പുതു ജീവിതം – 1

പറഞ്ഞു തീര്‍ന്നതും അജയ് പൊട്ടിച്ചിരിച്ചു . ഷാനു ഭയന്ന് ചുറ്റും നോക്കി വീണ്ടും തലയിലെ ഷോള്‍ മാടി വെച്ചു

‘ എന്തിനാപ്പോ ചിരിക്കണേ? ”

‘ അല്ല …. മൊഞ്ചുള്ള കുട്ടീന്ന് കേട്ടിട്ട് ചിരിച്ചതാന്നെ …അതിനിപ്പോ ആരാ ഇവിടെ ഈ മൊഞ്ചുള്ള കുട്ടി?”

” ഷാനുവിന്റെ മുഖം കടന്നല് കുത്തിയ പോലെ വീര്‍ത്തു

” ഞാന്‍ പോണു ‘ അവള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും അജയ് അവളുടെ ഉരുണ്ട കൈത്തണ്ടയില്‍ പിടിച്ചു

‘ ഇരിക്കടോ അവിടെ ‘ ഷാനു അനങ്ങിയില്ല ..അവനാ മിനുത്ത കൈത്തണ്ടയില്‍ പതിയെ തലോടി

‘ അടിക്കണില്ലേ താന്‍ ?”

ഷാനു മിണ്ടിയില്ല

‘അപ്പൊ എന്നെ ഇഷ്ടമാണെന്ന് സാരം ”

” അതൊന്നും അല്ല …പാവല്ലേ എന്നോര്‍ത്തിട്ടാ ” ഷാനുവിന്റെ കയ്യിലെ രോമങ്ങള്‍ എഴുന്നു

‘ എന്നാ ഞാന്‍ സീരിയസ് ആണെങ്കിലോ ….. ഞാനീ മോഞ്ചത്തിയെകെട്ടിക്കോട്ടേ ?’

‘ അപ്പൊ , ഇപ്പോളല്ലേ എനിക്ക് മോഞ്ചില്ലന്നു പറഞ്ഞെ “
” ഓ …ഒള്ള മൊഞ്ച് കൊണ്ട് ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം ”

ഷാനുവിന്റെ മിഴികള്‍ നാണത്താല്‍ കൂമ്പിയടഞ്ഞു

” ഞാന്‍ പോവാ ….’ അവളവന്റെ കൈകള്‍ വിടുവിച്ചു തിരിഞ്ഞോടി .. കല്ല്‌ പാകിയ വഴി തിരിയുന്നിടത്ത് വെച്ചു ഷാനു അവനെ തിരിഞ്ഞു നോക്കി …അജയ് അവളെ നോക്കി കൈ വീശിയപ്പോള്‍ ഷാനു അറിയാതെ കൈകള്‍ ഉയര്‍ത്തി ..

”””””””””””””””””””””””””””””””””””””””””””””””””””””

അന്നു , ജമീല വന്നപ്പോള്‍ റാവുത്തര്‍ വീട്ടിലില്ലായിരുന്നു . അവള്‍ പുട്ടും കറിയും ഉണ്ടാക്കി വെച്ചിട്ട് , ഊണ് കാലാക്കി… രണ്ടു മണി ആയിട്ടും റാവുത്തര്‍ വന്നില്ല … ആറു മണിക്ക് അവള്‍ വീട്ടിലേക്ക് പുറപ്പെടാന്‍ നേരവും അയാളെ കാണാത്തതിനാല്‍ ജമീല നിരാശയോടെ വീട്ടിലേക്ക് നടന്നു

””””””””””””””””””””””””””””””’

‘ ഉമ്മാ …സ്വര്‍ണം എടുത്തു വിക്കാം ..അതിനുള്ള പൈസ ആയിട്ടുണ്ട് …പക്ഷെ വേറെവിടോ പോയി വാങ്ങണം ”

‘ ആരാ മോനെ പൈസ തരണേ ?”

‘ ബാങ്കിലെ സാറാണ് ഉമ്മ ‘ കൂര്‍ക്ക മെഴുക്കു ഉലര്‍ത്തിയത് ,തലേന്നത്തെ മീന്‍ ചാറില്‍ വറ്റിച്ചെടുത്തതും കൂട്ടി ചോറ് വെട്ടി വിഴുങ്ങുന്നതിനിടെ ഷാമോന്‍ പറഞ്ഞു .. കൂര്‍ക്ക ഉലര്‍ത്തിയത് മീന്‍ ചാറില്‍ അല്‍പം എണ്ണയും വറ്റല്‍ മുളകും കൂടി പൊട്ടിച്ചു വഴറ്റിയെടുത്താല്‍ അവനു പെരുത്തിഷ്ടമാണ് . ബാക്കി വരുന്ന കറിയൊക്കെ റാവുത്തര്‍ക്ക് അവള്‍ എടുത്തോണ്ട് പോകുന്നതില്‍ എതിര്‍പ്പില്ല. അത് കൊണ്ട് തന്നെ മിക്ക ദിവസവും ഇറച്ചിയോ മീനോ കാണും വീട്ടില്‍ .

‘ പതിനഞ്ചിന് പോയി വാങ്ങണം … പതിനെഴിനെ തിരിച്ചു വരൂ … ” വിരല്‍ നോട്ടി നുണഞ്ഞു ഷാമോന്‍ പറഞ്ഞു

” അപ്പൊ മോന്‍റെ അഞ്ചു ലക്ഷം ആയി …അണ്ണന്റെ അടുത്തൊന്നു സൂചിപ്പിച്ചതാ ..അണ്ണന്‍ ഇന്ന് മുങ്ങി കളഞ്ഞു … അല്ലെങ്കില്‍ അത്രേം കുറച്ചു ഉണ്ടാക്കിയാല്‍ മതിയാരുന്നു ”

‘ എന്നാലും ബാക്കി വേണ്ടേ ഉമ്മാ ‘ ഷാമോന്‍ ജമീലയെ നോക്കി …

” ഉമ്മ ..ഒന്ന് കൂടി പറഞ്ഞു നോക്ക് …എങ്ങനെയേലും നമുക്ക് തിരിച്ചു കൊടുക്കാം ….. ഈ ഉലകത്തില്‍ റാവുത്തര്‍ അണ്ണന് ഉമ്മാനെ മാത്രേ കാര്യമുള്ളൂ ….’

ഷാമോന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ജമീലയുടെ ഉള്ളൊന്നു കാളി ..ഇവന്‍ വല്ലതും മനസ്സില്‍ ഇരുത്തിയാണ്‌ പറഞ്ഞതോ ?’

‘ ഞാനും നോക്കട്ടെ ഇക്കാക്ക …അഞ്ചു ലക്ഷം ….” ഷാനു അത് പറഞ്ഞപ്പോള്‍ രണ്ടു പേരും അവളെ നോക്കി

” നിനക്കെവിടുന്നാ മോളെ ഇത്രേം പൈസ ……അതൊന്നും വേണ്ട …ആരോടും കെഞ്ചണ്ട’

അജയുടെ ചിരിയും , അവളുടെ കൈത്തണ്ടയില്‍ ഉള്ള തലോടലും ഒക്കെയോര്‍ത്തു , അവന്‍ തഴുകിയ കയ്യില്‍ തന്നെ നോക്കിയിരുന്നപ്പോള്‍ ആണ് ..
അഞ്ചു ലക്ഷത്തിന്‍റെ വീതം വെപ്പ് അവള്‍ കേട്ടത് …പെട്ടന്ന് അവളുടെ മനസ്സില്‍ അജയുടെ പേര് വീണ്ടും നിറഞ്ഞു ….അവനോട് ചോദിച്ചാലോ …..വേണ്ട … ഇഷ്ടാനെന്നു പറഞ്ഞയുടനെ പൈസ ചോദിച്ചാല്‍ അവനെന്തു ന് കരുതും …ന്നാലും …ആവശ്യമല്ലേ …. ചോദിച്ചു നോക്കാം … തരുന്നേല്‍ തരട്ടെ …തരും ….തരാതിരിക്കില്ല ………… ആ ധൈര്യത്തിലാണവള്‍ അഞ്ചു ലക്ഷം ഏറ്റത്.

അവളുടെ മുഖത്തെ നിശ്ചയദാര്‍ദ്ദ്യം കണ്ടവര്‍ പിന്നെയൊന്നും ചോദിച്ചില്ല .

മൂന്നു പേരും അല്‍പം സമാധനതോടെയാണ് അന്നുറങ്ങാന്‍ കിടന്നത്

”””””””””””””””””””””””””””””””

ഡിസംബര്‍ 13

””””””””””””””””””””””
ഷാമോന്‍ അന്ന് ചുറുചുറുക്കോടെ ജോലി ചെയ്തു … ഉച്ച കഴിഞ്ഞപ്പോള്‍ അവനൊരു കോള്‍ വന്നു

” ഹലോ ….ആരാണ് ?’

” ഞാനാ ഷാമോനെ ..താര ‘

” ആ …സാറോ? സാറേ എന്ത് പറ്റി .? പൈസക്ക് വല്ല കുഴപ്പവും ?” അവന്‍റെ സ്വരത്തില്‍ അങ്കലാപ്പ് നിറഞ്ഞിരുന്നു

” ഹ ഹ …അതൊന്നുമല്ല …താന്‍ അഞ്ചരക്ക് ടൌണിലെ കല്യാണി ടെക്സ്റയില്‍സിന്റെ മുന്നില്‍ വരണേ ”

‘ വന്നേക്കാം സാറേ …ഞാന്‍ പേടിച്ചു പോയി ”

‘ പേടിക്കുവോന്നും വേണ്ട …താര ജീവനോടെ ഉണ്ടേല്‍ തനിക്ക് പൈസ തന്നിരിക്കും ..പോരെ ?”

” അത് മതി സാറേ ”

””””””””””””””””””””””””””””””””’

“ദേ …വരുന്നുണ്ടെടാ നിന്‍റെ മൊഞ്ചത്തി”

മഹേഷ്‌ പറഞ്ഞപ്പോള്‍ അജയ് തിരിഞ്ഞു നോക്കി . ചുവന്ന പട്ടു പാവാടയും , ബ്ലൌസുമിട്ടു , സ്വര്‍ണ നിറത്തിലുള്ള നൂലുകള്‍ പിടിപ്പിച്ച ഷോളും പുതച്ചു ഷാനു വരുന്നത് കണ്ടതെ അവന്‍റെ മനസ്സില്‍ കുളിര്‍കാറ്റ് വീശി

” എന്താ എന്‍റെ മൊഞ്ചത്തി കുട്ടി…എന്നെ കാണാണ്ട് ഇരിക്കത്തില്ലേ ഇപ്പൊ ?’

” പോ …ഒന്ന് ….അതിനോന്നുമല്ല ” ഷാനു ഇടം വലം നോക്കി

” പിന്നെന്താ ?”

” എനിക്കൊരു കാര്യം പറയാനുണ്ട് ”

” പറഞ്ഞോളൂ എന്‍റെ മൊഞ്ചത്തി ..”

‘ ഇവിടെ വെച്ചു വേണ്ട ”

അജയ് കൂട്ടുകാരുടെ നേര്‍ക്ക്‌ രണ്ടു മിനുറ്റ് എന്ന് ആഗ്യം കാണിച്ചിട്ട് അവളെയും കൂട്ടി കാന്റീനിലേക്ക് നടന്നു …. ആളൊഴിഞ്ഞ മൂലയിലെ കസേരയില്‍ ഇരുവശവും ഇരുന്നിട്ട് അജയ് അവളുടെ നേരെ നോക്കി …ഷാനു മുഖം കുനിച്ചിരിക്കുവാണ്…. നഖം മൊത്തം കടിച്ചു തീരാറായി

” കാപ്പി കുടിക്ക് “
കാപ്പിയും ചൂട് പഴംപൊരിയും മുന്നിലേക്ക് നീക്കി വെച്ചു അജയ് പറഞ്ഞതും

” എനിക്കൊരു അഞ്ച് ലക്ഷം തരുമോ ?” പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അജയ് അമ്പരന്നു

” എന്ത് ? എത്ര രൂപയാ ?”

” അഞ്ചു ലക്ഷം …ഞാന്‍ പിന്നെ തന്നോളാം …..” നഖം കടിച്ചവനെ നോക്കാതെ അവള്‍ മുട്ടുകള്‍ ഇറുക്കി പിടിച്ചു ഇടത് കാല്‍പാദം കൊണ്ട് വലതു കാല്‍ പാദത്തില്‍ ചവിട്ടി തിരുമ്മി

” എന്താ ..തനിക്കിത്ര ആവശ്യം … എന്റെല്‍ അത്രയും പൈസയൊന്നും ഇല്ല ‘

ഷാനുവിന്റെ കണ്ണുകളില്‍ നിന്നും അണക്കെട്ട് പ്രവഹിക്കാന്‍ തുടങ്ങി

‘ എടൊ …താന്‍ കരയാതെ …..ആരേലും കാണും … ”

ഷാനു മുഖം തുടച്ചിട്ടു അവനെയൊന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങിയോടി ………..

ഉച്ചക്കും ഇന്റര്‍വെല്ലിനുമൊക്കെ അവന്‍ വന്നു നോക്കിയിട്ടും ഷാനു മുഖം കൊടുത്തില്ല

Leave a Reply

Your email address will not be published. Required fields are marked *