ഗീതാഗോവിന്ദം – 1

“എങ്കിലേ കുട്ടൂസെണീറ്റെ….. നമ്മുക്ക് മാമുണ്ണാം……”
ഇത്തവണ ഗീതുവാണ് അവനെ ആഹാരം കഴിക്കാൻ ക്ഷണിച്ചത് ……
അഞ്ച് മാസത്തെ ഡിപ്രഷനൊക്കെ ഇത്ര പെട്ടെന്ന് മാറുമോ…. എത്ര പെട്ടെന്നാണിവൾ പഴയ ഗീതുവായത് …..ഇനി ഇവൾ അഭിനയിക്കുന്നതാകുമോ എന്റെ സങ്കടം കണ്ട് …… ഒന്നും ഉറപ്പിക്കാറായിട്ടില്ല… ഗീതുവിന്റെ ഈ സ്വഭാവവും എപ്പൊ വേണേലും മാറാം…… മൂഡ് ചെയ്ജ് പണ്ടേ അവൾക്കുള്ളതാ, അതിനിടയിലാണ് ഈ ദുരന്തവും കൂടെ വന്നത് കൂനിൻമേൽ കുരു പോലെ ……..എന്തായാലും കൗൺസിലിംഗിന് പോവാൻ ഇവൾ സമ്മതിച്ചല്ലൊ… അതുമതി….. അഥവാ ഇത് എന്നെ സങ്കടപ്പെടുത്താതിരിക്കാനുള്ള അഭിനയ മായാൽ പോലും കൃത്യമായ തെറാപ്പിയിലൂടെ പഴയ ഗീതുവിനെ എന്നെന്നേയ്ക്കുമായി എനിക്ക് തിരികെ കൊണ്ട് വരാൻ സാധിക്കും…….

“അങ്ങിട് എണീക്യാ ……..” എന്റെ കൈകളിൽ പിടിച്ച് വലിച്ച് ഗീതുവിന്റെ കുസൃതി …..

അതേ സമയം വലിയൊരു ഭാരമിറക്കി വച്ച അനുഭൂതിയായിരുന്നു ഗീതുവിന് ….. അന്ധകാരത്തിന്റെ തടങ്കലിൽ നിന്നും മോചിതയായ പോലെ തോന്നി അവൾക്ക് ….. കഴിഞ്ഞ ഏതാനും മാസങ്ങൾ അവൾക്കൊരു ദുസ്വപ്നം പോലെ തോന്നി…… വിഷാദത്തിന്റെ മൂർധന്യാവസ്ഥയിലായിരുന്നു താൻ ചെയ്യണതെന്താണെന്നോ പറയുന്നതെന്താണെന്നോ അറിയാത്ത അവസ്ഥ … പാവം അന്നേരം താൻ ഗോവിന്ദേട്ടനെ ഒരുപാട് വിഷമിപ്പിച്ചു കാണും…… ഇനിയും ആ അവസ്ഥ തിരികെ വരുമോ എന്നറിയില്ല…. ഇപ്പൊ മനസ്സ് ശാന്തമാണ്… അങ്ങനെ ഇനി ഉണ്ടാവുമോ എന്ന് ഭയന്ന് അതോർക്കാതിരിക്കാൻ വല്ലാണ്ട് പരിശ്രമിച്ചു…. ഇനി ആ അവസ്ഥ തിരികെ വന്നാലും ഞാനൊരിക്കലും ഏട്ടനെ അറിയിക്കില്ല , സങ്കടപ്പെടുത്തില്ല..എല്ലാം എന്റെ ഉള്ളിലൊതുക്കും ഏട്ടൻ എന്നെ നോക്കിയ
പോലെ ……
ബ്രഡിൽ ബട്ടർ തേച്ച് ഏട്ടൻ തന്റെ വായിൽ വച്ചു തന്നപ്പോൾ ഗീതു ദൃഡനിശ്‌ചയമെടുത്തു……..

അഞ്ച് മാസങ്ങൾക്ക് മുമ്പാണ് സ്വസ്ഥവും സന്തുഷ്ടവുമായിരുന്ന ഞങ്ങളുടെ കൊച്ചു കുടുംബത്തെ പിടിച്ചുലച്ച ആ സംഭവമുണ്ടായത്……. അത് പറയുന്നതിന് മുമ്പ് ഞാൻ എന്നെ പരിചയപ്പെടുത്താം
എന്റെ പേര് ഗോവിന്ദ് …… ഇത് എന്റെ കഥയാണ് …. അല്ലാ… എന്റെയും എന്റെ പ്രിയ പത്നിയായ ഗീതുവിന്റെയും കഥ…..
“ഗീതാഗോവിന്ദം ”
ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചത് എല്ലാവരെയും പോലെ ഒരു സാധാരണ ജീവിത ശൈലി തന്നെയായിരുന്നു എന്റേതും …… എന്നു വച്ചാൽ SSLC യിൽ ഡിസ്റ്റിൻഗ്‌ഷൻ വാങ്ങിയും പ്ലസ് റ്റു ഫുൾ A+ വാങ്ങിയും ജീവിതം എൻജോയ് ചെയ്ത് പഠിക്കാൻ ഡിഗ്രിയെടുത്ത് കുറെ സപ്ലിയടിച്ച് മുടിഞ്ഞ് വീട്ടിലും നാട്ടിലും പരിഹാസപാത്രമായി മാറിയ ഒരു സാധാരണക്കാരൻ ….. തിരിഞ്ഞ് നോക്കുമ്പോൾ നമ്മുക്കെല്ലാവർക്കും തോന്നും ഡിഗ്രിയൊക്കെ നമ്മുക്കെഴുതിയെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളു എന്ന് …. എന്നാലും നമ്മൾ സപ്ലിയടിക്കും അത് നമ്മൾ ആൺപിള്ളാരുടെ ജന്മകാശമാണ് ….. ഡിഗ്രി കഴിഞ്ഞ് ഒന്നിനും പോകാനവാതെ വീട്ടിലിരിക്കുന്ന ഒരു ഘട്ടമുണ്ടല്ലോ, അപ്പോൾ നമ്മുക്ക് ഈ സപ്ലി യൊക്കെ ഒരു ശാപമായി തോന്നും….. അത് കഴിഞ്ഞ് ജീവിതത്തിലെ അടുത്ത ഫേസ് വരും…. അതിനെ ഞാൻ പരിഹാസ് ഘട്ട് എന്നാണ് വിളിക്കുന്നത്…. കുറച്ച് നാൾ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ വീട്ടുക്കാരും നാട്ടുക്കാരും പരിഹസിക്കുന്ന ഘട്ടം …. കണ്ടാലറിയാത്ത അമ്മാവന്മാരു പോലും ജോലി ഒന്നുമായില്ലേ മക്കളെ എന്ന് ചോദിക്കുന്ന ഘട്ടം …. ഈ ചോദ്യം ചോദിക്കാൻ വേണ്ടി മാത്രമാണ് ഇവന്മാരെ ഒക്കെ ദൈവം ഇങ്ങോട്ട് കേറ്റി വിട്ടതെന്ന് തോന്നി പോവും….. അങ്ങനെയും കുറച്ച് വർഷങ്ങൾ കടന്ന് പോവും … അല്ലറ ചില്ലറ ജോലി ഒക്കെ ചെയ്ത് കൂട്ടുകാരോടൊത്ത് ചെറിയ ട്രിപ്പൊക്കെ നടത്തി അങ്ങ് കഴിയും …. അതിന് ശേഷമാണ് നീന്തൽ ഘട്ട് വരുന്നത് ….. ജോലിക്ക് പോകാനാവാതെ വയസ്സായ അച്ഛൻ , രോഗങ്ങളുടെ നിഘണ്ടു ആയി മാറുന്ന അമ്മ, പട്ടിണിയും പരിവട്ടവുമായി നീന്തുന്ന ഘട്ടം…. ഇവിടെ മുമ്പത്തെ പോലെ ഒഴുക്കിനൊത്ത് പോവാനാവില്ല ഒഴുക്കിനെതിരെ നീന്തണം … ഈ സമയത്ത് ജീവിതത്തിൽ നമ്മളൊരുപാട് നീന്തും… തനിച്ചാവും …. നമ്മൾ വിചാരിക്കും നമ്മുടെ ഈ അവസ്ഥയ്ക്ക് കാരണം നമ്മുടെ സാമ്പത്തികസ്ഥിതിയാണെന്ന് രോഗങ്ങളാണെന്ന് …. പക്ഷെ ഇതിന് പുറകിൽ നമ്മുടെ ഗവൺമെന്റിന് ഒരുപാട് പങ്ക് ഉണ്ട് കേട്ടോ….പിന്നെ തിരിച്ചറിവിന്റെ കാലമാണ് …. പെണ്ണല്ല , ചങ്കല്ല പണമാണ് വലുതെന്ന തിരിച്ചറിവ്…. അങ്ങനെ എനിക്ക് തിരിച്ചറിവുണ്ടായ സമയത്താണ് ഞാൻ മനസ്സിരുത്തി പഠിക്കാൻ ശ്രമിച്ചത് …. പലടത്തും തോറ്റുപോയേന്റെ വാശി ഞാൻ തീർത്തത് പഠിത്തതിലാണ് … അതിന്റെ ഫലമായി റാങ്ക് ലിസ്റ്റിൽ വരുകയും എന്റെ 25-ാം വയസ്സിൽ എനിക്ക് ജോലി ലഭിക്കുകയും ചെയ്തു….. സത്യം പറയാമല്ലോ ജോലി കിട്ടിയപ്പോഴാണ് ലൈഫ് ഒന്ന് സെറ്റിലായത്, അമ്മേനെ ചികിത്സിക്കാനായി വണ്ടി വാങ്ങാനായി ആഗ്രഹങൾ പലതും സാധിച്ചു. ഫിനാൻഷ്യലി സ്റ്റേബിൾ
എന്ന വാക്കിന്റെ അർത്ഥവും സുഖവുമൊക്കെ അന്നാണ് ഞാൻ ശരിക്കും മനസിലാക്കിയത്…..പിന്നെ വീട്ടിൽ ഒരാഘോഷം തന്നെയായിരുന്നു എന്ന് വേണം പറയാൻ , അതിലൊന്നായിരുന്നു എന്റെ കല്യാണവും…… ജോലി കിട്ടിയതിന് ശേഷം തന്നെ വീട്ടുക്കാർ കല്യാണ ലോചനകൾ തുടങ്ങി ….. ജോലി ആയില്ലേ എന്ന് ചോദിച്ചിരുന്ന K7 മാമൻ മാരൊക്കെ ഇപ്പൊ കല്യാണമൊന്നു ആയില്ലേ മക്കളെ എന്നായി….

സത്യം പറഞ്ഞാൽ ജോലി കിട്ടിയ ഉടനെ ഒരു കല്യാണം ഞാനാഗ്രഹിച്ചിരുന്നില്ല….. കാശൊക്കെ സ്വന്തമായി ഇച്ചിരി ദൂർത്തടിക്കാനും ഇച്ചിരി വലിയ ട്രിപ്പ് പോവാനുമൊക്കെ ആർന്ന് പ്ലാൻ അതൊക്കെ ഈ പെണ്ണ് കെട്ടി കഴിഞ്ഞാൽ സാധിക്കില്ലെന്നെ ……പിന്നെ അച്ഛനുമമ്മയ്ക്കുമായിരുന്നു ധൃതി…. അവരെവിടെയോ പോകും പോലെ……

രണ്ട് മൂന്ന് പെണ്ണ് കാണലൊക്കെ കഴിഞ്ഞു …എല്ലാം പല കാരണങ്ങളും കൊണ്ട് മുടങ്ങിയതാണ് ……. എന്റെ നാലാമത്തെ ആലോചനയായിരുന്നു ഗീതു….. എനിക്കിപ്പോഴുമോർമ്മയുണ്ട് അന്ന് പെണ്ണ് കാണലിന് അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് കയറിയതും ഓടിട്ട വീട്ടിലെ ജനാല പഴുതിലൂടെ എന്നെ നോക്കിയ ആ മിഴികൾ …..ഞാൻ നോക്കിയതും വലിഞ്ഞ് കളഞ്ഞു പുള്ളിക്കാരത്തി …….. അടുക്കും ചിട്ടയിലും പരിപാലിച്ചിരുന്ന ഒരു പുന്തോട്ടവും നടവഴിയിൽ കെട്ടിയിട്ടിരുന്ന ഒരു ആട്ടിൻ കുട്ടിയെയും ഒക്കെ പിന്നിട്ട് വരാന്തയിലേക്ക് എത്തിയപ്പോൾ ഞങ്ങളെ സ്വീകരിച്ചത് ഗീതുവിന്റെ അച്ഛനായിരുന്നു…. ഒരു പാവം മനുഷ്യൻ, വാ മക്കളേ എന്ന് പറഞ്ഞ് അകത്ത് നിന്ന് ഓടി വന്ന് സ്നേഹത്തോടെ ഉള്ളിലെ ആ പഴയ സോഫയിൽ എന്നെ ഇരുത്തുന്നത് വരെയും ആ അമ്മയ്ക്ക് സ്വസ്തത ഉണ്ടായിരുന്നില്ലാന്ന് എനിക്ക് തോന്നി…. ഭാവി അമ്മായി അച്ചനെയും അമ്മയെയും ആ നിമിഷത്തിൽ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു…. പക്ഷെ പെണ്ണിനെ ഇഷ്ടപ്പെടണ്ടേ …. അല്ലാതെ ഇവരെ കെട്ടി കൊണ്ട് പോവാനൊക്കുവോ …..അങ്ങനെ ഞാൻ ഗീതൂനെ കാത്തിരുന്നു…. വൈകാതെ തന്നെ അവളെത്തി…. ഒരു ഹാഫ് സാരിയായിരുന്നു വേഷം, കടു നീല നിറത്തിൽ ഡിസൈനുള്ളത്…. സ്വർണ്ണ നിറത്തിൽ എമ്പ്രോയിഡറി നിറച്ച ബ്ലൗസ്സ് ….. നീട്ടി കരി എഴുതിയ മിഴികൾ മെല്ലിച്ച ശരീരം….. ചായ തന്നപ്പോൾ ആ തത്തമ്മ ചുണ്ടുകളും ഞാൻ ശ്രദ്ധിച്ചു…. ഗീതുവിന് അവളുടെ അമ്മയുടെ ഛായയാണെന്നെനിക് തോന്നി…..എന്തോ ഒരു ചൈതന്യം അന്ന് ഗീതുവിലെനിക്ക് അനുഭവപ്പെട്ടിരുന്നു…. ആ നിമിഷം ഞാനുറപ്പിച്ചു ഇവളായിരിക്കണമെന്റെ നേർപകുതിയെന്ന് …. അത് നമ്മള് മാത്രം തീരുമാനിച്ചാൽ പോരല്ലോ… അവർക്ക് കൂടെ ഇഷ്ടാവണ്ടേ…. അന്ന് അവൾ സാരീടെ തുമ്പ് പിടിച്ച് കളിച്ചോണ്ട് നിന്നതല്ലാതെ എന്നോട് പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല… ഔപചാരികതയെല്ലാം അങ്ങനെ തീർന്നു…..

Leave a Reply

Your email address will not be published. Required fields are marked *