കാമ കാവടി – 5 1

“അവന്മാര്‍ ഒളിവിലാണോ?” പരമേശ്വരന്‍ പക കത്തുന്ന കണ്ണുകളോടെ ചോദിച്ചു.

“അതെ..ഈ സംഭവം നടന്ന ശേഷം അവന്മാരെ കണ്ടെത്താനായിട്ടില്ല.. ഇപ്പോള്‍ അതിലേക്കായി ഒരു സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടാണ് ഞാന്‍ എത്തിയരിക്കുന്നത്…”

“അവര്‍ ഒളിവില്‍ പോയിട്ടുണ്ട് എങ്കില്‍ ഇതിന്റെ പിന്നില്‍ അവര്‍ തന്നെയാണ് അങ്കിള്‍..” വര്‍മ്മയെ നോക്കി അങ്ങനെ പറഞ്ഞിട്ട് രാജ് അച്ഛനെ നോക്കി തുടര്‍ന്നു “അച്ഛനെന്ത്‌ തോന്നുന്നു?”

പരമേശ്വരന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു.

“അവന്മാരുടെ ഫോട്ടോയോ മറ്റു വിവരങ്ങളോ അളിയന്റെ പക്കലുണ്ടോ?” അയാള്‍ ചോദിച്ചു.

“ഉണ്ട്..പക്ഷെ നിങ്ങള്‍ അവരെ തിരയേണ്ട കാര്യമില്ല..പോലീസ് അവരെ കണ്ടെത്തിക്കോളും”

പരമേശ്വരന്റെ ചിന്ത മനസിലാക്കിയ എസ് പി പറഞ്ഞു. പരമേശ്വരന്റെ ചുണ്ടുകളില്‍ ക്രൂരമായ ഒരു ചിരി വിടരുന്നത് അയാള്‍ കണ്ടു.

“അളിയാ..മരിച്ചത് എന്റെ മകനാണ്…അളിയന് അവന്‍ അനന്തിരവന്‍ മാത്രമാണ്..അവനെ കൊന്നവന്‍ ആരായാലും..അവര്‍ എത്ര പേരുണ്ടെങ്കിലും ഒരുത്തനും രക്ഷപെടാന്‍ പോകുന്നില്ല..ഒരു നിയമത്തിനും അവന്മാരെ ഞാന്‍ വിട്ടുകൊടുക്കില്ല….അളിയന് അവരുടെ വിവരങ്ങള്‍ തരാമെങ്കില്‍ താ..ഇല്ലെങ്കില്‍ അതും ഞാന്‍ തന്നെ കണ്ടുപിടിച്ചോളാം” മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ച മട്ടില്‍ പരമേശ്വരന്‍ പറഞ്ഞു.

“ലുക്ക്..ഇവര്‍ രണ്ടുപേരും സംശയിക്കപ്പെടുന്നവര്‍ മാത്രമാണ്. അവരെ പിടികൂടി ചോദ്യം ചെയ്‌താല്‍ മാത്രമേ അവര്‍ പ്രതികള്‍ ആണോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കൂ. ഒപ്പം മറ്റു തെളിവുകളും വേണം. അതുകൊണ്ട് നിങ്ങള്‍ നിയമം കൈയില്‍ എടുക്കണ്ട…..”

“അളിയന്റെ സ്ക്വാഡ് അന്വേഷിച്ചോട്ടേ..ഒപ്പം എന്റെ ആളുകളും അവരുടെ രീതിയില്‍ അവന്മാരെ കണ്ടെത്താന്‍ ശ്രമിക്കും…നിങ്ങള്‍ക്കാണ് കിട്ടുന്നതെങ്കില്‍ അവരുടെ ഭാഗ്യം..അതല്ല ഞങ്ങളുടെ കൈയിലാണ് കിട്ടുന്നതെങ്കില്‍ ചോദ്യം ചെയ്യല്‍ ഞങ്ങളുടെ വക ആയിരിക്കും..”

“ഒകെ..അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ പോലീസിന്റെ കൈയില്‍ പെടാതെ സൂക്ഷിച്ചോളാന്‍ നിങ്ങളുടെ ആളുകളോട് പറയണം..എനിവേ, ഈ കേസ് അന്വേഷിക്കുന്ന വസീമിന് മേല്‍പ്പറഞ്ഞ രണ്ടുപേരെയും സംശയമില്ല എന്ന് കൂടി അളിയന്‍ ഓര്‍ക്കണം. അവര്‍ ഒരിക്കലും രാജീവിനെ കൊല്ലില്ല എന്നയാള്‍ക്ക് ഉറച്ച വിശ്വാസമാണ്. അത് തെറ്റാകാന്‍ സാധ്യത കുറവുമാണ്..” എസ് പി പറഞ്ഞു.

“അയാള്‍ അങ്ങനെ കരുതുന്നുണ്ടോ? അതിന്റെ കാരണം?” പരമേശ്വരന്‍ സംശയത്തോടെ ചോദിച്ചു.
“കാരണങ്ങള്‍ പലതുണ്ട്..പക്ഷെ ആദ്യം ഞങ്ങള്‍ക്ക് അവന്മാരെ പിടികിട്ടണം..പിന്നെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന കാര്യം പറയാനാണ് ഞാന്‍ രാവിലെ തന്നെ ഇങ്ങോട്ട് വന്നത്” എസ് പി പറഞ്ഞു. പരമേശ്വരനും രാജും അയാളെ ആകാംക്ഷയോടെ നോക്കി. ഒന്ന് മുരടനക്കി കണ്ഠശുദ്ധി വരുത്തിയ ശേഷം എസ് പി തുടര്‍ന്നു:

“അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ ഷാഫിയെ ചോദ്യം ചെയ്തിരുന്നു. അന്ന് ഹോട്ടലില്‍ രാജീവിന്റെ ഒപ്പം അവനും ഉണ്ടായിരുന്നല്ലോ..അന്ന് രാത്രി നിങ്ങളുടെ എക്സ് മരുമകന്‍ സുഭാഷ് അവിടെ ഉണ്ടായിരുന്നു എന്ന് ഷാഫി മൊഴി നല്‍കിയിട്ടുണ്ട്..അതായത് രമ്യയുടെ പഴയ ഭര്‍ത്താവ്…” എസ് പി അച്ഛനെയും മകനെയും നോക്കി പറഞ്ഞു. ഇരുവരുടെയും മുഖത്ത് ചെറിയ ഞെട്ടല്‍ വീഴുന്നത് എസ് പി കണ്ടു.

“അവനവിടെ ഉണ്ടായിരുന്നോ?” പരമേശ്വരന്‍ ചോദിച്ചു.

“ഉണ്ടായിരുന്നു എന്നാണ് ഷാഫി പറഞ്ഞത്..ഞങ്ങള്‍ അത് പരിശോധിച്ചു വരുകയാണ്…ഈ സുഭാഷ് ആളെങ്ങനെ? അവനു നിങ്ങളോട് ശത്രുത വല്ലതുമുണ്ടോ?”

പരമേശ്വരന്‍ സോഫയിലേക്ക് ചാരിയിരുന്നു. അയാള്‍ ചിന്തിക്കുകയാണ് എന്ന് എസ് പിക്ക് മനസിലായി. അല്‍പ സമയത്തിന് ശേഷം പരമേശ്വരന്‍ മൌനം ഭജ്ഞിച്ചു.

“ചില കുടുംബകാര്യങ്ങള്‍ മനപൂര്‍വ്വം അളിയനെ ഞാന്‍ അറിയിച്ചിട്ടില്ല..വേണ്ടെന്നു തോന്നിയതുകൊണ്ടാണ്..പക്ഷെ ഇനിയിപ്പോള്‍ അതൊക്കെ മറച്ചു വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല” അയാള്‍ പറഞ്ഞു. എസ് പി മറുപടി നല്‍കിയില്ല. അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനായി അദ്ദേഹം നിശബ്ദത പാലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *