ഇതാണ് ജീവിതം എന്നാണ് ജയ ധരിച്ച് വെച്ചത്..
അതിനുള്ള ഉപദേശമായിരുന്നു അവളുടെ അമ്മയിൽ നിന്ന് അവൾക്ക് കിട്ടിയത്..
അതിനുള്ള കാരണം, ജയയുടെ അച്ചൻ രണ്ടാം വിവാഹം കഴിച്ചു എന്നുള്ളതാണ്..
അത് തന്റെ പിടിപ്പ് കേടാണ് എന്നാണ് അവളുടെ അമ്മ പറഞ്ഞത്..
ആ അവസ്ഥ നിനക്കുണ്ടാവാതിരിക്കാൻ ആദ്യ രാത്രി മുതൽ തന്നെ ഭർത്താവിനെ വരച്ചവരയിൽ നിർത്തണം..
സ്നേഹത്തോടെ സംസാരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല..
അവരെ പേടിപ്പിച്ച് നിർത്തണം..
ഒരു രൂപ അവർ നമ്മളറിയാതെ ചിലവഴിക്കാൻ പാടില്ല.. പണികഴിഞ്ഞ് അവർ കൃത്യസമയത്ത് വീട്ടിലെത്തുന്നുണ്ടോ എന്ന്ശ്രദ്ധിക്കണം…
ബന്ധുക്കാരെയും, അയൽക്കാരെയും അധികം അടുപ്പിക്കരുത്..
ആരൊക്കെയാണ് ഭർത്താവിന്റെ കൂട്ടുകാർ എന്ന് നമ്മളറിയണം..
കഴിയുന്നതും കൂട്ടുകാരെ അവരിൽ നിന്ന് അകറ്റാൻ നോക്കണം..
ഒരാളെയും വിശ്വസിക്കരുത്..
ഇതൊക്കെയാണ് ജയക്ക് അവളുടെ അമ്മ നൽകിയ ഉപദേശം..
അതൊരൽപം കൂടിയ തരത്തിലാണ് ജയ നടപ്പിലാക്കിയത്..
ഇനി എതിർക്കാനാവാത്തവിധം അവൻ ജയയുടെ അടിമയായി മാറി..
ശബ്ദമുയർത്താനാവാതെ, സ്വാതന്ത്രമനുഭവിക്കാതെ, തീർത്തും നിസഹായനായി രാമേട്ടൻ ദിവസങ്ങൾ തള്ളിനീക്കി..
തന്റെ ജീവിതത്തിൽ ഇനിയൊരു മാറ്റമൊന്നും അയാൾ പ്രതീക്ഷിക്കുന്നില്ല..
എന്നാലും ഒരിക്കലെങ്കിലും ഭാര്യയുടെ മുഖത്ത് നോക്കി രണ്ട് വർത്താനം പറയണമെന്ന് അയാൾ എന്നും വിചാരിക്കും..
അതിനൊരുങ്ങിത്തന്നെയാണ് ഓരോ ദിവസവും അയാൾ വീട്ടിലേക്ക് വരിക..
ഭാര്യയുടെ മുഖം കാണുമ്പോൾ തന്നെ ധൈര്യമെല്ലാം ചോർന്ന്പോവും..
പോക്കറ്റിലുള്ള പൈസ ജയയെ ഏൽപിച്ച് അയാൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോവും..
തികഞ്ഞ മദ്യപാനിയല്ലെങ്കിലും ചെറുതോരോന്ന് അടിച്ചിരുന്ന രാമേട്ടന് ഇന്നതിനും വഴിയില്ല..
പൈസ കൊടുക്കുമ്പോൾ അതിൽ കുറവ് കണ്ടാൽ തല്ലാൻ പോലും ജയ മടിക്കില്ല..
ജീവിതം തന്നെ വെറുത്ത് പോയ രാമേട്ടൻ ഇനിയെന്ത് ചെയ്യേണ്ടൂ എന്ന് ചിന്തിച്ച് വിഷമാവസ്ഥയിലിരിക്കുന്ന സമയത്താണ് അവരുടെ ടീമിലേക്ക് പുതിയൊരാൾ വരുന്നത്..
കരിങ്കൽ കെട്ട് കരാറടിസ്ഥാനത്തിൽ എടുക്കുന്ന മേസ്തിരിയാണ് രാമേട്ടൻ..
അഞ്ചെട്ട് പണിക്കാരുമുണ്ട്..
നാട്ടുകാർക്കെല്ലാം വിശ്വസ്തനാണ് രാമേട്ടൻ..
ഒരാൾ ഒഴിഞ്ഞ പോയ ഒഴിവിലേക്കാണ് പുതിയൊരാൾ വന്നത്..
കൂടെ ജോലി ചെയ്യുന്ന രാജേഷ് കൊണ്ട് വന്നതാണ്..
പണിയൊന്നും അറിയില്ല.
എന്നാലും കരിങ്കല്ല് പുഷ്പം പോലെ എടുത്തുയർത്തി വേണ്ട സ്ഥലത്ത് കൊണ്ടിടും..
നാട്ടിലെ പേര് കേട്ട തറവാട്ടിലെ സന്തതി..
കയ്യിലിരിപ്പ്കൊണ്ട് വീട്ടിൽ നിന്ന് ചവിട്ടിപ്പുറത്താക്കിയിരിക്കുകയാണ്..
അവന്റെ പേര് ഉമ്മർ..
മുപ്പത് വയസ്..
നാട്ടിൽ അറിയപ്പെടുന്ന ഹൈദ്രുഹാജിയുടെ ഇളയ മകൻ..
അവന്റെ കൂടപ്പിറപ്പുകളെല്ലാം ഗൾഫിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്.. അവനെയും ഗൾഫിലേക്ക് കയറ്റാൻ അവൾ പലവട്ടം ശ്രമിച്ചതാണ്..
എന്നാൽ അവനതിനൊന്നും വഴങ്ങിയില്ല..
അവൻ നാട്ടിലെ ഗാനമേളയിലും, പൂരപ്പറമ്പിലും പോയി അടിയുണ്ടാക്കി നടക്കുകയാണ്.
ഏതുൽസവമായാലും ഉമ്മറിന്റെ വക ഒരടി ഏതായാലും ഉണ്ടാവും..
ആത്യാവശ്യം വെള്ളമടിയും, പൂരപ്പറമ്പിലെ കിലുക്കിക്കുത്ത് കളിയും അവനുണ്ട്..
അവന്റെ പൈസ പോയാ അപ്പോ അവനടിയുണ്ടാക്കും.
നാലഞ്ച് പേരെയൊക്കെ അവൻ പുഷ്പം പോലെ അടിച്ചിടും.. അത്രക്ക് ആരോഗ്യവാനാണവൻ.. നല്ല ചങ്കൂറ്റവും..
ഏതവനോടും അങ്ങോട്ട് ചെന്ന് മുട്ടാൻ ഒരു പേടിയുമില്ല..
മഹല്ല് കമ്മറ്റി പ്രസിഡന്റായ അവന്റെ ബാപ്പ എന്നേ അവനെ വീട്ടീന്ന് പുറത്താക്കിയതാണ്..
എങ്കിലും അവൻ ഉറങ്ങാൻ സമയത്ത് വീട്ടിലെത്തും.
പുറത്ത് ഒരു ഷെഡുണ്ട്..അതിലാണ് അവന്റെ ഉറക്കം..
അവനെപ്പോൾ പോകുന്നെന്നോ, എപ്പോവരുന്നെന്നോ ആ വീട്ടിൽ ആർക്കുമറിയില്ല..
ഒരു പണിക്കും പോകാതെ ആഡംബരത്തോടെ കഴിയാനുള്ളത് ഹൈദ്രുഹാജി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിൽ നിന്ന് അഞ്ച് പൈസ ഉമ്മറിന് കിട്ടില്ല..
അവന്റെ വട്ടച്ചെലവുകൾക്കായി അവൻ എന്ത് പണിക്കും പോകും.. ഏത് പണിയെടുക്കാനും അവനൊരു മടിയുമില്ല..
