തുളസിദളം – 6അടിപൊളി  

ഇടയ്ക്ക് വൃന്ദ രുദ്രിനെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നോക്കുന്നുണ്ട്, പക്ഷേ അവളുടെ നോട്ടമെത്തിയാൽ രുദ്ര് നോട്ടം മാറ്റും, അതുകണ്ടിട്ട് വൃന്ദയ്ക്ക് ചെറുതായി സങ്കടം വരുന്നുണ്ടായിരുന്നു,

അവർ വസ്ത്രങ്ങളെടുക്കാനായി മാളിലെത്തന്നെ വലിയ ബ്രാൻഡഡ് ആയിട്ടുള്ള ഒരു ടെസ്റ്റൈൽസിലാണ് കയറിയത്,

സീത എല്ലാവരെയും കൂട്ടി ലേഡീസ് സെക്ഷനിലേക്കാണ് ആദ്യം പോയത്, വൃന്ദയ്ക്ക് ചേരുന്ന ഡ്രെസ്സുകൾ തിരഞ്ഞെടുക്കാനായി കിച്ചയും സീതയും അവിടുണ്ടായിരുന്ന തുണികളെല്ലാം വാരി വലിച്ചിട്ടിട്ടും അവർക്കൊരു തൃപ്തി വരാതെ നിന്നു, അപ്പോഴേക്കും വിശ്വനാഥനും മാധവനും പുറത്തേക്ക് പോയി,

കുറെ നേരം അവിടെ നിന്ന് പോസ്റ്റ്‌ ആയപ്പോ രുദ്ര് പതിയെ അവിടുണ്ടായിരുന്ന ഒരു സോഫയിൽ ഇരുന്നു, ഭൈരവ് കണ്ണനോടും കുഞ്ഞിയോടും എന്തെക്കെയോ പറഞ്ഞുകൊണ്ട് മാറി നിൽക്കുന്നുണ്ട്,

കുറച്ചു കഴിഞ്ഞ് ഡ്രെസ്സൊക്കെ എടുത്തതിനു ശേഷം സീത വേറെന്തോ വാങ്ങാൻ പോയപ്പോ കിച്ച രുദ്രിനടുത്തായി സോഫയിൽ വന്നിരുന്നു, അവനെനോക്കി ചിരിച്ചു, തൊട്ടുപിന്നാലെ വൃന്ദയും അവളുടെ അടുത്തായി വന്നിരിന്നു,

“എന്താ… ക്ഷീണിച്ചോ…?”

അവരുടെ ഇരുപ്പും ഭാവവും കണ്ടിട്ട് രുദ്ര് ചിരിയോടെ ചോദിച്ചു

അതിന് അവർ ഒന്ന് പുഞ്ചിരിച്ചു

കിച്ച ഇടക്കിടക്ക് ഭൈരവിനെ നോക്കുന്നത് രുദ്ര് ശ്രദ്ധിച്ചു

“ഞാൻ തന്നോടൊരു കാര്യം ചോദിക്കട്ടെ…?”

രുദ്ര് കിച്ചയോട് ചോദിച്ചു,

എന്താണെന്ന ഭാവത്തിൽ കിച്ച അവന്റെ മുഖത്തേക്ക് നോക്കി

“ഭൈരവിനെക്കുറിച്ച് എന്താ തന്റെ അഭിപ്രായം…?”

അവൻ ചോദിച്ചു

“അതെന്താ രുദ്രേട്ടാ അങ്ങനെ ചോദിച്ചത്…? എനിക്ക് പുള്ളിയെപ്പറ്റി നല്ല അഭിപ്രായമാ…”

കിച്ച പറഞ്ഞു, വൃന്ദയും അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു

“അല്ല,,, അവന് തന്നോട് ഒരു താല്പര്യമുണ്ട്, അത് തനിക്കറിയാം എന്നാണ് എന്റെ വിശ്വാസം… പിന്നെ അവനോട് തനിക്കുമൊരു സ്പാർക്കുണ്ടെന്ന് എനിക്ക് തോന്നി…”

അതിന് അവളൊന്നും മിണ്ടാതെ പുഞ്ചിരിച്ചു

“അവനൊരു പാവമാണ്, സ്വന്തക്കാരെന്ന് പറയാൻ ആരുമില്ലാത്ത ഒരുത്തൻ… പക്ഷേ ഞങ്ങളുടെയെല്ലാം ഏറ്റവും പ്രീയപ്പെട്ടവൻ…”

“ആരുമില്ലാവനോ… അപ്പൊ മാധവനങ്കിൾ…?”

കിച്ച അമ്പരപ്പോടെ ചോദിച്ചു, അതേ അമ്പരപ്പ് വൃന്ദയുടെ മുഖത്തുമുണ്ടായിരുന്നു

“മ്… പറയാം… ഞാനെന്റെ ഏട്ടാമത്തെ വയസ്സിലാണ് അവനെ ആദ്യം കാണുന്നത്… സ്കൂളിലേക്ക് പോകുമ്പോൾ ടൗണിൽ സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കരികിലേക്ക് ഒരു മുഷിഞ്ഞ കാവിമുണ്ടിൽ പൊതിഞ്ഞ് തോളിലൂടെ തൂക്കിയിട്ടിരിക്കുന്ന അവന്റെ രണ്ടുവയസ്സുകാരി കുഞ്ഞനുജത്തിയുമായി പോസ്റ്ററുകളും പാട്ട് പുസ്തകങ്ങളും മറ്റും വിൽക്കാൻ ഓടി നടക്കുന്ന എന്റെ ഭൈരവിനെ… ആകെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളുമണിഞ്ഞു വെട്ടാതെ ചെമ്പിച്ച മുടിയുമായി ദയനീയമായ നോട്ടത്തോടെ ഓരോ വാഹനങ്ങൾക്ക് നേരെയും പ്രതീക്ഷയോടെ ഓരോന്നും വിൽക്കാൻ നിൽക്കുന്ന അവനെ…

പിന്നീടും അവനെക്കണ്ടു, പറ്റുന്ന ജോലികളെല്ലാം ചെയ്യുന്ന അവനെ… അപ്പോഴേ എനിക്ക് അവന്റെ മുഖം മനസ്സിൽ മായാതെ കിടന്നു… ഓരോ ദിവസവും ടൗണിലെത്തുമ്പോ ഞാനവനെ തിരയും,

പിന്നെയും കണ്ടു… വിശന്ന് അലറിക്കരയുന്ന കുഞ്ഞുപെങ്ങളുടെ മുഖം കണ്ട് കയ്യിലുള്ള ഓരോ സാധനങ്ങളും വിൽക്കാൻ വിശപ്പും ക്ഷീണവും വകവെയ്ക്കാതെ ഓടി നടക്കുന്ന അവനെ,

ഒരിക്കൽ കണ്ടു ഏതോ വണ്ടിയിടിച്ചിട്ട് കാലുമുഴുവൻ ചോരയും മുറിവുമായി പേടിച്ചു വിരണ്ടിരിക്കുന്ന കുഞ്ഞുപെങ്ങളെ മാറോട് ചേർത്തുപിടിച്ചു വേദനകൊണ്ട് അലറിക്കരയുന്ന എന്റെ ഭൈരവിനെ…”

രുദ്ര് നിറഞ്ഞു വന്ന കണ്ണുനീർ കൈകൊണ്ട് തുടച്ചു, കിച്ചയുടേയും വൃന്ദയുടെയും കണ്ണുകളും നിറഞ്ഞൊഴുകി,

“ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അവനെ, അന്ന് ആ കാറിലുണ്ടായിരുന്ന അപ്പയും മാധവനങ്കിളും ചേർന്ന് ഞങ്ങളുടെ കാറിലേക്ക് കയറ്റി ആശുപത്രിയിലെത്തിച്ചു, അന്നാ കാറിൽ വച്ച് വേദനകാരണം എന്നെ ചുറ്റിപ്പിടിച്ചു കരഞ്ഞ അവനെ ഇപ്പോഴും എനിക്കോർമ്മയുണ്ട്, അവന്റെ കരച്ചിൽ കേട്ട് പേടിച്ച് വിരണ്ടിരിക്കുന്ന അവന്റെ അനുജത്തിയെ… അല്ല ഞങ്ങളുടെ കുഞ്ഞിയെ… അവളുടെ പേടിച്ചരണ്ട മുഖവും എനിക്കോർമ്മയുണ്ട്…”

“കുഞ്ഞി…??”

കിച്ച ചോദിച്ചു

“മ്… കുഞ്ഞി, ഞങ്ങളുടെ കുഞ്ഞി, ഞങ്ങളുടെയെല്ലാമായിരുന്ന കുഞ്ഞി, ഇന്നും വേദനിപ്പിക്കുന്ന ഓർമകളോടെ ഞങ്ങളെയെല്ലാം വിട്ടുപോയ ഞങ്ങളുടെ കുഞ്ഞി…”

രുദ്ര് വിതുമ്പി

കിച്ചയ്ക്കും വൃന്ദയ്ക്കും ഒന്നും മനസ്സിലായില്ല

“അന്ന് ആ ഹോസ്പിറ്റലിൽ വച്ച് അവൻ അവന്റെ കഥ ഞങ്ങളോട് പറഞ്ഞു,

ഉണ്ടായിരുന്ന ഒരു ബിസിനസ്‌ സ്വന്തം ബന്ധുക്കളുടെ ചതിയിൽ പെട്ട് ഭീമമായ കട ബാധ്യത വരുത്തി വച്ച് ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിച്ചവരാണ് അവന്റെ അച്ഛനും അമ്മയും, മക്കളെക്കൂടി കൂടെക്കൂട്ടനായിരുന്നു തീരുമാനം, അവന്റെ കുഞ്ഞനുജത്തിയുടെ കുഞ്ഞരിപ്പല്ലുകൾ കാട്ടിയുള്ള ചിരി അവരെ അതിൽ നിന്നും പുറകോട്ട് വലിച്ചു, അന്ന് അച്ഛന്റെയും അമ്മയുടെയും ജഡത്തിന് മുന്നിൽ പെങ്ങളെയും കെട്ടിപ്പിടിച്ചു നിന്ന അവനെ നാട്ടുകാരുടെ കുറ്റപ്പെടുത്തൽ കേൾക്കാൻ വയ്യാതെ അമ്മാവനും കുഞ്ഞിയെ അവന്റെ മറ്റൊരു ബന്ധുവും കൂടെ കൂട്ടി,

നരകത്തുല്യമായിരുന്നു അവനെവിടെ, അവനെക്കൊണ്ട് ചെയ്യിക്കാൻ പറ്റുന്നജോലിയെല്ലാം അവർ ചെയ്യിച്ചു ആഹാരം പോലും നന്നായി കിട്ടിയിരുന്നില്ല,

ഒരിക്കൽ തന്റെ കുഞ്ഞനുജത്തിയെ കാണാൻ ചെന്ന അവൻ കാണുന്നത് മേലുഞുണങ്ങി വൃത്തിയില്ലാതെ വീട്ടുമുറ്റത്തിരിക്കുന്നവളെയായിരുന്നു, അവന്റെ നെഞ്ച് പിടഞ്ഞു,

ആരോടും പറയാതെ എട്ടും പൊട്ടും തിരിയാത്ത ആ എട്ടുവയസുകാരൻ അവന്റെ കുഞ്ഞനുജത്തിയുമായി അന്ന് തെരുവിലേക്കിറങ്ങി, അനുജത്തിക്ക് ഒരു നേരത്തെ പാലിന് വേണ്ടി അവൻ അവനെക്കൊണ്ട് പറ്റുന്ന ജോലിയെല്ലാം ചെയ്തു, ആരുടെ മുന്നിലും ഭിക്ഷക്കായി കൈ നീട്ടിയില്ല…

പിന്നീട് അവർ ഞങ്ങൾക്കെല്ലാം പ്രീയപ്പെട്ടവരായി, അന്നാ ഹോസ്പിറ്റലിൽ നിന്നും അവർ വന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്, അന്ന് മാധവനങ്കിൽ പറഞ്ഞതാണ് ഈ വീട്ടിലുള്ള അവരുടെ അവകാശം എന്തെന്നാൽ മാധവനങ്കിളിന്റെ മക്കൾ…

ഞങ്ങൾ വളർന്നു, ഭൈരവും കുഞ്ഞിയും എന്റെ സഹോദരങ്ങളായിട്ട്… അവരില്ലാതെ ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു…

അന്ന് കുഞ്ഞിക്ക് ക്ലാസ്സിൽ അവസാന പരീക്ഷ ആയിരുന്നു, എന്നാൽ പരീക്ഷ കഴിഞ്ഞ് അന്ന് തിരികെ വന്നില്ല, പിറ്റേന്നു വന്നു… ഒരു വെള്ളത്തുണിയിൽ മൂടിപ്പുതച്ച് ജീവനറ്റ ശരീരമായി, പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളു അവൾക്ക്, ഏതോ തന്തയില്ലാത്തവന്മാരുടെ കയ്യിൽ കിടന്നു പിടഞ്ഞു മരിച്ച ഞങ്ങളുടെ കുഞ്ഞി,”

Leave a Reply

Your email address will not be published. Required fields are marked *