പെട്ടെന്നവള്‍ വീടിനു പുറത്ത് ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടു ഞെട്ടി. റീന വേഗം മുറിയുടെ മൂലയിലേക്ക് മാറി ജനലിലൂടെ പുറത്തേക്ക് നോക്കി. ജനല്‍ അവള്‍ അടച്ചിരുന്നില്ല. ഇരുട്ടില്‍ ആരൊക്കെയോ നടക്കുന്നു! അവളുടെ ശരീരം വിയര്‍ത്തു. അവള്‍ അതിശക്തമായി മിടിക്കുന്ന ഹൃദയത്തോടെ ഭയന്നു വിറച്ച് നോക്കി.
“അതെ..ഇതാണ് അവളുടെ മുറി..” ആരോ അടക്കിപ്പിടിച്ച സ്വരത്തില്‍ പറയുന്നു. റീന നടുങ്ങി. തന്നെത്തേടി ആരോ വന്നിരിക്കുന്നു. നിലവിളിക്കാന്‍ പോലും സാധിക്കാതെ അവള്‍ നിന്നു വിയര്‍ത്തു. ജനലിനു സമീപം ആരോ നില്‍ക്കുന്നത് അവള്‍ കണ്ടു.
“ഇങ്ങു താടാ അത്” അടക്കിപ്പിടിച്ച സ്വരം. പെട്ടെന്ന് എന്തോ ഒരു വസ്തു തന്റെ കട്ടിലില്‍ വന്നു വീണത് റീന അറിഞ്ഞു. ഒപ്പം ഓടിയകലുന്ന കാലൊച്ചകളും അവള്‍ കേട്ടു. എന്തോ രൂക്ഷമായ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി. റീന ബോധരഹിതയായി കുഴഞ്ഞു വീണു.
എസ് ഐ വസീമിന്റെ മുറിയില്‍ ഭയചകിതനായി ജോസഫും ഒപ്പം റീനയും ഉണ്ടായിരുന്നു. അവരെഴുതി നല്‍കിയ പരാതി വസീം വായിച്ചു നോക്കിയിട്ട് തല ഉയര്‍ത്തി.
“ദൈവാധീനം കൊണ്ട് ആപത്ത് ഒന്നും സംഭവിച്ചില്ലല്ലോ…താങ്ക് ഗോഡ്…ജനലിനരുകില്‍ എത്തിയ ആരെ എങ്കിലും അല്‍പമായിട്ടെങ്കിലും തിരിച്ചറിയാന്‍ സാധിക്കുമോ റീനയ്ക്ക്?” അദ്ദേഹം ചോദിച്ചു.
“ഇല്ല സര്‍..ഇരുട്ടില്‍ ആരെയും തിരിച്ചറിയാന്‍ സാധിച്ചില്ല..ആസിഡ് വീണ് എന്റെ കട്ടിലിന്റെ ഒരു ഭാഗം കരിഞ്ഞപ്പോള്‍ ഉണ്ടായ രൂക്ഷഗന്ധം ശ്വസിച്ച് എനിക്ക് ബോധം നഷ്ടമായിപ്പോയിരുന്നു..നിലവിളിക്കാന്‍ കൂടി സാധിച്ചില്ല..” അവള്‍ ഭീതിയോടെ പറഞ്ഞു.
“സാര്‍..ഞാനും എന്റെ കുടുംബവും എന്ത് ദ്രോഹം ചെയ്തിട്ടാണ് ഞങ്ങള്‍ക്കെതിരെ ഇതെല്ലാം സംഭവിക്കുന്നത്? എന്റെ മോള്‍ ഭാഗ്യം കൊണ്ട് മാത്രമല്ലേ സാര്‍ രക്ഷപെട്ടത്..ഇല്ലായിരുന്നെങ്കില്‍….എനിക്കത് ഓര്‍ക്കുമ്പോള്‍ത്തന്നെ ശരീരം തളരുന്നു..” ജോസഫ് കടുത്ത ഭയത്തോടെ പറഞ്ഞു.
“നിങ്ങള്‍ക്ക് പിന്നാലെ ആരോ ഉണ്ട്…..റീന സൂക്ഷിക്കണം. വീട്ടിലായിരിക്കുന്ന സമയത്ത് മാത്രമല്ല..കോളജില്‍ പോകുമ്പോഴും വരുമ്പോഴും എല്ലാം ചുറ്റും ഒരു കണ്ണ് വേണം. സംശയകരമായി ആരെങ്കിലും സമീപത്തേക്ക് വന്നാല്‍ മാറിക്കളയണം. ഞാന്‍ അന്വേഷിക്കാം… പക്ഷെ ആരാകാം ഇതിന്റെ പിന്നിലെന്ന് എനിക്ക് ഊഹിക്കാന്‍ പോലും പറ്റുന്നില്ല….” വസീം ആലോചനയോടെ പറഞ്ഞു.
“എനിക്കാകെ ഭയം തോന്നുന്നു സര്‍..വീട്ടിലും റോഡിലും സുരക്ഷയില്ലാത്ത ഈ അവസ്ഥയില്‍ ഇച്ചായനും ഞങ്ങള്‍ക്കൊപ്പമില്ല…” റീന തന്റെ ഭീതി മറച്ചു വച്ചില്ല.
“അതെ സാറേ..എന്റെ മോന്‍ എവിടെയാണ് എന്ന് എനിക്കോ ഇവള്‍ക്കോ ഇവരുടെ അമ്മയ്ക്കോ അറിയില്ല..അവന്റെ കാര്യത്തില്‍ ആധിയിലാണ് ഞങ്ങള്‍ മൂവരും.. ഇന്നലെ രാത്രി ഇവിടെ നിന്നും മറ്റൊരു സാറും കുറെ പോലീസുകാരും എത്തി അതിന്റെ പേരില്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്..ഞങ്ങള്‍ക്ക് മനസറിവില്ലാത്ത കാര്യത്തില്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ് സര്‍..ഞാനും ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്..നാളിതുവരെ യാതൊരു തെറ്റും അറിഞ്ഞുകൊണ്ട് ചെയ്തിട്ടില്ല….ഞങ്ങളുടെ ജീവിതം നരകതുല്യമായി മാറിയിരിക്കുകയാണ് യാതൊരു തെറ്റും ചെയ്യാതെ…..” ജോസാഫിന്റെ വാക്കുകള്‍ വസീമിനെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു.
“നിങ്ങള്‍ പേടിക്കാതെ..ഇനി മോന്റെ പേര് പറഞ്ഞു പോലീസ് നിങ്ങളെ ശല്യപ്പെടുത്തില്ല. റീന ജനല്‍ അടച്ചിട്ടെ ഉറങ്ങാവൂ…ഞങ്ങള്‍ പ്രതിയെ കണ്ടെത്തുന്നത് വരെ സൂക്ഷിച്ചേ പറ്റൂ..തല്‍ക്കാലം അതെ വഴിയുള്ളൂ….”
വസീം പറഞ്ഞു. ഇരുവരും തലയാട്ടി.
“എന്നാല്‍ നിങ്ങള്‍ പൊയ്ക്കോളൂ…എന്തെങ്കിലും പ്രശ്നം വന്നാല്‍ എന്നെ വിളിക്കാന്‍ മടിക്കണ്ട”
“ശരി സര്‍..”
അവര്‍ പുറത്തിറങ്ങിയപ്പോള്‍ വസീം ബെല്ലടിച്ചു. ഒരു പോലീസുകാരന്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി.
“ടോമിച്ചനെ വിളിക്ക്..” വസീം പറഞ്ഞു.
“സര്‍..” അയാള്‍ പുറത്ത് പോയി. അല്പം കഴിഞ്ഞപ്പോള്‍ ടോമിച്ചന്‍ ഉള്ളില്‍ കയറി കസേര നീക്കിയിട്ട് ഇരുന്നു.
