തുളസിദളം – 6അടിപൊളി  

വൃന്ദ ഒന്ന് ഞെട്ടി നെഞ്ചിൽ കൈ വച്ചു

“എന്റെ കാവിലമ്മേ… കള്ളുകുടിച്ചോ…?”

അവൾ വേവലാതിയോടെ ചോദിച്ചു

“ആം… കൊറച്ചു മോര് കൊടുത്തില്ലെങ്കിൽ അവൻ നാട്ടുകാരെയെല്ലാം വിളിച്ചുണർത്തും… ആകെ നാശമാക്കും…”

ഭൈരവ് പറഞ്ഞു

“തൈരിരിപ്പുണ്ട്… ഞാനത് മോരാക്കി തരാം…”

വൃന്ദ പെട്ടെന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു

“എന്നാ മോള് അതുംകൊണ്ട് കുളത്തിനടുത്തേക്ക് വരാമോ…? ഞാനങ്ങോട്ടു ചെല്ലട്ടെ അല്ലേൽ അവൻ നാണംകെടുത്തും…”

അവൾ ഒന്ന് മൂളി

ഭൈരവ് തിരികെ ചെല്ലുമ്പോൾ രുദ്ര് ബാക്കിയുണ്ടായിരുന്നത് കുപ്പിയോടെ വായിലേക്ക് കമിഴ്ത്തുകയായിരുന്നു, ഭൈരവ് ഓടിച്ചെന്ന് ആ കുപ്പി പിടിച്ചു വാങ്ങി

“മതി വിഴുങ്ങിയത്…”

“വിട്രാ പുല്ലേ… എനിക്കിനീം കുടിക്കണം, നീപോയൊരു കുപ്പീടെ കൊണ്ടുവാ…”

“കുപ്പിയല്ല… നിനക്ക് അൺ… (ഒന്ന് നിർത്തിയിട്ട്) എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട…”

കുറച്ചുനേരം അവർ ഒന്നും മിണ്ടാതെയിരുന്നു

“എനിക്കവളെ വേണോടാ… അവളില്ലേ ഈ രുദ്ര് പൂർണ്ണനല്ലടാ…? എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവളാണെടാ അവൾ… എന്റെ സ്വപ്നങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചവളാടാ അവൾ… മറക്കാൻ പറ്റുന്നില്ലെടാ… അവളെന്റെയാടാ… എന്റെ മാത്രം… ഈ രുദ്രിനായി പിറന്നവൾ…”

രുദ്ര് കുഴയുന്ന നാവോടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

“നീയൊരു കാര്യം ചെയ്യ്… ഇവിടുത്തെ കാവിലമ്മയോട് പറ, ഉണ്ണിമോളുടെ ഏറ്റവും അടുത്ത ആളാണ് ദേവടം കാവിലമ്മ…”

ഭൈരവ് അവനെ ചേർത്തുപിടിച്ച് പറഞ്ഞു

“ശരിയാടാ… ഇനി കാവിലമ്മയ്ക്ക് മാത്രേ എന്നെ സഹായിക്കാൻ കഴിയൂ…”

അവൻ എന്തോ ആലോചിക്കുന്നപോലിരുന്ന് പറഞ്ഞു

“എന്റെ കാവിലമ്മേ… എന്നോടല്പം കരുണ കാണിക്കൂ… അവളെ എനിക്ക് തരൂ, എന്റെ അവസാന ശ്വാസം വരെ ഞാനവളെ പൊന്ന് പോലെ നോക്കിക്കൊള്ളാം… ഞാനവളെ അത്രക്കിഷ്ടപ്പെട്ടുപോയി… അവളില്ലാതെ എനിക്കൊരു ജീവിതമില്ല…”

രുദ്ര് വിളിച്ചു പറഞ്ഞു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

ഭൈരവിന് അതുകണ്ട് വല്ലാത്ത വിഷമം തോന്നി

“ദേ.. നോക്കടാ… കാവിലമ്മ… എന്റെ പ്രാർത്ഥനകേട്ട് കാവിലമ്മ വന്നടാ… നോക്ക്…”

രുദ്ര് ഭൈരവിന്റെ പിറകിലേക്ക് നോക്കി ഉത്സാഹത്തോടെ വിളിച്ചു പറഞ്ഞു

ഭൈരവ് തിരിഞ്ഞു നോക്കി, കണ്ണ് നിറച്ചുകൊണ്ട് വൃന്ദ കയ്യിലൊരു മൊന്തയുമായി രുദ്രിനെതന്നെ നോക്കി നിൽക്കുന്നു, പറഞ്ഞതെല്ലാം അവൾ കെട്ടിട്ടുണ്ടെന്ന് ഉറപ്പ്

രുദ്ര് അവൾക്കരികിലേക്ക് ചെന്നു കാലിടറി വീഴാൻ പോയതും വൃന്ദ അവനെ താങ്ങിപ്പിടിച്ചു പടിയിലിരുത്തി തൊട്ടടുത്തായി അവളുമിരുന്നു,

“എന്റെ കാവിലമ്മേ… അമ്മതന്നെ എനിക്കൊരു വഴി പറഞ്ഞതാ…”

രുദ്ര് വൃന്ദയുടെ കൈ പിടിച്ച്കൊണ്ട് പറഞ്ഞു, വൃന്ദ കൈ വലിച്ചെങ്കിലും അവൻ വിട്ടില്ല, അവൾ ദയനീയമായി ഭൈരവിനെ നോക്കി, ഭൈരവ് സാരമില്ലെന്ന് കണ്ണ് കാണിച്ചു,

രുദ്ര് അവളുടെ കൈ അവന്റെ മുഖത്തേക്കടിപ്പിച്ചു,

“ഇന്ന് കാവിലമ്മയ്ക്ക് വീട്ടിൽ സാമ്പാറായിരുന്നല്ലേ… കയ്യിൽ നല്ല കായത്തിന്റെ മണം…”

അവൻ തന്റെ മൂക്ക് അവളുടെ കയ്യിൽ ചേർത്തുകൊണ്ട് ചോദിച്ചു,

അതുകേട്ട് ഭൈരവ് ഉറക്കെ ചിരിച്ചുപോയി, വൃന്ദയ്ക്കും ചുണ്ടിലൊരു ചിരി മിന്നി മാഞ്ഞുപോയി

“അറിയോ… എന്റെ ഉണ്ണിയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി… കഴിച്ചാൽ നാവ് വിഴുങ്ങിപ്പോകും അത്രയ്ക്ക് രുചിയാ…

എന്ത് ഭംഗിയാണെന്നോ എന്റെ പെണ്ണിനേക്കാണാൻ, ഇങ്ങറ്റം വരെ പനങ്കോല പോലെ കറുത്ത മുടിയും നല്ല വലിയ ഉണ്ടക്കണ്ണും… ആ കണ്ണിൽ നിറയേ എന്നോടുള്ള പ്രണയം നിറച്ചു വച്ചൊരു നോട്ടമുണ്ട് ഹോ… അവളുടെ ആ മൂക്കുത്തിക്ക് പോലും ഭംഗി തോന്നുന്നത് അതവളുടെതായതുകൊണ്ടാ… എന്റെ ഇത്രേള്ളൂ പൊക്കം പെണ്ണിന്…

ഭൂമിയിലെ സകല സൗന്ദര്യവും നൽകി ആണ് അവളെ സൃഷ്ടിച്ചത്…ശരിക്കും കാവിലമ്മയെപോലെ ഐശ്വര്യവും കുഞ്ഞു കുട്ടികളെ പോലെ നിഷ്കളങ്കതയും നിറഞ്ഞ പെണ്ണ്. എന്റെ ഉള്ളിൽ തെളിഞ്ഞു കത്തുന്ന ദീപം പോലൊരു പെണ്ണ്…”

അവൻ ഉത്സാഹത്തോടെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു, വൃന്ദ കണ്ണിമ വെട്ടാതെ അവന്റെ നീലക്കണ്ണുകളിൽ നോക്കിയിരുന്നു,

“ഇനീപ്പോ ഇതൊന്നും കാവിലമ്മ അവളോട് പറയാൻ നിക്കണ്ട കേട്ടോ… കാരണം എന്നെയവൾക്ക് ഇഷ്ട്ടല്ല…”

അവൻ നിരാശയോടെ പറഞ്ഞുനിർത്തി

“ഹാ… പഷ്ട്ട്…”

ഭൈരവ് ആത്മഗതിച്ചു

വൃന്ദ കണ്ണ് നിറച്ചു വിടർന്ന കണ്ണുകളോടെ അവന്റെ നീലക്കണ്ണുകളിൽ ഉറ്റുനോക്കിയിരുന്നു, അവൻ പറയുന്നതെല്ലാം അവളുടെ ഹൃദയം നിറയുന്നതായിരുന്നു, അറിയാതെ അവളുടെ കൈകൾ അവന്റെ കയ്യിൽ മുറുകി,

“എന്റെ ജീവനും ജീവിതവുമെല്ലാം അവളാണ്… അവളെ നേരിട്ട് കാണും മുന്നേ ഇഷ്ടപ്പെട്ടതാ ഞാൻ, ഒരുപാടലഞ്ഞു അവളെത്തേടി, എന്റെ സ്വപ്നത്തിൽമാത്രം കണ്ടിട്ടുള്ള എന്റെ പെണ്ണിനെത്തേടി… ആദ്യം വെറും തമാശയായി തോന്നി… പിന്നെ ഞാൻപോലുമറിയാതെ എന്റെ ഹൃദയത്തിൽ എവിടേയോ കയറിക്കൂടി അവൾ… എന്റെ ശ്വാസം പോലും അവളായി… പിന്നീട് ഉറങ്ങുന്നതുപോലും അവളെക്കാണാൻ വേണ്ടിയായി… പക്ഷേ ഇപ്പൊ കണ്ടപ്പോ അവൾക്കെന്നെ വേണ്ട, അവളുടെ അവഗണന… അത് എന്റെ നെഞ്ച് നീറുവാ… പോയ ജന്മത്തിലും ഈ ജന്മത്തിലും വരും ജന്മത്തിലും വൃന്ദ ഈ രുദ്രിനുള്ളതാ… എന്റെ മാത്രമാ… അവൾക്ക് വേണ്ടി ഈ രുദ്ര് ഏത് ജാതകദോഷത്തോടും… എത്രവലിയ മദയാനയോടും ഏറ്റുമുട്ടും… ഉണ്ണി… അവളെന്റേതാ… അവൾക്ക് പ്രീയപ്പെട്ടതെല്ലാം എനിക്കും പ്രീയപ്പെട്ടതാ…

കാവിലമ്മ എന്നോട് ക്ഷമിക്കണം ഞാൽപ്പം കുടിച്ചിട്ടുണ്ട്, സങ്കടം സഹിക്കാൻ വയ്യാത്തോണ്ടാ… അവളെന്നാൽ എനിക്ക് ജീവനാ, എന്താ കാവിലമ്മേ അവളെന്നെ മനസിലാകാത്തത്…?”

പിന്നീട് അവൻ കൈ വിടുവിച്ചുകൊണ്ട് പടിക്കെട്ടിലേക്ക് കിടന്ന് കണ്ണുകൾ അടച്ചു അപ്പോഴും അവൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു

വൃന്ദ അത് കണ്ട് തേങ്ങികരഞ്ഞു, ഭൈരവ് വിഷമത്തോടെ വൃന്ദയെ നോക്കി

“മോളേ… വെറും പാവമാ മോളേ ഇവൻ, സ്നേഹിക്കുന്നവർക്കുവേണ്ടി എന്തുചെയ്യും, ഇന്നേവരെ അവൻ ഒരു കാര്യത്തിനും ഇതുപോലെ വാശിപിടിച്ചിട്ടില്ല… മോളെന്നു വച്ചാൽ ഇവന് ജീവനാ… മോക്കറിയോ… എന്നും ഉറക്കമെഴുന്നേറ്റ് സ്വപ്നത്തിൽ കണ്ട അവന്റെ പെൺകുട്ടിയെപ്പറ്റി പറയുമ്പോൾ ഞാനവനെ കളിയാക്കിയിട്ടുണ്ട്… പക്ഷേ ഇവന്റെ പ്രതീക്ഷ കാണുമ്പോ സത്യത്തിൽ പേടി തോന്നിയിട്ടുണ്ട്.. അവനാ പെൺകുട്ടിയെയും തേടി നടക്കുമ്പോൾ ഇവന് ഭ്രാന്താണെന്ന് പോലും തോന്നിയിട്ടുണ്ട്… പിന്നെ ഒരു നിയോഗം പോലെ മോളേക്കണ്ടപ്പോ മോളുടെ സ്വപ്നത്തേക്കുറിച്ചറിഞ്ഞപ്പോ അത്ഭുതമായിരുന്നു… മോളോരിക്കലും ഇവനെ വിഷമിപ്പിക്കരുത്… മോളോട് യാചിക്കുകയാണ്… അവന് അതിനുള്ള അർഹതയുണ്ടെങ്കിൽ എന്റെ രുദ്രിന് അവന്റെ സ്നേഹം തിരികെ കൊടുത്തൂടെ… നിങ്ങൾക്ക് വേണ്ടി എന്റെ ജീവൻ ഞാൻ പകരം തരാം…”

Leave a Reply

Your email address will not be published. Required fields are marked *