കാമ കാവടി – 5

“സര്‍..ഷാഫി പറഞ്ഞ വിവരം അനുസരിച്ച് നമ്മള്‍ എന്ത് തുടര്‍നടപടി ആണ് സ്വീകരിക്കേണ്ടത്?” ടോമിച്ചന്‍ പോയിക്കഴിഞ്ഞപ്പോള്‍ വസീം ചോദിച്ചു.

“എനിക്ക് പരമേശ്വരനോട് ഒന്ന് സംസാരിക്കണം. ഷാഫി പറഞ്ഞത് അവന്റെ സംശയമാകാം..ഞാനത് പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല. തല്‍ക്കാലം നിങ്ങള്‍ കൊലപാതകിക്ക് എതിരെ പുതിയ തെളിവുകള്‍ വലതും ലഭ്യമാണോ എന്ന് പരിശോധിക്കുക. രാജീവുമായി അടുത്ത ബന്ധമുള്ള ആരെയെങ്കിലും ചോദ്യം ചെയ്യാനുണ്ട് എങ്കില്‍ അതുമാകാം. ഞാന്‍ പരമേശ്വരനെ കാണാന്‍ പോകുകയാണ്. കണ്ടതിനു ശേഷം ഷാഫി ഉന്നയിച്ച സംശയം നമ്മള്‍ മുഖവിലയ്ക്ക് എടുക്കണോ എന്ന് തീരുമാനിക്കാം..” എസ് പി തന്റെ തീരുമാനം അവരെ അറിയിച്ചു.

“അതുമതി സര്‍..അങ്ങ് പരമേശ്വരനെ കണ്ട ശേഷം മതി ഇതില്‍ തുടര്‍ ചര്‍ച്ച..” സി ഐ എസ് പിയെ പിന്തുണച്ചു.

“ഒകെ ദെന്‍..ലെറ്റ്‌ മി മീറ്റ്‌ ഹിം നൌ..” എസ് പി പോകാന്‍ എഴുന്നേറ്റു.

എസ് പിയുടെ കാര്‍ പരമേശ്വരന്റെ വീട്ടുവളപ്പിലേക്ക് കയറി ബ്രേക്കിട്ടു. സമയം രാവിലെ പത്തുമണി കഴിഞ്ഞിരുന്നു. എസ് പി ചെല്ലുമ്പോള്‍ പരമേശ്വരനും രണ്ടു മക്കളും ലിവിംഗ് റൂമിലുണ്ട്. അയാളെ കണ്ടപ്പോള്‍ രാജും രമ്യയും എഴുന്നേറ്റു. തലേ ദിവസത്തെക്കാള്‍ അവര്‍ മൂവരും അല്പം ആശ്വാസത്തിലാണ് എന്ന് വര്‍മ്മയ്ക്ക് തോന്നി.

“ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ മക്കളെ?” അയാള്‍ തൊപ്പി ഊരിമാറ്റി സോഫയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.

“കഴിച്ചു..അങ്കിളോ?” രമ്യയാണ്‌ സംസാരിച്ചത്.

“ഞാന്‍ കഴിച്ചു..കമലമ്മ എവിടെ?”

“അമ്മ എഴുന്നേറ്റിട്ടില്ല..ഒരു ചായ മാത്രം വളരെ പ്രയാസപ്പെട്ടു കുടിപ്പിച്ചു..” രാജ് പറഞ്ഞു.

“പെറ്റതള്ളയല്ലേ..സഹിക്കാന്‍ പറ്റുമോ സ്വന്തം വയറ്റില്‍ പത്തുമാസം ചുമന്നു പ്രസവിച്ച മകന്റെ വേര്‍പാട്‌….” ഒരു ദീര്‍ഘനിശ്വാസത്തോടെ വര്‍മ്മ പറഞ്ഞു. അല്‍പനേരം ആരും ഒന്നും സംസാരിച്ചില്ല.

“മോളെ രമ്യെ..നീ അമ്മയുടെ അടുത്തേക്ക് ചെല്ല്..ഞങ്ങള്‍ക്ക് അല്പം പ്രൈവസി വേണം” വര്‍മ്മ രമ്യയെ നോക്കി പറഞ്ഞു.

“ശരി അങ്കിള്‍..” അവള്‍ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി.

