ഇന്ന് അല്പം ആർഭാടം ആയിക്കോട്ടെ എന്നു കരുതി നന്നായി കൈയ്യും മുഖവും കഴുകി ഗ്രൗണ്ടിലെ അരളി മരച്ചോട്ടിലെ
തണലിൽ ഇരുന്നു….
ഉച്ചവെയിൽ വകവെയ്ക്കാതെ ചെറിയ
ക്ലാസ്സിലെ കുട്ടികൾ കടലാസ്സിൽ തീർത്ത
ബോള് കൊണ്ടു ക്രിക്കറ്റ് കളിക്കുന്നുണ്ട്…
അച്ഛൻ മരിച്ച ശേഷം അമ്മ കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ കാശു കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ ഓടുന്നത് , വൈകിട്ട് പണി കഴിഞ്ഞു വരുമ്പോൾ തന്നെ അമ്മ അവശയായിട്ടുണ്ടാവും..
എങ്കിലും തന്നെ കരുതി ആയാസപ്പെട്ടാണ്
ഭക്ഷണമുണ്ടാക്കുന്നത്…ആ രാത്രിയും ,പിറ്റെന്ന്
രാവിലെയും അതുകഴിക്കും..
അമ്മയുടെ കഷ്ടപ്പാട് കണ്ട് സഹായിക്കാൻ ചെന്നാൽ…
“നീ പഠിച്ചാൽ മാത്രം മതി,വേറൊന്നും അറിയേണ്ട”
ഇതും പറഞ്ഞു തന്നെ ഓടിക്കും…
‘പഠിപ്പ് മതിയാക്കി എന്തെങ്കിലും പണിക്കിറങ്ങട്ടെ’ എന്ന തന്റെ ചോദ്യം കേട്ടാൽ മതി കടിച്ചു കീറാൻ വരും….
“നീ പഠിച്ച് വലിയ ആളാവണം”…
അതിനാണ് അമ്മ ഈ കഷ്ടപ്പെടുന്നതൊക്കെ… അമ്മയുടെ വാക്കുകളിൽ പ്രതീക്ഷകളുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു….
അമ്മയുടെ സംസാരം എപ്പോഴും ഒന്നോ
രണ്ടോ വാക്കുകൾക്കപ്പുറം പോകില്ല…..
അമ്മയ്ക്കെപ്പോഴും തനിച്ചിരിക്കുന്നതാണ്
ഇഷ്ടം….ചിലപ്പോൾ എന്തോ ആലോചിച്ച് കരയുന്നത് കാണാം….
പതിവായതിനാൽ നോക്കി നിൽക്കാറെയുള്ളു. പാഠഭാഗങ്ങളിൽ നിന്നെന്തെങ്കിലും സംശയം
ചോദിച്ചാൽ പോലും.
അറിയില്ലെന്ന് പറഞ്ഞാഴിയും….
അമ്മയെ കൊണ്ട് മൂന്ന് നേരത്തേയ്ക്ക്
ഭക്ഷണം കൂട്ടിയാൽ കൂടില്ലെന്ന് തനിക്കറിയാം..
അത് കൊണ്ട് അമ്മയെ കഴിവതും ബുദ്ധിമുട്ടിക്കാറില്ല…
വയർ തന്റെയാണല്ലോ വിശപ്പ് താൻ മാത്രം അറിഞ്ഞാൽ മതി…
ശീലമായത് കൊണ്ടാവും സത്യത്തിൽ ഉച്ചയ്ക്ക് വിശപ്പും തോന്നാറില്ല..
പിന്നിൽ വെള്ളിക്കൊലുസ്സിന്റെ ശബ്ദംകേട്ട്
തിരിഞ്ഞു…ഒപ്പം പഠിക്കുന്ന അനസൂയ എന്ന ‘അനു’ തന്നെ ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടു..
അനുവിന്റെ വീടിനോട് ചേർന്ന വഴിയിലൂടെ
വേണം തന്റെ വീട്ടിലേയ്ക്കെത്താൻ അതു കൊണ്ട് തന്നെചെറുപ്പം മുതലെ അറിയാം…
അച്ഛനുണ്ടായിരുന്നപ്പോൾ മദീനാ ഇത്തായുടെ
വീട്ടിൽ ട്യൂഷനും ഒന്നിച്ചായിരുന്നു…
ഫീസ് കൊടുക്കാൻ കാശില്ലാതെ വന്നപ്പോൾ അതും നിർത്തി…സ്കൂളിൽ ഒരേ ക്ലാസ് ആണെങ്കിലും ഇന്നേവരെ അവളോട് ശരിക്കും മിണ്ടിയിട്ട് പോലുമില്ല…
പേരറിയാത്ത എന്തോ ഒന്ന് തന്നെ അവളിൽ നിന്നകറ്റി നിർത്തിയിരുന്നു …
അവളെ കാണുമ്പോൾ മുഖം അറിയാതെ കുനിഞ്ഞു പോകുന്നു. ഒരു പക്ഷേ ഈ
സ്കൂളിലെ തന്നെ സുന്ദരികളിൽ ഒരുവൾ ആയതിനാൽ ആവാം….
അവളുടെ പിന്നാലെ നടക്കാൻ എപ്പോഴും ഒരു ഗ്യാങ്ങ് തന്നെ ഉണ്ട് ..സൈക്കിളിലും ,നടന്നുമായി അവൾക്ക് സംരക്ഷണം തീർത്തുകൊണ്ട് അവർ ഉണ്ടാവും…..
ചിലപ്പോഴൊക്കെ ആ കണ്ണുകളുമായ് തന്റെ
കണ്ണുകൾ കോർക്കാറുണ്ട്…അപ്പോൾ ആദ്യം
താഴ്ന്നുപോകുന്ന കണ്ണുകൾ തന്റെയാവും…
പഠിക്കുന്നതിലും മിടുക്കി ആയതിനാൽ
ക്ലാസ് ലീഡറും അനു ആയിരുന്നു…
ടീച്ചേർസ് ഇല്ലാത്തെ പീരിയഡുകളിൽ ക്ലാസിൽ സംസാരിക്കുന്നവരുടെ പേരുകൾ എഴുതുമ്പോൾ ഇന്നേവരെ തന്റെ പേര് ഉയർന്ന്, വന്നിട്ടില്ല….
സംസാരിക്കാത്തതോ,അതോ ക്ലാസ് ലീഡർ അനു
മനപൂർവ്വം ഒഴിവാക്കുന്നതാണോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്….
കുട്ടിക്കൂറാ പൗഡറിന്റ സുഗന്ധം…..
അനു അരികിലെത്തി എന്ന് മനസ്സിലായപ്പോൾ
മുഖമുയർത്തി….
അവൾ നാലായ് മടക്കിയ രണ്ട് പേപ്പർതുണ്ട് തന്റെ മടിയിലേയ്ക്കിട്ടു….
” ഒന്നു വായിച്ചു നോക്കൂ”….
എളിയിൽ കൈ കുത്തി അവൾ മുന്നിൽനിന്നു….
പേപ്പറുകൾ രണ്ടും തുറന്നു നോക്കിയപ്പോൾ തന്നെ, തന്റെ കയ്യക്ഷരംകണ്ടു കാര്യം മനസ്സിലായി…
ഞാൻ ആർക്കോ എഴുതിക്കൊടുത്ത ലൗലെറ്ററുകൾ…
നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് അവൾ കാണാതെ തുടച്ചു….
“ഇത് രണ്ട് ചേട്ടന്മാർ എനിക്ക് തന്നതാണ്. പക്ഷെ,
കയ്യക്ഷരം രണ്ടും ഒന്ന് …ആര് എഴുതിയതാണ് എന്ന് മനസ്സിലായി ….
ഇത് ഞാൻ ഹെഡ്മാസ്റ്ററെ കാട്ടിയാൽ ചിലപ്പോൾ
എഴുതിയവനെയും പൊക്കുമായിരിക്കും ..
അവൾ തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു….
