നന്ദിനി 8അടിപൊളി  

മുത്തശ്ശി :എന്നാൽ പിന്നെ ഒരു കാര്യം ചെയ്യൂ ഈ കുട്ടീനെ നീ ഇവിടെ നിർത്തിയിട്ടു പൊക്കോ… ഈ കാലും വെച്ച് അത് എങ്ങനെ നിന്റെ കൂടെ വരും. എന്തായാലും രണ്ട് ദിവസം കഴിഞ്ഞു വരുമ്പോൾ ഇവിടെ വന്നിട്ട് അല്ലേ നീ പോകുന്നത്…

കുട്ടൻ ശ്യാമിനെ നോക്കി.. സത്യത്തിൽ ശ്യാമിന്റെ മനസ്സിൽ സന്തോഷം ആയിരുന്നു. പക്ഷേ അവൻ കണ്ണിറുക്കി കാണിച്ചു എന്നെയും കൊണ്ട് പോകു എന്നരീതിയിൽ. ശ്യാമിനിട്ടു പണി അവൻ തിരിച്ചു കൊടുക്കും എന്ന് ശ്യാമിന് നന്നായി അറിയാമായിരുന്നു. കുട്ടൻ മറ്റൊന്നും ആലോചിക്കാതെ പെട്ടെന്ന് പറഞ്ഞു..

കുട്ടൻ :എന്നാൽ പിന്നെ അവൻ ഇവിടെ നിൽക്കട്ടെ… ഞാൻ പോയിട്ട് വരാം. രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളു…

മുത്തശ്ശി :അതേ കുട്ടി പോകേണ്ട അവൻ വരുമ്പോളേക്കും എന്തായാലും കാലിന്റെ ദീനം മാറും ഈ കാലും വെച്ച് നടന്നാൽ അത് കൂടത്തെ ഉള്ളു…

ശ്യാം അവന്റെ നേരെ കണ്ണ് ഉരുട്ടി കാണിച്ചു ആക്ഷൻ കാണിച്ചു എങ്കിലും അവന്റെ മനസ്സ് സന്തോഷിച്ചു കാരണം രണ്ട് ദിവസം എങ്കിൽ രണ്ട് ദിവസം അവന്റെ മുറപ്പെണ്ണ് ഇവിടെ ഉണ്ടല്ലോ പറ്റുമെങ്കിൽ പയ്യെ അതിനെ ഒന്ന് മുട്ടി നോക്കാം… അവൻ എന്തായാലും ഷോ കാണിച്ചു നടക്കുവല്ലേ…

കഥ അറിയാതെ മണ്ടൻ ആയ കുട്ടൻ അവനെ കോക്രി കാണിച്ചു വീട്ടിൽ നിന്ന് ഇറങ്ങി. പടിപ്പുര കടക്കുമ്പോൾ അവൻ നന്ദിനിയെ തിരിഞ്ഞ് നോക്കി പക്ഷേ അതുവരെ അവന്റെ ഒരു നോട്ടം പ്രതീക്ഷിച്ചു നിന്ന അവൾ തിരിഞ്ഞു അകത്തേക്ക് പോവുകയും ചെയ്തു. എന്തായാലും രണ്ട് ദിവസം കഴിഞ്ഞു ഒരിക്കൽ കൂടി കാണാമല്ലോ എന്ന് അവളും കരുതി. കാൽ ഉന്തി ഉന്തി അവൻ കുറച്ചു നേരം ഉമ്മറത്തു ഇരുന്നു വയലിന്റെ ഭംഗി ആസ്വദിച്ചു. അപ്പോൾ മുത്തശ്ശിയും നന്ദിനിയും അങ്ങോട്ട് വന്നു..

ശ്യാം :മുത്തശ്ശൻ എവിടെ??

മുത്തശ്ശി :തൊടിയിൽ പണിക്കാർ ഉണ്ട്… അങ്ങോട്ട് പോയി..

ശ്യാം :ആ കുളത്തിന്റെ പായൽ ഒന്ന് കഴുകാൻ പറ.. ഓഹ് ഇപ്പോഴും അത് ഓർക്കാൻ വയ്യ..

അത് കേട്ടപ്പോൾ നന്ദിനി കൈ വിരൽ മൂക്കിൽ വെച്ച് ചിരിച്ചു.

