തുളസിദളം – 6അടിപൊളി  

രുദ്ര് വിതുമ്പി

“അന്ന് ഒന്ന് കരയുകപോലും ചെയ്യാതെ തലയിൽ കയ്യും കൊടുത്ത് നിലത്ത് കുഞ്ഞിയുടെ മുഖത്തേക്ക് നോക്കിയിരുന്ന ഭൈരവ്, അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഒരുപാട് കഷ്ടപ്പെട്ടു…

പിന്നീട് ഇവൾ ജനിച്ചപ്പോൾ ആദ്യം കയ്യിൽ വാങ്ങിയത് അവനായിരുന്നു,

‘എന്റെ കുഞ്ഞി…’

എന്ന് പറഞ്ഞ് അവൻ കരഞ്ഞു… ഞങ്ങളും അങ്ങനാ വിശ്വസിക്കുന്നേ, ഞങ്ങളുടെ കുഞ്ഞി വീണ്ടും ജനിച്ചതാ… അതുകൊണ്ടാ ഇവൾക്ക് കുഞ്ഞിയെന്ന് പേരിട്ടതും…”

രുദ്ര് മുഖം അമർത്തി തുടച്ചിട്ട് സൺഗ്ലാസ് എടുത്തു വച്ചു…

കിച്ചയും വൃന്ദയും കേട്ടതൊന്നും വിശ്വസിക്കാനാവാതെ കണ്ണീരോടെ ഭൈരവിനെ നോക്കി

“ഇതൊന്നും നിങ്ങളറിഞ്ഞതായി ഭാവിക്കണ്ട… അവനെയാരും സഹതാപത്തോടെ നോക്കുന്നത് ഞങ്ങൾക്കാർക്കും ഇഷ്ടമല്ല അവൻ ഞങ്ങളുടെയെല്ലാം പ്രീയപ്പെട്ടവനാ…”

ഒരു പുഞ്ചിരിയോടെ രുദ്ര് പറഞ്ഞു,

തന്നെ നോക്കിയിരിക്കുന്ന വൃന്ദയെയും കിച്ചയെയും കണ്ട് ഭൈരവ് കുഞ്ഞിയെയും കണ്ണനെയും കൊണ്ട് അവരുടെ അടുത്തേക്ക് വന്നു, ആ സോഫയിൽ കിച്ചയ്ക്കടുത്തായി വന്നിരുന്നു, അവൻ കിച്ചയെ നോക്കി ചിരിച്ചു

“ദേ… ഒട്ടിയിരിക്കാതെ കൊറച്ചെങ്ങോട്ട് മാറിയിരുന്നേ…”

കിച്ച മുഖത്ത് കലിപ്പ് ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു

“ഇത് നിന്റെ തറവാട്ടു സ്വത്തൊന്നുമല്ലല്ലോ, ഇതിൽ ആർക്ക് വേണെലുമിരിക്കാം…”

അവനും കലിപ്പിൽ തന്നെ പറഞ്ഞു

“ദേ… പറഞ്ഞിട്ടുണ്ട്… എന്നെ എടീന്നും നീയെന്നും വിളിക്കരുതെന്ന്…”

അവൾ അവന് നേരെ കൈചൂണ്ടി

“ഓ… മ്പ്രാ….”

കൈ കെട്ടിക്കൊണ്ട് ഭൈരവ് പറഞ്ഞു

“any problem…?”

അവരുടെ ഭാവം കണ്ട് അവിടുണ്ടായിരുന്ന രണ്ട് ഫ്രീക്കൻ കോഴികൾ കിച്ചയോട് ചോദിച്ചു

“ഏയ്‌.. ഒന്നൂല്ല ചേട്ടാ…”

അവൾ അവരോട് പറഞ്ഞു, എന്നിട്ടും അവിടെനിന്നും പോകാതെ ചിക്കി ചികയുന്ന കോഴികളെ എങ്ങനെ ഓടിക്കും എന്ന് കിച്ച ആലോചിച്ചു

“അത് ചേട്ടാ… ഇയാളെന്റെ പിറകെ നടന്ന് ശല്യം ചെയ്യാൻ തുടങ്ങിയിട്ട് കുറെ നാളായി… അത് ചോദിക്കാനായി ചെന്ന എന്റെ നാല് കരാട്ടെ ആങ്ങളമാരെ ഇയാൾ ഒറ്റക്ക് തല്ലി പരുവമാക്കി ഹോസ്പിറ്റലിൽ icu ൽ ആക്കി… ഇന്നോ നാളെയോ എന്ന് പറഞ്ഞ് കിടക്കുകയാ അവർ… അത് ചോദിക്കാൻ വന്നപ്പോ ഇയാൾ എന്നെ വഴക്ക് പറയുന്നു… നിങ്ങളൊന്ന് ചോദിക്ക് ചേട്ടാ ഇയാളോട്…”

കിച്ച വിഷമത്തോടെ അവരോട് പറഞ്ഞു

അത് കേട്ട് ഫ്രീക്കന്മാർ ഒന്ന് ഞെട്ടി, അവർ ഭൈരവിനെ ആകമാനം നോക്കി ഉമിനീരിറക്കി, അതെല്ലാം കണ്ട് രുദ്രും വൃന്ദയും കണ്ണനും കുഞ്ഞിയുമെല്ലാം ചിരി കടിച്ചു പിടിച്ചു, ഭൈരവ് വലത് കൈ ഒന്ന് ചുരുട്ടിപ്പിടിച്ച് ഇടത് കൈപത്തിയിൽ ഇടിച്ചു, അവന്റെ മസിലുകൾ ഒന്നുകൂടി ഉരുണ്ടു, ഫ്രീക്കന്മാർ പരസ്പരം നോക്കി,

“സാധാരണ ഞാൻ അഞ്ചു പേരെയാണ് തല്ലാറുള്ളത്, ഇതിപ്പോ നാലുപേരെ കിട്ടിയുള്ളൂ, ആ വെഷമം ഇപ്പൊ മാറി… വാ.. ആരാ ആ ഭാഗ്യവാൻ…”

ഭൈരവ് വലതുകൈ ചുരുട്ടി ഇടതു കൈപ്പത്തിയിൽ ഇടിച്ചുകൊണ്ട് എഴുന്നേറ്റു,

“ചെല്ല് ചേട്ടാ… ഇടിച്ചവനെ icu ൽ ആക്ക്…”

കിച്ച പ്രോത്സാഹിപ്പിച്ചു

ഫ്രീക്കൻമാർ മുഖത്തോട് മുഖം നോക്കി

“അത് പെങ്ങളെ… ഞങ്ങൾ ശബരിമലയ്ക്ക് പോകാൻ മലയിട്ടുപോയി ഇല്ലേൽ കാണാർന്ന്… മാത്രോല്ല ഞങ്ങക്ക് അത്യാവശ്യമായിട്ട് എവിടേക്കോ പോകാനുണ്ട്… അപ്പൊ കാണാം പെങ്ങളെ…”

അവർ പതിയെ വലിഞ്ഞു.

അതുകണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു, വൃന്ദ ചിരിക്കുമ്പോഴും രുദ്രിനെ നോക്കി, അതുകണ്ട് അവൻ ചിരി നിർത്തി മുഖത്ത് ഗൗരവം വരുത്തി…

“മൊരടൻ…”

അവൾ ആത്മഗതം പറഞ്ഞു.

“നല്ല കിടിലൻ ചേട്ടൻ അല്ലേ…? സിനിമ നടനെ പോലുണ്ട്…”

രണ്ട് സെയിൽസ് ഗേൾ പരസ്പരം രുദ്രിനെപ്പറ്റി സംസാരിക്കുന്നത് കേട്ട വൃന്ദയിൽ കുശുമ്പ് നിറഞ്ഞു, അതുകണ്ട് ഭൈരവ് വൃന്ദയുടെ അടുത്തെത്തി,

“എന്താണ് ഒളിച്ചുനിന്ന് രക്തം ഊറ്റിക്കുടിക്കുന്നത്…? ഇതിന്റെ വല്ല കാര്യോം ണ്ടോ…? ഒരൊറ്റ വാചകം അവന്റെ മുഖത്ത് നോക്കി പറഞ്ഞാമതി, രുദ്രേട്ടാ ഐ ലവ് യു… കാര്യം കഴിഞ്ഞു…”

വൃന്ദ അവനെ നോക്കി

“ഇല്ലേ… ദേ നോക്ക്, ഇവിടുള്ള സകല പിടക്കോഴികളുടെയും നോട്ടം അവന്റെ മേലാണ്… മനുഷ്യന്റെ കാര്യമാണ് ചിലപ്പോ അവൻ നിങ്ങളുടെ സ്വപ്നവും തന്നെയുമൊക്കെ മറന്നെന്നു വരും…”

വൃന്ദ ചുറ്റും നോക്കി,

‘ഭൈരവേട്ടൻ പറഞ്ഞപോലെ ഒട്ടുമിക്ക പെൺപിള്ളേരുടെയും നോട്ടം കുഞ്ഞിടേട്ടന്റെ മേലാണ്, ഇവറ്റകൾക്ക് വീട്ടിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ, അല്ലങ്കിൽ തന്നെ അവരെ പറയുന്നതെന്തിനാ, ഇങ്ങേർക്ക് ആ ഷർട്ടിന്റെ മുകളിലത്തെ ബട്ടണെങ്കിലും ഇട്ടൂടെ, വെറുതെ മസിലെല്ലാം നാട്ടുകാരെ കാണിക്കാതെ…’

അവൾ കുശുമ്പോടെ നെറ്റി ചുളിച്ച് ചുണ്ട് കൂർപ്പിച്ചു മനസ്സിൽ പറഞ്ഞു,

“ആഹ്…”

ഭൈരവിന്റെ നിലവിളി കേട്ടാണ് അവൾ അവനെ നോക്കിയത്, അപ്പോഴാണ് അവളിത്രനേരവും കുറുമ്പോടെ രുദ്രിനെ നോക്കികൊണ്ട് ഭൈരവിന്റെ കയ്യിൽ നുള്ളിപ്പിടിച്ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്, അവൾ കൈ പിൻവലിച്ചു,

“അയ്യോ… സോറി ഏട്ടാ… ഞാനറിഞ്ഞില്ല… സോറി… നോക്കട്ടെ കൈ…”

അവൾ അവന്റെ കൈ പിടിച്ചു നോക്കികൊണ്ട് പറഞ്ഞു

“കൊള്ളാം… ഇങ്ങനെ സ്വപ്നം കണ്ടാൽ…”

അവൻ ഒരു ചിരിയോടെ പറഞ്ഞു

വൃന്ദ ചമ്മിയ ചിരി ചിരിച്ചുകൊണ്ട് അവിടുന്ന് പോയി,

മൊബൈലും നോക്കിയിരിക്കുന്ന രുദ്രിനടുത്തേക്ക് ഭൈരവ് വന്നു

“നമ്മട ഉണ്ണിമോളേ കാണാൻ നല്ല ഭംഗിയുണ്ടല്ലേ…?”

ഭൈരവ് പറഞ്ഞു

അതുകേട്ട് രുദ്ര് തലയുയർത്തി ഭൈരവിനെ നോക്കി,

“അല്ല… ഇവിടുള്ള സകലയെണ്ണവും അവളെ വായിനോക്കി നടക്കുന്നു അതുകൊണ്ട് പറഞ്ഞതാ…”

അവൻ പറയുന്ന കേട്ട് രുദ്ര് ചുറ്റും നോക്കി, കുറച്ചു മാറി വൃന്ദയും കിച്ചയും സീതലക്ഷ്മിയുമെല്ലാം കണ്ണനോടും കുഞ്ഞിയോടും കൂടി ഇരിക്കുന്നു, കുഞ്ഞി വൃന്ദയുടെ കൈകളിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നുണ്ട്, കൂടെ എന്തെക്കെയോ പറയുന്നത് കൗതുകത്തോടെ വൃന്ദ കേട്ടിരിക്കുന്നു,

‘ശരിയാ നല്ല ഭംഗിയാ പെണ്ണിന്… ഇന്ന് തന്നെ താൻ അവളെ നോക്കാതിരിക്കാൻ പെടുന്ന പാട് എനിക്കല്ലേ അറിയൂ… കടുംനീല സാരികൂടെയായപ്പോ ഒന്നൂടെ ഭംഗി തോന്നിച്ചു… എന്റെ ഭൈരവ സാമി ഇതിനെ എനിക്കുതന്നെ തന്നേക്കണേ…’

പുഞ്ചിരിയോടെ അവളെ നോക്കി മനസ്സിൽ പറഞ്ഞു.

അവൻ പതിയെ മുന്നോട്ട് നടന്നു, വൃന്ദയ്ക്ക് അടുത്തായി അവളറിയാതെ അവളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന ഒരുത്തനെ രുദ്ര് പതിയെ പിന്നിലേക്ക് വലിച്ചു മാറ്റി ചുവരിൽ ചേർത്ത് നിർത്തി, കയ്യിൽനിന്നും ഫോൺ പിടിച്ച് വാങ്ങി ഫോട്ടോസ് ഡിലീറ്റ് ചെയ്തു

“നീ ഇവിടുള്ള ഏത് പെണ്ണിനേ വേണമെങ്കിലും നോക്കുകയോ ഫോട്ടോ എടുക്കുകയോ എന്ത് വേണേലും ചെയ്തോ പക്ഷേ അവളുടെ മേലെ ശരിയല്ലാത്ത ഒരു നോട്ടം വീണാൽ ആ കണ്ണുകൾ ഞാൻ ചൂഴ്ന്നെടുക്കും… മനസ്സിലായോടാ…”

Leave a Reply

Your email address will not be published. Required fields are marked *