” ഓഹ് അത് വേണ്ട അമ്മാവാ.. സമയം കിട്ടുമ്പോ അവളേം കൂട്ടി ഞാൻ അങ്ങോട്ട് വന്നോളാം.. അപ്പൊ പോട്ടെ അമ്മാവാ …… “
അവളെയും കയറ്റി ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി. ഞങ്ങൾ പോകുന്നതും നോക്കി നിന്ന് അയാൾ അറപ്പിച്ചൊന്നു തുപ്പുന്നത് ഞാൻ മിററിലൂടെ കണ്ടു…
ഉറങ്ങാൻ കിടക്കുമ്പോൾ മുഴുവൻ അയാളുടെ വളിച്ച ചിരിയും. ആ ആക്കിയുള്ള സംസാരവും ആയിരുന്നു മനസു മുഴുവൻ..
ഞാൻ പതിയെ തല ഉയർത്തി അവളെ നോക്കി. ഒന്നും അറിയാത്ത പോലെ ഉറങ്ങുക ആണ്..
ഇവളിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞു കിടപ്പുണ്ട്. എന്തൊക്കെയോ രഹസ്യങ്ങൾ ആരോടും പറയാതെ അവൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഒക്കെ ഒന്ന് അന്ന്വേഷിച്ചാൽ ഇവൾ ശെരിക്കും ആരെന്ന സത്യം മനസിലാക്കാം..
ഇവൾ ആരെന്നു ഞാൻ എന്തിന് അറിയണം?
ഇന്നല്ലെങ്കിൽ നാളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകേണ്ടവൾ ആണിവൾ..?
വേണ്ട എനിക്ക് അതറിയണം. അവൾ എന്തിന് അന്നെന്റെ റൂമിലേക്കു കയറി വന്നു എന്നറിയണം.. ഇവൾ എന്റെ ജീവിതത്തിലേക്കു കയറി വന്നത് യാദൃശ്ചികമായിട്ടാണോ അല്ലയോ എന്നെനിക്കറിയണം.. ചിലപ്പോ ഇവൾ അന്ന്വേഷിച്ചു വരുമ്പോ ഞാൻ ഇവളെ കുറിച്ചു ധരിച്ചു വച്ചിരിക്കുന്നത് എല്ലാം തെറ്റായിരിക്കാം….
ഒരു നിമിഷമെങ്കിലും അത് വെറും തെറ്റുധാരണ ആകണം എന്ന് ഞാനും ആഗ്രഹിച്ചു പോയി…
മനസിൽ മുഴങ്ങിയ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം തരാൻ കഴിയുന്നത് ഇവൾക്ക് മാത്രം ആണ്.. പക്ഷേ ഇവൾ അത് പറയില്ല. അപ്പൊ അതറിയാനുള്ള വഴി ആ അമ്മാവൻ ആണ്. പക്ഷെ ഇപ്പോൾ അയാളുടെ പിറകെ പോകണ്ട എന്ന് മനസെന്നോട് പറഞ്ഞു കൊണ്ട് ഇരുന്നു. പിന്നെ ഉള്ള മാർഗം കോളേജ് ആണ്. എന്റെ രഹശ്യങ്ങൾ ഹരിക്ക് അറിയാവുന്നത് പോലെ അവൾക്കും കാണില്ലേ ഒരു മനസാക്ഷി സൂക്ഷിപ്പുകാരി.. നാളെ തന്നെ അവളെ കണ്ടെത്തണം….
എല്ലാം മനസ്സിൽ ഉറപ്പിച്ചു ഞാൻ മെല്ലെ ഉറക്കത്തിക്ക് വഴുതി വീണു
…….
കോളേജിൽ എത്തി ഹരിയേയും കൂട്ടി ഞാൻ ദേവുവിനെ പിന്തുടർന്നു ആ ദിവസം മുഴങ്ങുവാൻ നടന്നിട്ട് ഒരാളെ ഞങ്ങൾ കണ്ടെത്തി. എന്തിനും ഏതിനും അവളുടെ ഒപ്പം ഉള്ള ഒരുവൾ അഞ്ചു. !
