“രാമേട്ടാ… എനിക്ക് പറയാനല്ല… ചോദിക്കാനാ… രാമേട്ടനോട് ചില കാര്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്…
നമ്മൾ തമ്മിലുള്ള അടുപ്പം വെച്ചാ ഞാനിത് ചോദിക്കുന്നത്… സത്യസന്ധമായിത്തന്നെ രാമേട്ടൻ മറുപടി പറയണം…”
ഉമ്മറിന്റെ മുഖവുര കേട്ടപ്പോ തന്നെ രാമേട്ടന് പേടിയായി…
അയാൾ സംശയത്തോടെ അവനെ നോക്കി..
“ ഞാനിപ്പോ രാമേട്ടന്റെ കൂടെ പണിക്ക് വരാൻ തുടങ്ങിയിട്ട് കുറേയായില്ലേ…
വന്നയന്ന് മുതൽ ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നതാ…
എന്താ നിങ്ങളുടെ പ്രശ്നം… ?.
ഞങ്ങളെല്ലാരും പണിക്കിടെ തമാശ പറയും, ചിരിക്കും, പാട്ട് പാടും… എന്നാൽ ഇതിലൊന്നും നിങ്ങളുണ്ടാവില്ല…
ഒരാളോടും നിങ്ങൾ പണിയുടെ കാര്യമല്ലാതെ വേറൊന്നും സംസാരിക്കില്ല… ഒന്ന് ചിരിക്കില്ല…
എന്താ രാമേട്ടാ പ്രശ്നം… ?”..
താൻ പേടിച്ചത് തന്നെയാണ് ഇവൻ ചോദിക്കുന്നത് എന്ന് അയാൾക്കുറപ്പായി..
എന്ത് പറയും…?..
“എനിക്ക് രാമേട്ടനെ ഒത്തിരി ഇഷ്ടാ… ഒരു ജ്യേഷ്ഠനെപ്പോലെയാണ്…
അത് കൊണ്ടാ ഞാനിത് തുറന്ന് ചോദിക്കുന്നത്…
എന്നോട് രാമേട്ടന് പറയാം… എന്ത് പ്രയാസവും പറയാം… അതിനുള്ള പരിഹാരവും ഞാനുണ്ടാക്കിത്തരാം… “
രാമേട്ടൻ നന്ദിയോടെ ഉമ്മറിനെ നോക്കി..
പക്ഷേ ഒന്നുമവനോട് പറയാൻ അയാൾക്കാവില്ലായിരുന്നു..
“നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് മനസിലായി…
എന്ത് പ്രശ്നത്തിനും പരിഹാരമുണ്ട് രാമേട്ടാ…
പൈസക്കെന്തേലും ബുദ്ധിമുട്ടുണ്ടോ…?”.
ഒരു സഹോദരനോടെന്നപോലെയാണ് ഉമ്മറിന്റെ ചോദ്യം..
അത് രാമേട്ടന്റെ ഹൃദയത്തിലാണ് കൊള്ളുന്നതും..
എന്നാലും അയാളൊന്നും മിണ്ടിയില്ല..
ഒരു പെഗ് കൂടി ഒഴിച്ച് വെച്ച്, എന്തോ പറയാനായി മുഖമുയർത്തിയ ഉമ്മർ ഞെട്ടിപ്പോയി..
രാമേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ബാറിലെ അരണ്ട വെളിച്ചത്തിലും അവൻ കണ്ടു..
താൻ കരുതിയതിനേക്കാൾ പ്രശ്നം രാമേട്ടനുണ്ടെന്ന് അവന് മനസിലായി..അതാരോടും പറയാൻ പറ്റാത്തതാണെന്നും..
അവൻ കൈ നീട്ടി രാമേട്ടന്റെ കയ്യിൽ പിടിച്ചു..
മുങ്ങിത്താഴാൻ പോകുന്നവന് കിട്ടിയ പിടിവള്ളി പോലെ രാമേട്ടൻ അവന്റെ കയ്യിലേക്ക് തല ചായ്ച്ചു..
പിന്നെ ഉമ്മർ കേട്ടത് ഒരു പൊട്ടിക്കരച്ചിലാണ്..
ഹൃദയം പൊട്ടിയുള്ള കരച്ചിൽ..
ഉമ്മർ ചുറ്റും നോക്കി.. അടുത്ത ടേബിളിലൊന്നും ആളില്ലാത്തത് ഭാഗ്യം..
രാമേട്ടന്റെ തലയിൽ തടവിയതല്ലാതെ അവനൊന്നും മിണ്ടിയില്ല..
അതീവഗുരുതര പ്രശ്നം തന്നെയാണെന്ന് ഉമ്മറിന് മനസിലായി..അല്ലെങ്കിൽ ഒരു പുരുഷൻ ഇങ്ങിനെ ഹൃദയ വേദനയോടെ കരയില്ല.. കേട്ടിടത്തോളം രാമേട്ടന് കുടുംബത്തിൽ പ്രശ്നമുണ്ടാവാനിടയില്ല..ആകെയുള്ള ഒരു മകളെ വിവാഹം കഴിച്ചയച്ചു.. വീട്ടിൽ ഭാര്യയും രാമേട്ടനുംമാത്രമേയുള്ളൂ..
പിന്നെന്താണ് പ്രശ്നം… ?.
കുറച്ച് നേരം കരഞ്ഞ് രാമേട്ടൻ തലയുയർത്തി..
സഹിക്കാനാവാത്ത വേദനയാൽ അയാളുടെ മുഖം വിറക്കുന്നത് ഉമ്മർ കണ്ടു..
താനൊഴിച്ച് വെച്ച ഗ്ലാസിലേക്ക് രാമേട്ടന്റെ കൈ നീളുന്നതും, അതെടുത്ത് ഒറ്റവലിക്കയാൾ കുടിക്കുന്നതും അൽഭുതത്തോടെ ഉമ്മർ നോക്കി നിന്നു..
മുഴുവൻ കുടിച്ച് ഗ്ലാസ് താഴെ വെച്ച് ചിറിയൊന്ന് തുടച്ച് രാമേട്ടൻ, ഉമ്മറിനെ നോക്കി..
“ശരിയാടാ… നീ പറഞ്ഞത് മുഴുവൻ ശരിയാ…
എനിക്ക് പ്രശ്നങ്ങളുണ്ട്…
അതിന്നും ഇന്നലെയും തുടങ്ങിയതല്ല…
അതിനി മാറാനും പോവുന്നില്ല…”
രാമേട്ടൻ ദീർഘമായൊന്ന് നിശ്വസിച്ചു..
ഉമ്മറിനോട് എല്ലാം തുറന്ന് പറയാൻ രാമേട്ടൻ തീരുമാനിച്ചിരുന്നു..
ഇനിയിത് ആരോടെങ്കിലും പറയാതിരിക്കാനാവില്ല..
ഈ സമ്മർദ്ദം താങ്ങാൻ പറ്റാതായിരിക്കുന്നു..
ഇവൻ ചോദിച്ച സ്ഥിതിക്ക് പറയാം..
അങ്ങിനേലും കുറച്ച് ആശ്വാസം കിട്ടട്ടെ..
“ ഒന്നൂടി ഒഴിക്ക് ഉമ്മർകുട്ടീ…”
അവൻ വേഗം ഒന്നൂടി ഒഴിച്ച് രാമേട്ടന് കൊടുത്തു..
അതും ഒറ്റവലിക്കയാൾ അകത്താക്കി.
പിന്നെ രാമേട്ടൻ പറയാൻ തുടങ്ങി..
പ്രക്ഷുബ്ധമായ മനസോടെ, നിറകണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെ, വേദനയാൽ നുറുങ്ങുന്ന ഹൃദയത്തോടെ രാമേട്ടനെല്ലാം പറഞ്ഞു..