“എന്തായി അങ്കിള്‍..എനി ലീഡ്?” രാജ് ആകാംക്ഷയോടെ ചോദിച്ചു. പരമേശ്വരനും അളിയനെ ചോദ്യഭാവത്തില്‍ നോക്കി.
“അളിയാ ഞാന്‍ നേരെ വിഷയത്തിലേക്ക് വരാം.. നമ്മുടെ രാജീവ് ഈ അടുത്തിടെ റീന എന്നൊരു കോളജ് വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തുകയും എസ് ഐ വസീം അത് നേരില്‍ കണ്ടതിനാല്‍ അവനു വാണിംഗ് നല്‍കുകയും ചെയ്തിരുന്നു. പക്ഷെ എന്റെ അനന്തിരവന്‍ എന്ന പരിഗണന നല്‍കി അയാള്‍ അവനെതിരെ കേസ് ചാര്‍ജ്ജ് ചെയ്തില്ല. റീന പരാതി നല്‍കിയിട്ടാണ് വസീം അവനു വാണിംഗ് നല്‍കിയത് എന്ന് രാജീവ് ധരിച്ചു കാണും.. അതിന്റെ പ്രതികാരമായി അവന്‍ ആ പെണ്ണിനെ ആരെക്കൊണ്ടോ തട്ടിയെടുപ്പിച്ചു കടത്താന്‍ നോക്കി…പക്ഷേ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അത് വിജയിച്ചില്ല..തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചവരെ പിടികൂടാന്‍ പോലീസിനു സാധിച്ചില്ല എങ്കിലും പെണ്‍കുട്ടിയെ രക്ഷപെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു…ന്യയാമയും ഇത് രാജീവ് ആണ് ചെയ്യിച്ചത് എന്ന് പെണ്ണിന്റെ സഹോദരനും അവന്റെ ഒരു സുഹൃത്തും അനുമാനിച്ചു. അവര്‍ക്ക് അവനോടു ഈ ഒരു കാരണം കൊണ്ട് കടുത്ത പക ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പങ്കോ അറിവോ ഉണ്ടോ? അതായത് പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ രാജീവാണ് ആളെ ഇടപെടുത്തിയത് എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ? കാരണം രാജീവ് വധക്കേസില്‍ അവന്മാരെ രണ്ടുപേരെയും ഞാന്‍ സംശയിക്കുന്നുണ്ട്..ശരിയായ വിവരങ്ങള്‍ അറിഞ്ഞു വയ്ക്കുന്നത് കേസ് തെളിയിക്കാന്‍ ഗുണം ചെയ്യും..” വര്‍മ്മ പറഞ്ഞിട്ട് ഇരുവരെയും നോക്കി.

പരമേശ്വരനും മകനും മുഖാമുഖം നോക്കി. പരമേശ്വരന്റെ മുഖത്തെ ഭാവത്തില്‍ നിന്നും വര്‍മ്മ പലതും മനസിലാക്കി.

“അളിയന്‍ സംഗതി അറിഞ്ഞിരുന്നു അല്ലെ?” അയാള്‍ ചോദിച്ചു.

“അതെ..തമിഴ്നാട്ടില്‍ നിന്നും ആളെ ഇടപാട് ചെയ്തത് ഞാനാണ്‌..” അയാള്‍ പറഞ്ഞു.

“ആ കേസില്‍ അന്വേഷണം നടക്കുന്നുണ്ട്..അളിയന്‍ സൂക്ഷിക്കണം. നിങ്ങള്‍ക്ക് അറിയാവുനന്നത് പോലെ വസീം ഒരു കേസ് അന്വേഷിക്കാന്‍ ഇറങ്ങിയാല്‍ അയാള്‍ അത് തെളിയിക്കാന്‍ ഏതറ്റം വരെയും പോകും…ആ തമിഴന്മാര്‍ പിടിയിലായാല്‍ അവന്മാര്‍ അളിയന്റെ പേര് പറയാന്‍ പാടില്ല” എസ് പി പറഞ്ഞു.

“അക്കാര്യത്തില്‍ അളിയന്‍ പേടിക്കണ്ട..എനിക്ക് അവന്മാരെ അറിയില്ല..എല്ലാം എന്റെ ഒരു ഏജന്റ്റ് ആണ് ഇടപെടുത്തിയിരിക്കുന്നത്..അവനെയും അവര്‍ക്ക് നേരില്‍ അറിയില്ല..”

