അടുക്കളയിലെത്തിയതും പെട്ടെന്നൊരു സംശയം..മുറ്റത്തൊരു ശബ്ദം കേട്ടോ..?!!
ചെവിയോര്‍ത്തപ്പോള്‍ ശരിയാണ്. മേമയുടെ ശബ്ദമാണ്.
ഈശ്വരാ ഈ സമയത്ത് കുളിച്ചതിനെന്ത് കാരണം പറയും..?
മനസ്സ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്ലാനുകള്‍ തയ്യാറാക്കി. സംശയലേശമന്യേ വിശ്വസിക്കാന്‍ പോന്ന ഒരു കാരണം കണ്ടുപിടിച്ച അതേ നിമിഷം മേമ പുറത്തു നിന്നും ഹാളിലേക്ക് കയറി വന്നതു കണ്ടു.. കയ്യില്‍ ഒരു കവര്‍ നിറയെ എന്തൊക്കെയോ ഉണ്ട്.
അമ്മച്ചനും അമ്മമ്മയും യാന്ത്രികമായി തലതിരിച്ച് അവരെയൊന്നു നോക്കിയ ശേഷം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങി.
അതേസമയം തന്നെ അടുക്കളയില്‍ നില്‍ക്കുന്ന എന്നെ മേമ കണ്ടു. ശ്രദ്ധയാകര്‍ഷിക്കാന്‍ തല തുവര്‍ത്തുന്ന ഭാവത്തിലാണ് ഞാന്‍ നിന്നത്.
“ഇതെന്താ ഈ സമയത്തൊരു കുളി..?”
ആ മുഖത്ത് ആശ്ചര്യം പടര്‍ന്നു.
ഈശ്വരാ കാത്തോണേ..പ്ലാന്‍ ബി എന്നും പറഞ്ഞു ഒരു സാധനം കയ്യിലില്ലാത്തതാണ്.
ഞാന്‍ പെട്ടെന്ന് ചുണ്ടില്‍ വിരല്‍ വച്ച് ‘മിണ്ടല്ലേ’ എന്ന ഭാവത്തില്‍ അടുത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചു.
പന്തികേട് നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവര്‍ അടുക്കളയിലേക്ക് വന്നു.
“അതേയ്..ഞാന്‍ അമ്മച്ചനോട് പറഞ്ഞത് പെരുന്നാളിന് പോയി വര്വാണെന്നാ..! ഉള്ളത് പറഞ്ഞാപ്പിന്നെ വിശദീകരിച്ചു കൊടുക്കുമ്പോഴേക്കും പുതിയ തൊണ്ട ഓര്‍ഡര്‍ ചെയ്യേണ്ടി വരും.!”
ഉള്ളിലെ ആന്തല്‍ മറച്ചുകൊണ്ട് ഞാനൊരു ചിരി മുഖത്ത് ഫിറ്റ് ചെയ്തു.
“പള്ളീല്‍ പോകാതെ നീ വേറെ എങ്ങോട്ടാ പോയെ..? ഇപ്പൊ എന്തിനാ കുളിച്ചേ..?”
ശടെപടേന്ന് രണ്ടു ചോദ്യങ്ങള്‍ ഒരു സംശയദൃഷ്ടിയോടെ ചീറി വന്നു.
നൈസായിട്ടൊന്നു പതറിപ്പോയേനെ…പക്ഷെ പടച്ചോന്‍ കാത്തു.
“നീയൊന്നു ഊതിക്കെ..!!!”
സംശയം കത്തിപ്പിടിച്ചപോലെ നെറ്റി ചുളിച്ച് തെല്ലൊരു ദേഷ്യത്തില്‍ അവരെന്റെ അടുത്തേക്ക് നീങ്ങി നിന്നു.
ഞാന്‍ പെട്ടെന്ന് തന്നെ ആ സംശയമങ്ങു ദൂരീകരിച്ച് കൊടുത്തു. വെള്ളമടിക്കാന്‍ പോയതല്ലെന്നു ബോധ്യമായതോടെ ആ മുഖത്തെ ദേഷ്യം മാറി.
