തുളസിദളം – 6അടിപൊളി  

ഭൈരവ് കൈകൂപ്പി യാചിച്ചു

അത് കണ്ട് വൃന്ദ അന്ന് ഞെട്ടി

“അയ്യോ… ഏട്ടാ അരുത്… എന്നോട് ഇങ്ങനൊന്നും പറയരുത്… അർഹതയില്ലാത്തത് കുഞ്ഞീടേട്ടനല്ല… എനിക്കാണ്… ശാപം കിട്ടിയ ഈ എനിക്ക്… എനിക്ക് പേടിയാണേട്ടാ ഞാൻ കാരണം കുഞ്ഞീടേട്ടന് എന്തെങ്കിലും സംഭവിക്കോ എന്ന്…”

അവൾ അവന്റെ കൈ കൂട്ടിപ്പിടിച്ചു എങ്ങലടിച്ചു

“മോളുടെ ജാതക ദോഷം അറിഞ്ഞു തന്നെയാണ് ഞാൻ പറയുന്നത്… ചിലപ്പോ ദൈവം നിങ്ങളുടെ രണ്ടുപേരുടെയും എല്ലാ ദോഷങ്ങളും മാറ്റാനായിരിക്കും നിങ്ങളെ ചേർത്ത് വയ്ക്കുന്നത്… ഇതെല്ലാം ഒരു നിമിത്തമായിരിക്കും… മോളാലോചിക്ക്… നല്ലൊരുത്തരം കണ്ട് പിടിക്ക്…”

ഭൈരവ് പറഞ്ഞു

വൃന്ദ അപ്പോഴും തേങ്ങികരഞ്ഞുകൊണ്ടിരുന്നു

“പിന്നെ ഇപ്പൊ നടന്നതെല്ലാം നമ്മള് മാത്രമറിഞ്ഞാ മതി കേട്ടോ…?”

അവൻ പറഞ്ഞു, അതിനവളൊന്ന് മൂളി

“എന്നാ മോള് പൊയ്ക്കോ… ഞാൻ കൊണ്ടാക്കണോ…?”

അവൾ വേണ്ടെന്ന് തലയാട്ടി, പിന്നീട് രുദ്രിനെ ഒന്ന് നോക്കി പതിയെ പുറത്തേക്ക് നടന്നു

‘ഒരു പെണ്ണിന് ഇത്രത്തോളം ഒരു പുരുഷൻ പ്രീയപ്പെട്ടവനാകുമോ എന്ന് എനിക്കറിയില്ല… ഈ നിമിഷവും ഞാൻ എന്റെ ജീവനെപ്പോലെ സ്നേഹിക്കുന്നുണ്ട് ആ മനുഷ്യനെ… പക്ഷേ ഞാൻ കാരണം ഒരു മുള്ളുപോലും ആ ദേഹത്തേൽക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല… കാവിലമ്മേ എന്ത് ഭയങ്കരമായ വിധിയാണെന്റേത്…’

എല്ലാം ആലോചിച്ചു വൃന്ദയ്ക്ക് നെഞ്ച് പൊട്ടുമ്പോലെ തോന്നി, രുദ്ര് തന്റെ ആരോ ആണെന്ന തോന്നൽ അവളിൽ വർധിച്ചു കിടക്കാനായി വന്നപ്പോൾ അവളുടെ കണ്ണുനീർ തലയിണയെ നനച്ചു

അവൾ കിച്ചയെ വിളിച്ചു…

“ഉണ്ണി നിനക്കായി കാവിലമ്മ കൊണ്ടുവന്ന നിന്റെ മാത്രം രാജകുമാരനാണ് അയാൾ…

എന്റെ മനസ്സങ്ങനെ പറയുന്നു,

നിന്റെ എല്ലാം പ്രശ്നങ്ങൾക്കും തുണയായി അയാളുണ്ടാകും… നീ ധൈര്യമായിരിക്ക് എല്ലാം നല്ലതുപോലെ നടക്കും… ഞാനിപ്പോഴും പറയുന്നു… ദൈവമായിട്ട് ഒരു വഴി കാണിച്ചു തന്നതാണ്, ആ വഴി നടക്കാതെ തിരിഞ്ഞു നടന്നാൽ ചിലപ്പോ, പിന്നീടൊരിക്കലും ആ വഴി പോകാൻ കഴിയില്ല… നീയാലോചിക്ക് എന്നിട്ട് നല്ലൊരു തീരുമാനത്തിലെത്ത്…”