മുത്തശ്ശി :കുളത്തിൽ ഒന്നും ഇറങ്ങി അങ്ങനെ പരിചയം ഇല്ലല്ലേ…

ശ്യാം :അവിടെ ഉള്ളത് സ്വിമ്മിംഗ് പൂൾ ആണ് അതൊന്നും പായൽ പിടിക്കില്ലല്ലോ…

മുത്തശ്ശി :അതൊക്കെ കെമിക്കൽ അല്ലേ വെള്ളത്തിൽ ഇത് പ്രകൃതിയിൽ ഇഴുകി അല്ലേ നിൽക്കുന്നത്. അത് കൊണ്ട് ഗുണം കൂടും…

കാല് നോക്കി കൊണ്ട് ശ്യാം പറഞ്ഞു…

ശ്യാം :സത്യം….!

അവന്റെ സംസാരവും മുഖത്തെ ഭാവങ്ങളും കണ്ടാൽ ആരും ചിരിച്ചു പോകും…

മുത്തശ്ശി :നീ എന്നെ കളിയാക്കുവാണോ എന്നൊരു സംശയം…

ശ്യാം :ഹേയ് ഇല്ല മുത്തശ്ശി….

മുത്തശ്ശി :പിന്നെ അവിടെ എങ്ങനാ ഫുഡ്‌ ഒക്കെ നല്ലത് ആണോ മോനെ. കുട്ടൻ അതൊക്കെ കഴിക്കുമോ…

ശ്യാം :എനിക്ക് നാടൻ ഫുഡ്‌ ഇഷ്ടം ആണ് അവൻ എല്ലാം കഴിക്കും… അവൻ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാൻ അറിയാം…

മുത്തശ്ശി :ചെറുപ്പത്തിലേ രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങളെ ഏല്പിച്ചു പോയത് ആ.. ഒരു ഒറ്റ കുടുംബം പോലെ കഴിഞ്ഞത് ആണ്…

ശ്യാം :അറിയാം മുത്തശ്ശി അവൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്….

മുത്തശ്ശി : അവൻ എല്ലാരോടും അങ്ങനെ മിണ്ടി പഴകുന്ന ടൈപ്പ് അല്ല… എങ്ങനെ നിന്റെ കൂടെ കൂട്ടായി…

ശ്യാം :അതൊക്കെ നമ്മൾ സെറ്റ് ആക്കി… അല്ല ഇവിടെ അവനു കൂട്ടുകാർ ആരുമില്ലേ…

മുത്തശ്ശി :ഉണ്ടായിരുന്നു… അവൻ ഒരു ചെറിയ വാശികാരൻ ആണ്… അന്ന് ഉണ്ടായ സംഭവത്തിൽ എന്റെ കുഞ്ഞു ഒറ്റ നിൽപ്പ് ആയിരുന്നു…

മുത്തശ്ശി വിതുമ്പി ഒപ്പം നന്ദിനിയും…

ശ്യാം :ശെ അതൊക്കെ പോട്ടെ മുത്തശ്ശി…

മുത്തശ്ശി :ആ മോൻ അവന്റെ കാര്യം പറഞ്ഞത് കൊണ്ട് ഞാൻ പറഞ്ഞതാ… അന്ന് ഈ വീട്ടിൽ മൂന്നു ശരീരം ആണ് കെട്ടി പൊതിഞ്ഞു കൊണ്ട് വന്നത്. എന്റെ കുഞ്ഞു കരയുന്നത് ഞാൻ കണ്ടിട്ടില്ല ഒരു ഒറ്റ നിൽപ്പ് ആയിരുന്നു അത് നോക്കി. അന്ന് അവന്റെ സ്കൂളിൽ നിന്ന് സാറാന്മാരും ടീച്ചർമാരുമൊക്കെ വന്നു അവനെ ഒരുപാട് ആശ്വസിപ്പിച്ചു.

പക്ഷേ അവൻ അതൊന്നുംകാര്യം ആക്കിയില്ല, അന്ന് അവന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒന്ന് രണ്ട് പിള്ളേർ മാത്രം ആണ് വന്നത്.. പിന്നെ അവൻ അവരോട് അല്ലാതെ ക്ലാസ്സിലെ മറ്റ് ഒരു കുട്ടികളുമായി ചങ്ങാത്തം ഇല്ലാതെ ആയി.. അവരൊക്കെ ജോലി കാര്യങ്ങൾ ആയി ഓരോരുത്തർ ആയി പല വഴിക്ക് പോയപ്പോൾ പിന്നെ അവനു ആരും തന്നെ കൂട്ട് ഇല്ലായിരുന്നു… ആ അവൻ ആണ് മോനെ എന്റെ കുഞ്ഞു….

സാരി തുമ്പ് കൊണ്ട് കണ്ണ് തുടച്ചു പറയുമ്പോൾ നന്ദിനി മുത്തശ്ശിയെ പുറത്ത് പിടിച്ചു മെല്ലെ സമാധാനിപ്പിച്ചു.

ശ്യാം :എന്റെ മുത്തശ്ശി അതൊക്കെ അങ്ങനെ ആണ്… വിധി നമ്മൾക്ക് തടയാൻ പറ്റില്ല ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ പ്രശ്നങ്ങൾ ഉണ്ട് അതൊക്കെ അതി ജീവിച്ചു വരുമ്പോൾ അല്ലേ നമ്മൾ യഥാർത്ഥ മനുഷ്യർ ആകുന്നത്. നമ്മളെ സ്നേഹിക്കുന്ന ആൾക്കാർ ഉണ്ടെങ്കിൽ നമ്മൾ അവരെ സന്തോഷിപ്പിക്കുക…

സത്യത്തിൽ അത് നന്ദിനിയെ ഉദ്ദേശിച് ആണ് അവൻ പറഞ്ഞത്. അവൾ തനി നാടൻ പെൺകുട്ടി ആയത് കൊണ്ട് തന്നെ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിച്ചു എടുക്കും. നന്ദിനി ഡിഗ്രി കംപ്ലീറ്റഡ് ആണ്. അതിന് ശേഷം മറ്റ് ഒന്നിനും പോയില്ല. മുത്തശ്ശിയേയും മുത്തശ്ശനെയും നോക്കി വീട്ടിൽ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ അമ്പലവും വയലുകളും നിറഞ്ഞ ഗ്രാമം അല്ലാതെ അവളുടെ മനസ്സിൽ മറ്റൊന്നും തന്നെ ഇല്ലായിരുന്നു.

മുത്തശ്ശി :അതേ മോനെ…. ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് അവൻ ഞങ്ങളുടെ കൂടെ ഇവിടെ തന്നെ നിൽക്കണം എന്ന്. പക്ഷേ അവൻ ആഗ്രഹിക്കുന്നത് നമുക്ക് തടയാൻ പറ്റില്ലല്ലോ. അവൻ ഇപ്പോൾ വേറെ ഒരു ജോലിക്ക് പോയില്ലെങ്കിലും ഈ പറമ്പും വാഴ തൊപ്പും വയലും നോക്കി നടന്നാൽ തന്നെ അവർക്ക് ഉള്ളത് കിട്ടും.

നന്ദിനി :കുട്ടേട്ടന് പുറത്ത് പോകാൻ ഭയങ്കര ആഗ്രഹം ആണ്… പണ്ട് മുറ്റത്തു നിൽക്കുമ്പോൾ ആകാശത്തു കൂടി പോകുന്ന വിമാനം നോക്കി… അതിൽ എനിക്കും കേറണം എന്ന് പറഞ്ഞിട്ടുണ്ട്…

ശ്യാം :ഉം അത് തന്നെ ആ ആഗ്രഹം അവൻ കൊണ്ട് നടക്കുക ആണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൻ അതിൽ നിന്ന് പിന്മാറില്ല അത് അവന്റെ മനസ്സിൽ ഉറച്ചു പോയി..

മുത്തശ്ശി :അത് അറിയാം മോനെ അവൻ എന്തെങ്കിലും വേണ്ട എന്ന് വെച്ചാൽ പിന്നെ അതിലേക്ക് തിരിഞ്ഞു പോലും നോക്കില്ല…

പെട്ടെന്ന് നന്ദിനിയുടെ മുഖം വിളറി. തന്നെ ഒന്നും ശ്രദ്ധിക്കാതെ പോയ കുട്ടേട്ടൻ ഇനി തന്നെ അവഗണിക്കുക ആണോ. കുട്ടേട്ടന്റെ ലക്ഷ്യങ്ങൾക്ക് താൻ വിലങ്ങു ആകും എന്ന് കരുതിയാണോ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത്… അവളുടെ മനസ്സിൽ പുകച്ചിൽ വന്നു തുടങ്ങി. അന്ന് വൈകുന്നേരം ആയപ്പോൾ ശ്യാമിന് കാൾ വന്നു അവൻ തിരുവനന്തപുരം എത്തി മേമയുടെ വീട്ടിൽ ചെന്നു എന്ന് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *