” ഇന്ന് പന്ത്രണ്ട് …തനിക്ക് പതിനേഴിന് വൈകിട്ട് പൈസ ഞാന്‍ തരും ….പക്ഷെ …താന്‍ എന്‍റെ കൂടെ ഒരിടം വരെ വരണം …രണ്ടു ദിവസം …അതായത് പതിനഞ്ചിന് രാവിലെ പോണം
” പോകാം സാറെ ..എവിടെ വേണേലും പോകാം …എവിടെ വേണേലും ‘ അവന്‍റെ മുഖത്ത് ഒരായിരം പൂത്തിരി കത്തി
” എന്നാല്‍ പതിനഞ്ചിന് രാവിലെ ഹോസ്റ്റലിന്റെ അപ്പുറത്തുള്ള കവലയില്‍ നിന്നോളൂ …ഞാന്‍ വിളിച്ചോളാം…. ”
ഷാമോന് ആകെ അങ്കലാപ്പായി
” അപ്പൊ സാറെ … രണ്ടു ദിവസം കഴിഞ്ഞേ വരത്തോള്ളോ… പതിനാറിന് വരാന്‍ പറ്റുമോ ? എനിക്ക് അതെടുത്തിട്ട് ബാക്കി പൈസയും കൂടി ഉണ്ടാക്കണം “
‘ നോക്കട്ടെ ഷാമോനെ … കഴിയുന്നതും നേരത്തെ തിരിച്ചു വരാം …’ അവളുടെ മുഖം വാടിയതവന്‍ ശ്രദ്ധിച്ചില്ല . നല്ല സന്തോഷത്തിലാണവന്‍ ചന്തയുടെ അവിടെ ഇറങ്ങിയത്
”””””””””””””””””””””””””””””””””””””””’
ഷാനു അജയുടെ ക്ലാസ്സിനു മുന്നിലൂടെ നടന്നിട്ടും അവനെ കണ്ടില്ല … അല്‍പം പോയിട്ടവള്‍ തിരികെ വന്നു ഒന്ന് കൂടി നോക്കി …. എന്നിട്ട് നിരാശയോടെ പാലമരചുവട്ടിലേക്ക് പോകാന്‍ തിരിഞ്ഞപ്പോള്‍ തൂണില്‍ ചാരി , കയ്യും കെട്ടി വെച്ച്അവളെ തന്നെ നോക്കി നില്‍ക്കുന്ന അജയ്
ഷാനുവിന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി .. അവന്‍ ഒരടി അടുത്തേക്ക് നടന്നപ്പോള്‍ ഷാനു ഒറ്റയോട്ടത്തിനു തന്റെ ക്ലാസ്സിലെത്തി .. അപ്പോഴേക്കും ബെല്‍ മുഴങ്ങിയിരുന്നു
ദേവിക അവളുടെ തുടയില്‍ പിച്ചിയപ്പോള്‍ ഷാനു അവളെ കണ്ണുരുട്ടി
” എന്താടി പിശാചേ ..എനിക്ക് വേദനിച്ചൂട്ടൊ ”
” ഡി …അങ്ങോട്ട് നോക്കടി ..ഷാനു മോളെ …അങ്ങോട്ട് നോക്കടി ” ചെവിയില്‍ പതുക്കെ ദേവിക പറഞ്ഞപ്പോള്‍ ഷാനു ജനലിലൂടെ പുറത്തേക്ക് നോക്കി .. വരാന്തയില്‍ അവളെ തന്നെ നോക്കി അജയ് .. ഷാനു കൈ കൊണ്ട് ‘ പോ ..പോ ” എന്നാഗ്യം കാണിച്ചു …അജയ് അവളെ ഇറങ്ങി വരാന്‍ തിരിച്ചും ആഗ്യം കാണിച്ചു …ഷാനു പിന്നെ അങ്ങോട്ട് നോക്കിയില്ല …
ഫസ്റ്റ് അവര്‍ കഴിഞ്ഞു മിസ്സ് ഇറങ്ങി പോയതും ജനാലക്ക് അടുത്തിരുന്ന കുട്ടിയുടെ കയ്യില്‍ എന്തോ കൊടുത്തിട്ട് , പോകുന്ന അജയെ ഷാനു കണ്ടു .. ദേവിക ആ കടലാസ് അവളുടെ കയ്യില്‍ നിന്ന് വാങ്ങി നിവര്‍ത്തി .
” മൂന്നാമത്തെ അവര്‍ പാലമരച്ചുവട്ടില്‍ വരണം ..ഞാന്‍ കാത്തു നിക്കും ”
” യ്യോ ..പടച്ചോനെ ഞാന്‍ പോവില്ല ‘ ഷാനു ദേവിയോട് പറഞ്ഞതും അടുത്ത മിസ്സ് ക്ലാസ്സിലേക്ക് വന്നു
‘ എന്തിനാ വരാന്‍ പറഞ്ഞെ …ഞാന്‍ പോവാ ‘ സിമന്‍റ് ബഞ്ചിലിരുന്ന അജയ് തിരിഞ്ഞു നോക്കി .. തല പുതച്ചിരിക്കുന്ന ഷോളിന് താഴെ രണ്ടു കരിമീന്‍ പിടക്കുന്ന പോലെയാണ് അവനു തോന്നിയത് .. സുറുമ നീളത്തിലെഴുതിയ കണ്ണുകളില്‍ വല്ലാത്ത തിളക്കം ..അവന്‍റെ നോട്ടം കണ്ടത് കൂമ്പി വരുന്നു
‘ ഇരിക്ക് ”
” എനിക്ക് പോണം “
” എന്നാ പൊക്കോ…പിന്നെന്തിനാ എന്നോട് കോളേജില്‍ വരാന്‍ പറഞ്ഞെ ”
” അത് ..പിന്നെ …സോറി ”
” എന്തിനു ?”
” അത് ഞാന്‍ …അന്ന് അടിക്കാന്‍ പാടില്ലാരുന്നു”
‘ അത് ഞാന്‍ തന്‍റെ കയ്യില്‍ പിടിച്ചിട്ടല്ലേ …”
‘ അപ്പൊ പിന്നെ ..എന്തിനാ കോളേജില്‍ വരാതിരുന്നെ ?”
‘ അത് തനിക്ക് എന്നോട് സ്നേഹമില്ലന്ന്‍ തോന്നിയോണ്ട്” അജയുടെ കണ്ണില്‍ കുസൃതി
” സ്നേഹോക്കെ ഒണ്ട് …. പക്ഷെ ..”
‘ പക്ഷെ എന്താ ഷാനു …താനിവിടെ ഇരിക്ക്…’ ഷാനു തലചെരിച്ച് എല്ലായിടത്തും ഒന്ന് നോക്കിയിട്ട് സിമന്‍റ് ബഞ്ചിന്റെ അരികില്‍ ചെരിഞ്ഞിരുന്നു , എന്നിട്ട് ഒന്ന് കൂടി തല പുതച്ചു , കണ്ണുകള്‍ കൂടുതല്‍ പിടച്ചു കൊണ്ടിരുന്നു
‘ പക്ഷെ , എനിക്ക് വെറുതെ ഒരു കോളേജ് പ്രേമോം ഒന്നും ഇഷ്ടല്ല ….നിങ്ങളെ പോലെ പണമുള്ള വീട്ടിലെ പിള്ളേര്‍ക്ക് മൊഞ്ചുള്ള പിള്ളേരെ കാണുമ്പോ ഇങ്ങനത്തെ പൂതിയൊക്കെ തോന്നും ..എനിക്കിഷ്ടല്ല അത് ‘
പറഞ്ഞു തീര്‍ന്നതും അജയ് പൊട്ടിച്ചിരിച്ചു . ഷാനു ഭയന്ന് ചുറ്റും നോക്കി വീണ്ടും തലയിലെ ഷോള്‍ മാടി വെച്ചു
‘ എന്തിനാപ്പോ ചിരിക്കണേ? ”
‘ അല്ല …. മൊഞ്ചുള്ള കുട്ടീന്ന് കേട്ടിട്ട് ചിരിച്ചതാന്നെ …അതിനിപ്പോ ആരാ ഇവിടെ ഈ മൊഞ്ചുള്ള കുട്ടി?”