വൃന്ദയ്ക്കൊന്നും തീരുമാനിക്കാൻ കഴിഞ്ഞില്ല…

അന്നും കണ്ണീരിന്റെ കൂട്ടോടെ അവൾ എപ്പോഴോ ഉറങ്ങി

‘വൃന്ദ കണ്ണടച്ചുകൊണ്ട് ആ യുവാവിന്റെ നെഞ്ചിൽ ചേർന്ന് നിന്നു, അവന്റെ ദേഹത്തെ തന്റെ പ്രീയപ്പെട്ട ഗന്ധം അവളറിഞ്ഞു… താനിപ്പോൾ ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന് അവളറിഞ്ഞു… പതിയെ അവൾ മുഖമുയർത്തി ആ യുവാവിന്റെ മുഖത്തേക്ക് നോക്കി… നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന, അവളെയെന്നും മോഹിപ്പിച്ച ആ നീലക്കണ്ണുകൾ…, ഒരു നിമിഷം അവൾക്കായ് ചന്ദ്രൻ കൂടുതൽ പ്രകാശിച്ചു, ആ മുഖം… അവളെന്നും കാണാൻ കൊതിച്ച മുഖം… അവൾ കണ്ടു, ‘രുദ്ര്’… അവളൊരു എങ്ങലടിയോടെ അവന്റെ മുഖത്ത് അവളുടെ കൈകൾ കൊണ്ട് പരതി, പിന്നീട് പെരുവിരലിൽ ഉയർന്നു ആ മുഖത്താകമാനം ഉമ്മകൾ കൊണ്ട് നിറച്ചു… പിന്നീടാവളൊരു തളർച്ചയോടെ ഊർന്ന് താഴേക്ക് വീണു…

ഒരു വലിയ മുല്ലപ്പന്തൽ ആ പന്തലിന്റെ നടുക്കുള്ള മണ്ഡപത്തിൽ തിളങ്ങുന്ന നീലക്കണ്ണുകളുമായി സുന്ദരനായ ഒരു യുവാവ് ഇരിക്കുന്നു, താലമേന്തിയ പെൺകുട്ടികൾക്ക് പിന്നിലായി സർവ്വഭരണഭൂക്ഷിതയായി സുന്ദരിയായ ഒരു പെൺകുട്ടി മുഖം നിറയേ സന്തോഷത്തോടെ മണ്ഡപത്തിലേക്കടുക്കുന്നു, അവളെക്കണ്ട ആ യുവാവ് പ്രണയത്തോടെ അവളെ നോക്കി ചിരിച്ചു, അത് കണ്ട് അവളുടെ മുഖം നാണം കൊണ്ട് ചുവന്നു, ആരോ ഒരാൾ അവളുടെ കൈപിടിച്ച് ആ മണ്ഡപത്തിൽ ആ യുവാവിനടുത്തായി ഇരുത്തി, മുന്നിലെ നിലവിളക്കിലെ തിരി ഒന്നുകൂടി ശോഭയോടെ തെളിഞ്ഞു, ആ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ മുഖം തളിഞ്ഞു കണ്ടു, താൻ… താൻ തന്നെയല്ലേ അത്… അപ്പോഴും ആ യുവാവിന്റെ മുഖം വ്യക്തമല്ല… താലികെട്ടിന് സമയമായപ്പോൾ ആ യുവാവ് അവളുടെ കഴുത്തിലേക്ക് താലികെട്ടി, ആ നിമിഷം അവൾ അറിഞ്ഞു രുദ്രിന്റെ പെർഫ്യൂമിന്റെ സുഖകരമായ ഗന്ധം, അവൾ തലയുയർത്തി നോക്കി, രുദ്ര് അവളെത്തന്നെ നോക്കി പ്രണയത്തോടെ പുഞ്ചിരിച്ചു…’

വൃന്ദ ഞെട്ടി ഉറക്കംവിട്ടഴുന്നേറ്റു,

കുറച്ചുനേരം ആ സ്വപ്നത്തിൽ അലിഞ്ഞു നിന്നു,

പിന്നീട് മനസ്സിൽ ഒരു ഉറച്ച തീരുമാനത്തോടെ പ്രാർത്ഥിച്ചെഴുന്നേറ്റു,

••❀••

പിറ്റേന്ന് കണ്ണൻ തറവാടിന്റെ മുറ്റത്തു നിൽക്കുമ്പോൾ കുഞ്ഞി അടുത്തുള്ള മാവിന്റെ ചുറ്റുമുള്ള കെട്ടിൽ ഇരിക്കുകയായിരുന്നു, കയ്യിൽ ഒരു പൊതി വർണകടലാസ്സിട്ട് ഗിഫ്റ്റ് പോലെ മനോഹരമായി പൊതിഞ്ഞിട്ടുണ്ട്,

കണ്ണന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അവൻ കുഞ്ഞി കാണാതെ മാവിന് പിറകിലായി ചെന്നു

“കുഞ്ഞിപ്പൂച്ചേ….”

അവൻ അവളെ കളിയാക്കി വിളിച്ചു, കുഞ്ഞി അത് കേട്ട് ഞെട്ടി തലയുയർത്തി ചുറ്റുംനോക്കി പിന്നീട് ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു,

കണ്ണൻ പതിയെ അവളെ നോക്കി

“കുഞ്ഞിപ്പൂച്ചേ… മ്യാവൂ… ചൊറിയൻ പൂച്ചേ… മ്യാവൂ…”

അവൻ വീണ്ടും കുറച്ചുകൂടി ഉച്ചത്തിൽ വിളിച്ചു

അപ്പോഴും കുഞ്ഞി ആ ഇരിപ്പുതുടർന്നു

കണ്ണൻ പതിയെ നെറ്റി ചുളിച്ച് സംശയത്തോടെ അവൾക്കരികിലേക്ക് വന്നു

“എന്തുപറ്റി… കുഞ്ഞിപ്പൂച്ചേടെ മിണ്ടാട്ടം മുട്ടിയോ… കുഞ്ഞിപ്പൂച്ച മിണ്ടാപ്പൂച്ചയായോ…?”

അവൻ അല്പം കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കളിയാക്കി ചോദിച്ചു,

അവൾ പതിയെ മുഖമുയർത്തി കണ്ണനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു, പിന്നീട് കുഞ്ഞി മുഖം പൊത്തി പൊട്ടിക്കരഞ്ഞു

അതുകണ്ട് കണ്ണൻ പരിഭ്രമത്തോടെ ചുറ്റും നോക്കി,

“അയ്യോ… കുഞ്ഞി… കരയല്ലേ… ആരേലും കണ്ടാ വല്യച്ഛന്റേന്ന് എനിക്ക് നല്ല തല്ല് കിട്ടും… സോറി കുഞ്ഞി, ഞാനിനി കുഞ്ഞിയെ കളിയാക്കൂല… സോറി…”

അവൻ പരിഭ്രമത്തോടെ പറഞ്ഞു

കുഞ്ഞി കരഞ്ഞുകൊണ്ട് പതിയെ താഴെക്കിറങ്ങി കണ്ണനെ കണ്ണുകൾ നിറച്ചുകൊണ്ട് നോക്കി, പിന്നീട് കണ്ണനെ പെട്ടെന്ന് കെട്ടിപ്പിടിച്ചു തേങ്ങികരഞ്ഞു

“സോറി കണ്ണേട്ടാ… സോറി… ഹൺഡ്രഡ് ടൈംസ് സോറി…”

കുഞ്ഞി സോറി പറഞ്ഞ് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

“വിട് കുഞ്ഞി… എന്താ കാണിക്കുന്നേ…”

കണ്ണൻ അമ്പരപ്പോടെ കുതറിമാറാൻ ശ്രമിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു, കുഞ്ഞി അവനെ വിട്ടു മാറാതെ ഇറുകെ പിടിച്ചു.

“ഞാൻ കാരണം കണ്ണേട്ടന് തല്ല് കിട്ടിയില്ലേ…? സോറി…”

“വിട് കുഞ്ഞി… എന്റെ ഉടുപ്പൊക്കെ ചീത്തയാ…”

അവൾ പറയുന്നതൊന്നും കാര്യമാക്കാതെ പരിഭ്രമത്തോടെ പറഞ്ഞു

“കണ്ണേട്ടൻ എന്നോട് കൂട്ടുകൂടോ…?”

കുഞ്ഞി ചോദിച്ചു

“കൂടാം… വിട് കുഞ്ഞി…”

അവൻ പരിഭ്രമത്തോടെ പറഞ്ഞു

“എന്റെകൂടെ കളിക്കോ…?”

“കളിക്കാം…”

“സത്യം…??”

“സത്യം…”

കണ്ണൻ പറഞ്ഞു

കുഞ്ഞി കണ്ണനെവിട്ട് പുറംകൈകൊണ്ട് കണ്ണ് തുടച്ചു,

പിന്നീട് മാവിന്റെ ചുവട്ടിലിരുന്ന സമ്മാനപ്പൊതി എടുത്തു കണ്ണന് നേരേ നീട്ടി, കണ്ണൻ ഒന്നും മനസ്സിലാകാതെ പൊതിയേയും അവളെയും മാറി മാറി നോക്കി

Leave a Reply

Your email address will not be published. Required fields are marked *