” അനന്തു ചേട്ടാ എനിക്ക് അറിയില്ല അവളെ കുറിച്ച് ഒന്നും. ചോതിക്കുമ്പോളൊക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞു അവൾ ഒഴിഞ്ഞു മാറും. എന്തിന് ചേട്ടനോട് ഉള്ള ഇഷ്ടം പോലും അവൾ ഞങ്ങളോട് പറഞ്ഞിട്ടില്ല.. കല്യാണത്തിനെ കുറിച്ചോ ഒന്നും… ആകെ അറിയാവുന്നത് അവളുടെ അമ്മ കുഞ്ഞിലേ മരിച്ചു പോയി എന്നും പിന്നീട് അവളുടെ അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചിരുന്നു എന്നും മാത്രാ… കുറെ നാളായി അവൾ ക്ലാസ്സിൽ വരാതെ ഇരിക്കയായിരുന്നു. പിന്നെയാ കേട്ടത് കല്യാണം കഴിഞ്ഞു എന്നു…. “
അഞ്ചുവിൽ നിന്നും എനിക്ക് ആവശ്യം ഉള്ള ഒന്നും കിട്ടിയില്ല.
” നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? “
പോകാൻ നേരം അവൾ എന്നോട് ചോദിച്ചു.
” അല്ല കല്യാണം കഴിഞ്ഞു വന്നതിൽ പിന്നെ അവൾ ഒന്നു ചിരിച്ചു പോലും ഞാൻl കണ്ടിട്ടില്ല. എപ്പോളും വിഷമിച്ചിരുന്ന പോലെ ഒരു തോന്നൽ. അല്ലേൽ എപ്പോളും ചിരിച്ചു കളിച്ചിരിക്കുന്നവളാ…… “
എന്റെ മുഖംഭാവം കണ്ടിട്ടാകണം അവൾ തന്നെ അതിന് മറുപടിയും പറഞ്ഞു..
” ഇച്ചിരി നാക്കു കൂടുതൽ ഉണ്ടെന്നേ ഒള്ളു ദേവു ഒരു പാവം ആണ് ചേട്ടാ “..
അതുകൂടി പറഞ്ഞു തീർത്തു അവൾ അവിടെ നിന്നും നടന്നകന്നു…
എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് എനിക്ക് ദേവയുടെ ഡയറി ഓർമ വന്നത്. അതിൽ നിന്നും എന്തായാലും എന്തെങ്കിലും ഒരു വിവരം കിട്ടാതെ ഇരിക്കില്ല…
രാത്രി അവൾ ഉറങ്ങി എന്ന് ഉറപ്പു വരുത്തി ഞാൻ അവളുടെ ഡയറി എടുത്ത് തുറന്നു നോക്കി. ആദ്യം കണ്ണിൽ പെട്ടത് ഒരു സ്ത്രീയുടെ ഫോട്ടോ ആണ്. അമ്മ ആയിരിക്കണം ഞാൻ ഊഹിച്ചു. ഫോട്ടോ അവിടെ തന്നെ വച്ച് ഞാൻ ഓരോ താളുകളായി മറിച്ചു നോക്കി.അതിൽ കുറേ കവിതകളും വർണനകളും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്… ഒന്നും കിട്ടാതെ ഞാൻ തോൽവി സമ്മതിച്ചു ഡയറി മടക്കി യാഥാ സ്ഥാനത്ത് വച്ചു തിരിയുമ്പോൾ കണ്ടത്.. എന്നെ തന്നെ നോക്കി ഇരിക്കുന്ന ദേവികയെ ആണ്. പിടിക്കപ്പെട്ട ഒരു കള്ളന്റെ ജ്യാള്യതയോടെ ഒന്നും മിണ്ടാതെ ഞാൻ കട്ടിലിൽ പോയി കിടന്നു..