“ഞാന്‍ വെറുതെ ഒന്ന് ഹൈവേ വരെ പോയി.ഒരു ജ്യൂസ് കുടിക്കാന്‍ ഇറങ്ങിയതായിരുന്നു. അതുവഴി ബൈക്കില്‍ പോയ ഏതോ ഒരുത്തന്‍ ശ്രദ്ധിക്കാതെ ഒരു തുപ്പായിരുന്നു. മുറുക്കാനോ പാന്‍പരാഗോ…അഹ് ..എന്തോ..! അറച്ചിട്ട്…ന്റയ്യോ..! എങ്ങനാ ഇവിടെ എത്തിയതെന്ന് എനിക്കേ അറിയൂ..!”
വളരെ വിദഗ്ദമായി ഞാനാ പ്ലാന്‍ അവതരിപ്പിച്ചുകൊണ്ട് മുഖം അറച്ച ഭാവത്തില്‍ ചുളുക്കി. ആ ഭാവം ചെറുതായി അവരിലേക്കും പടര്‍ന്നു.
“ഇതിപ്പോ എന്തിനാ അവിടൊക്കെ പോകാന്‍ പോയെ…പള്ളീല്‍ വരാന്‍ ഇഷ്ടല്ലെങ്കില്‍ ഇവിടെ ഇരുന്നാപ്പോരായിരുന്നോ..!”
മേമ ഒരു നേര്‍ത്ത പുഞ്ചിരിയോടെ ശരിക്കും തോര്‍ത്തിയോ എന്ന ഭാവത്തില്‍ മുടിയിലൊന്നിളക്കി നോക്കിക്കൊണ്ട് പറഞ്ഞു.
“ചുമ്മാ പോയതാ…കോഴിക്കോട്ടേക്ക് പോകുന്ന ബസ്സൊക്കെ ഒന്ന് കാണാല്ലോ…അവിടുന്ന് പോന്നിട്ട് കുറച്ച് ദിവസമായില്ലെ..!”
പ്ലാനില്‍ ഇല്ലാത്ത ഒരു ഭാഗമായിരുന്നതിനാല്‍ സ്പോട്ടില്‍ കയ്യില്‍ നിന്നും എടുത്തിട്ടതാണ്.
പെട്ടെന്ന് മേമയുടെ മുഖമൊന്നു മങ്ങി.ആ ഡയലോഗ് വേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി. മേമയ്ക്കത് വിഷമമായിട്ടുണ്ട്..ഞാന്‍ ഇവിടം വിട്ടു പോകാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നിക്കാണും.
“എന്താണ് ഒരു വാട്ടം പോലെ..!”
ഞാനാ കൈ കവര്‍ന്നു കൊണ്ട് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.
മറുപടിയൊന്നും പറയാതെ കൈ വിടുവിക്കാന്‍ ശ്രമിക്കുകയാണവര്‍ ചെയ്തത്. എന്നാല്‍ ഞാനത് വിട്ടില്ല.
“എന്റെ മേമേ..ചുമ്മാ പറഞ്ഞതാ…മേമ അടുത്തില്ലാത്തോണ്ട് ഭയങ്കര ബോറടിയായിരുന്നു. അപ്പൊ വെറുതെയൊന്ന് കറങ്ങിയെന്നെയുള്ളൂ… ദേ അപ്പോഴേക്കും മുഖം വീര്‍ത്തു..!”
ഞാനൊരു കൊഞ്ചലോടെ പറഞ്ഞു.
മെല്ലെ ആ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു വന്നു. മനസ്സ് നിരഞ്ഞപോലൊരു നോട്ടവും..! ആ നിമിഷം എന്നില്‍ വിവേചിച്ഛരിയാനാകാത്ത ഒരു അസ്വസ്ഥത ഉടലെടുത്തു.
“ഞാന്‍ കരുതി പിന്നെയും തുടങ്ങിക്കാണുമെന്ന്..!”