“ഗുഡ്..”

“അപ്പോള്‍ അളിയന്‍ പറഞ്ഞു വരുന്നത് ആ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുമാണ് അവന്റെ മരണത്തിനു പിന്നില്‍ എന്നാണോ?” പരമേശ്വരന്റെ സ്വരത്തിലെ മാറ്റം വര്‍മ്മ ശ്രദ്ധിച്ചു.

“അതാണ് പറഞ്ഞു വരുന്നത്. പ്രതികള്‍ എന്ന് ഞാന്‍ ഒന്നാമതായി സംശയിക്കുന്നത് ആ പെണ്‍കുട്ടിയുടെ സഹോദരന്‍ റോയി, അവന്റെ സുഹൃത്ത് ശിവന്‍ എന്നിവരെ ആണ്. അവര്‍ നേരിട്ടല്ല, മറ്റാരെയോ ഉപയോഗിച്ചാണ്‌ കൃത്യം നടത്തിയിരിക്കുന്നത് എന്ന് ഞാന്‍ സംശയിക്കുന്നു. അവന്മാര്‍ കൊലപാതക ശേഷം ഒളിവില്‍ പോകുകയും ചെയ്തതോടെ അവര്‍ക്കെതിരെ ഉള്ള എന്റെ സംശയം ബലപ്പെടുകയാണ്…” എസ് പി പറഞ്ഞു. പരമേശ്വരന്റെ മുഖം വലിഞ്ഞു മുറുകുന്നത് അയാള്‍ ശ്രദ്ധിച്ചു. .

“അവന്മാര്‍ ഒളിവിലാണോ?” പരമേശ്വരന്‍ പക കത്തുന്ന കണ്ണുകളോടെ ചോദിച്ചു.

“അതെ..ഈ സംഭവം നടന്ന ശേഷം അവന്മാരെ കണ്ടെത്താനായിട്ടില്ല.. ഇപ്പോള്‍ അതിലേക്കായി ഒരു സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടാണ് ഞാന്‍ എത്തിയരിക്കുന്നത്…”

“അവര്‍ ഒളിവില്‍ പോയിട്ടുണ്ട് എങ്കില്‍ ഇതിന്റെ പിന്നില്‍ അവര്‍ തന്നെയാണ് അങ്കിള്‍..” വര്‍മ്മയെ നോക്കി അങ്ങനെ പറഞ്ഞിട്ട് രാജ് അച്ഛനെ നോക്കി തുടര്‍ന്നു “അച്ഛനെന്ത്‌ തോന്നുന്നു?”

പരമേശ്വരന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു.

“അവന്മാരുടെ ഫോട്ടോയോ മറ്റു വിവരങ്ങളോ അളിയന്റെ പക്കലുണ്ടോ?” അയാള്‍ ചോദിച്ചു.

“ഉണ്ട്..പക്ഷെ നിങ്ങള്‍ അവരെ തിരയേണ്ട കാര്യമില്ല..പോലീസ് അവരെ കണ്ടെത്തിക്കോളും”

പരമേശ്വരന്റെ ചിന്ത മനസിലാക്കിയ എസ് പി പറഞ്ഞു. പരമേശ്വരന്റെ ചുണ്ടുകളില്‍ ക്രൂരമായ ഒരു ചിരി വിടരുന്നത് അയാള്‍ കണ്ടു.

“അളിയാ..മരിച്ചത് എന്റെ മകനാണ്…അളിയന് അവന്‍ അനന്തിരവന്‍ മാത്രമാണ്..അവനെ കൊന്നവന്‍ ആരായാലും..അവര്‍ എത്ര പേരുണ്ടെങ്കിലും ഒരുത്തനും രക്ഷപെടാന്‍ പോകുന്നില്ല..ഒരു നിയമത്തിനും അവന്മാരെ ഞാന്‍ വിട്ടുകൊടുക്കില്ല….അളിയന് അവരുടെ വിവരങ്ങള്‍ തരാമെങ്കില്‍ താ..ഇല്ലെങ്കില്‍ അതും ഞാന്‍ തന്നെ കണ്ടുപിടിച്ചോളാം” മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ച മട്ടില്‍ പരമേശ്വരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *