” എന്തൊക്കെ പറഞ്ഞാലും., ഞാൻ ചേട്ടനെ വിട്ട് പോകില്ല., എനിക്ക് ചേട്ടൻ ഒരു ശല്യവും ആകില്ല., അതല്ല എന്നെ ഒഴിവാക്കാൻ ആണ് ഇങ്ങനെയൊക്കെ പറയുന്നത് എങ്കിൽ ചേട്ടാ എന്നെ ചേട്ടൻ കൊല്ലേണ്ടി വരും., അല്ലാതെ വിട്ട് പോകില്ല ഞാൻ.. ചേട്ടനെ ഞാൻ എല്ലാത്തിനെക്കാളും സ്നേഹിക്കുന്നു.. ഐ ലവ് യൂ..”
” എനിക്കും നിന്നെ ഇഷ്ടമാണ് മോളേ മറ്റെന്തിനെക്കാളും., പക്ഷേ എനിക്ക് പേടി കൂടുകയാണ് ഇപ്പോൾ ” അഖിൽ വീണ്ടും പറഞ്ഞു നിറുത്തി..
” എന്ത് കാര്യം ആണേലും കുഴപ്പമില്ല ഞാൻ കൂടെ നിൽക്കും എന്ന് പറയുക അല്ലേ.. പിന്നെന്താ ചേട്ടാ.. എന്നെ വിശ്വാസമില്ലേ.. ” അവൾ വളരെയധികം വിഷമത്തോടെ പറഞ്ഞു.. ആ ഒരു ചോദ്യം അഖിലിനെ തളച്ചു..
” അനാമിക വരുന്നുണ്ട്., ഇനി അവളെ വീട്ടിലാക്കിയിട്ട് വരുമ്പോൾ സംസാരിക്കാം.. കേട്ടോ., ” മിററിലൂടെ അനാമിക വരുന്നത് കണ്ട അഖിൽ അവളോട് പറഞ്ഞു..
” ചേട്ടൻ എന്താണ് കാര്യം എന്ന് പറയണേ.. ടെൻഷൻ അടിച്ചു വയ്യ.. “
” അവളെ വീട്ടിലാക്കിയിട്ട് വരുമ്പോൾ പറയാം.. ”
അനാമിക കാറിന്റെ അടുത്തേക്ക് വന്നു. ബാക്കിലെ ഡോർ തുറന്ന് അനാമിക അകത്തു കയറി.. അവർ അവിടുന്ന് സിറ്റിയിലേക്ക് പോയി.. കോഴിക്കോടൻ ബിരിയാണി കിട്ടുന്ന ഒരു ഹോട്ടലിലേക്ക് അവൻ വണ്ടി കൊണ്ട് പാർക്ക് ചെയ്തു..
അവർ ഫാമിലി റൂമിലേക്ക് പോയി. അത്യാവശ്യം സ്റ്റാൻഡേർടുള്ള ഹോട്ടൽ ആയതിനാൽ അതികം ആളുകൾ ഉണ്ടായിരുന്നില്ല. ഉയരമുള്ള മേശയുടെ ഇരുവശങ്ങളിലും വലിയ സോഫയായിരുന്നു ഇരിക്കാൻ . പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് അവർ പോയിരുന്നു.
ശാന്തി അനാമികയുടെ അടുത്തേക്ക് ഇരുന്നു.ഗ്ലാസിൽ വെള്ളം ഒഴിച്ച് കുടിച്ച അഖിൽ അവളെ നോക്കി പറഞ്ഞു.
“നീ ഇങ്ങ് വാ ഇവിടിരിക്കാം.. ” ശാന്തിയും അനാമികയും അമ്പരപ്പോടെ അവനെ നോക്കി. ഒരുപാട് പ്രാവശ്യം അവർ ഫുഡ് കഴിക്കാൻ പോയിട്ടുണ്ട് എല്ലായിടത്തും അനാമികയുടെ അടുത്താണ് ശാന്തി ഇരുന്നിരുന്നത്.
” എന്താടാ ഇന്ന് ഒരു പതിവില്ലായ്മ. ” അനാമിക പുരികമുയർത്തിക്കൊണ്ട് ചോദിച്ചു.
” ഇടക്കൊക്കെ ഒരു മാറ്റം വേണ്ടേ. ഇങ്ങ് എഴുന്നേറ്റു വാ പെണ്ണേ. ”
” ചെല്ല് ചെല്ല്, ചെക്കന്റെ മട്ടൊക്കെ കണ്ടാൽ കല്യാണം കഴിഞ്ഞ മാതിരിയാ. ” അനാമിക ചിരിച്ചു കൊണ്ട് പറഞ്ഞു.
” എന്നായാലും ഞാൻ തന്നെയല്ലേ അവളെ കെട്ടുന്നത് പിന്നെന്താ. ”
ശാന്തി എഴുന്നേറ്റു അഖിൽ ഇരുന്ന സോഫയുടെ അടുത്തേക്ക് വന്നു. അവനവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് കയറാൻ പറഞ്ഞു. അവൾ അവനെ തട്ടി അവന്റെ അരികിലൂടെ അകത്തേക്ക് കയറി. അവളുടെ ഷാൾ അവന്റെ മുഖത്ത് ഉരസി. അവനവളുടെ മണം ഉള്ളിലേക്ക് വലിച്ചെടുത്തു. അവൾ കയറി കുറച്ചു സൈഡിലേക്ക് നീങ്ങി ഇരുന്നു. ഓർഡർ എടുക്കാൻ അറ്റന്റർ വന്നപ്പോൾ അഖിൽ ഒരു മട്ടൻ ബിരിയാണിയും ഒരു ചിക്കൻബിരിയാണിയും ഓർഡർ ചെയ്തു.
