കാമ കാവടി – 5

“താന്‍ ആണോടോ ജോസഫ്?’ ടോമിച്ചന്‍ ചോദിച്ചു.

“അതെ സാര്‍”

“തന്റെ മോന്‍ റോയി എവിടെ? വിളി അവനെ”

“അവനിവിടില്ല സര്‍..”

“എവിടെപ്പോയി?”

“അറിയില്ല സാര്‍..”

“ഭ കള്ളം പറയുന്നോടാ..ഹംസേ..കേറി നോക്കടോ അവന്‍ അകത്ത് ഒളിച്ചിരിപ്പുണ്ടോന്ന്….”

പോലീസുകാര്‍ ഉള്ളിലേക്ക് ചാടിക്കയറി. ഹംസ റീനയെ മനപ്പൂര്‍വ്വം മുട്ടിയുരുമ്മിയാണ് ഉള്ളിലേക്ക് പോയത്.

“അയ്യോ സാറേ സത്യമാണ് പറഞ്ഞത്..അവനിവിടില്ല..വീട്ടില്‍ പറയാതെ എങ്ങോ പോയതാണ്..ഞങ്ങള്‍ക്കറിയില്ല എവിടാണെന്ന്…” ജോസഫ് കൈകള്‍ കൂപ്പി പറഞ്ഞു.

“അതൊക്കെ വഴിയെ താന്‍ പറയുമടോ..തത്ത പറയുന്നത് പോലെ…” ടോമിച്ചന്‍ മുറുക്കാന്‍ ചണ്ടി വീട്ടുമുറ്റത്ത് തുപ്പി ഇട്ട ശേഷം അടുത്ത മുറുക്കാന്‍ കൂട്ട് എടുത്ത് വായിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.

“ഇവിടെ കാണുന്നില്ല സാറേ”
ഉള്ളിലേക്ക് പോയ പോലീസുകാര്‍ തിരികെ എത്തിയിട്ട് പറഞ്ഞു.

“ഉം..ഇങ്ങോട്ട് നീങ്ങി നില്‍ക്കടി…” ടോമിച്ചന്‍ റീനയെ നോക്കി ആജ്ഞാപിച്ചു. അവള്‍ ഭയന്നു വിറച്ച് നീങ്ങി നിന്നു.

“എന്താടീ നിന്റെ പേര്?”

“റീന”

“നിന്റെ ആങ്ങള എവിടെ പോകുവാണെന്ന് പറഞ്ഞിട്ടാ പോയത്?”

“എന്നോടൊന്നും പറഞ്ഞില്ല സര്‍..”

“തന്തേം മോളും നല്ല അഭിനയം..നിങ്ങള്‍ക്ക് അറിയാമോ തള്ളെ അവന്‍ എങ്ങോട്ടാ പോയതെന്ന്?” ടോമിച്ചന്‍ ഗ്രേസിയുടെ നേരെ തിരിഞ്ഞു.

“ഞങ്ങള്‍ക്ക് ആര്‍ക്കും അറിയത്തില്ല സാറേ…” അവള്‍ കൈകള്‍ കൂപ്പി.

“അവനെവിടെ ഒളിച്ചാലും ഞങ്ങള്‍ പൊക്കും..മര്യാദയ്ക്ക് ഉള്ള സത്യം ഇപ്പോള്‍ പറഞ്ഞാല്‍ അവന്റെയും നിങ്ങളുടെയും തടി കേടാകാതെ ഇരിക്കും..അതല്ല അഭാസ്യം കളിക്കാനാണ് പരിപാടി എങ്കില്‍ എല്ലാം വിവരമറിയും…ഞങ്ങള്‍ ഇനിയും വരും..” ടോമിച്ചന്‍ ഭീഷണിയോടെ അവരെ നോക്കി.

“ഈ കിഴവനെ സ്റ്റേഷനില്‍ കയറ്റി ഒന്ന് പണിഞ്ഞാല്‍ ചിലപ്പോള്‍ ഇവന്‍ സത്യം പറഞ്ഞേക്കും സര്‍” ഹംസ റീനയുടെ ശരീരത്തിലേക്ക് നോക്കിയാണ് അത് പറഞ്ഞത്.

“ഉം..മിക്കവാറും അത് വേണ്ടി വരും..വാ മറ്റവന്റെ വീട്ടില്‍ കൂടി ഒന്ന് പോയിട്ടാകാം ബാക്കി….” ടോമിച്ചന്‍ വണ്ടിയിലേക്ക് കയറുന്നതിനിടെ പറഞ്ഞു. വണ്ടി പടികടന്നു പോയപ്പോള്‍ ജോസഫ് തളര്‍ന്നു സോഫയില്‍ ഇരുന്നു.

“ദൈവമേ ഇനി എന്തോക്കെയകുമോ എന്തോ.എന്റെ മോന് യാതൊരു ദോഷവും വരുത്തല്ലേ എന്റെ കര്‍ത്താവേ..” ഗ്രേസി നെഞ്ചത്തടിച്ചു കൊണ്ട് പറഞ്ഞു.

മനസമാധാനം പൂര്‍ണ്ണമായി നഷ്ടപ്പെട്ട ആ കുടുംബം പേരിന് അല്‍പ്പം അത്താഴം കഴിച്ചിട്ട് കിടന്നു. ആര്‍ക്കും ഉറങ്ങാന്‍ സാധിച്ചില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന ജോസഫും ഗ്രേസിയും രാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കത്തിലേക്ക് വഴുതിവീണു. റീനയ്ക്ക് ഉറക്കം തീരെ വന്നില്ല. അവള്‍ താന്‍ കാരണം റോയിച്ചായന് നേരിട്ട പ്രശ്നങ്ങള്‍ ആലോചിച്ച് ഒരു സ്വസ്ഥതയും കിട്ടിയില്ല. രാജീവ് തന്നെ ശല്യപ്പെടുത്തിയത് ഇച്ചായനോട് പറയാന്‍ പോയതാണ് എല്ലാത്തിനും കാരണം; പറയേണ്ടിയിരുന്നില്ല. അവള്‍ ചിന്തിച്ചുകൊണ്ട് മുറിയില്‍ ഉലാത്തി.

പെട്ടെന്നവള്‍ വീടിനു പുറത്ത് ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടു ഞെട്ടി. റീന വേഗം മുറിയുടെ മൂലയിലേക്ക് മാറി ജനലിലൂടെ പുറത്തേക്ക് നോക്കി. ജനല്‍ അവള്‍ അടച്ചിരുന്നില്ല. ഇരുട്ടില്‍ ആരൊക്കെയോ നടക്കുന്നു! അവളുടെ ശരീരം വിയര്‍ത്തു. അവള്‍ അതിശക്തമായി മിടിക്കുന്ന ഹൃദയത്തോടെ ഭയന്നു വിറച്ച് നോക്കി.

“അതെ..ഇതാണ് അവളുടെ മുറി..” ആരോ അടക്കിപ്പിടിച്ച സ്വരത്തില്‍ പറയുന്നു. റീന നടുങ്ങി. തന്നെത്തേടി ആരോ വന്നിരിക്കുന്നു. നിലവിളിക്കാന്‍ പോലും സാധിക്കാതെ അവള്‍ നിന്നു വിയര്‍ത്തു. ജനലിനു സമീപം ആരോ നില്‍ക്കുന്നത് അവള്‍ കണ്ടു.

“ഇങ്ങു താടാ അത്” അടക്കിപ്പിടിച്ച സ്വരം. പെട്ടെന്ന് എന്തോ ഒരു വസ്തു തന്റെ കട്ടിലില്‍ വന്നു വീണത് റീന അറിഞ്ഞു. ഒപ്പം ഓടിയകലുന്ന കാലൊച്ചകളും അവള്‍ കേട്ടു. എന്തോ രൂക്ഷമായ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി. റീന ബോധരഹിതയായി കുഴഞ്ഞു വീണു.

എസ് ഐ വസീമിന്റെ മുറിയില്‍ ഭയചകിതനായി ജോസഫും ഒപ്പം റീനയും ഉണ്ടായിരുന്നു. അവരെഴുതി നല്‍കിയ പരാതി വസീം വായിച്ചു നോക്കിയിട്ട് തല ഉയര്‍ത്തി.

“ദൈവാധീനം കൊണ്ട് ആപത്ത് ഒന്നും സംഭവിച്ചില്ലല്ലോ…താങ്ക് ഗോഡ്…ജനലിനരുകില്‍ എത്തിയ ആരെ എങ്കിലും അല്‍പമായിട്ടെങ്കിലും തിരിച്ചറിയാന്‍ സാധിക്കുമോ റീനയ്ക്ക്?” അദ്ദേഹം ചോദിച്ചു.

“ഇല്ല സര്‍..ഇരുട്ടില്‍ ആരെയും തിരിച്ചറിയാന്‍ സാധിച്ചില്ല..ആസിഡ് വീണ് എന്റെ കട്ടിലിന്റെ ഒരു ഭാഗം കരിഞ്ഞപ്പോള്‍ ഉണ്ടായ രൂക്ഷഗന്ധം ശ്വസിച്ച് എനിക്ക് ബോധം നഷ്ടമായിപ്പോയിരുന്നു..നിലവിളിക്കാന്‍ കൂടി സാധിച്ചില്ല..” അവള്‍ ഭീതിയോടെ പറഞ്ഞു.

“സാര്‍..ഞാനും എന്റെ കുടുംബവും എന്ത് ദ്രോഹം ചെയ്തിട്ടാണ് ഞങ്ങള്‍ക്കെതിരെ ഇതെല്ലാം സംഭവിക്കുന്നത്? എന്റെ മോള്‍ ഭാഗ്യം കൊണ്ട് മാത്രമല്ലേ സാര്‍ രക്ഷപെട്ടത്..ഇല്ലായിരുന്നെങ്കില്‍….എനിക്കത് ഓര്‍ക്കുമ്പോള്‍ത്തന്നെ ശരീരം തളരുന്നു..” ജോസഫ് കടുത്ത ഭയത്തോടെ പറഞ്ഞു.

“നിങ്ങള്‍ക്ക് പിന്നാലെ ആരോ ഉണ്ട്…..റീന സൂക്ഷിക്കണം. വീട്ടിലായിരിക്കുന്ന സമയത്ത് മാത്രമല്ല..കോളജില്‍ പോകുമ്പോഴും വരുമ്പോഴും എല്ലാം ചുറ്റും ഒരു കണ്ണ് വേണം. സംശയകരമായി ആരെങ്കിലും സമീപത്തേക്ക് വന്നാല്‍ മാറിക്കളയണം. ഞാന്‍ അന്വേഷിക്കാം… പക്ഷെ ആരാകാം ഇതിന്റെ പിന്നിലെന്ന് എനിക്ക് ഊഹിക്കാന്‍ പോലും പറ്റുന്നില്ല….” വസീം ആലോചനയോടെ പറഞ്ഞു.

“എനിക്കാകെ ഭയം തോന്നുന്നു സര്‍..വീട്ടിലും റോഡിലും സുരക്ഷയില്ലാത്ത ഈ അവസ്ഥയില്‍ ഇച്ചായനും ഞങ്ങള്‍ക്കൊപ്പമില്ല…” റീന തന്റെ ഭീതി മറച്ചു വച്ചില്ല.

“അതെ സാറേ..എന്റെ മോന്‍ എവിടെയാണ് എന്ന് എനിക്കോ ഇവള്‍ക്കോ ഇവരുടെ അമ്മയ്ക്കോ അറിയില്ല..അവന്റെ കാര്യത്തില്‍ ആധിയിലാണ് ഞങ്ങള്‍ മൂവരും.. ഇന്നലെ രാത്രി ഇവിടെ നിന്നും മറ്റൊരു സാറും കുറെ പോലീസുകാരും എത്തി അതിന്റെ പേരില്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്..ഞങ്ങള്‍ക്ക് മനസറിവില്ലാത്ത കാര്യത്തില്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ് സര്‍..ഞാനും ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്..നാളിതുവരെ യാതൊരു തെറ്റും അറിഞ്ഞുകൊണ്ട് ചെയ്തിട്ടില്ല….ഞങ്ങളുടെ ജീവിതം നരകതുല്യമായി മാറിയിരിക്കുകയാണ് യാതൊരു തെറ്റും ചെയ്യാതെ…..” ജോസാഫിന്റെ വാക്കുകള്‍ വസീമിനെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു.

“നിങ്ങള്‍ പേടിക്കാതെ..ഇനി മോന്റെ പേര് പറഞ്ഞു പോലീസ് നിങ്ങളെ ശല്യപ്പെടുത്തില്ല. റീന ജനല്‍ അടച്ചിട്ടെ ഉറങ്ങാവൂ…ഞങ്ങള്‍ പ്രതിയെ കണ്ടെത്തുന്നത് വരെ സൂക്ഷിച്ചേ പറ്റൂ..തല്‍ക്കാലം അതെ വഴിയുള്ളൂ….”

Leave a Reply

Your email address will not be published. Required fields are marked *