തുളസിദളം – 3 1അടിപൊളി  

നന്ദൻ മനസ്സിലുറപ്പിച്ചു,

അപ്പോൾ സാബുവും ശ്യാമയും മുറിയിലേക്ക് വന്നു,

കട്ടിലിൽ കിടക്കുകയായിരുന്ന നന്ദൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു, രണ്ടുപേരും അവനിരുവശത്തായി ഇരുന്നു, കുറേ നേരം ആരുമൊന്നും മിണ്ടിയില്ല,

“നന്ദൂട്ടാ…”

സാബു വാത്സല്യത്തോടെ വിളിച്ചു,

“നീയെന്ത് തീരുമാനിച്ചു…???”

നന്ദൻ ഒന്നും മിണ്ടിയില്ല

“മോനാറിയാലോ… നീയെന്ത് തീരുമാനിച്ചാലും നിന്നോടൊപ്പം ഈ ഞാനുണ്ടാകും… മോൻ പറ ഇനീം വൃന്ദയെതന്നെ വേണമെന്നാണേൽ അച്ഛൻ നടത്തിത്തരും ഈ കല്യാണം, ജാതകോ ഒന്നും ഞാൻ പ്രശ്നമാക്കുന്നില്ല, കാരണം എനിക്കെന്റെ നന്ദൂട്ടന്റെ സന്തോഷമാണ് വലുത്…”

“വേണ്ടച്ഛാ…എനിക്ക് വൃന്ദയെ വേണ്ട…എനിക്ക് വലുത് നിങ്ങള് രണ്ടുപേരുമാ… നിങ്ങളുടെയെല്ലാം സന്തോഷം കെടുത്തിയിട്ട് എനിക്ക് അവളെ വേണ്ട…”

നന്ദൻ സാബുവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു.

“ഏയ്…ഞങ്ങൾക്ക് സന്തോഷം തന്നെയാടാ മോന്റെ ഇഷ്ടം നടക്കട്ടെ, അല്ലേ ശ്യാമേ…”

സാബു ശ്യാമയോട് ചോദിച്ചു, ശ്യാമ അതിനു ഒരു മങ്ങിയ ചിരി ചിരിച്ചു…

നന്ദൻ രണ്ടുപേരെയും ചേർത്തുപിടിച്ചു.

“ഈ നന്ദൂട്ടന്റെ ഏറ്റവും വലിയ ഭാഗ്യമെന്താണെന്നോ…?? നിങ്ങൾ രണ്ടുപേരുമാ അത്, നമുക്ക് നമ്മൾ മാത്രം മതി…ഇനി എനിക്ക് കല്യാണം കഴിക്കാൻ തോന്നുമ്പോ നിങ്ങൾ ഒരു സുന്ദരിപ്പെണ്ണിനെ കണ്ടുപിടിച്ചു തന്നാൽ മതി, ഞാം കെട്ടിക്കോളാം,,,”

നന്ദൻ രണ്ടുപേർക്കും ഓരോ ഉമ്മ കൊടുത്തു അവർ തിരിച്ചും

“നോക്കിക്കോ എന്റെ നന്ദൂട്ടന് ഞാൻ അവളെക്കാളും സുന്ദരിയായ ഒരു പെണ്ണിനെതന്നെ കണ്ടുപിടിക്കും…”

ശ്യാമ വാശിയോടെ പറഞ്ഞു,

“എന്നാ എന്റെ നന്ദൂട്ടന്റെ കല്യാണം ഈ നാട് ഇന്നുവരെ കാണാത്തത്ര ഗംഭീരമായി ഞാൻ നടത്തും… നോക്കിക്കോ…”

സാബുവും അതേറ്റുപിടിച്ചു

അതെല്ലാം കേട്ട് നന്ദൻ പുഞ്ചിരിയോടെ ഇരുന്നു,

“ആഹാ…എന്നാ കല്യാണക്കമ്മറ്റിക്കാര് ചെന്നാട്ടെ…എനിക്ക് കുറച്ചു എഴുതാനും മറ്റുമുണ്ട്…”

നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു

രണ്ടുപേരും നിറഞ്ഞ പുഞ്ചിരിയോടെ റൂമിൽ നിന്നും പുറത്തിറങ്ങി, നന്ദൻ തന്റെ മിഴിയിലൂറിയ കണ്ണുനീർ പുറംകൈകൊണ്ട് തുടച്ചു,

••❀••

തിരക്കെല്ലാം കഴിഞ്ഞ് വിശ്വനാഥൻ വളരെ വൈകിയാണ് വീട്ടിലെത്തുന്നത്, അതുകൊണ്ട് സീതാലക്ഷ്മിയ്ക്ക് രുദ്ര് പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹത്തോട് പറയാൻ ഇത് വരെ കഴിഞ്ഞിരുന്നില്ല, അന്ന് രാത്രി വിശ്വനാഥൻ നേരത്തേ എത്തി,

കുളിച്ചു ന്യൂസ്‌ കണ്ടുകൊണ്ടിരുന്നപ്പോൾ സീതാലക്ഷ്മി, കാര്യം അവതരിപ്പിച്ചു

മാധവനും അപ്പൊ അവിടുണ്ടായിരുന്നു

“എന്നിട്ട് അവനെന്താ എന്നോട് നേരിട്ട് പറയാഞ്ഞേ…??”

വിശ്വനാഥൻ ചോദിച്ചു

“എങ്ങനെ പറയും അന്നത്തെ ആ കമ്പനി പ്രശ്നത്തിന് ശേഷം നീയവനോട് സ്നേഹത്തോടെ ഒരു വാക്ക് മിണ്ടിയിട്ടുണ്ടോ…??

അന്ന് ചുമതലകൾ ഏൽപ്പിക്കുന്ന കാര്യം അവനോട് പറഞ്ഞപ്പോഴും അതിലുമൊരു കുറ്റപ്പെടുത്തലുണ്ടായിരുന്നു, നിനക്കറിയാലോ അന്നത്തെ ആ പ്രശ്നത്തിന് ശേഷം അവന്റെ അവസ്ഥ… അതിൽനിന്നും നമ്മളെന്തുപാടുപെട്ടാ അവനെ ഇന്നത്തെ അവസ്ഥയിലെങ്കിലും കൊണ്ടുവന്നതെന്ന് നിനക്കറിയാലോ…

നീ വീട്ടിലും കർക്കശക്കരനാവാതെ സ്നേഹമുള്ള ഒരച്ഛനായി അവനോട് സംസാരിക്ക്…”

മാധവൻ അയാളോട് പറഞ്ഞു

“ഞാനെന്തെങ്കിലും അവനോട് പറഞ്ഞിട്ടുണ്ടെങ്കി, അതവനോടുള്ള ദേഷ്യം കൊണ്ടാണോ…? എല്ലാരും അങ്ങനാണോ എന്നെ കരുതി വച്ചിരിക്കുന്നത്… അവനെ എന്നെക്കാളും വലിയ ഒരു സ്ഥാനത്തു കാണാൻ വേണ്ടിയാ ഞാൻ അങ്ങനൊക്കെ പെരുമാറുന്നേ…”

വിശ്വനാഥന്റെ ശബ്ദം ഒന്നിടറി…

“അറിയാടാ… ഞങ്ങൾക്കത് മനസ്സിലാകും, പക്ഷേ സ്നേഹം മനസ്സിൽ വച്ചോണ്ടിരുന്നിട്ടെന്തിനാ… അവന് നിന്റെ മാത്രമല്ലല്ലോ വരലക്ഷ്മീടേം സ്വഭാവം കിട്ടില്ലേ, അതാ അവനെല്ലാരേം കണ്ണുമടച്ചു വിശ്വസിക്കുന്നെ… നീ ചെന്ന് അവനോട് നല്ല രണ്ട് വാക്ക് സംസാരിക്ക്… ”

വിശ്വനാഥന്റെ തോളിൽ കൈവച്ചുകൊണ്ട് മാധവൻ പറഞ്ഞു

“മ്…”

വിശ്വനാഥൻ എഴുന്നേറ്റ് രുദ്രിന്റെ മുറിയിലേക്ക് നടന്നു, സീതാലക്ഷ്മി നെഞ്ചിൽ കൈവച്ചു പ്രാർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *