തുളസിദളം – 6അടിപൊളി  

വളരെകുറച്ചു സമയം കൊണ്ടുതന്നെ ശ്രീകുമാറും വിശ്വനാഥനും മാധവനുമൊക്കെ നല്ല കമ്പനിയായി…

“നമുക്ക് പുറത്തേക്ക് ഒന്ന് നടന്നാലോ…?”

വിശ്വനാഥൻ ചോദിച്ചു

അവർ മൂന്നുപേരും കൂടി പുറത്തേക്കിറങ്ങി

മാധവനും വിശ്വനാഥനും വൃന്ദയെയും കണ്ണനെയും മീനാക്ഷിയെയുമൊക്കെപ്പറ്റി ചോദിച്ചു… ശ്രീകുമാർ എല്ലാത്തിനും കൃത്യമായി ഉത്തരം കൊടുത്തു

“ഞാനൊരു കാര്യം പറയാം… ദേവടം ഗ്രൂപ്പിൽ നടക്കുന്നത് മുഴുവൻ കള്ളക്കളിയാണ്… പതിനല് സ്ഥാപനങ്ങളുണ്ടായിരുന്നതാണ്, നിങ്ങളുടെ ഭാഗത്തിൽ ഉള്ളതുൾപ്പെടെ, ഇന്നത് നാലെണ്ണമായി… ആ രാജേന്ദ്രന്റെ കൈകടത്തൽ കാരണമാണ് ഇതെല്ലാം പൂട്ടിപ്പോയത്… ഇപ്പൊ ആകെ ലാഭത്തിലോടുന്നത് ദേവടം ഓയിൽ മില്ലും ഡയറി ഫാംമും മാത്രമാണ്… കാരണം അതിൽ തൊടാൻ അയാൾക്ക് പറ്റില്ല…”

അവർ സംശയത്തോടെ ശ്രീകുമാറിനെ നോക്കി

“രാജേന്ദ്രന്റെ സ്വഭാവം അറിയാവുന്നോണ്ടാവണം ഈ കുട്ടികളുടെ മുത്തശ്ശൻ വിശ്വട്ടന്റെ അച്ഛൻ, അത് നോക്കി നടത്താൻ ഭരതൻ വക്കീലിനെ ഏൽപ്പിച്ചത്… വക്കീലത് ഒരു ഒരു കമ്പനിയെ ഏൽപ്പിച്ചു… ഉണ്ണിയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ ആ കുട്ടികൾക്കേറ്റെടുക്കാം… അതിനുവേണ്ടിയാ രാജേന്ദ്രൻ കാത്തിരിക്കുന്നത്… ഉണ്ണിയെ പറ്റിച്ചു പവർ ഓഫ് അറ്റോർണി ഉണ്ടാക്കി അത് വരുതിയിലാക്കാൻ…”

വിശ്വനാഥനും മാധവനും മുഖത്തോട് മുഖം നോക്കി

“അതിനു വേണ്ടിയാ ഉണ്ണിയുടെ പഠിത്തം വരെ നിർത്തിയത്… പ്ലസ് ടുവിന് തൊണ്ണൂറ്റിയെട്ട് ശതമാനം മാർക്ക് വാങ്ങിയ കുട്ടിയാ ഉണ്ണി…”

അതുകേട്ട് അവർ അമ്പരപ്പോടെ നിന്നു

“ഞാൻ കുറേ നോക്കിയതാ അവളെ വീണ്ടും പഠിപ്പിക്കാൻ… പക്ഷേ വീട്ടിലെ ഭീക്ഷണിയാണെന്ന് തോന്നുന്നു അവൾക്ക് താല്പര്യമില്ലായിരുന്നു…”

അവർക്ക് കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ നിന്നു

“ഇതൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു…”

അമ്പരപ്പോടെ വിശ്വനാഥൻ പറഞ്ഞു

“ഇപ്പൊ ഉണ്ണിയ്ക്ക് പ്രായപൂർത്തിയായി, കാവിലെ ഉത്സവത്തിനുശേഷം പ്രോപ്പർട്ടി അവളുടെ പേരിലേക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുകയാ…”

ശ്രീകുമാർ പറഞ്ഞു നിർത്തി

“ആ കുട്ടികളെ അയാൾ ഉപദ്രവിക്കുമെന്നറിയാമായിരുന്നു… അല്ലാതെ ഇതൊന്നും ഞങ്ങൾക്കറിയില്ല…”

മാധവൻ പറഞ്ഞു

“ഇതെല്ലാം ഒരു നിയോഗം പോലെ തോന്നുന്നു… കറക്ട് സമയത്ത് നിങ്ങളെത്തിയില്ലേ… ഉണ്ണിയ്ക്ക് പ്രായപൂർത്തിയാൽ അയാൾ അവളെ അപായപ്പെടുത്താൻ വരെ ശ്രമിക്കും… അതുകൊണ്ട് അവളുടെ മേലെ ഒരു കണ്ണ് വേണം…”

ശ്രീകുമാർ ഒരു അപേക്ഷപോലെ പറഞ്ഞു അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി ആ മുഖങ്ങളിൽ എന്തോ തീരുമാനിച്ചുറപ്പിച്ച ഭാവമുണ്ടായിരുന്നു

••❀••

വൃന്ദ കിച്ചയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ ഒളിമ്പിക്സിനു ഓടാൻ പോകുന്ന പോസിൽ കമിഴ്ന്നു കിടന്നുറങ്ങുകയായിരുന്നു അവൾ

ആ പോസ് കണ്ട് മുറിയിലേക്ക് കയറിയ കണ്ണനും കുഞ്ഞിയും ചിരിച്ചുപോയി

വൃന്ദ അവളെ കുലുക്കി വിളിച്ചു,

“ഒരു പത്തുമിനിറ്റമ്മേ…”

അവൾ ഉറക്കപ്പിച്ചിൽ ചിണുങ്ങി

“അച്ചോടാ… അമ്മേടെ കുട്ടി ചാച്ചുവാണോ…?”

വൃന്ദ കൊഞ്ചിച്ചുകൊണ്ട് അവളോട് പറഞ്ഞു

വൃന്ദയുടെ ശബ്ദം കേട്ടതും കിച്ച ചാടിയെണീറ്റു

“നീയോ…? നീയെങ്ങനെ…?”

കിച്ച അന്തംവിട്ട് അവളോട് ചോദിച്ചു

“അതൊക്കെപ്പറയാം… നീപോയി റെഡിയായി വാ…”

വൃന്ദ അവളോട് പറഞ്ഞു

“എന്തിന്…? എവിടെപ്പോവാൻ…?”

കിച്ച അമ്പരപ്പോടെ ചോദിച്ചു

“അതൊക്കെയുണ്ട്… നീപോയി പല്ലുതേച്ച് കുളിച്ച് വാ… വായ നാറീട്ട് വയ്യ…”

“കുളിക്കാനോ… എനിക്ക് വയ്യ… നാളെ കുളിക്കാം…”

കിച്ച മടിപിടിച്ചു തല മാന്തി

“ചീ… വൃത്തികെട്ട ജന്തു… പോയി കുളിച്ചിട്ടുവാടി അസത്തെ…”

വൃന്ദ അവളെ തള്ളി കുളിമുറിയിലേക്കയച്ചു,

••❀••

ഉമ്മറത്തിരിക്കുകയായിരുന്നു രുദ്രും ഭൈരവും

രുദ്ര് ഫോണിൽ തോണ്ടിയിരുന്നു,

ഭൈരവ് അവനെ സൂക്ഷിച്ചു നോക്കിയിരുന്നു, എപ്പോഴോ രുദ്ര് മുഖമുയത്തിയപ്പോൾ തന്നെത്തന്നെ നോക്കി ഗൗരവത്തിൽ നെറ്റി ചുളിച്ചിരിക്കുന്ന ഭൈരവിനെ കണ്ടു

രുദ്ര് പുരികമുയർത്തി എന്താ എന്ന് ചോദിച്ചു,

“എന്താ നിൻറുദ്ദേശം…?”

ഭൈരവ് ചോദിച്ചു

“എന്തുദ്ദേശം…?”

“അതല്ലേ ഞാനങ്ങോട്ടു ചോദിച്ചത്…? ഇന്ന് രാവിലെ മുതൽ ആ പാവം കൊച്ച് നിന്റെ മുഖത്തുനോക്കി ചിരിക്കുന്നു… എന്നിട്ടവൻ മോന്തേം കേറ്റിപിടിച്ചു നടക്കുന്നു…”

അത് കേട്ട് രുദ്ര് ഒന്ന് ചിരിച്ചു

“നീയെന്താ കിണിക്കുന്നേ…?”

“അയ്യോ… നമ്മള് പാവം… ഇനിയെങ്ങാനും ഞാൻ അവളെ നോക്കി ചിരിച്ചാൽ ദേവടത്തെ കൊച്ചുതമ്പുരാട്ടിക്ക് ഉവ്വാവ് വന്നാലോ…”

രുദ്ര് പരിഹാസത്തോടെ പറഞ്ഞു

“ഡാ… പുല്ലേ… കൂടുതൽ വെയിറ്റ് ഇടല്ലേ… ആ കൊച്ചിന്റെ കാര്യങ്ങളെല്ലാം അറിഞ്ഞോണ്ട്… നീ കളിക്കല്ലേ…”

“എന്ത് കാര്യങ്ങൾ…? അവളല്ലേ എന്നെ കളിപ്പിക്കുന്നെ… അവൾക്ക് എന്നോടുള്ള സ്നേഹം അവളോളിപ്പിച്ചു വച്ചിരിക്കുകയല്ലേ…? ഞാനവളോട് കെഞ്ചിപ്പറഞ്ഞതല്ലേ…? അവള് കേട്ടോ…? അവൾക്ക് വക്കാലത്തു പറയാൻ നീയൊണ്ട്… എനിക്കോ…?”

രുദ്ര് ചോദിച്ചു

“എടാ… പാവല്ലേടാ അവള്…?”

“എനിക്ക് പറയാനുള്ളത് ഞാനവളോട് പറഞ്ഞു, അതിനുള്ള മറുപടിയും അവള് തന്നു, ഇനിയതിനൊരു മാറ്റം വരുമ്പോ അവളെന്നോട് വന്ന് പറയട്ടെ…”

പറഞ്ഞുകൊണ്ട് മൊബൈലിലേക്ക് മുഖം പൂഴ്ത്തി,

ഭൈരവ് ഒരു ദീർഘനിശ്വാസം വിട്ട് എഴുന്നേറ്റു

കുറച്ചുകഴിഞ്ഞ് വൃന്ദയും കിച്ചയും കുഞ്ഞിയും കണ്ണനും കൂടി പുറത്തേക്ക് വന്നു,

വൃന്ദയെ നോക്കി നിൽക്കുന്ന രുദ്രിനെക്കണ്ടു വൃന്ദ ഒന്നുകൂടി അവനെനോക്കി പുഞ്ചിരിച്ചു, രുദ്ര് പെട്ടന്ന് മുഖം മാറ്റി, അത് കണ്ട വൃന്ദയുടെ മുഖം വാടി, ഭൈരവ് അവനെ കലിപ്പിച്ചു നോക്കി

“ഹലോ…”

ഭൈരവ് കിച്ചയെ നോക്കി നൂറ് വാൾട് പുഞ്ചിരിയോടെ പറഞ്ഞു, അതിനവൾ അവന് ചുണ്ട് കോട്ടി ഒരു പുഞ്ചിരി കൊടുത്തു,

“ഹലോ രുദ്രേട്ടാ… സുഖമാണോ…?”

കിച്ച രുദ്രിനോട് ചോദിച്ചു

“സുഖം…”

രുദ്ര് പുഞ്ചിരിയോടെ അവളോട് പറഞ്ഞു

‘അപ്പൊ ചിരിക്കാനൊക്കെ അറിയാം…’

വൃന്ദ ആത്മഗതിച്ചു,

പിന്നീട് കിച്ച എന്തൊക്കെയോ ചോദിച്ചതിന് രുദ്ര് പുഞ്ചിരിയോടെ മറുപടി പറഞ്ഞു

അവരെ മൈൻഡ് ചെയ്യാതെ ചിരിച്ചുകളിച്ചു സംസാരിക്കുന്ന രുദ്രിനെയും കിച്ചയെയും കണ്ട ഭൈരവിനും വൃന്ദക്കും കുശുമ്പ് കുത്തി, അവരുടെ മുഖഭാവം കണ്ടിട്ട് രുദ്രും കിച്ചയും പൊട്ടിവന്ന ചിരി കടിച്ചമർത്തി…

അവിടെനിന്ന് അവർ പോയത് മാളിലേക്കായിരുന്നു, കണ്ണനും കുഞ്ഞിയും കൈ കോർത്തുപിടിച്ചു മുന്നിൽ നടന്നു, കണ്ണനും വൃന്ദയും അവിടെയെല്ലാം കൗതുകത്തോടെ നോക്കി നടന്നു,

കിച്ചയ്ക്കൊപ്പം നടക്കുന്ന വൃന്ദ കൗതുകത്തോടും അത്ഭുതത്തോടും ഓരോന്ന് നോക്കി നടക്കുന്നത് ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ രുദ്ര് നോക്കികൊണ്ട് അവരുടെ പിന്നാലെ നടന്നു,

ഭൈരവ് കിട്ടുന്ന ചാൻസിലെല്ലാം കിച്ചയോടൊട്ടാൻ നോക്കി അവരോടൊപ്പം നടന്നു, കിച്ചയാണെങ്കിൽ അവനെ മൈൻഡ് ചെയ്യാത്തപോലെ നടക്കുന്നു, അതുകണ്ട് രുദ്ര് അവനെ കളിയാക്കി ചിരിക്കുന്നുമുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *