പുനർജ്ജനി 1

അത്താഴം കഴിക്കുമ്പോൾ എന്നും അമ്മയുണ്ടാ
ക്കുന്ന ചോറിനും ,പരിപ്പ് കറിക്കുമൊപ്പം അല്പം പായസവും ഉണ്ടായിരുന്നു ….

“എന്താമ്മേ, പായസമൊക്കെ ?” ചോദ്യം കഴിഞ്ഞു.
മിനിറ്റുകൾ കഴിഞ്ഞാവും ഉത്തരം കിട്ടുക. അത് കേൾക്കാൻ ചെവിയോർത്തു….

” ഇന്ന് നിന്റെ അച്ഛൻ മരിച്ചിട്ട് അഞ്ച് വർഷമായി”

മുഖമുയർത്തി അമ്മയെ നോക്കുമ്പോൾ ആ കണ്ണുകളിൽ നിന്നടർന്ന രണ്ട് തുള്ളി കണ്ണുനീർ
മുന്നിലിരുന്ന പാത്രത്തിലേയ്ക്ക് വീഴുന്നത് കണ്ടു..
യന്ത്രമനുഷ്യനെ പോലെ അമ്മ അപ്പോഴും ചോറു
വാരി കഴിച്ചു കൊണ്ടിരുന്നു….

അച്ചനെ ഓർക്കുമ്പോളെല്ലാം ആദ്യം
മനസ്സിലേയ്ക്കെത്തുന്നത് ഭംഗിയായി വെട്ടി ഒതുക്കിയ താടിയും , പുഞ്ചിരിക്കുന്ന മുഖവുമാണ്…. തന്റെ കവിളിൽ ഉമ്മ
വയ്ക്കുമ്പോൾ ആ താടി രോമങ്ങൾ ദേഹത്തുരസി ഇക്കിളിയാക്കുമായിരുന്നു…
തന്റെ ചിരികാണാൻ അച്ഛൻ വീണ്ടും താടി കൊണ്ട് ദേഹത്തുരസും….

പെയിന്റ് പണി കഴിഞ്ഞു വരുന്ന അച്ഛന്റെ
താടിയിലും മുടിയിലും പറ്റി പിടിച്ചിരിക്കുന്ന പെയിന്റ് വൃത്തിയാക്കൽ തന്റെ ജോലിയായി
രുന്നു. കുളിച്ചു വന്നാൽ തന്നെയും മുന്നിലിരുത്തി അച്ഛൻ ചന്തയിലേക്കു സൈക്കിൾ ചവിട്ടും….

അപ്പോൾ അച്ഛന്റെ നിശ്വാസങ്ങളിലും പെയിന്റിന്റെ മണമായിരിക്കും….

ഗോകുലം ഹോട്ടലിൽ നിന്നും ആദ്യം തനിക്കു
പൊറോട്ടയും, മുട്ടക്കറിയും വാങ്ങി തരും…..
താൻ കഴിച്ചുകഴിഞ്ഞാലും അച്ഛന്റെ ചായ
ബാക്കിയുണ്ടാവും.ശേഷം അമ്മയ്ക്കുള്ളതും
കൂടി പൊതിഞ്ഞു വാങ്ങി ,ഒപ്പം മറ്റു വീട്ടു സാധനങ്ങളും വാങ്ങിയാവും മടക്കം…..

അച്ഛന്റെ സ്നേഹവും, ലാളനയും തനിക്കു
നഷ്ട്ടപെട്ടിട്ടു അഞ്ച് വർഷമായി എന്നു മുന്നിലിരിക്കുന്ന പായസം ഓർമ്മിപ്പിച്ചു……

അന്ന് അമ്മയുടെ ചിരി നിറഞ്ഞിരുന്ന വീട്
അച്ഛന്റെ മരണത്തോടെ മൗനത്തിലേയ്ക്ക്
വീണതാണ്. പിന്നീട് വീടുറങ്ങുകയായിരുന്നു…..
അതിൽ പിന്നെ അമ്മചിരിച്ചു താൻ കണ്ടിട്ടില്ല….

അച്ഛൻ പണി കഴിഞ്ഞു വരുന്ന വഴി ആയിരുന്നു ,
ഓലമേഞ്ഞാരു വീട് തീപിടിച്ചെരിയുന്നത് ശ്രദ്ധയിൽപ്പെട്ടത് ….
അകത്തു നിന്നുയരുന്ന കൂട്ട നിലവിളി കേട്ടു മറ്റുള്ളവരെപോലെ നോക്കി നിൽക്കാൻ അച്ഛനായില്ല … ആളുന്ന തീ വകവയ്ക്കാതെ
അച്ഛൻ ആ വീട്ടിലേക്കു കയറി , അതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി..
പക്ഷെ ,അച്ഛന് ഇറങ്ങാൻ കഴിഞ്ഞില്ല അതിനു മുന്നേ മേൽക്കൂര കത്തിയമർന്നിരുന്നു…. കത്തിയെരിഞ്ഞാദേഹത്തെ ചലനം നിലയ്ക്കുന്ന അവസാന നിമിഷത്തിൽ പോലും ഉരുവിട്ടത് അമ്മയുടെ പേരായിരുന്നു……..

അച്ഛന്റെ പ്രാണൻ നൽകി മൂന്ന് ജീവനുകൾ
രക്ഷിച്ചപ്പോൾ അനാഥമായത് താനും, അമ്മയു
മായിരുന്നു .. ..

അടുത്തുള്ള വിവാഹ വീടുകളിൽ തലേന്ന്
രാത്രികളിൽ ഒത്തുകൂടുന്നവരിൽ നിന്നും
ഇപ്പോഴും അച്ഛന്റെ പേരു ഉയർന്നു വരുന്നത്
കേൾക്കുമ്പോൾ വേദനയിലും അഭിമാനം
തോന്നും …..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ
അമ്മ ഡയറിയിൽ എഴുതിയ ജീവിതത്തെ കുറിച്ചോർത്തു ….

ശ്രീശൈലം എന്ന സമ്പന്നമായ തറവാടിന്
എന്തോ ശാപമുണ്ടായിരുന്നു .. ആ തറവാട്ടിൽ പെൺകുഞ്ഞ് പിറക്കുകില്ല ..!

തലമുറകളായ് തുടരുന്ന ശാപം പിന്മാറാതെ
സോമൻ പിള്ളയിൽ എത്തി നിന്നു…

ഭാര്യ ലക്ഷ്മി അഞ്ചുപ്രസവിച്ചു. എല്ലാം ആൺകുഞ്ഞുങ്ങൾ. പിള്ളയുടെ സന്തോഷത്തിന്
കുറവില്ലെങ്കിലും പെൺകുഞ്ഞ് എന്നത് ഒരു നീറ്റലായ് പിള്ളയുടെ മനസ്സിലുണ്ടായിരുന്നു ….

അങ്ങിനെയിരിക്കെ, ഒരുനാൾ പിള്ളയ്ക്ക് സ്വപ്നത്തിൽ ദേവീ ദർശനം ലഭിച്ചു ….. പെൺകുഞ്ഞ് പിറക്കും എന്ന്
അനുഗ്രഹവുമുണ്ടായി… സന്തോഷത്തിൽ മതിമറന്ന പിള്ള, ദേവിക്കൊരു താലപ്പൊലി നേർന്നു ….

താമസിയാതെ ലക്ഷ്മി വീണ്ടും ഗർഭിണിയായി ,
എട്ടാം മാസമായിട്ടും അധികം വീർക്കാത്ത അവളുടെ വയറ് കണ്ട് എല്ലാവരും വിധി എഴുതി,

” ആൺകുട്ടി തന്നെ “…..

ലക്ഷ്മി പ്രസവിച്ചു….പിള്ളയുടെ കയ്യിലേയ്ക്ക്
പല്ലുകളില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട്
വയറ്റാട്ടി ,നാണിത്തള്ള എടുത്ത് കൊടുത്തത്
ഒരു പെൺകുഞ്ഞിനെ ആയിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *