എന്തിനായിരിക്കും തന്നെ കാണാൻ സാർ
ആവിശ്യപ്പെട്ടത്. എന്ത് തെറ്റാണ് താൻ ചെയ്തത് ?
ഒരു കാര്യവുമില്ലാതെ എന്തായാലും ഹെഡ്മാസ്റ്റർ ആരെയും ഓഫീസിലേയ്ക്കു വിളിക്കില്ല ..
അകത്തിരുന്നവർ ഇറങ്ങിയപ്പോൾ പതിയെ
ഓഫീസിലേയക്ക് കയറി…
തന്നെ കണ്ട് സാർ ഒന്നു ചിരിച്ചു….
ആ ചിരി കണ്ടപ്പോൾ മനസ്സ് ഒന്നു തണുത്തു ..
“വിനയകുമാർ ഇരിക്കൂ ..”
മുന്നിലെ കസേര ചൂണ്ടി സാറ് പറഞ്ഞപ്പോൾ അത് തന്നോട് തന്നെ ആണോ എന്ന് സംശയം തോന്നി…
തന്റെ യഥാർത്ഥ പേര് അങ്ങിനെ ആരും വിളിക്കാറില്ല…
എല്ലാവർക്കും താൻ ‘അച്ചു’ ആണ്…
വിനയകുമാർ എന്ന പേര് താൻ പോലും മറന്നു തുടങ്ങി….
“വേണ്ട സാർ,നിന്നോളാം..” വിനയത്തോടെ പറഞ്ഞു…..
“എന്നെ വിളിപ്പിച്ചത് ..”
സാർ ശബ്ദം നേരെയാക്കിയ ശേഷം തുടർന്നു ..
തന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ
വിനയാ…
അത് കേട്ട് ഞാൻ ഞെട്ടിപ്പോയി….
“എന്ത് പരാതി സാർ ,ആരാണ് സാർ..?” പരിഭ്രമത്തോടെ
ചോദ്യങ്ങളുടെ കെട്ടഴിച്ചിട്ടു….
“അത് വഴിയെ അറിയാം. അതിനുമുൻപ്
ഞാനൊരു കഥ പറയട്ടെ .. ?”
തോമസ് സാർ ചിരിയോടെ ചോദിച്ചു…
“എന്ത് കഥയാണ് സാർ ” എന്റെ ശബ്ദം നേർത്തി
രുന്നു…
“ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു…..
പഠിക്കാൻ മിടുക്കിയും ,സുന്ദരിയുമായിരുന്നു അവൾ…..
കുറച്ച് ദിവസമായി മകളുടെ മുഖത്ത് ഒരു
വാട്ടം ശ്രദ്ധയിൽപെട്ട അമ്മ അവളെ നിരീക്ഷിക്കാൻ തുടങ്ങി…
അവൾക്ക് ദിവസവും രാവിലെ നൽകുന്ന ബ്രേക്ക്
ഫാസ്റ്റ് അവൾ കഴിക്കാതെ അതൊരു പാത്രത്തിലാക്കി സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നത് അവർ മനസ്സിലാക്കി.. സ്കൂളിൽ കൊണ്ട് പോയാലും അവൾ അത് കഴിക്കുന്നില്ല..പിന്നെ ആർക്ക് കൊടുക്കുന്നു ..? അത് അന്വേക്ഷിക്കാൻ സ്കൂൾ ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തി .. ”
സാർ ഒന്നു നിർത്തി..
കാര്യങ്ങൾ ഏകദേശം വ്യക്തമായി..
കറങ്ങുന്ന വലിയ ഫാനിന്റെ അടിയിലിരുന്ന്, ഞാൻ വിയർത്തു…
“ഞാൻ അന്വേക്ഷിച്ചു. ഒടുവിൽ കണ്ടെത്തു
കയും ചെയ്തു .. ”
സാർ പതിയെ ചിരിച്ചു….
“അത് സാർ .. ക്ഷമിക്കണം അറിയാതെ ”
വിറയലോടെ പറഞ്ഞു തുടങ്ങിയ തന്നെ
കയ്യുയർത്തി തടഞ്ഞു കൊണ്ട് സാർ തുടർന്നു..
കണ്ടെത്തിയ ആ സത്യങ്ങൾ ശരിക്കും എന്നെ
ഞെട്ടിച്ചു..ഒരു വശത്ത് അഭിമാനവും,
അതോടൊപ്പം ലജ്ജയും…
സാർ എഴുന്നേറ്റ് വന്നുതോളിൽ തട്ടിയപ്പോൾ
ആ സ്വരമൊന്ന് ഇടറിയെന്ന് തോന്നി…
“സഹപാഠി വിശന്നിരിക്കുന്നത് മനസ്സിലാക്കി
വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ തന്റെ പങ്ക് , അവന് കൊണ്ട് വന്ന് കൊടുത്ത അവളാണ് ശരി ,
അതാണ് നന്മ…
ഞാൻ,ഹെഡ്മാസ്റ്റാറായിരിക്കുന്ന ഈ
സ്കൂളിൽ വിശന്നിരിക്കുന്ന കുട്ടികളുണ്ടെന്ന കാര്യം അറിയാതെ പോയതിൽ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു….
സാറിന്റെ വാക്കുകളിൽ നിരാശയുണ്ടായിരുന്നു..
നമ്മുടെ സ്കൂളിൽ എഴാംക്ലാസ് വരെയുള്ള
കുട്ടികൾക്കാണ് നിലവിൽ ഉച്ച കഞ്ഞി വിതരണ
മുള്ളൂ..
സ്കൂളിൽ പഠിക്കുന്ന എല്ലാവർക്കും ഉച്ചക്കഞ്ഞി
നൽകുവാൻ മാനേജ്മെന്റ് അനുവാദം തന്നു കഴിഞ്ഞു…ആരും ഉച്ചയ്ക്കിനി പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കാൻ ഞാൻ സമ്മതിക്കില്ല..
സാർ,ആവേശത്തോടെ പറഞ്ഞു നിർത്തി…
ശരിക്കും സാറിനെപ്പോലെ ഒരു ഹെഡ്മാസ്റ്ററെ കിട്ടിയതിൽ ഞങ്ങൾക്കാണ് സാർ അഭിമാനം..
തിരിച്ചു ക്ലാസിലെത്തുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു, അനു വിശപ്പടക്കിപ്പിടിച്ചാണല്ലോ ഇത്രയും ദിവസം തന്നെ കഴിപ്പിച്ചതെന്ന് ഓർക്കവേ മനസ്സ് തേങ്ങി…..
അടുത്ത ദിവസവും പാത്രവുമായ് അനു എത്തി..
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മെല്ലെ വിളിച്ചു .
” അനൂ ..”
അവൾ നിന്നു…
ഉച്ചയ്ക്കുള്ള ഭക്ഷണം ഇനി മുതൽ വേണ്ടാട്ടോ..
എപ്പോഴും പറയുന്നത് പോലെയല്ല………
പിരികം മേലോട്ടുയർത്തി ചോദ്യഭാവത്താൽ
അവൾ നിന്നു…….
“അത് ഉച്ചക്കഞ്ഞി തരാമെന്ന് ഹെഡ്മാസ്റ്റർ
പറഞ്ഞു… ഇത്രയും നാൾ നിന്റെ ബ്രേക്ക് ഫാസ്റ്റാണല്ലോ ഞാൻ കഴിച്ചത് എന്ന് ഓർക്കുമ്പോൾ മനസ്സ് നീറുകയാണ്…
തന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞാലൊന്നും മതിയാവില്ല, എന്നും മനസ്സിലുണ്ടാവും ഒരിക്കലും മറക്കില്ല …”
